Monday, 8 Jul 2024

പാപമുക്തിക്കും ആഗ്രഹസാഫല്യത്തിനും ദ്വാദശ ജ്യോതിർലിംഗ സ്തോത്രം

ജ്യോതിർലിംഗ രൂപത്തിൽ ശിവനെ ആരാധിക്കുന്ന പന്ത്രണ്ടു ദിവ്യ ക്ഷേത്രങ്ങളാണുള്ളത്. ദ്വാദശ ജ്യോതിർലിംഗങ്ങൾ എന്നാണ് ഇവ അറിയപ്പെടുന്നത്. ഇതിൽ തെക്കെ അറ്റത്തുള്ളത് രാമേശ്വരവും വടക്കുള്ളത് കേദാർനാഥുമാണ്. പന്ത്രണ്ടിൽ ഏറ്റവും പ്രധാനമായത് വാരണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രമാണ്. ഈ ജ്യോതിർലിംഗ ക്ഷേത്രങ്ങളെയെല്ലാം ആരാധിക്കുന്ന സ്തോത്രം ശിവഭക്തർക്ക് നിത്യജപത്തിന് ഉത്തമമാണ്. പ്രഭാതത്തിലും സന്ധ്യയ്ക്കും ജപിക്കണം. ഏഴ് ജന്മത്തിലെ പാപങ്ങളെല്ലാം നശിക്കും എന്നാണ് ഫലശ്രുതി. ഈ ദ്വാദശ ജ്യോതിർലിംഗ സന്നിധികളിലെല്ലാം ദർശനം നടത്തുന്നവരുടെ എല്ലാ ആഗ്രഹങ്ങളും ശിവഭഗവാൻ സാധിച്ചു തരും. ജ്യോതിർലിംഗ സ്തോത്രം അവസാനം ചേർത്തിട്ടുണ്ട്. പ്രകാശസ്വരൂപങ്ങളായ ദ്വാദശ ജ്യോതിർലിംഗങ്ങൾ മനസിലാക്കി പ്രാർത്ഥിക്കുക:

1 സോമനാഥൻ
ഗുജറാത്തിൽ സൗരാഷ്ട്രയിൽ പ്രഭാസ് നഗരത്തിലാണ് സോമനാഥ ക്ഷേത്രം.12 ജ്യോതിർ ലിംഗ ശിവക്ഷേത്രങ്ങളിൽ ആദ്യത്തേത്. ഗുജറാത്തിലെ മനോഹരമായ തീർത്ഥാടന കേന്ദ്രവും വിനോദസഞ്ചാര കേന്ദ്രവുമാണിത്. കപില, ഹിരൺ, സരസ്വതി എന്നീ മഹാനദികളുടെ സംഗമമാണിത്. ഒരു ശാപത്തെ തുടർന്ന് ചന്ദ്രന് തിളക്കം നഷ്ടപ്പെട്ടത് ഇവിടെ വച്ചാണെന്നും സരസ്വതി നദിയിൽ മുങ്ങിയപ്പോൾ പ്രഭ തിരികെ ലഭിച്ചു എന്നുമാണ് കഥ. ക്ഷേത്രം സ്ഥിതി ചെയ്യുന്ന പ്രഭാസ് എന്ന സ്ഥലത്തിന്റെ അർത്ഥം തന്നെ തിളക്കം എന്നാണ്.

2 മഹാകാലേശ്വരൻ
മഹാകാലേശ്വര ക്ഷേത്രം മദ്ധ്യപ്രദേശിലെ പുരാതന നഗരമായ ഉജ്ജയനിയിലാണ്. പുണ്യനദിയായ ക്ഷിപ്രയുടെ തീരത്താണ് ഈ സ്വയംഭു ശിവലിംഗ ക്ഷേത്രം. മഹാദേവിയുടെ ശക്തിയും മന്ത്രശക്തിയും ഇവിടെ മഹാകാലേശ്വരനോട് ചേരുന്നു. ആദ്യം ഇവിടെ പ്രതിഷ്ഠിച്ചിരുന്ന ജ്യോതിർലിംഗം ഒരു സുൽത്താന്റെ ആക്രമണകാലത്ത് കുളത്തിൽ എറിഞ്ഞു. പിന്നീടത് കിട്ടിയിട്ടില്ല. പിന്നീട് ശിവലിംഗം പ്രതിഷ്ഠിച്ചു. ശിവരാത്രിയാണ് പ്രധാന ആഘോഷം.

