Friday, 22 Nov 2024

പരാജയം തളർത്താത്ത 9

ഇംഗ്‌ളീഷ് മാസത്തിലെ ഒന്നു മുതൽ 31 വരെയുള്ള തീയതികൾ നോക്കിയാണ്  സംഖ്യാശാസ്ത്ര പ്രകാരമുള്ള  ഭാഗ്യനിർഭാഗ്യങ്ങൾ പ്രവചിക്കുന്നത്. ഓരോ വ്യക്തിയും ജനിക്കുന്ന തീയതിയനുസരിച്ച് അവരുടെ ജീവിതവും ഭാഗ്യവും തൊഴിലും ദാമ്പത്യ ജീവിതവും വ്യത്യാസപ്പെട്ടിരിക്കും.  ജനനത്തീയതി പ്രകാരം ഓരോ ദിവസവും ജനിക്കുന്നവരുടെ പൊതു സാമാന്യ ഫലങ്ങളാണ് ഇവിടെ പ്രവചിക്കുന്നത്. ഒരു മാസത്തിൽ ഒന്നു മുതൽ 31 വരെ തീയതികൾ ഉണ്ടെങ്കിലും സംഖ്യാ ശാസ്ത്രത്തിൽ  1 മുതൽ 9 വരെയുള്ള സംഖ്യകൾക്കേ ഫല പ്രവചനം വേണ്ടതുള്ളു. 1 മുതൽ 31 വരെയുള്ള സംഖ്യകൾ തമ്മിൽ കൂട്ടി ഒറ്റസംഖ്യയാക്കി മാറ്റിയാണ് ഫലം പറയുന്നത്.  27 ആണ് ജനിച്ച ദിവസമെങ്കിൽ 2+7= 9. ഒൻപത് ജന്മസംഖ്യയായി വരുന്നവരുടെ പൊതു സ്വഭാവങ്ങൾ പറയാം:

9,18,27 എന്നീ തീയതികളിൽ ജനിച്ചവരെല്ലാം 9 ജന്മസംഖ്യയുള്ളവരാണ്. ഇവർക്ക് ജീവിതം സമര തുല്യമായിരിക്കും. അവഗണന പൊറുക്കില്ല. ജീവിതാരംഭം  ശോഭനമല്ല. ചില ആപത് ഘട്ടത്തിൽ ഇവർക്ക് ശരീരത്തിൽ ചില അടയാളങ്ങൾ പ്രത്യക്ഷപ്പെടും. മാനസികമായ പോരാട്ടം നടത്തേണ്ടിവരും. ഉപദേശം ഇവർക്ക് ഇഷ്ടമാകില്ല. സ്‌നേഹത്തിന് മുന്നിലെ വഴങ്ങുകയുള്ളൂ.  9 ജന്മസംഖ്യയുള്ള ഭർത്താവുമായിഅടുക്കാൻ ഭാര്യയ്ക്ക് കഴിഞ്ഞേക്കും.  പരാജയം ഇവർ പ്രശ്‌നമാക്കില്ല. എന്തും സഹിക്കുവാനുള്ള മനോബലമുണ്ടാകും. പണം സമ്പാദിച്ചുകൂട്ടും. മറ്റുള്ളവരെ സഹായിക്കുവാൻ തയ്യാറാകും. ശാസ്ത്രജ്ഞർ, ഡോക്ടർ എന്നീ നിലകളിലും  ശോഭിക്കും. ഏതു രംഗത്തു നിന്നും പിൻമാറിയാലും പൂർവ്വാധികം ശക്തിയോടെ തിരിച്ചവരും. ആയോധന കലകളിലും സംഗീതം, നൃത്തം തുടങ്ങിയവയിലും താല്പര്യം കാട്ടും; വേണ്ടുവോളം അറിവു സമ്പാദിക്കും. നീളം കൂടിയ മൂക്കുള്ളവരും വേഗത്തിൽ നടക്കുന്നവരും ശരീരത്തിനു ചൂടു കൂടിയവരുമാകും. കുടൽ രോഗം, ജലദോഷം, പനി, ജ്വരം എന്നിവ വരാതെ നോക്കണം. ലഹരി ഉപയോഗം കുറയ്ക്കണം. ചുവന്നുള്ളിയും വെളുത്തുള്ളിയും ഇഞ്ചിയും കുരുമുളകും ഇവർ ആഹാരത്തിൽ ഉൾപ്പെടുത്തണം. ഏപ്രിൽ മേയ്, ഒക്‌ടോബർ  മാസങ്ങളും 9,18,27,36,45,63,72,81,90 എന്നീ വയസുകളും ശ്രദ്ധിക്കണം. അധികം മാംസഭക്ഷണവും മസാലയും ഉപേക്ഷിക്കുന്നത് നന്ന്.

