പുല കഴിഞ്ഞാൽ വ്രതമെടുത്ത് മലയ്ക്ക് പോകാം; പുലയുള്ളപ്പോൾ നിലവിളക്ക് തെളിക്കരുത്
അടുത്ത ബന്ധുക്കള്‍ മരിച്ചാല്‍ ഒരു വര്‍ഷം ശബരിമല ദര്‍ശനം, ആറ്റുകാല്‍ പൊങ്കാല, വീട്ടില്‍ പറയിടുക എന്നിവ ഒഴിവാക്കേണ്ടതില്ല. പുല കഴിഞ്ഞാല്‍ ക്ഷേത്ര സംബന്ധമായ എല്ലാ കാര്യങ്ങളിലും പങ്കെടുക്കാം. ശബരിമല ദര്‍ശനത്തിന് വ്രതധാരണം ആവശ്യമാണ്. അതിനാൽ പുല കഴിഞ്ഞ് വിധി പ്രകാരം മാലയിട്ട് 41 ദിവസം വ്രതമെടുത്ത് കെട്ടുനിറച്ച് ശബരിമല ക്ഷേത്രദര്‍ശനം നടത്താം. അതിൽ യാതൊരു ദോഷവുമില്ല. ശബരിമലയിലെ പൂജാരിമാര്‍ക്ക് പോലും പുല കഴിഞ്ഞാല്‍ ക്ഷേത്രത്തിലെ എല്ലാ പൂജകളും കർമ്മങ്ങളും നിർവ്വഹിക്കാം എന്ന് ചിന്തിച്ചാല്‍ ഇതിലെ സംശയം നീങ്ങും. പുതിയ മാളികപ്പുറം മേൽശാന്തി എം.എസ് പരമേശ്വരൻ നമ്പൂതിരി പുല കാരണം ഇത്തവണ വൃശ്ചികം ഒന്നിന് ചുമതല ഏറ്റില്ല. പുല തീർന്നപ്പോൾ വൃശ്ചികം ഏഴിനാണ് അദ്ദേഹം അവരോധിതനായി .
വീടുകളില്‍ ദേവീദേവന്മാരെ എഴുന്നെള്ളിച്ച് സ്വീകരിക്കുന്നതിനും നിറപറ വച്ച് ക്ഷേത്രത്തിലെ വഴിപാടുകള്‍ നടത്തുന്നതിനും പുല കഴിഞ്ഞാല്‍ യാതൊരു തടസവും ഇല്ല. ആറ്റുകാല്‍ പോലുള്ള മഹാക്ഷേത്രങ്ങളില്‍ പൊങ്കാലയര്‍പ്പിക്കുന്നതിലും യാതൊരു ദോഷവും ഇല്ല. പൊതുവിശ്വാസ പ്രകാരമുള്ള പുല ആചരിക്കണം എന്നുമാത്രമേ ഉള്ളൂ.
എന്നാൽ പുലയുള്ളപ്പോൾ മരണാനന്തര കർമ്മങ്ങൾക്കല്ലാതെ വീട്ടിൽ നിലവിളക്ക് കൊളുത്തരുത്; നിത്യ ജപവും ക്ഷേത്രദർശനവും മറ്റ് ആചാരാനുഷ്ഠാനങ്ങളുമൊന്നും പാടില്ല. സാധാരണ മരണം നടന്ന് 16 ദിവസമാണ് പുല ആചരിക്കുന്നത്. എന്നാൽ ഇതിന് സമുദായ ആചാരവും ദേശഭേദവുമനുസരിച്ച് മാറ്റം വരാം. ബ്രാഹ്മണർക്ക് 12 ദിവസമാണ് പുല. ഉപനയനം നടത്തി പൂണൂലിട്ടവർക്ക് 12 ദിവസമായാൽ പുണ്യാഹശുദ്ധി വരുത്തി പൂജയും ജപവും ഉൾപ്പെടെയുള്ള വൈദിക കർമ്മങ്ങൾ നടത്താം. നായർ സമുദായത്തിൽ പുല കൂടിയാലോചനയ്ക്ക് ശേഷം 12 ദിവസമായി ഇപ്പോൾ ക്രമീകരിച്ചിട്ടുണ്ട്. മറ്റ് സമുദായക്കാരെല്ലാം മിക്ക സ്ഥലങ്ങളിലും മരണാനന്തരം 16 ദിവസം പുല ആചരിച്ച് ക്ഷേത്രദർശനവും നിത്യാനുഷ്ഠാനങ്ങളും ഒഴിവാക്കുന്നു. പ്രസവം മുതലായ കാര്യങ്ങൾക്ക് വാലായ്മ ബ്രാഹ്മണർക്ക് 10 ദിവസവും മറ്റ് സമുദായക്കാർക്ക് 12 ദിവസവുമാണ്.