3 ഭീംശങ്കർ
ത്രിപുരാസുര വധവുമായി ബന്ധപ്പെട്ട ഭീംശങ്കർ ക്ഷേത്രം മഹാരാഷ്ട്രയിലെ പൂനയ്ക്കടുത്ത് സഹ്യാദ്രി കുന്നുകളിലാണ്. ഭീമാനദിയുടെ ആരംഭം ഇവിടെ ആണ്. തെക്കു കിഴക്കായി ഒഴുകുന്ന ഈ നദി പിന്നീട് കൃഷ്ണാ നദിയുമായി ചേരുന്നു. തീർത്ഥാടകരുടെ സ്വർഗ്ഗമാണ് ഭീംശങ്കർ. അത്ര മനോഹരമാണിവിടം. ഔഷധ മരങ്ങൾ നിറഞ്ഞ കൊടും കാടും പാൽ നുര പോലുള്ള മേഘമാലകളും ശ്രീപരമേശ്വരന്റ ഏറ്റവും മനോഹര സൃഷ്ടിയായി ഭീം ശങ്കറിനെ മാറ്റുന്നു. മലയജന്റെ തണുത്ത, നേർത്ത തലോടലും ശാന്തതയും പക്ഷികളുടെ കളകൂജനങ്ങളും ഭഗവാൻ കല്പിച്ചു നല്കിയതാണെന്ന് വിശ്വാസം. ഇവിടുത്തെ ശിവലിംഗവും സ്വയംഭൂവാണ്. ഗർഭഗൃഹത്തിന്റെ മദ്ധ്യത്തിലാണ് ഈ ശിവലിംഗം ഉയർന്നു വന്നത്. ക്ഷേത്രത്തിൽ ശനീശ്വരന്റെ ചെറിയ പ്രതിഷ്ഠയുണ്ട്. നന്ദികേശനെ കവാടത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്നു. ത്രിപുരാസുരനെ പാർവതീ ദേവിയുടെ സഹായത്താൽ ഭഗവാൻ കീഴ്പ്പെടുത്തിയത് ഇവിടെയാണ്. പാർവതി
സങ്കല്പത്തിൽ ഇവിടെ കമലജ എന്നൊരു ക്ഷേത്രവുമുണ്ട്. ബ്രഹ്മാവ് താമരപ്പൂവു കൊണ്ട് പാർവതീ ദേവിയെ പൂജിച്ചതു കൊണ്ടാണ് കമലജ എന്ന് ഈ ക്ഷേത്രത്തിനു പേര് വന്നത്. ശിവഗണങ്ങൾക്കും ശിവനെ യുദ്ധത്തിൽ സഹായിച്ച ശാകിനി ഡാകിനിമാർക്കും ഇവിടെ ക്ഷേത്രമുണ്ട്. ശിവരാത്രിയാണ് പ്രധാന ഉത്സവം.

