പൂജവയ്പ്പ്, ആയുധ പൂജ, വിജയദശമി;
ഈ ആഴ്ചത്തെ നക്ഷത്രഫലം
2022 ഒക്ടോബർ 2 ന് ധനുക്കൂറിൽ മൂലം നക്ഷത്രത്തിൽ ആരംഭിക്കുന്ന ഈ ആഴ്ചത്തെ പ്രധാന വിശേഷങ്ങൾ പൂജവയ്പ്പ്, ഗാന്ധിജയന്തി, ദുർഗ്ഗാഷ്ടമി, മഹാനവമി, ആയുധ പൂജ, വിജയദശമി, പാശാങ്കുശ ഏകാദശി വ്രതം, പ്രദോഷ വ്രതം എന്നിവയാണ്. വാരം ആരംഭിക്കുന്ന 2 ന് ആണ് ഗാന്ധിജയന്തിയും പൂജവയ്പ്പും. നവരാത്രിയിലെ 9 ദിവസവും വ്രതമെടുക്കാന്‍ കഴിയാത്തവര്‍ ദുര്‍ഗാഷ്ടമി, മഹാനവമി, വിജയദശമി ദിവസങ്ങളിലെങ്കിലും വ്രതം അനുഷ്ഠിക്കണം. ദുര്‍ഗ്ഗാഷ്ടമി കാളിക്കും, മഹാനവമി ലക്ഷ്മിക്കും വിജയദശമി സരസ്വതിക്കും പ്രാധാന്യമുള്ള ദിവസങ്ങളാണ്. ഒക്ടോബർ 2 നാണ് പൂജവയ്പ്പ്. ഈ ദിവസമാണ് ഭദ്രകാള്യവതാരവും. 3 നാണ് ദുർഗ്ഗാഷ്ടമി.
നാലിന് മഹാനവമി ദിവസം ആയുധപൂജ നടക്കും. 5 ന് ബുധനാഴ്ചയാണ് വിജയദശമി. അന്ന് രാവിലെ 9:07 ന് മുൻപാണ് പൂജയെടുപ്പിനും വിദ്യാരംഭത്തിനും ഉത്തമം. ഒക്ടോബർ 6 നാണ് ഏകാദശി വ്രത്രം. അന്ന് വെളുപ്പിന് 4:17 മുതൽ പകൽ 3:09 വരെയാണ് വ്രതത്തിലെ ഏറ്റവും പ്രധാന സമയമായ ഹരിവാസരം. വ്രതം നോൽക്കുന്നവർ ഈ സമയത്ത് അന്നപാനാദികൾ ഒഴിവാക്കി വിഷ്ണു നാമങ്ങളും മന്ത്രങ്ങളും ജപിക്കുക. പാപാങ്കുശ ഏകാദശി എന്ന് അറിയപ്പെടുന്ന ഈ ഏകാദശി നോൽക്കുന്നത് ഭൗതിക സുഖവും ധനവും ആരോഗ്യവും ലഭിക്കുന്നതിന് ഉത്തമമാണ്. അശ്വനി മാസം വെളുത്തപക്ഷത്തിലാണ് പാപാങ്കുശ ഏകാദശി വരുന്നത്. ഒക്ടോബർ 7 നാണ് ശിവപ്രീതികരമായ കന്നിയിലെ വെളുത്തപക്ഷ പ്രദോഷ വ്രതം. ഈ ദിവസം വ്രതമെടുത്ത് ശിവക്ഷേത്രത്തിൽ പ്രദോഷ പൂജയിൽ പങ്കെടുത്താൽ ശിവപർവതി പ്രീതിയാൽ എല്ലാ ആഗ്രഹവും സഫലമാകും. ഒക്ടോ 8 ന് ഉത്തൃട്ടാതി നക്ഷത്രത്തിൽ വാരം അവസാനിക്കും.
