Thursday, 21 Nov 2024

പത്താമുദയത്തിന് തുടങ്ങുന്നതെല്ലാം വിജയക്കൊടി പാറിക്കും

ഏതൊരു മംഗളകാര്യത്തിനും ഏറ്റവും  ശുഭകരമായ ദിവസമാണ് മേടത്തിലെ പത്താമുദയം. പുതിയ സംരംഭം ആരംഭിക്കുന്നതിന് ദോഷം ഒട്ടുമില്ലാത്ത ശുഭദിനമാണിത്. വിജയദശമിയാണ് ഇതേ പോലെ പൂർണ്ണമായും ശുദ്ധമായ മറ്റൊരു ദിവസം.
സൂര്യഭഗവാനെ സ്മരിച്ച് ഈ ദിവസം ചെയ്യുന്ന ഏത് മംഗള കാര്യവും പൂർണ്ണവിജയമാകും.പൂജയ്ക്കും  പ്രാർത്ഥനകൾക്കും വ്രതങ്ങൾക്കും മാത്രമല്ല ഈ ദിവസം തുടങ്ങുന്ന  സംരംഭങ്ങൾക്കും പൂർണ്ണ ഫലപ്രാപ്തിയുണ്ടാകും. അനേകായിരം ആളുകളുടെ അനുഭവമാണിത്. 

സൂര്യചൈതന്യം പൂർണ്ണമായും അനുഗ്രഹമായി പ്രവഹിക്കുന്ന ഈ ദിവസം സൂര്യ മണ്ഡലത്തിലൂടെയാണ്  എല്ലാ മൂർത്തികളും അനുഗ്രഹം ചൊരിയുന്നത്. എന്നും പ്രഭാതത്തിൽ കുളിച്ച്  ഓം ഘൃണി സൂര്യാദിത്യ എന്ന് 108 പ്രാവശ്യം ജപിച്ചാൽ അനുഭവിക്കുന്ന ദുരിതങ്ങൾ എല്ലാം നീങ്ങും.  പത്താമുദയ ദിവസം ഗായത്രീ ഹോമം നടത്തിയാൽ അതിന്റെ ഗുണഫലം അളവറ്റതായിരിക്കും. ധനാഭിവൃദ്ധിക്ക് ലക്ഷ്മീപൂജയും വൈശ്രവണപൂജയും ഈ ദിവസം വീട്ടിൽ നല്ല പൂജാരിയെക്കൊണ്ട് ചെയ്യിപ്പിക്കാം. ക്ഷേത്രങ്ങളിൽ വഴിപാടായും നടത്താം.

പത്താം  ഉദയം ദിവസം വ്രതമെടുത്ത്  അരയാലിന് 21 പ്രദക്ഷിണം വച്ചാൽ  മുൻജന്മ പാപം പോലും മാറും. പാപശാന്തിക്ക് 21 പ്രാവശ്യവും തടസ്സം നീങ്ങുന്നതിന് 18 പ്രാവശ്യവും കാര്യവിജയത്തിന് 36 പ്രാവശ്യവും അരയാൽ പ്രദക്ഷിണം ചെയ്യണം.

ഈ ദിവസം തുളസിച്ചെടിയും വസ്ത്രവും ദാനം ചെയ്യുന്നതും അന്നദാനം നടത്തുന്നതും  ശാപദോഷങ്ങൾ മാറുന്നതിന് ഗുണകരമാണ്. പാവപ്പെട്ടവർക്ക് ഈ ദിവസം വസ്ത്രം, ഭക്ഷണം എന്നിവ ദാനം ചെയ്താൽ അതിന്റെ പുണ്യം  നമുക്ക് രക്ഷയാകും.

error: Content is protected !!
Exit mobile version