4 ത്രയംബകേശ്വർ
മഹാരാഷ്ട്രയിലെ നാസിക്കിനടുത്താണ് ദ്വാദശ ജ്യോതിർലിംഗ ക്ഷേത്രങ്ങളിൽ പ്രധാനപ്പെട്ട ഒന്നായ ത്രയംബകേശ്വർ. പുണ്യ നദിയായ ഗോദാവരി ഈ ക്ഷേത്ര പരിസരത്ത് നിന്നാണ് ഉദ്ഭവിക്കുന്നത്.. ബ്രഹ്മാവ്, വിഷ്ണു, രുദ്രൻ അതായത് ശിവൻ എന്നീ മൂന്നു ദേവന്മാരുടെയും ചൈതന്യം ഒന്നിച്ചിരിക്കുന്ന
ഈ പുണ്യ സങ്കേതത്തിലെ ജ്യേതിർലിംഗത്തിൽ മൂവരുടെയും മുഖങ്ങൾ ആവരണം ചെയ്തിരിക്കുന്നു. ഈ ജ്യോതിർലിംഗത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ഇതാണ്. ഈ ലിംഗത്തിൽ ത്രിദേവന്മാർക്കും സ്വണ്ണത്തിൽ നവരത്നങ്ങൾ പതിച്ച മുഖാവരണവുമുണ്ട്. ഈ കിരീടം പാണ്ഡവരുടെ കാലം
മുതൽ ഉള്ളതാന്നെണ് പറയപ്പെടുന്നു. എല്ലാ തിങ്കളാഴ്ചയും വെെകിട്ട് 4 മുതൽ 5 മണി വരെ ഇത് ദർശിക്കാം.

5 രാമേശ്വർ
തമിഴ്നാടിന്റെ തെക്ക് ഭാഗത്ത് രാമേശ്വരത്ത് പാമ്പൻ ദ്വീപിലാണ് ഈ ക്ഷേത്രം. പന്ത്രണ്ടു ജ്യോതിർലിംഗ ക്ഷേത്രങ്ങളിൽ ഏറ്റവും പവിത്രമാണ് രാമനാഥസ്വാമി ക്ഷേത്രം. ഹനുമാന്റെയും വാനരപ്പടയുടെയും സഹായത്തോടെ സീതാദേവിയെ രാവണനിൽ നിന്ന് വീണ്ടെടുക്കാൻ ശ്രീരാമൻ ശ്രീലങ്കയിലേക്ക് ശ്രീരാമസേതു നിർമ്മിച്ചത് ഇതിനടുത്താണെന്ന് വിശ്വസിക്കുന്നു. ശിവനെ പ്രധാന പ്രതിഷ്ഠയാക്കി നിർമ്മിച്ച രാമനാഥസ്വാമി ക്ഷേത്രം ശെെവരുടെ പ്രധാന തീർത്ഥാടന കേന്ദ്രമാണ്. മഹാവിഷ്ണവിന്റെ ഏഴാമത്തെ അവതാരമായ ശ്രീരാമൻ രാവണനുമായി യുദ്ധത്തിന് പുറപ്പെടും മുമ്പ് ശിവനെ പൂജിച്ചത് ഇവിടെയാണെന്ന് പുരാണം പറയുന്നു.
ബ്രാഹ്മണനായ രാവണനെ വധിച്ചപ്പോൾ ഉണ്ടായ ബ്രഹ്മഹത്യ പാപം അകലാൻ മഹർഷിമാരുടെ ഉപദേശ പ്രകാരം ശിവലിംഗം പ്രതിഷ്ഠിക്കാൻ തീരുമാനിച്ചു. ഹിമാലയത്തിൽ നിന്നും ഹനുമാൻ സ്വാമി ശിവലിംഗവുമായി എത്താൻ വെെകിയപ്പോൾ മണൽ കൊണ്ട് ശ്രീരാമചന്ദ്രൻ ശിവലിംഗം സൃഷ്ടിച്ച് പ്രതിഷ്ഠിച്ച് ആരാധിച്ചു. ഈ ജ്യോതിർ ലിംഗമാണ് രാമേശ്വരം ക്ഷേത്രത്തിലെ പ്രതിഷ്ഠ. ഇവിടെ വച്ച് ശ്രീരാമൻ പിതൃക്കൾക്കു ബലിതർപ്പണം നടത്തി. അതിനാൽ രാമേശ്വരത്ത് പോയി പിതൃതർപ്പണം നടത്തിയാൽ പിതൃക്കൾക്ക് മോക്ഷ പ്രാപ്തി ഉറപ്പ്.