ആഴ്ചയിൽ ഒരിക്കൽ ശരീരത്തിൽ മുഴുവൻ എണ്ണതേച്ചു കുളി ആരോഗ്യസംരക്ഷണത്തിന് നല്ലതാണ്. 9 ജന്മസംഖ്യയുള്ളവർ പേരിടുമ്പോൾ അക്ഷരങ്ങൾ തമ്മിൽ കൂട്ടിയാൽ 27,45,72,81,99,108 എന്നീ സംഖ്യകളാണ് വരുന്നതെങ്കിൽ നല്ല ഭാഗ്യമുള്ളവരാകും.
പക്ഷെ 18,36,54,90 എന്നീ സംഖ്യകൾ വരുന്ന പേരുള്ളവർക്ക് വലിയ ഭാഗ്യമുണ്ടാകില്ല. ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർ, അദ്ധ്യാപകർ യന്ത്രനിർമ്മാതാക്കൾ, വ്യാപാരികൾ, ജഡ്ജിമാർ, അഡ്വക്കേറ്റ്, പട്ടാള ഉദ്യോഗസ്ഥർ, ജ്യോത്സ്യന്മാർ, ഡോക്ടർമാർ, സൈനികർ, എൻജിനീയർ, വൈദ്യർ മർമ്മാണി എന്നീ നിലകളിൽ  9 ജന്മസംഖ്യയുള്ളവർ പ്രശസ്തരായി കാണുന്നു. അതുകൊണ്ട് 9 ജന്മസംഖ്യയുള്ളവരെ പ്രത്യേകിച്ച് കുട്ടികളെ ആ നിലയ്ക്ക് വളർത്തിക്കൊണ്ടുവരാം.

9-ാംതീയതി ജനിച്ചവർക്ക് ഏത് എതിർപ്പിനെയും അതിജീവിക്കാനുള്ള കഴിവും ബുദ്ധിയും ലക്ഷ്യബോധവും ഉണ്ടാകും. 18-ാം തീയതി ജനിച്ചവർക്ക് നിർബന്ധബുദ്ധി കൂടും. പെട്ടെന്ന് ദേഷ്യം വരും. മറ്റുള്ളവരുടെ വെറുപ്പ് നേടും.. പക്ഷെ നിർബന്ധ ബുദ്ധിയും സ്വാർത്ഥതയും കൈവെടിഞ്ഞാൽ നന്മയുണ്ടാകും. പ്രേമബന്ധങ്ങൾ പരാജയപ്പെടും. 27-ാം തീയതി ജനിച്ചവർ ശാന്തരും ചിന്തിച്ചു കാര്യങ്ങൾ ചെയ്യുന്നവരും വിജയം വേണമെന്ന് നിർബന്ധമുള്ളവരും മറ്റുള്ളവരെ ഉപദേശിക്കുന്നവരും ആയിരിക്കും.

9 നെ ഭരിക്കുന്നത് കുജൻ അഥവാ ചൊവ്വയാണ്. 9 ജന്മസംഖ്യയുള്ളവർക്ക് കടും ചുവപ്പു നിറവും നീല നിറവും ഭാഗ്യമാണ്. ഇന്റർവ്യൂവിനും മറ്റും പോകുമ്പോൾ ഈ നിറത്തിലെ വസ്ത്രം ധരിക്കുക. പവിഴം, ധരിച്ചാൽ ആയുസ്, വർദ്ധിക്കും. പച്ചക്കല്ലുകളും ഭാഗ്യം നൽകും. പേരിന്റെ ആദ്യാക്ഷരം എ ഐ ജെ ആർ വൈ വന്നാൽ നല്ലതാണ്. എത്ര ഭാഗ്യമുള്ള പേരാണെങ്കിലും പേരുകൾ  ‘ഉ’കാരത്തിൽ അവസാനിക്കരുത്. ഉദാ: പപ്പു, അപ്പു, മഞ്ജു, ബാബു, മാത്യു, അബ്ദു, യേശു, വേലു, ടിപ്പു നാണു, അമ്മു, അനു ഇത്തരം പേരുകൾ ഭാഗ്യം കുറയ്ക്കും. 

– പി.വി.ഗോപകുമാർ
+91 9495509212

error: Content is protected !!
Exit mobile version