ഈ ആഴ്ചത്തെ നക്ഷത്രഫലം:
മേടക്കൂറ്
(അശ്വതി, ഭരണി, കാർത്തിക 1)
ബിസിനസിൽ പുതിയ വഴികൾ കണ്ടെത്തും. അതിൽ നിന്ന് സാമ്പത്തിക നേട്ടം കൈവരിക്കും. തന്ത്രപൂർവം പെരുമാറുന്നതിലൂടെ എവിടെയും വിജയം നേടാൻ കഴിയും. വീട്ടുജോലികൾ നിറവേറ്റാൻ സന്താനങ്ങളുടെ സഹായം ലഭിക്കും. സമൂഹത്തിൽ നിലയും വിലയും വർദ്ധിക്കും. ജീവിത പങ്കാളിയെ പിരിഞ്ഞു നിൽക്കും. ആരോഗ്യപ്രശ്നങ്ങൾക്ക് സാധ്യത. സ്വയം ചികിത്സ ക്കുന്നത് ഒഴിവാക്കുക. ശരിയായ ചികിത്സ വൈകിയാൽ രോഗം വഷളാകാം. വിദേശ ബന്ധം ഗുണം ചെയ്യും. മേലുദ്യോഗസ്ഥരുമായി ശരിയായ രീതിയിൽ ആശയ വിനിമയം നടത്തി പ്രശ്നങ്ങൾക്ക് പരിഹാരം കാണും. വാക്കുകൾ ശ്രദ്ധിച്ചു ഉപയോഗിക്കുക. സംസാരത്തിൽ ആരെയും മുറിപ്പെടുത്താതിരിക്കാൻ ശ്രമിക്കണം. ഗണപതി ഭഗവാനെയും ധർമ്മശാസ്താവിനെയും എന്നും ഭജിക്കുക.
ഇടവക്കൂറ്
(കാർത്തിക 2, 3, 4, രോഹിണി, മകയിരം 1, 2)
അനാവശ്യ ചെലവ് സാമ്പത്തിക സ്ഥിതി വഷളാക്കും. പണം കഴിയുന്നത്ര കുറച്ച് ചെലവഴിക്കാൻ ശ്രമിക്കുക. കുടുംബവുമൊത്ത് കൂടുതൽ സമയം ചെലവഴിക്കാൻ കഴിയും. പ്രിയപ്പെട്ട ചിലർക്ക് സമ്മാനങ്ങൾ നൽകും. മികച്ച നിരീക്ഷണ, വിശകലന പാടവം എവിടെയും ശ്രദ്ധ നേടാൻ സഹായിക്കും. ജോലിയിൽ മുന്നേറും. പുതിയ വിദ്യകൾ പഠിക്കാൻ സമയം ശുഭകരമാണ്. ആരോഗ്യ സ്ഥിതി അൽപ്പം മെച്ചപ്പെടും. കുടുംബാംഗത്തിന്റെ ഉപദേശം വരുമാനം വർദ്ധിപ്പിക്കുന്നതിന് സഹായിക്കും. കുടുംബാംഗങ്ങളുടെ സമ്മതത്തോടെ ആഗ്രഹിക്കുന്ന വ്യക്തിയെ വിവാഹം കഴിക്കാൻ കഴിയും. വിവാഹത്തിന് സാധ്യത വളരെ വർദ്ധിച്ച സമയമാണിത്. ശിവന് ധാര, സുബ്രഹ്മണ്യന് ഭസ്മാഭിഷേകം എന്നിവ നടത്തണം.