6 ഓംകാരേശ്വർ
മദ്ധ്യപ്രദേശിലെ നർമ്മദാ നദീ തീരത്തുള്ള മാന്ധാതാ ദ്വീപിലാണ് ഓംകാരേശ്വർ ക്ഷേത്രം. ഓം എന്ന സംസ്കൃത ലിപി പോലെയാണ് ഈ ദ്വീപിന്റെ ആകൃതി. ഇവിടെ പ്രധാനമായും രണ്ടു ക്ഷേത്രങ്ങളാണുള്ളത്. അതിലൊന്ന് ഓംകാരേശ്വർ ക്ഷേത്രം. ഇതിന്റെ അർത്ഥം പ്രണവ മന്ത്രമായ ഓ കാരത്തിന്റെ ഓം എന്ന ശബ്ദമാണ്. രണ്ടാമത്തെ ക്ഷേത്രം അമരേശ്വർ ആണ്. അനശ്വരതയുടെ ഈശ്വരൻ അല്ലെങ്കിൽ ദേവത എന്നാണ്. ഇതിനു പിന്നിലും ഒരു കഥയുണ്ട് . വിന്ധ്യ മഹാരാജാവ് വിന്ധ്യാചൽ പർവതപ്രദേശത്ത് ശിവപൂജ നടത്തി. മണ്ണും കളിമണ്ണും കൊണ്ട് ഒരു ശിവലിംഗവും പീഠവും ഉണ്ടാക്കി ആരാധിച്ചു തുടങ്ങി. സംപ്രീതനായ ശിവൻ രണ്ടു രൂപത്തിൽ വിന്ധ്യന് മുന്നിലെത്തി. അതാണ് ഓംകാരേശ്വരനും അമലേശ്വരനും. ഇവിടെ ഗണപതിക്കും പാർവതി ദേവിക്കും ഓരോ ആരാധനാലയങ്ങളുണ്ട്. മറ്റൊരു കഥ ശ്രീരാമന്റെ കുലമായ ഇക്ഷ്വാകു വംശത്തിലെ രാജാവ് മാന്ധാതാവിന്റെയും മകന്റെയും തപസ്സിന്റെ കഥയാണ്. മാന്ധാതാവിന്റെ തപസിൽ പ്രീതനായ ശിവൻ ജ്യോതിർലിംഗ രൂപത്തിൽ ഇവിടെ പ്രത്യക്ഷനായി അനുഗ്രഹിച്ചു. മറ്റൊരു ഐതിഹ്യം ദേവാസുര യുദ്ധവുമായി ബന്ധപ്പെട്ടുള്ളതാണ്. ദേവന്മാർ യുദ്ധം ജയിക്കാൻ ശിവനെ ആരാധിച്ച് പ്രീതിപ്പെടുത്താൻ തുടങ്ങി. ഒടുവിൽ ഭഗവാൻ ശിവൻ ഓംകാരേശ്വർ ജ്യോതിർലിംഗമായി ദേവന്മാർക്കു മുന്നിൽ പ്രത്യക്ഷപ്പെട്ട് അനുരന്മാരുമായി യുദ്ധം ചെയ്തു വിജയിച്ചു. ആദി ശങ്കരൻ തന്റെ ഗുരുനാഥനെ കണ്ടെത്തിയ ഗുഹ ഇവിടെയാണ്.

