Monday, 8 Jul 2024

പൂരം ഗണപതി ചൊവ്വാഴ്ച ;
മൂലമന്ത്രം ജപിച്ചാൽ ഇരട്ടിഫലം

മംഗള ഗൗരി
ഗണപതി ഭഗവാനെ ഉപാസിച്ചാൽ ഇരട്ടിഫലം ലഭിക്കുന്ന ഒരു വിശേഷ ദിവസമാണ് മീനമാസത്തിലെ പൂരം നക്ഷത്രം. ചിങ്ങത്തിലെ വെളുത്ത പക്ഷ ചതുർത്ഥി, തുലാമാസത്തിലെ തിരുവോണം, വിദ്യാരംഭ ദിവസമായ വിജയ ദശമി, എല്ലാ പക്ഷത്തിലെയും ചതുർത്ഥി തിഥികൾ, വെള്ളിയാഴ്ചകൾ പ്രത്യേകിച്ച് മലയാള മാസത്തിലെ ആദ്യ വെള്ളിയാഴ്ച, എന്നിവ പോലെ ഗണപതി പ്രീതി നേടാൻ ശ്രേഷ്ഠ ദിവസമാണ് മീനത്തിലെ പൂരം . ഗണപതി ഭഗവാനെ ബാലഭാവത്തിൽ പ്രത്യേകമായി ആരാധിക്കുന്ന ഈ പുണ്യ ദിനം ഇത്തവണ ഏപ്രിൽ 4 ചൊവ്വാഴ്ചയാണ്.

വിഘ്ന നിവാരണത്തിനും ഐശ്വര്യത്തിനും ഗ്രഹപ്പിഴകൾ മാറുന്നതിനും ജാതകത്തിലെ കേതു ദോഷം ശമിക്കുന്നതിനും അകാരണമായ തടസങ്ങൾ നീങ്ങാനും ഗണേശ പ്രീതികരമായ കർമ്മങ്ങൾ നല്ലതാണ്. ജന്മ നക്ഷത്രം തോറും ഗണപതി ഹോമം നടത്തിയാൻ മംഗല്യ തടസം ഉൾപ്പെടെ എല്ലാ വിഘ്നങ്ങളും അകലും. ചുവന്ന തെറ്റിപ്പൂ നാളം കളഞ്ഞ് നെയ്യിൽ മുക്കി സ്വയംവരമന്ത്രം ജപിച്ചാണ് വിവാഹ തടസം മാറാൻ ഗണപതി ഹോമം നടത്തുന്നത്. ദാമ്പത്യ കലഹം, അകൽച്ച, വിരഹം എന്നിവ മാറാൻ സംവാദസൂക്തം കൊണ്ടാണ് ഗണപതി ഹോമം നടത്തുന്നത്. മുക്കുറ്റി പുഷ്പാഞ്ജലി, കറുക, നാളികേരം, അപ്പം, മോദകം സമർപ്പണം എന്നിവയും ഓരോരോ കാര്യസാദ്ധ്യത്തിന് മീനത്തിലെ പൂരം ഗണപതിനാളിൽ വിനായക പ്രീതിക്ക് നടത്തുന്ന വഴിപാടുകളാണ്.

പണ്ടുകാലത്ത് പൂരം ഗണപതിയും തിരുവോണം ഗണപതിയും വലിയ ആഘോഷമായിരുന്നു. ഈ ദിവസം 12 വയസിന് താഴെ പ്രായമുള്ള പെൺകുട്ടികൾ പട്ടുപാവാടയൊക്കെ ചുറ്റി ആഭരണങ്ങൾ അണിഞ്ഞ് ഉണ്ണി ഗണപതി ഭഗവാനെ ധ്യാനിച്ച് ആരാധിക്കുന്നു. അമ്മമാരാണ് പെൺകുട്ടികളെ ഉണ്ണി ഗണപതിക്ക്
നിവേദ്യം സമർപ്പിക്കാൻ സഹായിക്കുന്നത്. കുട്ടികൾ രാവിലെ കുളിച്ച് ശുദ്ധമായി നിലവിളക്ക്, പൂവ്, വെള്ളം എന്നിവയും പൂജാദ്രവ്യങ്ങളും ഒരുക്കും. പിന്നീട്
ഗണപതിയെ സങ്കല്പിച്ച് നിലവിളക്ക് കൊളുത്തി വയ്ക്കും. അടയാണ് പ്രധാനമായി നേദിക്കുക. ഒപ്പം തൂശനിലയിൽ മലർ, അവിൽ, ശർക്കര, പൂവൻ പഴം ഇവയും നേദിക്കും.

