Tuesday, 26 Nov 2024

പത്താമുദയത്തിന് സൂര്യപ്രീതി നേടാം;ഇവർ സർപ്പപ്രീതിക്ക് വഴിപാട് നടത്തണം

അനില്‍ വെളിച്ചപ്പാടൻ
എന്ത് കർമ്മം തുടങ്ങിയാലും ശുഭകരമാകുമെന്ന് വിശ്വസിക്കുന്ന പുണ്യദിനമാണ് സൂര്യൻ പരമോച്ചത്തിൽ എത്തുന്ന പത്താമുദയം. വിഷു ശ്രീകൃഷ്ണ പ്രീതികരവും മേടപ്പുലരിയുടെ പത്താം നാളായ മേടപ്പത്ത് അഥവാ
പത്താമുദയം സൂര്യപ്രീതികരവുമാണ്. കൃഷി, ഗൃഹം, വ്യാപാരം, വ്യവസായം തുടങ്ങിയവ സംബന്ധിച്ച എല്ലാ ശുഭകര്‍മ്മങ്ങള്‍ക്കും ഏറ്റവും ഉത്തമമായി പൊതുവേ കണക്കാക്കപ്പെടുന്ന മേടപ്പത്ത് 2024 ഏപ്രിൽ 23 ചൊവ്വാഴ്ചയാണ്.

കാർഷികവൃത്തി ഈശ്വരകർമ്മമെന്ന് വിശ്വസിച്ച നല്ലവരായ മനുഷ്യരുടെ അനുഷ്ഠാനമാണ് പത്താമുദയം.
പത്താമുദയം രണ്ടെണ്ണമാണ്. മേടപ്പത്തും തുലാപ്പത്തും. നമ്മുടെ ആചാരപ്രകാരം മേടപ്പത്തിനാണ് പ്രാധാന്യം.
പ്രത്യേകിച്ച് തിരുവിതാംകൂർ ഭാഗത്ത്. മലബാർ ഭാഗത്ത് തുലാപ്പത്ത് വിശേഷമായി കൊണ്ടാടുന്നു. കടുത്ത വേനൽ കഴിഞ്ഞ്, വേനൽമഴയും ലഭിക്കുന്ന ഈ കാലം കൃഷി, ഭൂമി, ഭവന സംബന്ധമായ ശുഭകർമ്മങ്ങൾക്ക് ഏറ്റവും ഉത്തമമാകുന്നു. വിഷുവിന്റെ അതിപ്രാധാന്യം മേടപ്പത്തുവരെയാണ്. വിഷുവിന് കൃഷ്ണചിന്തയോടെ കൃഷിയിടങ്ങൾ പാകമാക്കും. സൂര്യപ്രീതി കർമ്മങ്ങളോടെ പത്താമുദയത്തിൽ അതിൽ വിത്തിറക്കും. ഇതാണ് ആചാരം.

മേടപ്പത്തിനും പുലർച്ചെ കണി
ചില പ്രത്യേക സമുദായങ്ങളിലെ ആയോധനകലകളുടെ മത്സരം , പ്രദർശനം നടത്തുന്നതും പത്താമുദയ ദിവസം ആയിരിക്കും. വിഷുപോലെ മേടപ്പത്തിനും പുലർച്ചെ കണികാണുന്ന രീതി പണ്ട് നിലവിലുണ്ടായിരുന്നു. ഇന്ന് അപൂർവ്വം കർഷക കുടുംബങ്ങളിൽ മാത്രമായി ആ ആചാരം തുടരുന്നു.

വെള്ളിമുറം സൂര്യന്റെ അനുഗ്രഹത്തിന്
ഉണക്കലരി പൊടിച്ച് മുറത്തിലാക്കി പത്താമുദയ ദിവസം സൂര്യോദയശേഷം വീടിന്റെ മുറ്റത്ത് കൊളുത്തിയ നിലവിളക്കിനുമുന്നിൽ വെച്ച് വെയിൽകൊള്ളിച്ചശേഷം ആ അരിമാവുകൊണ്ട് സൂര്യ-ശിവപ്രീതികരങ്ങളായ പലഹാരങ്ങളുണ്ടാക്കി അത് നിവേദ്യമായി സങ്കല്പിച്ച് കുടുംബങ്ങൾക്ക് നൽകുന്ന ആചാരം ഇപ്പോഴും തുടരുന്ന പ്രദേശങ്ങളുണ്ട്. അടുത്ത ഒരു കൊല്ലം ആ കുടുംബത്ത് സർവ്വൈശ്വര്യമുണ്ടാകാൻ സൂര്യദേവന്റെ അനുഗ്രഹവും അവർക്ക് ലഭിക്കുന്നതുമാണ്. ഈ ചടങ്ങിന് “വെള്ളിമുറം” എന്നാണ് പറയുന്നത്. കുടുംബത്തിലെ സ്ത്രീകളാണ്
ഇത് ചെയ്യുന്നത്.സൂര്യക്ഷേത്രങ്ങളിലും സ്ത്രീകൾ ഇതേ ചടങ്ങ് അനുഷ്ഠിക്കാറുണ്ട്.

