Friday, 22 Nov 2024

പാളയം ശ്രീ മഹാഗണപതി ക്ഷേത്രത്തിന് മുഖച്ചാർത്തായി അലങ്കാര ഗോപുരം

തിരുവനന്തപുരം പാളയം ശ്രീ മഹാഗണപതി ക്ഷേത്ര കവാടത്തിൽ അലങ്കാര ഗോപുരം ഉയരുന്നു. 50 അടി നീളവും 20 അടി വീതിയും 50 അടി ഉയരവുമാണ് ഈ അലങ്കാര ഗോപുരത്തിനുള്ളത്. ഇതിൽ 18 അടി പൊക്കത്തിൽ ഒരു ഗണപതിവിഗ്രഹവും ഉണ്ടാകും. 75 ലക്ഷം രൂപ ചെലവഴിച്ചാണ് ഈ മുഖച്ചാർത്ത് ഒരുക്കുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ കീഴിൽ ഉള്ളൂർ ദേവസ്വം ഗ്രൂപ്പിലുള്ളതാണ് പാളയം ശ്രീ മഹാഗണപതി ക്ഷേത്രം. തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ മേൽനോട്ടത്തിൽ യുഡിഎസ് ഗ്രൂപ്പാണ് ഈ അലങ്കാര ഗോപുരം നിർമ്മിച്ചു നൽകുന്നത്. കണ്ണിമേറ മാർക്കറ്റിന് അഭിമുഖമായി പാളയം ജുമാ മസ്ജിദിനോട് ചേർന്ന് കിഴക്ക് ദർശനമായി നിൽക്കുന്ന ക്ഷേത്രമാണ് ഇത്.

അലങ്കാര ഗോപുര നിർമ്മാണത്തിൻ്റെ തറക്കല്ലിടൽ കഴിഞ്ഞ ദിവസം നടന്നു. ക്ഷേത്രത്തിൽ വിശേഷാൽ പൂജകൾക്കു ശേഷം തന്ത്രി ബ്രഹ്മശ്രീ കണ്ഠരര് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ ശനിയാഴ്ച രാവിലെ 8.30 നുള്ള മുഹൂർത്തത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ.അനന്തഗോപനാണ് തറക്കല്ലിട്ടത്. ബോർഡ് അംഗങ്ങളായ എസ്.എസ്. ജീവൻ, ജി.സുന്ദരേശൻ, ഉദയസമുദ്ര ഹോട്ടൽസ് ഗ്രൂപ്പ് ചെയർമാൻ ആൻ്റ് മാനേജിംഗ് ഡയറക്ടർ എസ്.രാജശേഖരൻ നായർ, ദേവസ്വം ചീഫ് എഞ്ചീനിയർ ആർ.അജിത്ത് കുമാർ, ദേവസ്വം ഡെപ്യൂട്ടി കമ്മീഷണർ സി.എൻ.രാമൻ, ഉള്ളൂർ ദേവസ്വം അസിസ്റ്റൻറ് കമ്മീഷണർ ബിജു. വി.നാഥ്, എക്സിക്യുട്ടീവ് എഞ്ചിനീയർ ആർ.സംഗീത്, പിആർഒ സുനിൽ അരുമാനൂർ, പാളയം ഒടിസി ഹനുമാൻ ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ബി.എസ്. സിന്ധു റാണി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

error: Content is protected !!
Exit mobile version