Saturday, 23 Nov 2024

പെട്ടെന്ന് ഗ്രഹപ്പിഴ മാറാൻ നവഗ്രഹ പൂജയ്ക്ക് ഉത്തമ ദിവസം ഇതാണ്

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി

ദോഷദുരിതങ്ങൾ അകലുന്നതിന് ഈശ്വര വിശ്വാസികളായ ആർക്കും ഏറ്റവും ഗുണകരമാണ് നവഗ്രഹപ്രാർത്ഥന. നവഗ്രഹങ്ങളിൽ 9 പേരെയും പ്രാർത്ഥിക്കുന്നതിന് ഏറ്റവും ഉത്തമമായ ദിവസം ഞായറാഴ്ചയാണ്. ഇതിനു പുറമെ മറ്റ് ഗ്രഹങ്ങൾക്ക് അവയുടെ ദിവസങ്ങൾ നല്ലതാണ്. ശനിയാഴ്ച രാഹുവിനും ചൊവ്വാഴ്ച കേതുവിനും പ്രധാനമാണ്. പ്രപഞ്ചത്തിലെ നല്ലതും ചീത്തയും ആയ എല്ലാം കാര്യങ്ങളും നവഗ്രഹങ്ങളുടെ നിയന്ത്രണത്തിലാണ്. ജീവജാലങ്ങളുടെ ഭാവി ഭൂത വർത്തമാന കാലത്തെ സംബന്ധിക്കുന്ന ഏതൊരു വിഷയവും അറിയാൻ ജ്യോതിഷം സഹായിക്കുന്നു. ഒൻപത് ഗ്രഹങ്ങളെയും 27 നക്ഷത്രങ്ങളെയും കൊണ്ട് ക്രമീകരിച്ചിരിക്കുന്ന അതിവിപുലമായ ജ്യോതിഷ ശാസ്ത്രത്തിൽ നവഗ്രഹാരാധന ഏറ്റവും പ്രാധാന്യമുള്ളതാണ്. സൂര്യൻ, ചന്ദ്രൻ, ചൊവ്വ, ബുധൻ, വ്യാഴം, ശുക്രൻ, ശനി, രാഹു, കേതു എന്നിവരെയാണ് നവഗ്രഹങ്ങളെന്ന് പറയുന്നത്. പലവിധ ക്ലേശങ്ങൾ കൊണ്ട് അലയുന്ന മനുഷ്യർക്ക് ഉത്തമ പരിഹാരമാണ് നവഗ്രഹപൂജയും നവഗ്രഹഹോമവും. ഒൻപത് ഗ്രഹങ്ങളെയും ഒരുമിച്ചു പൂജിക്കുന്ന സമ്പ്രദായമാണ് നവഗ്രഹപൂജ.

ഒരു ഹോമകുണ്ഠത്തിൽ വൈദിക സമ്പ്രദായത്തിൽ ഹോമം നടത്തി ഒൻപത് ഗ്രഹങ്ങൾക്കും ഇഷ്ടദ്രവ്യം ഹോമിക്കുന്നതിനെ നവഗ്രഹ ഹോമം എന്ന് പറയുന്നു. കശ്യപ പ്രജാപതിയുടെ പുത്രനാണ് രാഹു. ഉഗ്രരൂപി, ക്രൂരരൂപി എന്നിങ്ങനെ രാഹുവിനെ കണക്കാക്കുന്നു. സിംഹികയാണ് മാതാവ്. സപ്ത ഗ്രഹങ്ങൾക്കൊപ്പം രാഹുവും കേതുവും കൂടി വരുമ്പോഴാണ് അത് നവഗ്രഹം ആകുന്നത്. ആദ്യം പറഞ്ഞ ഏഴ് ഗ്രഹങ്ങൾക്കാണ് കൂടുതൽ പ്രാധാന്യം. രാഹു കേതുക്കൾ ഗ്രഹങ്ങളല്ല, കേവലം നിഴലുകൾ/ സ്ഥാനങ്ങൾ മാത്രമാണ് എന്നൊരു അഭിപ്രായം ഉണ്ട്. തന്മൂലം ഇവരെ ഛായാഗ്രഹങ്ങൾ എന്നു പറയുന്നു. ശക്തരായ പാപഗ്രഹങ്ങളായി രാഹുകേതുക്കളെ പറയുന്നു. താന്ത്രിക പൂജകളിലും വൈദിക പ്രധാനമായ അനുഷ്ഠാനങ്ങളിലും പക്ഷെ രാഹുകേതുക്കളെ ഗ്രഹങ്ങളായിട്ടാണ് ആചരിക്കുന്നത്.

ഗ്രഹണകാലത്താണ് രാഹുകേതുക്കളെ ശക്തമായി പ്രാർത്ഥിക്കേണ്ടത്. ഏറ്റവും പ്രതാപശാലികളും ശക്തികേന്ദ്രങ്ങളുമായ സൂര്യനും ചന്ദ്രനും ശക്തിക്ഷയം സംഭവിക്കുന്ന ഗ്രഹണം രാഹുകേതുക്കളുടെ വിജയം കൂടിയാണെന്നാണ് സങ്കല്പം. രാഹുകാലത്ത് രാഹുവിനെ പ്രാർത്ഥിക്കുന്നതിന് പ്രത്യേകിച്ച് പ്രാധാന്യം ഇല്ല. ചിലയിടങ്ങളിൽ അങ്ങനെ ചെയ്യുന്നെന്നേയുള്ളൂ. എങ്കിലും രാഹുകാലത്ത് വ്രതമെടുത്ത് പ്രാർത്ഥിക്കുന്നത് അലച്ചിലുകൾ മാറ്റുമെന്ന് അനുഭവസ്ഥർ പറഞ്ഞു കേട്ടിട്ടുണ്ട്. സാധിക്കുന്നവർ ചെയ്‌തോളൂ.

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
(സംശയ നിവാരണത്തിന് വിളിക്കേണ്ട മൊബൈൽ: + 91 944702 0655)

Story Summary: Benefits of Navagraha Mantra Pooja On Sunday’s


error: Content is protected !!
Exit mobile version