Friday, 22 Nov 2024

പൂരം ഗണപതി ശനിയാഴ്ച; മൂലമന്ത്രവും അഷ്ടോത്തരവും ജപിച്ചാൽ ഇരട്ടിഫലം

മംഗള ഗൗരി

വിനകളകറ്റുന്ന വിനായകനെ ഇഷ്ട മന്ത്രങ്ങളും സ്തുതികളും ജപിച്ച് ഉപാസിച്ചാൽ ഇരട്ടിഫലം ലഭിക്കുന്ന പുണ്യ ദിവസമാണ് മീനമാസത്തിലെ പൂരം നക്ഷത്രം. ഭഗവാനെ ബാലഭാവത്തിൽ സവിശേഷമായി ആരാധിക്കുന്ന ഈ ശ്രേഷ്ഠദിവസം 2024 മാർച്ച് 23 ശനിയാഴ്ചയാണ്. ചിങ്ങമാസം വെളുത്തപക്ഷത്തിലെ വിനായക ചതുർത്ഥി, തുലാമാസത്തിലെ തിരുവോണം, വിദ്യാരംഭം ദിനമായ വിജയദശമി, എല്ലാ പക്ഷത്തിലെയും ചതുർത്ഥി തിഥികൾ, വെള്ളിയാഴ്ചകൾ പ്രത്യേകിച്ച് മലയാളമാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ച വരുന്ന മുപ്പെട്ട് വെള്ളി എന്നിവ പോലെ ഗണപതി പ്രീതി നേടാൻ ശ്രേഷ്ഠമായ ദിവസമാണ് മീനത്തിലെ പൂരം.

വിഘ്നനിവാരണത്തിനും ഐശ്വര്യത്തിനും ഗ്രഹപ്പിഴകൾ മാറുന്നതിനും ജാതകത്തിലെ കേതു ദോഷങ്ങളെല്ലാം ശമിക്കുന്നതിനും അകാരണമായ തടസങ്ങൾ നീങ്ങാനും ഗണേശ പ്രീതികരമായ കർമ്മങ്ങൾ നല്ലതാണ്. എല്ലാ
മാസവും ജന്മനക്ഷത്രത്തിൽ ഗണപതി ഹോമം നടത്തി പ്രാർത്ഥിച്ചാൽ മംഗല്യതടസം ഉൾപ്പെടെ എല്ലാ വിഘ്നവും അകലും. ചുവന്ന തെറ്റിപ്പൂ നാളം കളഞ്ഞ് നെയ്യിൽ മുക്കി സ്വയംവരമന്ത്രം ജപിച്ചാണ് വിവാഹ തടസങ്ങൾ മാറാൻ ഗണപതി ഹോമം നടത്തുന്നത്.

ദാമ്പത്യ കലഹം, അകൽച്ച, വിരഹദുഃഖം എന്നിവ മാറാൻ സംവാദസൂക്തം കൊണ്ടാണ് ഗണപതി ഹോമം നടത്തുക. മുക്കുറ്റി പുഷ്പാഞ്ജലി, മോദകം സമർപ്പണം, നാളികേരം, അപ്പം, കറുക എന്നിവയും ഓരോരോ കാര്യസാദ്ധ്യത്തിന് മീനത്തിലെ പൂരം ഗണപതിനാളിൽ വിനായക പ്രീതിക്ക് നടത്തുന്ന വഴിപാടുകളാണ്.

പണ്ട് പൂരം ഗണപതിയും തിരുവോണം ഗണപതിയും വലിയ ആഘോഷമായിരുന്നു. ഈ ദിവസം 12 വയസിന് താഴെ പ്രായമുള്ള പെൺകുട്ടികൾ പട്ടുപാവാടയൊക്കെ ചുറ്റി ആഭരണങ്ങളണിഞ്ഞ് ഉണ്ണി ഗണപതി ഭഗവാനെ ധ്യാനിച്ച് ആരാധിക്കുന്നു. അമ്മമാരാണ് പെൺകുട്ടികളെ ഉണ്ണി ഗണപതിക്ക് നിവേദ്യം നൽകാൻ സഹായിക്കുന്നത്. കുട്ടികൾ രാവിലെ കുളിച്ച് ശുദ്ധമായി നിലവിളക്ക്, പൂവ്, വെള്ളം എന്നിവയും പൂജാദ്രവ്യങ്ങളും ഒരുക്കും. പിന്നീട് ഗണപതിയെ സങ്കല്പിച്ച് നിലവിളക്ക് കൊളുത്തി വയ്ക്കും. അടയാണ് പ്രധാനമായി നേദിക്കുക. ഒപ്പം തൂശനിലയിൽ മലർ, അവിൽ, ശർക്കര, പൂവൻ പഴം ഇവയും നേദിക്കും.

