പണം സൂക്ഷിക്കുന്ന അലമാര കുബേരദിക്ക് ദർശനമായി വേണം
ജ്യോതിഷരത്നം വേണു മഹാദേവ്
വീടിനകത്ത് അലമാരകൾ സ്ഥാപിക്കുമ്പോൾ കുബേരദിക്കായ വടക്ക് ദർശനമായി വയ്ക്കുന്നതാണ് ഉത്തമവും ഭാഗ്യപ്രദവുമെന്ന് വാസ്തുശാസ്ത്രം പറയുന്നു. ഇത് പുതിയ വീടുകൾക്കും പഴയ വീടുകൾക്കും ഒരുപോലെ ബാധകമാണ്. ഇപ്പോൾ വാസ്തു ശാസ്ത്രം നോക്കി പണിയുന്ന പുതിയ വീടുകളിലെല്ലാം എന്തെങ്കിലും നിവർത്തിയുണ്ടെങ്കിൽ പ്രധാന അലമാര കുബേരദിക്കായ വടക്കോട്ട് നോക്കി തന്നെയാണ് വയ്ക്കുന്നത്. അതിന് അസൗകര്യം നേരിടുന്നവർ ഇന്ദ്രദിക്കായ കിഴക്കോട്ട് ദർശനമായി സ്ഥാപിക്കണം. ഈ രണ്ടു ദിക്കിലും അലമാര തുറക്കുന്നത് വടക്കോട്ട് ആകുന്നതാണ് ഏറ്റവും ഉത്തമം. അതുകൊണ്ട് വീട് പണി കഴിപ്പിക്കുമ്പോൾ കന്നിമൂലഭാഗത്ത് വടക്ക് ദർശനമായി വരുന്ന രീതിയിൽ ഒരു അലമാര സ്ഥാപിക്കുകയോ അതല്ലെങ്കിൽ ഒരു അലമാര വാങ്ങി വയ്ക്കുകയോ ചെയ്യണം. ഈ അലമാരയിൽ ആയിരിക്കണം നമ്മുടെ ഭൂമിയുടെ ആധാരം, നിക്ഷേപങ്ങൾ സംബന്ധിച്ച വിലപ്പെട്ട രേഖകൾ, പണം, ഓഹരി സർട്ടിഫിക്കറ്റുകൾ, മറ്റ് പ്രമാണങ്ങൾ തുടങ്ങിയവ സൂക്ഷിക്കേണ്ടത്. വീട്ടിലെ പ്രധാന ശയനമുറി തെക്കുപടിഞ്ഞാറ് ഭാഗത്തായിരിക്കണം. ഈ മുറിയുടെ മൂലയിൽ വേണം അലമാര വയ്ക്കാൻ. ഈ മൂലയുടെ പ്രത്യേകത ഇവിടുത്തെ ദേവൻ നിരതനാണ്. സത്യവും നീതിയും ന്യായവും നടപ്പാക്കുന്ന മൂർത്തിയാണ് നിരതൻ. എന്തും കാത്ത് സൂക്ഷിക്കുവാനുള്ള കഴിവ് ഈ അസുര മൂർത്തിക്കുണ്ട്. അത് കൊണ്ടാണ് കന്നിമൂലയ്ക്ക് അപാകത വന്നാൽ വീടിന് മൊത്തം വാസ്തു ദോഷം സംഭവിക്കുന്നത്. രാഹുവാണ് കന്നിമൂല ഭാഗത്തിന്റെ അധിപനായ ഗ്രഹം.
വീടിന്റെ തെക്ക് കിഴക്ക് ഭാഗത്ത് കിടപ്പുമുറി വരരുത്. അഥവാ അവിടെ മുറിയുണ്ടെങ്കിൽ ദമ്പതികൾ അവിടെ ഉറങ്ങാൻ കിടക്കരുത്. ഇത് കുടുംബ കലഹത്തിന് വഴിവയ്ക്കും എന്നാണ് വിശ്വാസം. എന്നാൽ ഈ ഭാഗത്ത് , വടക്ക് കിഴക്കേമൂലയിൽ, ഈശാനുകോണിൽ പൂജാമുറി വരുന്നത് വളരെ നല്ലതാണ്. ആ പൂജാമുറിയുടെ വാതിൽ വീടിനുള്ളിലേക്ക് തുറക്കുന്ന രീതിയിൽ തന്നെ സ്ഥാപിക്കണം. എങ്കിലേ വീട്ടിനകത്തേക്ക് നല്ല ചൈതന്യ പ്രവാഹം ഉണ്ടാകൂ. പൂജാമുറിയിൽ ദൈവങ്ങളുടെ ചിത്രങ്ങൾ പടിഞ്ഞാറ് ദർശനമായി വയ്ക്കുന്നതാണ് ഉത്തമം. ഈ രീതിയിലാണ് പൂജാമുറിയെങ്കിൽ ആ വീടിന് എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാകും.
അതുപോലെ കിടപ്പുമുറിയിൽ തല വച്ച് കിടക്കേണ്ട ദിക്കിനെപ്പറ്റിയും പലർക്കും സംശയമുണ്ട്. തെക്കോട്ട് തലവച്ച് ഉറങ്ങണം എന്ന് വാസ്തു ശാസ്ത്രം നിർദ്ദേശിക്കുമ്പോൾ ചിലർ അത് ഭയത്തോടെ കാണുന്നു. മരിച്ചവരുടെ തല അന്ത്യദർശനത്തിന് തെക്കോട്ട് വയ്ക്കുന്നതാണ് ഈ ഭയത്തിന് കാരണം. എന്നാൽ വെറും അബദ്ധാരണയാണിത്. തെക്കോട്ട് തലവച്ച് കിടക്കുന്നത് ആരോഗ്യകരമായി വളരെയധികം നല്ലതാണ്. ദാമ്പത്യം, ആരോഗ്യം, മാനസികം, ഉണർവ്, ഉന്മേഷം, ഉറക്കം എഴുന്നേൽക്കുവാനുള്ള ഊർജ്ജസ്വലത എന്നിവയ്ക്ക് തെക്കോട്ട് തലവച്ച് കിടക്കുന്നത് നല്ലതാണ്. മഹാദിക്കുകളായ കിഴക്ക്, പടിഞ്ഞാറ്, തെക്ക്, വടക്ക് ഇവയിൽ തെക്കോട്ടും കിഴക്കോട്ടും തലവച്ച് കിടക്കുന്നതാണ് ഉത്തമം. വടക്കോട്ടും പടിഞ്ഞാറോട്ടും തലവച്ച് കിടക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്.
ജ്യോതിഷരത്നം വേണു മഹാദേവ്, +91 98474 75559