ഇതെല്ലാം ഗണപതിക്ക് സമർപ്പിച്ച് അമ്മമാർ പറഞ്ഞു കൊടുക്കുന്ന പോലെ പ്രാർത്ഥിക്കും. ഈ പൂജയ്ക്ക് മന്ത്രങ്ങളൊന്നും ഉപയോഗിക്കാറില്ല. പൂജയ്ക്ക് ശേഷം പെൺകുട്ടികൾ മൂന്ന് കൈക്കുമ്പിൾ നിറയെ അവിൽ, മലർ, നിവേദ്യം, അട എന്നിവയടങ്ങിയ പ്രസാദം തറവാട്ടിലെ കുട്ടികൾക്കും മറ്റ് അംഗങ്ങൾക്കും വിതരണം ചെയ്യും. മീനത്തിൽ പൂരം ഗണപതിയും തുലാമാസത്തിൽ തിരുവോണം ഗണപതിയും ഒരേ പോലെ കേരളത്തിൽ പണ്ട് വ്യാപകമായി ആചരിച്ചിരുന്നു. രണ്ടിനും ചടങ്ങുകൾ ഒന്നു തന്നെയാണ്. വള്ളുവനാട്ടിൽ ഗണപതിയിടൽ എന്ന പേരിലാണ് ഈ ചടങ്ങുകൾ അറിയപ്പെടുന്നത്. വിവാഹം വരെ പെൺകുട്ടികൾ ആണ്ടുതോറും ഇങ്ങനെ രണ്ടു തവണ ഗണപതിയിടും. വിവാഹശേഷം ഇത് നടത്തില്ല.

മീനത്തിൽ പൂരം ഗണപതി ചില ഗണപതി ക്ഷേത്രങ്ങളിൽ വിശേഷമായി ആചരിക്കാറുണ്ട്. അനുഷ്ഠാനം എന്നതിനെക്കാൾ ഗണേശഭഗവാന്റെ പ്രീതി നേടാൻ ഉത്തമമായ ദിവസം എന്ന നിലയിലാണ് മീനമാസത്തിലെ പൂരം ഇപ്പോൾ കണക്കാക്കുന്നത്. ഈ ദിവസം 108 തവണ ഗണേശന്റെ മൂലമന്ത്രം ജപിക്കുന്നതും മറ്റ് സ്തുതികളും മന്ത്രങ്ങളും ഗണേശ അഷ്ടോത്തരവും ജപിക്കുകയോ കേൾക്കുകയോ ചെയ്യുന്നതും ഗണപതി പ്രീതി നൽകും.

ഗണേശ അഷ്ടോത്തരം: https://youtu.be/4JhpkMtUXuQ

മൂലമന്ത്രം
ഓം ഗം ഗണപതയേ നമ:

പ്രാർത്ഥനാ മന്ത്രങ്ങൾ
1
ഏകദന്തം മഹാകായം
തപ്ത കാഞ്ചന സന്നിഭം
ലംബോദരം വിശാലാക്ഷം
വന്ദേഹം ഗണനായകം
2
ഗജാനനം ഭൂതഗണാദിസേവിതം
കപിത്ഥജംബൂ ഫല സാരഭക്ഷിതം
ഉമാസുതം ശോക വിനാശകാരണം
നമാമി വിഘ്നേശ്വര പാദപങ്കജം

മംഗള ഗൗരി

Story Summary: Pooram Ganapathy: Significance, Rituals and Upasana


Attachments area
Preview YouTube video എന്നും കേട്ട് ജപിക്കൂ, എല്ലാ ആഗ്രഹവും നടക്കും | Sri Ganesha Ashtottaram | ശ്രീ വിഘ്നേശ്വര അഷ്ടോത്തരം

error: Content is protected !!
Exit mobile version