7 വൈദ്യനാഥൻ
ജാർഖണ്ഡ് ദിയോഗാർഹിലിൽ സ്ഥിതിചെയ്യുന്ന ശ്രീ പരമേശ്വര സന്നിധിയാണ് വെെദ്യനാഥ ജ്യോതിർലിംഗ ക്ഷേത്രം. ബാബാ ബെെദ്യനാഥദാം എന്നും ഇത് അറിയപ്പെടുന്നു. ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് രാവണൻ ശിവ പ്രതിഷ്ഠ വച്ച് ആരാധിച്ചത്. ഇവിടെ വച്ചണ് രാവണൻ തന്റെ ഓരോ ശിരസ്സും ഭഗവാന് നേദിച്ചത്; പ്രസാദിച്ച ശിവൻ അവ വീണ്ടും കൂട്ടിച്ചേർത്തു കാെടുത്തു.

8 മല്ലികാർജ്ജുനൻ
ആന്ധ്രാപ്രദേശിലെ കുർണൂൽ ജില്ലയിലെ ശ്രീ ശൈലത്താണ് ശിവനും പാർവതിയും ഒന്നിച്ചു വാഴുന്ന മല്ലികാർജ്ജുന ക്ഷേത്രം. ബ്രഹ്മരംഭ മല്ലികാർജുന ക്ഷേത്രം എന്നും ഇത് അറിയപ്പെടുന്നു. ദേവീ സാന്നിദ്ധ്യം കൂടിയുള്ളതു കൊണ്ടാണ് ഇങ്ങനെയൊരു പേര് വന്നത്. ശില്പകലാ ചാരുതയാൽ പ്രസിദ്ധമായ ഈ ക്ഷേത്രത്തിൽ. മഹാശിവ രാത്രിക്കൊപ്പം നവരാത്രിയും പ്രധാനമാണ്. ശിവന്റെ 12 ജ്യോതിർലിംഗങ്ങളിൽ ഒന്ന് എന്നതിനു പുറമേ പാർവതി ദേവിയുടെ 18 ശക്തിപീഠങ്ങളിലൊന്നുമാണ് ഇത്. മല്ലികാർജുന സങ്കല്പത്തിലാണ് ശിവനെ ഇവിടെ ആരാധിക്കുന്നത്. ലിംഗ രൂപത്തിലാണ് പ്രതിഷ്ഠ. പാർവതി ദേവിയെ ബ്രഹ്മ രംഭ സങ്കല്പത്തിൽ ആരാധിക്കുന്നു. ആകെ മൂന്ന് ക്ഷേത്രങ്ങളിലാണ് ജ്യോതിർലിംഗവും ശക്തിപീഠവും ഒന്നിച്ചുള്ളത്. ഒരിക്കൽ ശ്രീമുരുകൻ പിണങ്ങി ഇവിടെ വന്നു താമസമാക്കി. മകനെ അനുനയിപ്പിക്കാൻ ശിവനും പാർവതിയും അർജുനും മല്ലികയും ആയി ഒപ്പം കൂടി. അങ്ങനെയാണ് ഇവിടം മല്ലികാർജുന ക്ഷേത്രമായി.

9 കേദാർനാഥ്
ഉത്തരാഖണ്ഡിൽ കേദാർക്ഷേത്രം നിർമ്മിച്ചത് ആദി ശങ്കരാചാര്യരാണ്. ഹിമാലയ ശ്രേണിയിൽ മന്ദാകിനി നദിക്ക് അരികിൽ മഞ്ഞിൽ മൂടിയ ക്ഷേത്രമാണിത്. മോശം കാലാവസ്ഥ കാരണം ഏപ്രിലിൽ അക്ഷയ തൃതിയ മുതൽ നവംബറിൽ കാർത്തിക പൂർണ്ണിമ വരെ ആറു മാസമേ ക്ഷേത്രം തുറക്കുകയുള്ളു. മറ്റു സമയത്ത് വിഗ്രഹം ഉക്കിമത്തിലേക്ക് കാെണ്ടു വരികയും അവിടെ വച്ചാരാധിക്കുകയും ചെയ്യും. എല്ലാം ഒന്നു തന്നെ എന്നതാണ് കേദാർനാഥിലെ ജ്യോതിർലിംഗ സങ്കല്പം.

