Sunday, 24 Nov 2024

പുല വാലായ്മ, സ്ത്രീകളുടെ അശുദ്ധി കഴിഞ്ഞ് എന്ന് ക്ഷേത്ര ദർശനം?

ജോതിഷി പ്രഭാ സീന സി.പി
ശരീരം അശുദ്ധമാകുന്ന സന്ദർഭങ്ങളിൽ സ്ത്രീകൾ ക്ഷേത്ര ദർശനം നടത്തരുത്. തുടർന്ന് ഏഴു ദിവസം അശുദ്ധി പാലിച്ച് എട്ടാം നാൾ കുളിച്ച് ക്ഷേത്ര ദർശനം നടത്താം. അന്നു മുതൽ പ്രസാദം അണിയാം. എന്നാൽ ഏഴ് നാൾ കഴിഞ്ഞും ശിവക്ഷേത്ര ദർശനം പാടില്ല. പത്ത് ദിവസം അശുദ്ധി പാലിച്ച് പതിനൊന്നാം ദിവസം മാത്രമേ ശിവദർശനം പാടുള്ളൂ എന്ന് വിധിയുണ്ട്. പ്രസവ ശേഷം ആറുമാസത്തേക്ക് ഒരു ക്ഷേത്രത്തിലും ദർശനം നടത്തരുത്. ആറാം മാസത്തിൽ കുഞ്ഞിന് ചോറ് കൊടുക്കണം. അതിനു ശേഷം കുഞ്ഞിനെയും കൊണ്ട് സ്ത്രീകൾക്ക് ക്ഷേത്ര ദർശനം നടത്താം.

പുലയും വാലായ്മയും
മരിച്ചയാളിൻ്റെ ഉറ്റ ബന്ധുക്കളും പ്രസവിച്ച സ്ത്രീയുടെ ഉറ്റ ബന്ധുക്കളും പാലിക്കുന്ന അശുദ്ധിയാണ് പുല വാലായ്മകൾ. പ്രസവിച്ച സ്ത്രീയുടെ ഉറ്റബന്ധുക്കൾ പതിനൊന്ന് ദിവസത്തേക്ക് ക്ഷേത്ര ദർശനം നടത്തരുത്. ഇവർ നാലമ്പലത്തിൽ കടക്കരുതെന്നാണ് നിബന്ധന. പതിനൊന്ന് രാത്രിക്ക് ശേഷം കുളിച്ച് ശുദ്ധമായി നാലമ്പലത്തിൽ കടന്ന് ക്ഷേത്ര ദർശനം നടത്താം. ഈ അശുദ്ധിക്ക് ചില സ്ഥലങ്ങളിൽ പെറ്റ പുലയെന്നും മറ്റിടങ്ങളിൽ വാലായ്മ എന്നും പറയും.

ഒരാൾ മരിച്ചാൽ ഉറ്റ ബന്ധുക്കൾ പാലിക്കുന്ന അശുദ്ധിക്ക് പുല എന്നു പറയുന്നു. പതിനഞ്ച് ദിവസം മരണാന്തര കർമ്മങ്ങൾ കഴിച്ച് പതിനാറാം ദിവസം പിണ്ഡം വച്ച് പതിനേഴാം നാൾ പിതൃവിനെ സ്വർഗ്ഗത്തിലേക്ക് ഉദ്വസിച്ച ശേഷമേ ക്ഷേത്ര ദർശനം പാടുള്ളൂ. പതിനാറ് രാത്രി കഴിഞ്ഞാൽ പുല വിടും.