മിഥുനക്കൂറ്
(മകയിരം 3, 4, തിരുവാതിര, പുണർതം 1, 2, 3 )
അപ്രതീക്ഷിതമായ കേന്ദ്രങ്ങളിൽ നിന്ന് പണം സമ്പാദിക്കാൻ അവസരം ലഭിക്കും. എന്നാൽ വൻ ലാഭം ആഗ്രഹിച്ച് കൂടുതൽ തുക നിക്ഷേപിക്കരുത്. ഓഹരി വിപണിയുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിൽ നല്ല നിക്ഷേപം നടത്തിയാൽ വൻ നേട്ടം കൈവരിക്കാം. കുടുംബാംഗങ്ങളോട് ഒട്ടും പരുഷമായി പെരുമാറരുത്. വാക്കുകൾ കൊണ്ട് ആരെയെങ്കിലും നോവിച്ചാൽ അതിന്റെ പേരിൽ പിന്നീട് വിഷമിക്കും; പശ്ചാത്തപിക്കും. ദാമ്പത്യ ബന്ധം സാധാരണമായിരിക്കും. കമിതാക്കൾക്ക് ഒന്നിച്ചു കൂടുതൽ സമയം ചെലവഴിക്കാൻ കഴിയും. ഔദ്യോഗിക കാര്യങ്ങളുമായി ബന്ധപ്പെട്ട് യാത്രകൾ വേണ്ടി വരും. ബിസിനസിൽ നല്ല പുരോഗതി ലഭിക്കും. ഭാഗ്യത്തിന്റെ ആനുകൂല്യമുണ്ടാകും. കുറഞ്ഞ അദ്ധ്വാനം വഴി മികച്ച നേട്ടങ്ങൾ ആർജ്ജിക്കാൻ കഴിയും. വിദ്യാർത്ഥികൾ അലഞ്ഞുതിരിഞ്ഞ് സമയം കളയരുത്. ചെറിയ ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ കഴിയില്ല. നിത്യവും ഓം നമോ നാരായണായ ജപിക്കണം.
കർക്കടകക്കൂറ്
(പുണർതം 4, പൂയം, ആയില്യം)
പണച്ചെലവ് വർദ്ധിക്കും. എന്നാൽ ജീവിത പങ്കാളിയുടെ സമയോചിതമായ ഇടപെടൽ വഴി അത് നിയന്ത്രിക്കാൻ കഴിയും. ഗൃഹോപകരണങ്ങൾക്ക് കേടുപാടുകൾ വരും. കുടുംബാംഗങ്ങളുടെ പിൻതുണയോടെ വീട്ടിൽ ചില മാറ്റങ്ങൾ വരുത്തും. ശരിയായ പരിചരണത്തിലൂടെ ആരോഗ്യം മെച്ചപ്പെടുത്തി രോഗമുക്തി നേടാൻ കഴിയും. സുഹൃത്തുക്കളുമായുള്ള തെറ്റിദ്ധാരണ പരിഹരിക്കും. ദാമ്പത്യ ജീവിതം മെച്ചപ്പെടും. അവർക്ക് വേണ്ടി കുടുതൽ സമയം ചെലവഴിക്കും. പ്രതികൂല സാഹചര്യവുമായി
പൊരുത്തപ്പെടാനാകും. കുടുംബ പ്രശ്നങ്ങളിൽ വിവേക പൂർവം ഇടപെട്ട് കാര്യങ്ങൾ അനായാസം പരിഹരിക്കാൻ കഴിയും. കർമ്മ രംഗത്ത് സമയം വളരെ അനുകൂലമാണ്. ഔദ്യോഗിക ജീവിതത്തിൽ ലക്ഷ്യബോധവും അത് നേടുന്നതിനുള്ള കഴിവും പ്രദർശിപ്പിക്കും. പ്രാർത്ഥനയും ധ്യാനവും ഈശ്വരാധീനം വർദ്ധിപ്പിക്കും. ഭദ്രകാളി പ്രീതിക്ക് കുങ്കുമാർച്ചന നടത്തി പ്രാർത്ഥിക്കുക.
