Friday, 22 Nov 2024

പൊന്നമ്പല നട തുറന്നു; ശരണം വിളിച്ച് വൃശ്ചികപ്പുലരി

ഇനി വ്രതശുദ്ധിയുടെയും ശരണം വിളികളുടെയും നാളുകൾ. ഇന്ന് വൃശ്ചികപ്പുലരിയിൽ വെളുപ്പിന്  3 മണിക്ക് ശബരിമല ശ്രീ അയ്യപ്പ ക്ഷേത്ര ശ്രീകോവിൽ നട  പുതിയ മേൽശാന്തി എ.കെ.സുധീർ നമ്പൂതിരി തുറന്നതോടെ ഈ വർഷത്തെ മണ്ഡല-മകരവിളക്ക് ഉത്സവം ആരംഭിച്ചു. 

മണ്ഡലകാല പൂജകൾക്കായി ക്ഷേത്ര നട ഇന്നലെ വൈകുന്നേരം 5 മണിക്കാണ് തുറന്നത്.തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ മേൽശാന്തി വി.എൻ.വാസുദേവൻ നമ്പൂതിരി ശ്രീകോവിൽതുറന്ന് യോഗ നിദ്രയിലായിരുന്ന  ഹരിഹരസുതന്  മുന്നിൽ വിളക്ക് തെളിച്ചു. തുടർന്ന് ഉപദേവതാ ക്ഷേത്രങ്ങളിലെയും നടകൾ തുറന്ന് വിളക്കുകൾ കൊളുത്തി. ശരണം വിളികളുമായി കൈകൂപ്പി നിന്ന അയ്യപ്പഭക്തർക്ക് ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനര് വിഭൂതി പ്രസാദം വിതരണം ചെയ്തു.ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.എൻ.വാസു, ദേവസ്വം ബോർഡ് അംഗങ്ങളായ അഡ്വ.കെ.എസ്.രവി, അഡ്വ.എൻ.വിജയകുമാർ, ദേവസ്വം കമ്മീഷണർ എം.ഹർഷൻ, രാഹുൽ ആർ.നായർ ഐ പി എസ് ശബരിമല സ്പെഷ്യൽ കമ്മീഷണർ മനോജ്, തുടങ്ങിയവർ നട തുറന്നപ്പോൾ അയ്യപ്പദർശനത്തിനെത്തിയിരുന്നു.പതിനെട്ടാം പടിയ്ക്ക് മുന്നിലെ ആഴിയിൽ തീ പകർന്ന ശേഷമാണ്  ഇരുമുടി കെട്ടുമായി ദർശനത്തിന് കാത്തു നിന്ന അയ്യപ്പഭക്തരെ പതിനെട്ടാം പടി കയറാൻ അനുവദിച്ചത്. നട തുറന്ന ദിവസം കലിയുഗവരദ  ദർശനപുണ്യം തേടി വൻ ഭക്തജന തിരക്കായിരുന്നു.


പുതിയ ശബരിമല മേൽശാന്തിയെ അവരോധിക്കുന്ന ചടങ്ങ്   സന്ധ്യയ്ക്ക് 6.15ന് തന്നെ ആരംഭിച്ചു. തന്ത്രി കണ്ഠരര്  മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിലായിരുന്നു അവരോധിക്കൽ ചടങ്ങ്. ശബരിമല മേൽശാന്തിഎ.കെ.സുധീർ നമ്പൂതിരിയെ  ശ്രീകോവിലിനു മുന്നിലെ സോപാനത്ത് ഇരുത്തി തന്ത്രി കലശാഭിഷേകം നടത്തി. ശേഷം  അയ്യപ്പന്റെ മൂലമന്ത്രവും തന്ത്രി മേൽശാന്തിക്ക് പകർന്ന് നൽകി .

മാളികപ്പുറം മേൽശാന്തി എം.എസ്.പരമേശ്വരൻ നമ്പൂതിരിയുടെ  അവരോധിക്കൽ ചടങ്ങ് അദ്ദേഹത്തിന്റെ കുടുംബത്തിലെ ഒരു അംഗത്തിന്റെ ദേഹവിയോഗം കാരണം  നടന്നില്ല. വൃശ്ചികം 7 ശനിയാഴ്ച അദ്ദേഹത്തിന്റെ അവരോധിക്കൽ ചടങ്ങ് നടക്കും. ഇന്ന് മാളികപ്പുറം ക്ഷേത്രനട തന്ത്രിയുടെ പരികർമ്മി  തുറന്ന്  ദർശനപുണ്യത്തിന് വഴിയൊരുക്കി..മണ്ഡലകാലത്ത് ഇനിയുള്ള  ദിനങ്ങളിൽ  അയ്യപ്പദർശനപുണ്യത്തിന് വൻ ഭക്തജന തിരക്കായിരിക്ക് ശബരിമലയിൽ അനുഭവപ്പെടും. ഈ വർഷം നിലയ്ക്കലും പമ്പയിലും സന്നിധാനത്തും ഭക്തി നിർഭരമായ അന്തരീക്ഷമാണുള്ളത്; ഒരു തരത്തിലുമുള്ള കാലുഷ്യം എങ്ങുമില്ല.ഡിസംബർ 27 നാണ് തങ്കഅങ്കി ചാർത്തിയുള്ള മണ്ഡല പൂജ.

error: Content is protected !!
Exit mobile version