ദേഹത്തിൽ നിന്നും വേർപ്പെടുന്ന ജീവാത്മാവ് സൂക്ഷ്മ ശരീരമാണ്. ഷോഡശ (16) പിണ്ഡദാനം കൊണ്ട് പരേതാത്മാവിന് അവയവ പൂർത്തി വരുത്തിയാണ് സ്വർഗ്ഗലോകത്തേക്ക് ഉദ്വസിക്കുന്നത് എന്ന് വിധി. പിതൃഗതി വരുത്തി എന്നും ഇതിന് പറയും. യഥാവിധി പിതൃഗതി വരുത്തുന്നില്ലെങ്കിൽ പരേതാത്മാവ് ഗതി കിട്ടാതെ പ്രേതമായി അലയുമെന്നും വിശ്വസിക്കുന്നു.

ജാതി, വർണ്ണഭേദവും ദേശവ്യത്യാസവുമനുസരിച്ച്
ഉറ്റ ബന്ധുക്കളുടെ പട്ടികയ്ക്കും പുല, വാലായ്മ ദിവസങ്ങൾക്കും ചില വ്യത്യാസങ്ങളുണ്ട്. പൊതുവേ
പുലവാലായ്മയുടെ അശുദ്ധിയെ ആശൗചം എന്നാണ് പറയുന്നത്.

ഗൃഹശുദ്ധി
പുല വാലായ്മകൾ കഴിഞ്ഞാൽ പുണ്യാഹം തളിച്ച് ഗൃഹത്തിൽ ശുദ്ധി വരുത്തേണ്ടതാണ്. പുണ്യാഹം തളിച്ച് ശുദ്ധി വരുത്തിയ ശേഷമേ പുണ്യസ്ഥാനങ്ങളിൽ കടക്കാവൂ. പുണ്യാഹം ക്ഷേത്രങ്ങളിൽ നിന്നും ലഭിക്കും.

ഇതു കൂടാതെ നിത്യേനയും ഗൃഹശുദ്ധി ആവശ്യമാണ്. ഉദയത്തിന് മുൻപ് മുറ്റം അടിച്ച് വെള്ളം തളിച്ച് ശുദ്ധമാക്കണം. രാവിലെ മുറ്റമടിച്ച് വാരിക്കൂട്ടുന്ന ചപ്പു ചവറുകൾ മുറ്റത്ത് കൂട്ടിയിടാതെ അപ്പോൾ തന്നെ വാരികളയണം.

ഗൃഹത്തിനുള്ളിലും രാവിലെ തൂത്തു വൃത്തിയാക്കി വെള്ളം തളിക്കുകയും ഉമ്മറപ്പടി കഴുകുകയും വേണം. ചില വടക്കൻ ജില്ലകളിൽ ഉമ്മറപ്പടി കഴുകാതെ ആരും യാത്ര പോകില്ല.

വൈകുന്നേരം മുറ്റമടിച്ച് വാരിക്കൂട്ടുന്ന ചപ്പു ചവറുകൾ മുറ്റത്തിൻ്റെ മൂലയിൽ കൂട്ടി വയ്ക്കുകയേ ചെയ്യാവൂ. വാരി കളയരുത്. സന്ധ്യയ്ക്ക് മുൻപായി വേണം ഇതു ചെയ്യുവാൻ. ഈ സമയം വീടിന് മുൻവശം ഉള്ള മുറ്റം മാത്രമാണ് തൂക്കുക. കുറ്റിച്ചൂലു കൊണ്ടാണ് മുറ്റം തൂക്കുക. രാവിലെ കിഴക്കോട്ടും വൈകിട്ട് പടിഞ്ഞാട്ടും സൂര്യന് അഭിമുഖമായി മുറ്റമടിക്കരുത്. മുറ്റമടിച്ചിട്ട് മുഖവും കൈയും കാലും കഴുകിയേ വീട്ടിൽ കയറാവൂ.

ജോതിഷി പ്രഭാ സീന സി.പി
+91 9961 442256, 989511 2028

(ഹരിശ്രീ, മമ്പറം പി.ഒ, പിണറായി
കണ്ണൂർ, Email ID: prabhaseenacp@gmail.com)

error: Content is protected !!
Exit mobile version