ചിങ്ങക്കൂറ്
(മകം, പൂരം, ഉത്രം 1)
ഊർജ്ജസ്വലതയോടെ എല്ലാ ചുമതലകളും നിറവേറ്റും. സർക്കാരിൽ നിന്ന് ചില ആനുകൂല്യങ്ങൾ ലഭിക്കും. സർക്കാർ ജീവനക്കാർക്ക് സമയം മികച്ചതാണ്. കോപം
നിയന്ത്രിക്കണം. ഭാഗ്യത്തിന്റെ പിന്തുണ ലഭിക്കും. സംഭാഷണത്തിൽ അഹിതകരമായ കാര്യങ്ങൾ കേട്ടാൽ രുക്ഷമായി പ്രതികരിക്കരുത്. ആലോചനയില്ലാതെ വെട്ടിത്തുറന്ന് സംസാരിച്ചാൽ പിന്നീട് പശ്ചാത്തപിക്കും. വിദൂര യാത്ര ആവശ്യമായി വരും. തെറ്റിദ്ധാരണകൾ പരിഹരിക്കപ്പെടും. കമിതാക്കൾ കൂടുതൽ അടുക്കും. ഔദ്യോഗിക കാര്യങ്ങളുമായി ബന്ധപ്പെട്ട് സമയം വളരെ ശുഭകരമായിരിക്കും. വിദേശ പഠന തടസം മാറാൻ കുറച്ചു കാലം കാത്തിരിക്കേണ്ടി വരും. ആരോഗ്യം മെച്ചപ്പെടും. ശാസ്താപ്രീതി, നാഗപ്രീതി എന്നിവ നേടുക. സുബ്രഹ്മണ്യ സ്വാമിക്ക് കുമാരസൂക്താർച്ചന നടത്തി പ്രാർത്ഥിക്കുക.
കന്നിക്കൂറ്
(ഉത്രം 2, 3, 4, അത്തം, ചിത്തിര 1, 2 )
ബിസിനസിൽ എല്ലാത്തരം മുൻകാല നഷ്ടങ്ങളും നികത്തും. കർമ്മ രംഗത്ത് സമയം മികച്ചതായിരിക്കും. പുതിയ പദ്ധതികൾ ശരിയായ രീതിയിൽ ആസൂത്രണം ചെയ്യും. ബിസിനസ് വിപുലമാക്കുന്നതിന് ചില പ്രമുഖ വ്യക്തികളുടെ സഹായം തേടും. ശാരീരിക ക്ഷമത വർദ്ധിപ്പിക്കാൻ ശ്രമിക്കും. ആവശ്യത്തിൽ കൂടുതൽ
പണം കൈവശം വയ്ക്കരുത്; നഷ്ടപ്പെടാൻ സാധ്യത കൂടുതലാണ്. പ്രതികൂല സാഹചര്യം അതിജീവിക്കാൻ ശ്രദ്ധിക്കണം. കുടുംബജീവിതത്തിലെ പ്രശ്നങ്ങൾ രൂക്ഷമാകും. അത് ജീവിതത്തിന്റെ താളം തെറ്റിക്കും. സമ്മർദ്ദങ്ങൾ മറികടക്കാൻ പ്രാർത്ഥന തുണയാകും. എല്ലാവരുടെയും ജീവിതത്തിൽ മോശം സമയം വരാം എന്നു കരുതി ആശ്വസിക്കും. ഭൂമി സംബന്ധമായ രേഖകൾ ശരിയാക്കും. പ്രണയബന്ധം ശക്തമാകും. വിവാഹം തീരുമാനിക്കാൻ സാധ്യത കാണുന്നു. വിദ്യാർത്ഥികൾക്ക് പരീക്ഷയിൽ മികച്ച വിജയം ലഭിക്കും.
ശ്രീകൃഷ്ണപ്രീതിക്ക് ഓം ക്ലീം കൃഷ്ണായ നമഃ ജപിക്കുക.