10 കാശി വിശ്വനാഥൻ
ഉത്തർപ്രദേശിൽ വാരണാസിയിൽ പുണ്യനദിയായ ഗംഗയുടെ തീരത്താണ് 12 ജ്യോതിർലിംഗ ക്ഷേത്രങ്ങളിൽ ഏറ്റവും പ്രധാനമായ കാശി വിശ്വനാഥ ക്ഷേത്രം. പണ്ട് വാരണാസി കാശി എന്നാണ് അറിയപ്പെട്ടിരുന്നത്. വിശ്വനാഥൻ എന്ന അർത്ഥത്തിലാണ് കാശി വിശ്വേശരൻ എന്ന് വിളിക്കുന്നത്. ആദി ശങ്കരൻ ശ്രീരാമകൃഷ്ണ പരമഹംസർ, സ്വാമി വിവേകാനനൻ, സ്വാമി ദയാനന്ദ സരസ്പതി, തുളസീദാസ്, സായിബാബ തുടങ്ങിയ പുണ്യാത്മാക്കളെല്ലാം കാശിയിൽ ഗംഗാ സ്നാനം നടത്തിയിട്ടുണ്ട്. ഗംഗയിൽ സ്റ്റാനം ചെയ്താൽ സകല പാപങ്ങളും അകന്ന് മോക്ഷം നേടാം എന്നാണ് വിശ്വാസം. ഫാൽഗുന മാസത്തിലെ വെളുത്തപക്ഷ ഏകാദശിയും ശിവരാത്രിയുമാണ് പ്രധാനം. സദാ ഡമരു നാദം ക്ഷേത്രപരിസരത്ത് മുഴങ്ങുന്നു.

11 നാഗേശ്വർ
ഗുജറാത്തിലെ സൗരാഷ്ട്രയിലെ ദ്വാരകയിലാണ് നാഗേശ്വർ ജ്യോതിർലിംഗ ക്ഷേത്രം. 25 മീറ്റർ ഉയരമുള്ള ശിവലിംഗമാണ് ഇവിടുത്തെ പ്രധാന ആകർഷണം. അതി വിശാലമായ പൂന്തോട്ടവും അതുപോലെ വലിയ തീർത്ഥവും ക്ഷേത്രത്തിലെ സവിശേഷതകളാണ്. ദ്വാരക വനത്തിൽ തപസ് ചെയ്ത ഒരു കൂട്ടം മഹർഷിമാരെ പരീക്ഷിക്കുന്നതിനായി ശിവൻ നഗ്നനായി സർപ്പങ്ങളെ വസ്ത്രമാക്കി ഇവർക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടു. എന്നാൽ ഇത് കണ്ട് മഹർഷിമാരുടെ ഭാര്യമാർ ഭർത്താക്കൻമാരെ വിട്ട് ശിവനു പിന്നാലെ കൂടി. അസ്വസ്ഥരായ മഹർഷിമാർ ശിവനെ ശപിച്ചു. ഭഗവാൻ ലിംഗ രൂപിയായി മാറി. ബ്രഹ്മാവിന്റെയും വിഷ്ണവിന്റെയും അപേക്ഷയെ തുടർന്ന് ശിവൻ ലിംഗ രൂപം വെടിഞ്ഞ് ലോക രക്ഷ തുടർന്നു. എങ്കിലുംദ്വാരക വനത്തിൽ എന്നും തന്റെ സാന്നിദ്ധ്യം ഉണ്ടാകും എന്ന് ശിവൻ മഹർഷിമാർക്ക് വാക്കു കാെടുത്തു.