മേടപ്പത്തിന് മുഹൂർത്തം വേണ്ട
പത്താമുദയത്തിൽ കൃഷിയിറക്കാൻ ശുഭപ്രദമാകയാൽ അന്ന് മറ്റ് കൃഷി ആരംഭിക്കുന്നതുപോലെ സൂര്യനെ നോക്കി ഭജിച്ചശേഷം തെങ്ങിൻതൈകൾ നടുന്നത് ഇപ്പോഴും തുടർന്നുവരുന്നു. അതായത്, മേടപ്പത്തിന്
കൃഷി ആരംഭിക്കാൻ മറ്റൊരു മുഹൂർത്തം നോക്കേണ്ട എന്ന് സാരം.മേടപ്പത്ത് പുലർച്ചെ സൂര്യോദയം തുടങ്ങി ആറാം നാഴിക മുതൽ (രണ്ട് മണിക്കൂർ നാല്പ്പത് മിനിറ്റ് മുതൽ) ഒന്നര മണിക്കൂർ നേരം വാസ്തുപുരുഷൻ ഉണർന്നിരിക്കുന്നതിനാൽ ഗൃഹസംബന്ധമായ എല്ലാവിധ കാര്യങ്ങൾക്കും ശുഭപ്രദമായിരിക്കും. മേടപ്പത്ത് മുതല്‍ ഇടവപ്പത്ത് വരെ തെയ്യങ്ങളുടെ കാലം കൂടിയാണ്.

സര്‍പ്പപ്രീതിക്ക് ശ്രേഷ്ഠം
പത്താമുദയം സര്‍പ്പപ്രീതി കര്‍മ്മങ്ങള്‍ക്ക് ശ്രേഷ്ഠമാണ്. മിക്ക സര്‍പ്പകാവുകളിലും ആയില്യത്തിനോ അല്ലെങ്കില്‍ പത്താമുദയത്തിനോ സര്‍പ്പങ്ങള്‍ക്ക് അഭിഷേകവും പൂജാദികര്‍മ്മങ്ങളും ‘തളിച്ചുകുട’ പോലുള്ള കര്‍മ്മങ്ങളും നടത്തുന്നു. പത്താമുദയം ഉത്തമസര്‍പ്പങ്ങള്‍ക്ക് പൂജാദികര്‍മ്മങ്ങളും വഴിപാടുകളും ചെയ്യാന്‍ പറ്റിയ ദിവസമാണ്. ശിഥിലമായി കിടക്കുന്ന സർപ്പക്കാവുകൾ ശുദ്ധീകരിച്ച് പത്താമുദയ ദിവസം തളിച്ചുകൊട പോലുള്ള കർമ്മം ചെയ്യുന്നതും അത് ചെയ്യാൻ മുന്നിട്ടിറങ്ങുന്നതും കുടുംബത്തിനും തലമുറകൾക്കും ദേശത്തിനുതന്നെയും ഐശ്യര്യം ലഭിക്കുമെന്നാണ് വിശ്വാസം.

ഈ നക്ഷത്രക്കാർക്ക് ദോഷം തീർക്കാം
തിരുവാതിര, ചോതി, ചതയം നക്ഷത്രക്കാരും ഇപ്പോള്‍ രാഹുവിന്റെ ദശയോ അപഹാരമോ ഛിദ്രകാലമോ വരുന്നവരും, രാഹു ചാരവശാല്‍ ഏറ്റവും ദോഷകരമായി നില്‍ക്കുന്ന അശ്വതി, ഭരണി, കാര്‍ത്തിക (ഒന്നാംപാദം), മകയിരം (3,4 പാദങ്ങൾ), തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം (കന്നിക്കൂർ), അത്തം, ചിത്തിര ആദ്യ രണ്ട് പാദങ്ങൾ, വിശാഖം അവസാന പാദം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ധനുക്കൂറിലെ ഉത്രാടം, അവിട്ടം അവസാന രണ്ട് പാദങ്ങൾ, ചതയം, പൂരുരുട്ടാതി, ഉത്തൃട്ടാതി, രേവതി നക്ഷത്രക്കാരും പത്താമുദയ ദിവസം കഴിവിനൊത്ത വിധം സര്‍പ്പങ്ങളെ ആരാധിക്കണം.

