Friday, 20 Sep 2024

പകർച്ചവ്യാധി ഗോതമ്പുപോലെ പൊടിച്ചു കളഞ്ഞ സായിബാബ

പകർച്ചവ്യാധി മഹാമാരിയായി മാറി ഒരു രീതിയിലും നിയന്ത്രിക്കാനാകാതെ അനേകായിരം മനുഷ്യരുടെ ജീവനെടുക്കുന്ന കാഴ്ച ഈ കാലത്തിന് പുതിയതാണ്. എന്നാൽ പണ്ട് പലരൂപത്തിൽ മനുഷ്യരാശിയുടെ നിലനിൽപ്പിന് ഭീഷണിയായി പകർച്ചവ്യാധികൾ ലോകത്തെ ആക്രമിച്ചിട്ടുണ്ട്. മാരകമായ പ്ലേഗ് വന്നു പോയി. വസൂരി, കോളറ, സ്പാനിഷ് ഫ്ളു, യെല്ലോ ഫീവർ ….. തുടങ്ങി കോവിഡ് 19 വരെ എത്രയെത്ര രോഗങ്ങൾ

കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭത്തിൽ ഇതിൽ ഒരു പകർച്ചവ്യാധിയായ കോളറയെ ശ്രീ സായിബാബ ഷിർദ്ദിയുടെ അതിർത്തിക്കപ്പുറത്ത് തടഞ്ഞു നിറുത്തിയ അത്ഭുത കഥ ഭഗവാന്റെ ഇഹലോക ജീവിതം ആലേഖനം ചെയ്ത സായി സച്ചരിതത്തിൽ വിവരിക്കുന്നുണ്ട്. ഷിർദ്ദി ബാബയുടെ ലീലകൾ ഭക്തർക്ക് പകർന്നു നൽകിയ ഹേമദ് പാന്ത് ആ ദിവ്യാത്ഭുതം വർണ്ണിക്കുന്നത് ഇങ്ങനെ:

1910ൽ ഒരു ദിവസം കാലത്ത് സായിബാബയുടെ ദർശനത്തിന് ഷിർദ്ദിയിലെ മസ്ജിദിൽ എത്തിയ ഞാൻ കണ്ട കാഴ്ച അതിശയകരമായിരുന്നു. ബാബ വായും മുഖവും കഴുകി നിലത്തൊരു ചാക്ക് വിരിച്ച് അതിൽ ഒരു തിരികല്ല് വച്ച് ഇരിക്കുന്നു. കുറച്ച് ഗോതമ്പ് മുറത്തിൽ അടുത്ത് വച്ചിട്ടുണ്ട്. കഫ്‌നിയുടെ കയ്യ് ചുരുട്ടിക്കയറ്റിയ ശേഷം കുറച്ച് ഗോതമ്പെടുത്ത് തിരികല്ലിലിട്ട് ബാബ അതിന്റെ കുറ്റി പിടിച്ച് തിരിച്ചു തുടങ്ങി.

ഭിക്ഷാംദേഹിയായ, ധനമില്ലാത്ത, ഒന്നും സൂക്ഷിച്ച് വയ്ക്കാത്ത ബാബ എന്തിനാണ് ഗോതമ്പു പൊടിക്കുന്നത് എന്ന് ഞാൻ ആലോചിച്ചു. അവിടെ കൂടിയിരുന്ന ചിലരും ഇങ്ങനെ തന്നെ ചിന്തിച്ചു. എന്നാൽ ആർക്കും ബാബയോട് അത് ചോദിക്കാൻ ധൈര്യമുണ്ടായില്ല. അല്പനേരം കൊണ്ട് ബാബ ഗോതമ്പു പൊടിക്കുന്ന വിശേഷം ഗ്രാമം മുഴുവൻ അറിഞ്ഞു. ആബാലവൃദ്ധം ജനങ്ങളും തടിച്ചുകൂടി. അതിൽ ധൈര്യശാലികളായ നാലു സ്ത്രീകൾ കയറി വന്ന് ബാബയെ പിടിച്ചു മാറ്റി തിരി കല്ലിന്റെ കുറ്റി പിടിച്ച് ബാബയുടെ ലീലകൾ പാടിക്കൊണ്ട് ഗോതമ്പ് പൊടിച്ചു തുടങ്ങി. ദേഷ്യം വന്നെങ്കിലും ആ സ്ത്രീകളുടെ ഭക്തിയും സ്‌നേഹവും ബാബയെ സന്തുഷ്‌ടനാക്കി. ഭഗവാൻ പുഞ്ചിരിച്ചു.

ഗോതമ്പ് പൊടിക്കുന്ന സമയത്ത് ആ സ്ത്രീകൾ ആലോചിച്ചു: ബാബയ്ക്ക് വീടോ ധനമോ ഇല്ല, കുട്ടികളെയോ മറ്റോ നോക്കാനില്ല. ഭിക്ഷയെടുത്ത് ജീവിക്കുന്നു. ഈ ഗോതമ്പുപൊടി പിന്നെ ബാബയ്ക്ക് എന്തിനാണ് – ചപ്പാത്തിയോ റൊട്ടിയോ ഉണ്ടാക്കാൻ ഇത്രയധികം മാവ് ആവശ്യമില്ല. ദയാലുവായ ബാബ ഒരു പക്ഷേ ഈ മാവ് നമുക്ക് തരുമായിരിക്കാം. ഇങ്ങനെയൊക്കെ ആലോചിച്ച് പാടിക്കൊണ്ട് അവർ ഗോതമ്പ് മുഴുവൻ പൊടിച്ച് തിരികല്ല് മാറ്റിവച്ചു. ഗോതമ്പു പൊടി വീതിച്ച് ഓരോ വീതമെടുത്ത് സ്ഥലം വിടാൻ തുടങ്ങി.