തുലാക്കൂറ്
(ചിത്തിര 3, 4 ചോതി, വിശാഖം 1, 2, 3 )
സുപ്രധാനമായ തീരുമാനങ്ങൾ എടുക്കുന്നതിന് മുമ്പ് കുടുംബത്തിന്റെയും വേണ്ടപ്പെട്ട മറ്റുള്ളവരുടെയും അഭിപ്രായം ആരായണം. സ്വന്തം ശരികളിൽ വിശ്വസിച്ച് മുന്നോട്ടു പോകുന്നത് കുഴപ്പം ചെയ്യും. കുടുംബത്തിൽ ഐക്യം ഉണ്ടാകുന്നതിന് മുതിർന്നവരുടെ നിർദ്ദേശങ്ങൾ പ്രയോജനപ്പെടും. പ്രിയപ്പെട്ടവരുമൊത്ത് കുറച്ച് സമയം ചെലവഴിക്കാൻ സാധിക്കും. ജീവിത പങ്കാളിയുടെ കൊച്ചു കൊച്ച് ആവശ്യങ്ങൾ നിറവേറ്റാൻ മടി കാണിക്കരുത്. വ്യാപാരത്തിൽ വലിയ വിജയം നേടും. സമൂഹത്തിലും കുടുംബത്തിലും ആദരവ് ലഭിക്കും. ആശയക്കുഴപ്പങ്ങൾ പരിഹരിക്കാനാകും. ചെറിയ ആരോഗ്യ പ്രശ്നങ്ങൾക്ക് സാധ്യതയുണ്ട്. വ്യായാമം മുടക്കരുത്. അനാവശ്യമായ ചെലവുകൾക്ക് കർശനമായ നിയന്ത്രണങ്ങൾ വേണം. സാമ്പത്തിക ബുദ്ധിമുട്ട് കാരണം മാനസിക സമ്മർദ്ദം വർദ്ധിക്കും. വിദ്യാർത്ഥികൾ എല്ലാ രംഗത്തും തിളങ്ങും. ഹനുമാൻ സ്വാമിയെയും ദുർഗ്ഗാദേവിയെയും ഭജിക്കുക.
വൃശ്ചികക്കൂറ്
(വിശാഖം 4, അനിഴം, തൃക്കേട്ട)
സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കും. സുഹൃത്തിന്റെ നിർദ്ദേശം സ്വീകരിച്ച് ഭാവിയിൽ മികച്ച ലാഭം കിട്ടുന്ന ചില നിക്ഷേപങ്ങൾ നടത്തും. സങ്കീർണമായ പ്രശ്നങ്ങൾക്ക് വീട്ടിലെ മുതിർന്നവരുടെ ഉപദേശം സ്വീകരിച്ച് പരിഹാരം കണ്ടെത്തും. കുടുംബജീവിതത്തിൽ സമാധാനം നിറയും. പക്വതയും വിവേകവും പ്രദർശിപ്പിക്കും. വീട്ടിൽ കൂടുതൽ സമയം ചെലവഴിക്കാൻ സാധിക്കും. സന്താനങ്ങളെ പഠനത്തിൽ സഹായിക്കും. പുതിയ വാഹനം വാങ്ങാൻ ആലോചിക്കും. അവിവാഹിതർക്ക് മനസ്സിന് പിടിക്കുന്ന ഒരാളെ കണ്ടുമുട്ടാൻ യോഗം കാണുന്നു. കർമ്മ രംഗം വളരെ ശുഭകരമാകും. ഔദ്യോഗിക ജീവിതത്തിൽ മികച്ച വിജയം വരിക്കും. ആഗ്രഹിക്കുന്ന പോലെ കാര്യങ്ങൾ സംഭവിക്കും. ആരോഗ്യത്തിൽ പ്രത്യേകമായി ശ്രദ്ധ പതിപ്പിക്കും. ദുർച്ചെലവ് ഒഴിവാക്കാൻ ശ്രമിക്കണം. ഒരു കുടുംബാംഗത്തിന്റെ നേട്ടത്തിൽ സന്തോഷിക്കും. വിദ്യാർത്ഥികൾ മികച്ച വിജയം നേടും. ശ്രീകൃഷ്ണന് തൃക്കൈ വെണ്ണ, ഗണപതിക്ക് പുഷ്പാഞ്ജലി നടത്തുക.