മേടത്തിൽ ജനിച്ചവർക്ക് ഗുണകരം
മേടത്തിൽ ജനിച്ചവർക്ക് സൂര്യന്‍ അതിൻ്റെ ഉച്ചരാശിയില്‍ നില്‍ക്കുന്നതിന്റെ ഗുണഫലം ലഭിക്കും. മേടം ഒന്നിനും പത്തിനുമിടയില്‍ ജനിക്കുന്നവര്‍ക്കാകട്ടെ സൂര്യന്‍ പരമോച്ചത്തില്‍ നില്‍ക്കുന്നതിന്റെ അതിവിശിഷ്ടമായ ഗുണഫലങ്ങള്‍ ലഭിക്കുകയും ചെയ്യും.

പത്താമുദയത്തിന് ചെയ്യേണ്ടത്
പത്താമുദയത്തിന് പുലര്‍ച്ചെ കുളിച്ച് ശുദ്ധമായി നെയ്‌വിളക്ക് കൊളുത്തി സൂര്യന്റെ ശാന്തിമന്ത്രവും തുടര്‍ന്ന് സൗന്ദര്യലഹരിയിലെ സര്‍പ്പദോഷ ശാന്തിമന്ത്രവും ജപിക്കുന്നത് നല്ലതാണ്. ശിവക്ഷേത്ര ദര്‍ശനവും രുദ്രസൂക്താര്‍ച്ചനയും രുദ്രസൂക്തമന്ത്ര സഹിതം അഭിഷേകം നടത്തിയ അഭിഷേകജലം കൃഷിസ്ഥലങ്ങളിലും വ്യാപാരസ്ഥാപനങ്ങളിലും ഗൃഹത്തിലും തളിക്കുന്നതും ശ്രേയസ്‌കരമാണ്. ഉപയോഗിക്കുന്ന വാഹനങ്ങള്‍ പത്താമുദയ ദിവസം പൂജിച്ചുവാങ്ങുന്ന ആചാരവും ചില സ്ഥലങ്ങളിലുണ്ട്.

പത്താമുദയത്തില്‍ സര്‍വ്വൈശ്വര്യം ലഭിക്കാന്‍ ശിവക്ഷേത്രത്തിലും സര്‍പ്പക്ഷേത്രത്തിലും ഇഷ്ടവഴിപാടുകള്‍ നടത്തുന്നതും വീടുകളിൽ ആദിത്യപ്രീതിക്ക് പൊങ്കാലയിടുന്നതും ഉത്തമമാണ്. നിത്യപൂജയില്ലാത്ത കാവുകളില്‍ പത്താമുദയത്തിന് അഭിഷേകവും പൂജാകര്‍മ്മങ്ങളും ചെയ്യുന്നത് ദേശത്തിനും ഐശ്വര്യം നല്‍കും. ശിവക്ഷേത്രദര്‍ശനം, രുദ്രസൂക്താര്‍ച്ചന എന്നിവ പത്താമുദയത്തിൽ ചെയ്ത് പ്രാർത്ഥിക്കുന്ന ആൾക്കും ആ നാടിനും ശ്രേയസ്‌കരമാണെന്ന് പൊതുവെ വിശ്വസിച്ചുവരുന്നു. ഈ ദിവസം കഴിയുന്നത്ര ഗായത്രി മന്ത്രവും സർപ്പദോഷ ശാന്തി മന്ത്രവും ജപിക്കുന്നത് നല്ലതാണ്.

സൂര്യശാന്തിമന്ത്രം
ഓം ആസത്യേന രജസാ വര്‍ത്തമാനോ
നിവേശയന്നമൃതം മര്‍ത്ത്യഞ്ച.
ഹിരണ്യയേന സവിതാ രഥേനാ
ദേവോയാതി ഭുവനാ വിപശ്യന്‍
അഗ്‌നിം ദൂതം വൃണീമഹേ ഹോതാരം
വിശ്വവേദസം അസ്യ യജ്ഞസ്യ സുക്രതും.
യേഷാമീശേ പശുപതി: പശൂനാം
ചതുഷ്പദാമുത ച ദ്വിപദാം
നിഷ്‌ക്രീതോഅയം യജ്ഞിയം ഭാഗമേതു
രായസ്‌പോഷാ യജമാനസ്യ സന്തു.
അധിദേവതാ പ്രത്യധിദേവതാ സഹിതായ ഭഗവതേ
ആദിത്യായ നമ: ശംഭവേ നമ:

ഗായത്രിമന്ത്രം
ഓം ഭുര്‍ ഭുവ:സ്വ:
തത് സവിതുര്‍ വരേണ്യം
ഭര്‍ഗോദേവസ്യ ധീമഹി
ധിയോയോന: പ്രചോദയാത്

സര്‍പ്പദോഷശാന്തി മന്ത്രം
ഹിമാനീഹന്തവ്യം ഹിമഗിരിനിവാസൈകചതുരൗ
നിശായാം നിദ്രാണാം നിശി ചരമഭാഗേ ച വിശദൗ
വരം ലക്ഷ്മീപാത്രം ശ്രിയമതിസൃജന്തൗ സമയിനാം
സരോജം ത്വത്പാദൗ ജനനി ജയതശ്ചിത്രമിഹ കിം.

ഉദയത്തിന് നെയ് വിളക്ക് കത്തിക്കാം
പത്താമുദയത്തിൽ സൂര്യദേവൻ ഉദിച്ചുയരുന്നതും നോക്കി അഞ്ചുതിരിയിട്ട് നെയ്യൊഴിച്ച് കത്തിച്ച നിലവിളക്കും, വാലറ്റം കിഴക്കോട്ട് തിരിച്ചുവെച്ച കിണ്ടിയിൽ നിറച്ച ജലവും, വാഴയിലയിലോ നിറപറയിലോ ഉണക്കലരിയുമായി വീട്ടുകാർ കാത്തിരിക്കും. പത്താമുദയത്തിൽ, പരമോച്ചത്തിൽ സൂര്യദേവൻ ഉദിച്ചുയരുമ്പോൾ സൂര്യമന്ത്രത്താൽ കിണ്ടിയിലെ ജലം ഇരുകൈകളിലുമെടുത്ത് സൂര്യദേവനായി നീട്ടിയെറിഞ്ഞും പിന്നെ ഉണക്കലരി ഇരുകൈകളിലുമെടുത്ത് സൂര്യദേവനായി നീട്ടിയെറിഞ്ഞും പിന്നെയാ നിലവിളക്കുമായി വീട്ടിലേക്ക് പത്താമുദയത്തെ ആനയിക്കുന്നതാണ് യഥാർത്ഥ ആചാരം. ഇപ്രകാരം അനുഷ്ഠിക്കുന്നവർക്ക് ആ ഒരുകൊല്ലം വിഭവങ്ങളുടെ കൂമ്പാരമായിരിക്കുമെന്ന് വിശ്വസിച്ചുവരുന്നു. സമ്പത്സമൃദ്ധിയും ശത്രുദോഷശമനവും കുടുംബൈശ്വര്യവും സൂര്യദേവന്റെ അനുഗ്രഹത്താൽ ലഭിക്കുന്നതുമാണ്.
ഉദിച്ചുയരുന്ന സൂര്യനെ നോക്കി ഗായത്രിമന്ത്രം ജപിക്കുന്നതും അത്യുത്തമം ആകുന്നു.

ഏവർക്കും പത്താമുദയ ആശംസകൾ…

കൂടുതൽ മന്ത്രങ്ങൾക്ക് www.uthara.in എന്ന വെബ്സൈറ്റിൽ തിരയുക.

(മുൻ ശബരിമല മേൽശാന്തി യശഃശരീരനായ ബ്രഹ്മശ്രീ ജി. പരമേശ്വരൻ നമ്പൂതിരിയുടെയും ഡോ പി ജി കലാധരന്റെയും ശിഷ്യനാണ് അനിൽ വെളിച്ചപ്പാടൻ. തമിഴ്‌നാട് ഇരവിപുതൂർക്കടൈ ശിവ-പാർവ്വതി ക്ഷേത്രം മേൽശാന്തി ആയിരുന്നു. അനിൽ വെളിച്ചപ്പാടന്റെ നേതൃത്വത്തിൽ കരുനാഗപ്പള്ളി ആസ്‌ഥാനമായി ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രം പ്രവർത്തിക്കുന്നു. ജ്യോതിഷം, തന്ത്രശാസ്ത്രം, രത്നശാസ്ത്രം, വാസ്തുശാസ്ത്രം, വേദാന്തം എന്നിവയിൽ അഗാധമായ പാണ്ഡിത്യവുമുണ്ട്. അനില്‍ വെളിച്ചപ്പാടൻ്റെ മൊബൈൽ:
9497134134 )

Copyright 2024 Neramonline.com. All rights reserved

error: Content is protected !!
Exit mobile version