മരണം സംഭവിച്ചാൽ ബന്ധുക്കൾ പുല ആചരിച്ച് ബലികർമ്മങ്ങൾ നടത്താത്തത് കാരണമാണ് പിൽക്കാലത്ത് പിതൃദോഷങ്ങൾ സംഭവിക്കുന്നത്. പിതൃ ദോഷം അതിശക്തമായ ദോഷമാണ്. പിതൃദോഷമുള്ളവർ എന്ത് വഴിപാടും നേർച്ചയും പൂജയും ജപവും നടത്തിയാലും ഫലമുണ്ടാകില്ല.ദുരിതങ്ങളും അധോഗതിയും പിൻതുടരും; പിതൃക്കൾ പ്രസന്നരായാലേ ദൈവങ്ങൾ പ്രസാദിക്കുകയുള്ളൂ. ഒരു വ്യക്തിക്ക് രണ്ട് ശരീരമുണ്ട്. പഞ്ചമയകോശത്താൽ നിർമ്മിതമായ ഭൗതികശരീരമാണ് ഒന്ന്. ആത്മീയ ശരീരം അഥവാ സൂക്ഷ്മശരീരമാണ് മറ്റൊന്ന്. ഭൗതികശരീരം നശിക്കുന്നതാണ്. ആത്മീയശരീരം അനശ്വരമാണ്. ആത്മാവ് ഭൗതികശരീരത്തെ ത്യജിക്കുന്നതിനെ മരണം എന്നു പറയുന്നു. ആത്മാവ് പരമാത്മാവിൽ ലയിക്കുമ്പോൾ മോക്ഷം നേടുന്നു എല്ലാ മനുഷ്യർക്കും മോഷം കിട്ടാറില്ല. പുത്രനാണ് പിതൃകർമ്മം ചെയ്യേണ്ടത്. സന്താനങ്ങളില്ലെങ്കിൽ ഭാര്യ കർമ്മം ചെയ്യണം. ഭാര്യയും ഇല്ലെങ്കിൽ സഹോദരൻ കർമ്മങ്ങൾ അനുഷ്ഠിക്കണം. ശിഷ്യനും കർമ്മങ്ങൾ ചെയ്യാം.
സന്താനഭാഗ്യമില്ലാതെ മരിക്കുന്നവർക്ക് വേണ്ടി അവരുടെസഹോദരങ്ങളുടെ മക്കൾക്കോ ചെറുമക്കൾക്കോ കർമ്മം ചെയ്യാം. സുഹൃത്തുക്കളും കർമ്മം ചെയ്യാൻ യോഗ്യരാണ്. അനാഥമായ മൃതദേഹത്തെ വിധി പ്രകാരം സംസ്‌കരിക്കുകയും മരണാനന്തരകർമ്മങ്ങൾ ചെയ്യുകയും ചെയ്താൽ ഒരുകോടി യജ്ഞം നടത്തിയാൽ കിട്ടുന്നതിന് തുല്യമായ ഫലം ലഭിക്കും.
പുലയുള്ളപ്പോൾ ദേവപൂജ, ജപം, ഹോമം, സന്ധ്യാവന്ദനം, വ്രതാചരണം, ആലിംഗനം, ആശീർവാദം, അഭിവാദ്യം ഇവ പാടില്ല. ഇതിന് വിരുദ്ധമായി വ്രതമോ മറ്റോ അനുഷ്ഠിച്ചാൽ മുമ്പു ചെയ്ത പുണ്യ കർമ്മങ്ങളുടെ ഫലം നഷ്ടപ്പെടും. മരണം സംഭവിച്ച വീട്ടിൽ നിന്ന് മരണത്തിന് മുമ്പ് തയ്യാറാക്കിയ അന്നം ഭക്ഷിക്കാം. ദാനം കൊടുക്കുന്നതും പുലയുണ്ടെന്നറിഞ്ഞ് ദാനം വാങ്ങുന്നതും ദോഷമാണ്. മത്സ്യം, മാംസം, മദ്യം എന്നിവയുടെ ഉപയോഗവും മൈഥുനവും പുലയുള്ള കാലങ്ങളിൽ നിഷിദ്ധമാണ്.
പുലയുള്ളപ്പോൾ പിതൃക്രിയകൾ ചെയ്യുന്നത് ഈറൻ വസ്ത്രം ധരിച്ച് കൊണ്ട് വേണം. അശുദ്ധികാലം തീർന്നതിനുശേഷം അലക്കി ശുദ്ധമാക്കിയ വസ്ത്രം ധരിച്ചുവേണം ഇവ നിർവഹിക്കാൻ.
– പുതുമന മഹേശ്വരൻ നമ്പൂതിരി, + 91 94470 20655