Saturday, 21 Sep 2024

നേർവഴിക്ക് നടത്താൻ പ്രദക്ഷിണം

ക്ഷേത്രദർശനത്തിനു പോകുന്നവർ  ക്ഷേത്രത്തിനകത്തും പുറത്തും പ്രദക്ഷിണം വയ്ക്കാറുണ്ട്. എന്നാൽ എന്താണ് പ്രദക്ഷിണം,  എന്തിനാണ് പ്രദക്ഷിണം എന്ന് പലർക്കുമറിയില്ല. ഒരു വൃത്തം  വരയ്ക്കണമെങ്കിൽ ഒരു കേന്ദ്രബിന്ദുവേണം. ജീവിതം ഒരു വൃത്തമാണ്.  ആ വൃത്തത്തിന്റെ കേന്ദ്രബിന്ദു ഈശ്വരനാണ്. മനുഷ്യജീവിതത്തിന്റെ ആധാരവും ഈശ്വരനാണ്.

അതുകൊണ്ടുതന്നെ മനുഷ്യജീവിതത്തിന്റെ ചക്രം തിരിയുന്നത് ഈശ്വരനു ചുറ്റുമാണ്. ഇതാണ് പ്രദക്ഷിണത്തിന്റെ തത്വം.
ഈശ്വരനെ ആധാരമാക്കിവേണം മനുഷ്യൻ ഓരോ പ്രവൃത്തിയും ചെയ്യാൻ. കേന്ദ്രബിന്ദുവിൽ നിന്ന് വൃത്തം മുഴുവൻ ഉള്ള അകലം തുല്യമായിരിക്കും. അതുപോലെ മനുഷ്യരെല്ലാം ഈശ്വരന്റെ മുന്നിൽ സമൻമാരാണ്. ഭഗവാന്റെ  കൃപ തമ്മിൽ ഓരോരുത്തരിലും പക്ഷേഭേദമില്ലാതെ സദാ ഒഴുകിക്കൊണ്ടിരിക്കും. 

പ്രദക്ഷിണം വയ്‌ക്കേണ്ടത് വലത്തുനിന്നും ഇടത്തേയ്ക്കാണ്. കൂട്ടിയിടി ഒഴിവാക്കാൻ ഇന്നു വേണമെങ്കിൽ പറയാം. പക്ഷെ  അതല്ല കാരണം. നമ്മൾ പ്രദക്ഷിണം വയ്ക്കുമ്പോൾ ഈശ്വരൻ എപ്പോഴും നമ്മുടെ വലതു വശത്തായിരിക്കും.

ഭാരതീയർ വലതുവശമാണ് എപ്പോഴും ഐശ്വര്യപ്രദമായി കാണുന്നത്. അതുകൊണ്ട് ഈശ്വരൻ എന്ന ശക്തി നമ്മെ നേർവഴിക്കു നയിക്കും എന്ന വിശ്വാസം ഉണ്ടാകുന്നു. അത് അധർമ്മം ചെയ്യാതിരിക്കാനും തെറ്റു ചെയ്യാതിരിക്കാനും നമ്മെ പ്രേരിപ്പിക്കുന്നു. വലതുവശമാണ് എപ്പോഴും നമുക്ക് നന്മ കൊണ്ടുവരുന്നത്.  ജീവിതത്തെ നല്ല വഴിക്ക് നയിക്കുന്നത്.

മാതൃദേവോ ഭവ, പിതൃദേവോ ഭവ, ആചാര്യദേവോ ഭവ ദൈവത്തിനൊപ്പം മാതാപിതാക്കളെയും ഗുരുക്കന്മരെയും ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുക. പ്രദക്ഷിണം വയ്ക്കുമ്പോൾ ഈ ചിന്തയും മനസ്‌സിലുണ്ടായിരിക്കണം. അതിലൂടെ ഇവരെയും പ്രദക്ഷിണം വയ്ക്കുന്നതിന്റെ പ്രയോജനം ലഭിക്കും. വിഘ്‌നേശ്വരനോട് ലോകം ചുറ്റിവരാൻ ആവശ്യപ്പെട്ടപ്പോൾ  മാതാപിതാക്കളെ പ്രദക്ഷിണം വച്ച കഥ പ്രസിദ്ധമാണ്.

ഈശ്വരനെ പ്രദക്ഷിണം വയ്ക്കുന്നതിലൂടെ നമ്മൾ നമ്മളെത്തന്നെ പ്രദക്ഷിണം വയ്ക്കുകയാണ്. ഇതിലൂടെ നമ്മൾ നമ്മളിലെ ചൈതന്യം മനസിലാക്കുന്നു. ജന്മജന്മാന്തരങ്ങളിൽ ചെയ്ത പാപങ്ങൾ പ്രദക്ഷിണത്തിന്റെ ഓരോ ചുവടു വയ്ക്കുമ്പോഴും നശിക്കുന്നു. പ്ര എന്നാൽ പ്രസ്ഥാനം അല്ലെങ്കിൽ യാത്ര. ദക്ഷിണം എന്നാൽ വലതുവശം.. വലതുവശത്തുകൂടിയുള്ള യാത്ര പ്രദക്ഷിണം.

-സരസ്വതി ജെ. കുറുപ്പ് 

Mobile: +91 90745 80476

error: Content is protected !!
Exit mobile version