അതുവരെ ശാന്തനായിരുന്ന ബാബയ്ക്ക് പെട്ടെന്ന് കോപം വന്നു. “നിങ്ങൾക്ക് ഭ്രാന്തുണ്ടോ? നിങ്ങളുടെ പിതാവിന്റെ സ്വത്താണോ കൊണ്ടു പോകുന്നത്. ഞാൻ നിങ്ങളോട് വല്ല ഗോതമ്പും കടം വാങ്ങിയിട്ടുണ്ടോ, നിങ്ങളിങ്ങനെ എടുത്തു കൊണ്ടുപോകാൻ? എന്തായാലും എടുത്തതല്ലെ, ഒരു കാര്യം ചെയ്യൂ ഇത് കൊണ്ടു പോയി ഗ്രാമാതിർത്തിയിൽ വിതറുക.”

ഇളിഭ്യരായ സ്ത്രീകൾ പിറുപിറുത്തു കൊണ്ട് ഗോതമ്പുപൊടി ഗ്രാമതിർത്തിയിൽ കൊണ്ടുപോയി വിതറി; ബാബയുടെ കല്പന അനുസരിച്ചു. എന്താണ് ബാബ ഈ ചെയ്തത് എന്ന് ഞാൻ ഷിർദ്ദിക്കാരോട് ചോദിച്ചു. അവർ പറഞ്ഞു: ഗ്രാമത്തിൽ കോളറ പടരുന്നുണ്ട്. അത് നിയന്ത്രിക്കാനുള്ള ബാബയുടെ പ്രതിരോധം ഇപ്രകാരമാണ്. ബാബ പൊടിച്ചു കളഞ്ഞത് ഗോതമ്പു മണികളല്ല, കോളറയെ തന്നെയാണ്. അതാണ് ഗ്രാമാതിർത്തിക്ക് പുറമെ കൊണ്ടുപോയി വിതറാൻ നിർദ്ദേശിച്ചത്.

അന്നു മുതൽ ഗ്രാമത്തിൽ കോളറ ശമിക്കുന്നത് ഞാൻ കണ്ട അത്ഭുതം. ഇതിൽ ഞാൻ സന്തുഷ്ടനായെങ്കിലും എന്റെ ജിജ്ഞാസ വർദ്ധിച്ചു. ഞാൻ ആലോചിച്ചു. കോളറയും ഗോതമ്പുമാവും തമ്മിൽ എന്താണ് ബന്ധം? അപ്പോൾ തന്നെ ഞാൻ തീരുമാനിച്ചു: ഇതൊരു അവർണ്ണനീയ സംഭവമാണ്, ഇതേപ്പറ്റി എഴുതണം. അങ്ങനെ ബാബയുടെ ലീലയോർത്ത് സന്തുഷ്ടനായതിന്റെ പ്രചോദനത്തിൽ എഴുതിയതാണ് ഈ സത്ചരിതം. ബാബയുടെ അനുഗ്രഹത്താൽ ഈ രചന പൂർണ്ണമായി.

ഷിർദ്ദിയിലെ ഗ്രാമവാസികൾ ബാബ ഗോതമ്പ് പൊടിക്കുന്നതിന് നൽകിയ സാമാന്യ അർത്ഥത്തിനപ്പുറം അതിന് ആത്മീയമായ ഒരു തലമുണ്ട്. ബാബ ഷിർദ്ദിയിൽ 60 കൊല്ലത്തോളം താമസിച്ചു. അക്കലമത്രയും ഏതാണ്ട് എല്ലാ ദിവസവും തിരി കല്ലുകൊണ്ട് ബാബ ഗോതമ്പുപൊടിച്ചിരുന്നു. യഥാർത്ഥത്തിൽ ഭഗവാൻ പൊടിച്ചത് ഗോതമ്പ് മാത്രമായിരുന്നില്ല. ഭക്തരുടെ പാപഭാരങ്ങളും മാനസികവും ശാരീരികവുമായ കഷ്ടതകളും കൂടിയാണ്. തിരി കല്ലിന്റെ രണ്ടു കല്ലുകൾ ശക്തിയും കർമ്മവുമാണ്. കർമ്മം താഴെയും ശക്തി മുകളിലും. ബാബ പിടിച്ചു തിരിച്ചിരുന്ന കുറ്റിയാണ് ജ്ഞാനം. വിട്ടുപോകാത്ത ആഗ്രഹങ്ങളെയും വികാരങ്ങളെയും പാപങ്ങളെയും സത്വ രജ: തമോ ഗുണങ്ങളെയും അഹങ്കാരത്തെയും പൊടിച്ചു പൊടിച്ചു കളഞ്ഞാൽ മാത്രമേ ജ്ഞാനവും ബ്രഹ്മജ്ഞാനവും വളർത്തിയെടുക്കാൻ കഴിയൂ എന്ന് ബാബ പറയുമായിരുന്നു.

ശ്രീ സായിയെ നമിക്കുവിൻ – ലോകശാന്തി ഭവിക്കട്ടെ.

പി.ഹരികൃഷ്ണൻ

error: Content is protected !!
Exit mobile version