ധനുക്കൂറ്
(മൂലം, പൂരാടം, ഉത്രാടം 1)
സാമ്പത്തികമായി സുപ്രധാന തീരുമാനങ്ങൾ എടുക്കും. ദീർഘകാല നിക്ഷേപം ഒഴിവാക്കണം. വിനോദത്തിനും വിശ്രമത്തിനും സമയം കണ്ടെത്തും. ഗൃഹനിർമ്മാണം വീണ്ടും സജീവമാകും. കുടുംബ പ്രശ്നം പരിഹരിക്കാൻ ആവശ്യമായ ചർച്ചകൾക്ക് വീട്ടിലെ മുതിർന്നവരുടെ പിൻതുണ ലഭിക്കും. ആരോടെങ്കിലും ഇഷ്ടം തുറന്ന് പറയാൻ ആഗ്രഹിക്കുന്നെങ്കിൽ അതിന് പറ്റിയ സമയമല്ല. മനോവീര്യം കൂടും. കുടുംബാന്തരീക്ഷം ശാന്തമാകും. ക്ഷമാശീലം വർദ്ധിപ്പിക്കണം. ജോലിസ്ഥലത്ത് സ്വന്തം ആശയം പങ്കിടുമ്പോൾ മിതത്വം പാലിക്കണം. ഇല്ലെങ്കിൽ ചിലർ എതിരായി മാറും. മേലുദ്യോഗസ്ഥർ അസന്തുഷ്ടി പ്രകടിപ്പിക്കും. ഭാഗ്യം എപ്പോഴും പിൻതുണയ്ക്കണം എന്നില്ലെന്ന് തിരിച്ചറിഞ്ഞ് പ്രവർത്തിക്കണം. ആരോഗ്യം മെച്ചപ്പെടുത്താൻ ശ്രമിക്കുക സുഹൃത്തുക്കളുമായി സന്തോഷ നിമിഷങ്ങൾ പങ്കിടും. വിദ്യാർത്ഥികൾക്ക് പഠനത്തിൽ ആശയക്കുഴപ്പവും അനുഭവപ്പെടും. വിഷ്ണു പ്രീതിക്ക് ഭാഗ്യസൂക്താർച്ചന നടത്തി പ്രാർത്ഥിക്കണം.
മകരക്കൂറ്
(ഉത്രാടം 2, 3, 4, തിരുവോണം, അവിട്ടം 1, 2)
സാമ്പത്തിക കാര്യങ്ങളിൽ ഭാഗ്യത്തിന്റെ പിന്തുണയുണ്ട്. വൻ നിക്ഷേപങ്ങൾ നടത്തും മുൻപ് യാഥാർത്ഥ്യങ്ങൾ ശരിയായി വിലയിരുത്തിയില്ലെങ്കിൽ അതുകൊണ്ട്
കാര്യമായ പ്രയോജനം ലഭിക്കില്ല. ഗൃഹാന്തരീക്ഷം സമാധാനപരമാകും. അതിഥി സൽക്കാരം നടത്തും. രുചികരമായ ഭക്ഷണം ആസ്വദിക്കും.പുതിയ പദ്ധതികൾ വിശ്വസ്ത സുഹൃത്തിനോട് പങ്കിടും. രോഗബാധിതർ കുടുംബാംഗങ്ങളുടെ ശരിയായ പരിചരണത്തിലൂടെ രോഗമുക്തി നേടും. ജോലിസ്ഥലത്ത് അർഹമായ പ്രാധാന്യം ലഭിക്കില്ല. ഈ സമയത്ത്, ഒറ്റപ്പെട്ടതായി തോന്നും. ജോലിയിൽ ഉത്സാഹവും താല്പര്യവും കുറയും. വിവാഹ ആലോചനയിൽ പുരോഗതിയുണ്ടാകും. പ്രണയ കാര്യങ്ങളിൽ അനുകൂലമായ ഫലം ലഭിക്കും. വാഹനം, ഭുമി വാങ്ങാൻ തീരുമാനിക്കും. മത്സരപരീക്ഷയിൽ മികച്ച വിജയം വരിക്കും. ധർമ്മശാസ്താവിനെ ഭജിക്കണം.