ഇതെല്ലാം ഗണപതിക്ക് സമർപ്പിച്ച് അമ്മമാർ പറഞ്ഞു കൊടുക്കുന്ന പോലെ പ്രാർത്ഥിക്കും. ഈ പൂജയ്ക്ക് മന്ത്രങ്ങളൊന്നും ഉപയോഗിക്കാറില്ല. പൂജയ്ക്ക് ശേഷം പെൺകുട്ടികൾ മൂന്ന് കൈക്കുമ്പിൾ നിറയെ അവിൽ, മലർ, നിവേദ്യം, അട എന്നിവയടങ്ങിയ പ്രസാദം തറവാട്ടിലെ കുട്ടികൾക്കും മറ്റ് അംഗങ്ങൾക്കും വിതരണം ചെയ്യും. മീനത്തിൽ പൂരം ഗണപതിയും തുലാമാസത്തിൽ തിരുവോണം ഗണപതിയും ഒരേ പോലെ കേരളത്തിൽ പണ്ട് വ്യാപകമായി ആചരിച്ചിരുന്നു. രണ്ടിനും ചടങ്ങുകൾ ഒന്നു തന്നെയാണ്. വള്ളുവനാട്ടിൽ ഗണപതിയിടൽ എന്ന പേരിലാണ് ഈ ചടങ്ങുകൾ അറിയപ്പെടുന്നത്. വിവാഹം വരെ പെൺകുട്ടികൾ ആണ്ടുതോറും ഇങ്ങനെ രണ്ടു തവണ ഗണപതിയിടും. വിവാഹശേഷം ഇത് നടത്തില്ല.

മീനത്തിൽ പൂരം ഗണപതി ചില ഗണപതി ക്ഷേത്രങ്ങളിൽ വിശേഷമായി ആചരിക്കാറുണ്ട്. അനുഷ്ഠാനം എന്നതിനെക്കാൾ ഗണേശഭഗവാന്റെ പ്രീതി നേടാൻ ഉത്തമമായ ദിവസം എന്ന നിലയിലാണ് മീനമാസത്തിലെ പൂരം ഇപ്പോൾ കണക്കാക്കുന്നത്. ഈ ദിവസം 108 തവണ ഗണേശന്റെ മൂലമന്ത്രം ജപിക്കുന്നതും മറ്റ് സ്തുതികളും മന്ത്രങ്ങളും ഗണേശ അഷ്ടോത്തരവും ജപിക്കുകയോ കേൾക്കുകയോ ചെയ്യുന്നതും ഗണപതി പ്രീതി നൽകും.

ഗണേശ അഷ്ടോത്തരം:

മൂലമന്ത്രം
ഓം ഗം ഗണപതയേ നമഃ

പ്രാർത്ഥനാ മന്ത്രങ്ങൾ
1
ഏകദന്തം മഹാകായം
തപ്ത കാഞ്ചന സന്നിഭം
ലംബോദരം വിശാലാക്ഷം
വന്ദേഹം ഗണനായകം
2
ഗജാനനം ഭൂതഗണാദിസേവിതം
കപിത്ഥജംബൂ ഫല സാരഭക്ഷിതം
ഉമാസുതം ശോക വിനാശകാരണം
നമാമി വിഘ്നേശ്വര പാദപങ്കജം

ശ്രീ ഗണേശ ഗായത്രികൾ

1
ഏകദന്തായ വിദ്മഹേ
വക്രതുണ്ഡായ ധീമഹി.
തന്നോ ദന്തി പ്രചോദയാത്

2
തത്പുരുഷായ വിദ്മഹേ
വക്രതുണ്ഡായ ധീമഹി.
തന്നോ ദന്തി പ്രചോദയാത്

3
ലംബോദരായ വിദ്മഹേ
മഹോദരായ ധീമഹി.
തന്നോ ദന്തി പ്രചോദയാത്

4
മഹോത്കടായ വിദ്മഹേ
വക്രതുണ്ഡായ ധീമഹി.
തന്നോ ദന്തി പ്രചോദയാത്

5
തത്കരാടായ വിദ്മഹേ
ഹസ്തിമുഖായ ധീമഹി.
തന്നോ ദന്തി പ്രചോദയാത്

Story Summary: Pooram Ganapathy: Significance, Rituals and Upasana

Copyright 2024 Neramonline.com. All rights reserved

error: Content is protected !!
Exit mobile version