പൂജാവേളയില്‍ കരിന്തിരി കത്തരുത്; തുളസിത്തറയിലും വീട്ടിലും ആകാം
തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
നിലവിളക്ക് കരിന്തിരി കത്തുന്നത് ദോഷമാണോ? പലരും ചോദിക്കുന്ന സംശയമാണിത്. ഭദ്രദീപം കരിന്തിരി കത്തിയാൽ ദു:ഖമാകുമെന്ന പഴമക്കാരുടെ വിശ്വാസമാണ് ഈ ചോദ്യത്തിനു കാരണം. എന്നാൽ എല്ലാ വിളക്കിനും ഈ ദോഷമില്ല. പൂജാവേളയില്‍ ശാന്തിക്കാരൻ മന്ത്രപൂര്‍വ്വം തെളിയിക്കുന്ന ദീപം കരിന്തിരി കത്താന്‍ പാടില്ല എന്ന് മാത്രമാണ് നിബന്ധന. നിത്യേന തുളസിത്തറയിലും വീട്ടിലും തെളിയിക്കുന്ന ദീപം തനിയേ അണയുന്നതാണ് നല്ലത്. ഇത് കെടുത്തേണ്ട ആവശ്യം ഇല്ല. പക്ഷേ ഏതെങ്കിലും മംഗള കാര്യങ്ങള്‍ക്ക് ഇടയില്‍ കരിന്തിരി കത്തുന്നത് ശുഭമല്ല. തെളിഞ്ഞ്, നല്ല പ്രകാശത്തോടെ പൊട്ടിത്തെറിക്കാതെ തെളിയുന്ന ദീപമാണ് ശുഭകരം. നിത്യേന രാവിലെയും വൈകിട്ടും
മറ്റും നമ്മൾ വീട്ടിൽ തെളിയിക്കുന്ന വിളക്ക് കരിന്തിരി കത്തിയാല്‍ യാതൊരു ദോഷവുമില്ല.
ഇതുപോലെയുള്ള ഒരു സംശയമാണ് വെളിച്ചെണ്ണ നിലവിളക്ക് തെളിയിക്കാന്‍ ഉപയോഗിക്കാമോ എന്നത്. എള്ളെണ്ണ മാത്രമേ നിലവിളക്കിൽ പാടുള്ളൂ എന്ന് ചിലര്‍ പറയുന്നതിൽ എന്തെങ്കിലും വാസ്തവം ഉണ്ടോ എന്നും ചോദിക്കുന്നവരുണ്ട്. നെയ്യ് ഒഴിച്ച് നിലവിളക്ക് തെളിയിക്കുകയാണ് ഏറ്റവും ഉത്തമം. ഇതിന് പറ്റാത്തവര്‍ക്ക് എള്ളെണ്ണ ഉപയോഗിക്കാം. എള്ള് പാപശാന്തിക്കും ശനിദോഷ നിവർത്തിക്കും ഉത്തമമാണ് എന്ന് വിശ്വസിക്കുന്നു. എള്ള് പ്രധാന വസ്തുവായി ഉപയോഗിക്കുന്ന തിലഹോമം പാപശാന്തിക്ക് ഉള്ളതാണ്. നിലവിളക്കിന് ഉപയോഗിക്കുന്നതിൽ വെളിച്ചെണ്ണയ്ക്ക് മൂന്നാം സ്ഥാനമാണ് ഉള്ളത്. ഇന്ന് വിളക്കെണ്ണ എന്ന പേരില്‍ ലഭിക്കുന്നതൊന്നും ഉപയോഗിക്കരുത്. ഇവ പലയിടങ്ങളിലും ഉപയോഗിച്ചു കാണുന്നുണ്ട്. നെയ്യ്, എള്ളെണ്ണ, വെളിച്ചെണ്ണ, എന്നിവ ശുദ്ധമായി നിര്‍മ്മിച്ചത് ഉപയോഗിക്കുകയാണ് വേണ്ടത്. പല പേരുകളിൽ മാർക്കറ്റിൽ വരുന്ന മറ്റ് എല്ലാ എണ്ണകളും നിലവിളക്കിൽ ഒഴിവാക്കണം.
സംശയ നിവാരണത്തിനും മന്ത്രോപദേശത്തിനും ബന്ധപ്പെടുക:
തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി,
+91 944 702 0655