Wednesday, 6 Nov 2024

പത്താമുദയത്തിന് തുടങ്ങുന്നതെല്ലാം പൂർണ്ണ വിജയമാകും

തന്ത്രരത്‌നം പുതുമന മഹേശ്വരന്‍ നമ്പൂതിരി

മേടപുലരിയുടെ പത്താമത്തെ ദിവസമായ പത്താമുദയം പുണ്യഫലങ്ങൾ കോരിച്ചൊരിയുന്ന ദിവസമാണ്. സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും പ്രതീകമായ വിഷു മുതൽ പത്താമുദയം വരെയുള്ള ദിവസങ്ങൾ മത്സ്യമാംസാദി ത്യജിക്കുന്നതും വ്രതമെടുക്കുന്നതും ഉത്തമമാണ്. മദ്ധ്യാഹ്‌നത്തിൽ ഊണും, രാവിലെയും വൈകിട്ടും ലഘുഭക്ഷണവും കഴിക്കാം. എല്ലാ ദിവസവും ക്ഷേത്രദർശനം നടത്തുന്നത് നല്ലതാണ്. രാവണവധം കഴിഞ്ഞ് ലോകം മുഴുവനും ശാന്തിയും സ്വസ്ഥതയും തിരിച്ചു വന്നതിന്റെ സ്മരണയ്ക്കാണ് പത്താമുദയം ആഘോഷിക്കുന്നതെന്ന് വിശ്വസിക്കുന്നു. സമ്പത്‌സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും നാഥനായ കുബേരന്റെ അവതാരദിനമായും പത്താമുദയത്തെ വിശേഷിപ്പിക്കുന്നു. 2021 ഏപ്രിൽ 23 വെള്ളിയാഴ്ചയാണ് ഇത്തവണ പത്താമുദയം.

ഏതൊരു മംഗളകാര്യത്തിനും ഈ ദിവസം ശുഭകരമാണ്. പുതിയ സംരംഭം തുടങ്ങുന്നതിനും ഗൃഹപ്രവേശത്തിനും പത്താമുദയം നല്ല ദിവസമാണ്. സൂര്യഭഗവാനെ സ്മരിച്ച് ഈ ദിവസം ചെയ്യുന്ന ഏതു കർമ്മവും പൂർണ്ണ വിജയമാകുമെന്നാണനുഭവം. പൂജാകർമ്മങ്ങൾക്കും പ്രാർത്ഥനകൾക്കും വ്രതങ്ങൾക്കും മാത്രമല്ല, ഈ ദിനം തുടങ്ങുന്ന ഏതു പുതിയ കാര്യങ്ങൾക്കും പൂർണ്ണ ഫലപ്രാപ്തിയുണ്ട്. സൂര്യചൈതന്യം പൂർണ്ണാനുഗ്രഹ കലയായി പ്രവഹിക്കുന്ന ദിവസമാണ് പത്താമുദയം. ഈ ദിവസം സൂര്യമണ്ഡലത്തിലൂടെ എല്ലാ മൂർത്തികളും അനുഗ്രഹം ചൊരിയുന്നു. പ്രഭാതത്തിൽ കുളിച്ച് ഓം ഘൃണി സൂര്യാദിത്യ  എന്ന് 108 പ്രാവശ്യം ജപിച്ചാൽ ദുരിതങ്ങളകലും. ഉത്തമനായ കർമ്മിയെക്കൊണ്ട് ഈ ദിവസം ഗായത്രിഹോമം ചെയ്യിച്ചാൽ അളവറ്റ സുകൃതം ലഭിക്കും. ധനാഭിവൃദ്ധിക്ക് ലക്ഷ്മീപൂജയും വൈശ്രവണ പൂജയും ഈ ദിവസം ചെയ്യിപ്പിക്കുക.

ഏതൊരു ദേവീദേവന്മാരുടെയും പൂജാകർമ്മങ്ങൾ വേഗം ഫലിക്കുന്ന കാലമാണ് പത്താമുദയം വരെയുള്ള മേടത്തിലെ ആദ്യപത്ത് ദിനങ്ങൾ. ഈ ദിവസങ്ങളിൽ ചെയ്യുന്ന വ്രതപൂജാപ്രാർത്ഥ നകൾ വേഗം ഫലിക്കുന്നു. അതുകൊണ്ട് തന്നെ ഉപാസകർ ഈ ദിവസങ്ങളിൽ സ്വന്തം ശ്രേയ‌സിനായി കർമ്മം ചെയ്യേണ്ടതാണ്. നിത്യവും 2 നേരവും 1008 വീതം ഗായത്രിയും പ്രണവമന്ത്രവും അഷ്ടാക്ഷരമന്ത്രവും പഞ്ചാക്ഷരമന്ത്രവും ജപിക്കുന്നത് ഏറ്റവും ഉത്തമം.

മേടം ഒന്നിന് തലേന്നാൾ വീട് കഴുകി ശുദ്ധമാക്കണം. പ്രസ്തുത മന്ത്രങ്ങളെല്ലാം ഗുരുവിൽ നിന്നും നേരിൽ സ്വീകരിക്കണം. മറ്റുള്ളവർക്ക് വേണ്ടി പൂജയും കർമ്മവും ചെയ്തു കൊടുക്കുന്നവർക്ക് ഓരോ കർമ്മത്തിലൂടെയും സ്വന്തം ശക്തി കുറയുന്നു എന്നാണ് സങ്കൽപ്പം. ഓരോ ദിവസവും ചെയ്യേണ്ട സന്ധ്യാവന്ദനം എന്ന നിത്യോപാസനയിലൂടെ ഇവർ വീണ്ടും ശക്തി നേടേണ്ടതാണ്. മേടം 1 മുതൽ 10 വരെയും കർക്കടകമാസം, നവരാത്രി, മണ്ഡല കാലം, ഇവയും ഉപാസനാ ശക്തികൂട്ടുന്നതിന് ഉപയോഗിക്കാം. ഇതിൽ പ്രധാനം പത്താമുദയമാണ്. സാധാരണക്കാർക്ക് ഈ ദിവസം വ്രതമെടുത്ത് അവരവരുടെ ഇഷ്ടദേവനെ പ്രാർത്ഥിക്കാം. ഇഷ്ടദേവതാസങ്കൽപ്പം ഇല്ലാത്തവർ ഓം നമോ നാരായണായ എന്ന മന്ത്രം പരമാവധി ജപിക്കുക. പാപശാന്തിക്കും വിഘ്‌നം നീങ്ങാനും ദുരിതമകലാനും പ്രയോജനപ്പെടും. പത്താമുദയദിവസം വ്രതമെടുത്ത് അരയാലിന് 21 പ്രദക്ഷിണം ചെയ്താൽ മുൻജന്മപാപം പോലും മാറും. ഈറനോടെ ചെയ്യുന്നത് നല്ലതാണ്. പാപശാന്തിക്ക് 21 പ്രാവശ്യം, തടസം നീങ്ങുന്നതിന് 18 പ്രാവശ്യവും, കാര്യവിജയത്തിന് 36 പ്രാവശ്യം ഇതാണ് പ്രദക്ഷിണക്രമം.

തന്ത്രരത്‌നം പുതുമന മഹേശ്വരന്‍ നമ്പൂതിരി
+91 9447020655

Story Summary: Importance of Pathamudayam and it’s Rituals

error: Content is protected !!
Exit mobile version