കുംഭക്കൂറ്
(അവിട്ടം 3, 4, ചതയം, പൂരുരുട്ടാതി 1, 2, 3 )
സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. അർഹതയുള്ളവർക്ക് സാമ്പത്തിക സഹായം നൽകും. ഏത് കാര്യത്തിലും ജീവിത പങ്കാളിയുടെ പൂർണ്ണമായ സഹായം ലഭിക്കും. ചിലർ വീട് മാറാൻ ആലോചിക്കും. ഗൃഹത്തിൽ കാര്യമായ അറ്റകുറ്റപ്പണി നടത്തും. വീടുമായി ബന്ധപ്പെട്ട തീരുമാനം എടുക്കും മുമ്പ് കുടുംബാംഗങ്ങളുടെയെല്ലാം അഭിപ്രായം ആരായണം. കഠിനാദ്ധ്വാനവും അർപ്പണ മനോഭാവവും അംഗീകരിക്കപ്പെടും. വിമർശനം ഉയരുന്ന സാഹചര്യം ഒഴിവാക്കാൻ ശ്രമിക്കണം. തൊഴിൽ സംബന്ധമായ ചില കാര്യങ്ങളിൽ അടുത്ത സുഹൃത്തിന്റെ സഹായം ലഭിക്കും. ഏത് പ്രതികൂല സാഹചര്യത്തിലും പരിശ്രമങ്ങൾ തുടരുക തന്നെ വേണം. അല്ലെങ്കിൽ എല്ലാ പുരോഗതിയും തടസ്സപ്പെടും. ഉപയോഗശൂന്യമായ വസ്തുക്കൾ വീട്ടിൽ നിന്ന് എത്രയും വേഗം ഒഴിവാക്കണം. മറ്റുള്ളവരിൽ മതിപ്പുളവാക്കുന്ന രീതിയിൽ പ്രവർത്തിക്കുന്നതിൽ നല്ല വിജയം നേടും. വെള്ളിയാഴ്ച ഗണപതിഹോമം നടത്തുക. നാഗദേവതയ്ക്ക് കവുങ്ങിൻ പൂക്കുല സമർപ്പിക്കണം.
മീനക്കൂറ്
(പൂരുരുട്ടാതി 4, ഉത്തൃട്ടാതി, രേവതി)
ജോലിയിൽ കഴിവും കാര്യക്ഷമതയും വർദ്ധിപ്പിക്കാൻ കഠിനമായി പരിശ്രമിക്കേണ്ടി വരും. ഉത്തരവാദിത്വം കൃത്യസമയത്ത് പൂർത്തിയാക്കാൻ വളരെ ബുദ്ധിമുട്ടും. തീരുമാനങ്ങൾ എടുക്കുന്നതിൽ ആശയക്കുഴപ്പം നേരിടും. അറിവ് വർദ്ധിപ്പിക്കാനും പുതിയ വിഷയങ്ങൾ മനസിലാക്കാനും ശ്രമിക്കും. പ്രതികൂല സാഹചര്യങ്ങൾ വേണ്ടപ്പെട്ടവരെ ബോദ്ധ്യപ്പെടുത്താനാകാതെ വിഷമം അനുഭവിക്കും. ജീവിതപങ്കാളിയോട് കാര്യങ്ങൾ തുറന്ന് സംസാരിക്കുന്നത് മന:സംഘർഷം അകറ്റാൻ നല്ലതാണ്. മുതിർന്നവർക്ക് ഉദരസംബന്ധമായ ബുദ്ധിമുട്ടുകളിൽ നിന്ന് ആശ്വാസം ലഭിക്കും. സുപ്രധാനമായ സമ്പത്തിക തീരുമാനം എടുക്കുന്നതിൽ വിജയിക്കും. ദീർഘകാല നിക്ഷേപങ്ങൾ തൽക്കാലം ഒഴിവാക്കുക തന്നെ വേണം. അതിഥി സൽക്കാരം കുടുംബത്തിൽ സന്തോഷകരമായ അന്തരീക്ഷം സൃഷ്ടിക്കും. സഹോദരങ്ങളുടെ സഹായം ലഭിക്കും. വിദേശയാത്രയ്ക്ക് സാഹചര്യം ഒത്തുവരും. വിനോദ യാത്രയ്ക്ക് വേണ്ട തയ്യാറെടുപ്പുകൾ തുടങ്ങും. പുതിയ സംരംഭത്തിനുള്ള തടസങ്ങൾ പരിഹരിക്കും.
സർപ്പങ്ങൾക്ക് നുറുംപാലും നടത്തി പ്രാർത്ഥിക്കുക.
ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ,
+91 9847575559
Summary: Predictions: This week for you