12 ഘൃഷ്ണേശ്വർ
ശിവപുരാണത്തിൽ പ്രതിപാദിച്ചിരിക്കുന്ന പന്ത്രണ്ട് ജ്യോതിർലിംഗ ക്ഷേതങ്ങളിൽ അവസാനത്തേതാണ് മഹാരാഷ്ട്രയിൽ എല്ലോറയ്ക്ക് സമീപമുള്ള ഘൃഷ്ണണേശ്വർ ക്ഷേത്രം. ഘൃണേശ്വരൻ എന്ന വാക്കിന്റെ അർത്ഥം തന്നെ ദീനദയാലുവായ ഭഗവാൻ എന്നാണ്. ശെൈവന്മാരുടെ ഏറ്റവും പ്രശസ്തമായ ഒരു തീർത്ഥാടനകേന്ദ്രം കൂടിയാണിത്. എല്ലോറ ഗുഹാ ക്ഷേത്രത്തിൽ നിന്ന് 30 കിലോമീറ്റർ ദൂരമുണ്ട്. ഏറ്റവും ചെറിയ ജ്യോതിർലിംഗ പ്രതിഷ്ഠയാണ് ഇവിടുത്തേത്. മഹാവിഷ്ണുവിന്റെ ദശാവതാരം ചുവരുകളിൽ ചുവന്ന കല്ലുകളിൽ കാെത്തിയിട്ടുണ്ട്. 24 സ്തംഭങ്ങളിൽ തീർത്ത ഇവിടുത്തെ വിശാലമായ സഭ അത്യാകർഷകമാണ്. ഈ സ്തംഭങ്ങളിൽ ശിവ കഥകൾ കൊത്തി വച്ചിട്ടുണ്ട്. സഭയിൽ നന്ദികേശ്വരന്റെ വലിയ ഒരു പ്രതിഷ്ഠയുണ്ട്. ഗർഭഗൃഹത്തിലടക്കം ആർക്കും ഈ ക്ഷേത്രത്തിൽ എവിടെയും പ്രവേശിക്കാം. എന്നാൽ പുരുഷന്മാർ മേൽ മുണ്ട് ഉപയോഗിക്കാൻ പാടില്ല. ശില്പചാതുരി കൊണ്ട് ഏറ്റവും ശ്രദ്ധ ആകർഷിച്ച ക്ഷേത്രമാണിത്.

ജ്യോതിർലിംഗ സ്തോത്രം

സൗരാഷ്ട്രേ സോമനാഥം ച
ശ്രീശൈലേ മല്ലികാർജ്ജുനം
ഉജ്ജയനിയം മഹാകാലം
ഓങ്കാരാമമലേശ്വരം

പരാലയം വൈദ്യനാഥം ച
ഡാകിന്യം ഭീമശങ്കരം
സേതുബന്ധേതു രാമേശ്വരം
നാഗേശം ദ്വാരകാവനേ

വാരണാസ്യം തു വിശ്വേസ്യം
ത്രയംബകം ഗൗതമീതേത്
ഹിമാലയേ തു കേദാരം
ഘൃഷ്ണേശ്വര ച ശിവാലയേ

അതാനി ജ്യോതിർലിംഗാനി
ശ്യാം പ്രഭാത് പഠേന്നര
സപ്ത ജന്മേ കരി താം പാപം
സ്മരണേന വിനാശതി

(ഈ ജ്യോതിർലിംഗ സ്തോത്രം എല്ലാ ദിവസവും പ്രഭാതത്തിലും സന്ധ്യയ്ക്കും ജപിക്കുന്നവരുടെ ഏഴ് ജന്മത്തിലെ പാപങ്ങളെല്ലാം നശിക്കും. ഈ 12 ജ്യോതിർലിംഗ സന്നിധികളിലെല്ലാം ദർശനം നടത്തി പ്രാർത്ഥിക്കുന്നവരുടെ കർമ്മ ദോഷങ്ങളെല്ലാം തീരും; ശിവാനുഗ്രഹത്താൽ അവരുടെ ആഗ്രഹങ്ങളെല്ലാം സഫലമാകും.)

സരസ്വതി ജെ. കുറുപ്പ്
+91 90745 80476

error: Content is protected !!
Exit mobile version