Friday, 22 Nov 2024

പ്രദോഷം, തിരുവാതിര, ക്രിസ്തുമസ്, കളഭാട്ടം,മണ്ഡലപൂജ ; ഈ ആഴ്ചത്തെ നക്ഷത്രഫലം

(2023 ഡിസംബർ 24 – 30 )

ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ

2023 ഡിസംബർ 24 ഞായറാഴ്ച കാർത്തിക നക്ഷത്രത്തിൽ ആരംഭിക്കുന്ന ഈ ആഴ്ചയിലെ മുഖ്യ വിശേഷങ്ങൾ ധനുമാസത്തിലെ ശുക്ലപക്ഷ പ്രദോഷം, ക്രിസ്തുമസ്, പൗർണ്ണമി വ്രതം, ദത്താത്രേയ ജയന്തി, ധനുമാസ തിരുവാതിര, ശബരിമല മണ്ഡലപൂജ,
ഗുരുവായൂർ കളഭാട്ടം, ശ്രീകണ്ഠേശ്വരത്ത് ആറാട്ട്, തിരുവൈരാണിക്കുളത്ത് നടതുറപ്പ് എന്നിവയാണ്.
വാരം ആരംഭിക്കുന്ന ദിവസം തന്നെയാണ് പ്രദോഷം. ക്രിസ്തുദേവന്റെ തിരുപ്പിറവി ലോകമെങ്ങും ആഘോഷിക്കുന്നത് തിങ്കളാഴ്ചയാണ്. മാർഗ്ഗശീർഷ (ധനു ) മാസത്തിലെ പൗർണ്ണമി ഭഗവാൻ ദത്താത്രേയന്റെ അവതാര ദിവസമായതിനാൽ ഈ ദിവസം ദത്താത്രേയ ജയന്തിയായും കൊണ്ടാടുന്നു. സാധാരണ വ്രതങ്ങളെ അപേക്ഷിച്ച് വിഷ്ണുപ്രധാനമായി അനുഷ്ഠിക്കുന്ന മാർഗ്ഗശീർഷ പൗർണ്ണമിക്ക് മുപ്പത്തിനാലിരട്ടി ഫലം ലഭിക്കും പറയപ്പെടുന്നു. എല്ലാ പൗർണ്ണമിയെയും പോലെ ദേവീപരമായും മാർഗ്ഗശീർഷ പൗർണ്ണമി പ്രധാനമാണ്.
ഡിസംബർ 27 നാണ് 41 ദിവസത്തെ മണ്ഡല കാലത്തിന് സമാപനം കുറിക്കുന്ന ശബരിമല മണ്ഡലപൂജ. തിരുവിതാംകൂര്‍ മഹാരാജാവ് ചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മ നടയ്ക്കു വച്ച 450 പവനുള്ള തങ്കഅങ്കി അയ്യപ്പ സ്വാമിക്ക് ചാര്‍ത്തി അന്ന് ഉച്ചയ്ക്ക് മണ്ഡല പൂജ നടക്കും. അന്ന് തന്നെയാണ് ഗുരുവായൂർ കളഭാട്ടവും. മണ്ഡലകാല സമാപനത്തിന് ഗുരുവായൂരപ്പന് നടത്തുന്ന ഒരു വിശേഷപൂജാകർമ്മമാണ് കളഭാട്ടം.
ഡിസംബർ 26 നാണ് തിരുവാതിര അനുഷ്ഠാനത്തിലെ സുപ്രധാന ചടങ്ങായ എട്ടങ്ങാടി നിവേദ്യം നടക്കുന്നത്. സന്താനക്ഷേമത്തിന് അമ്മമാർ വ്രതം അനുഷ്ഠിക്കുന്ന ദിവസം എന്ന പ്രത്യേകതയും ധനുവിലെ മകയിരം നക്ഷത്രത്തിനുണ്ട്. മക്കളുടെ സൗഭാഗ്യത്തിന് മകയിരം നാളിലെ വ്രതവും ഭർത്തൃക്ഷേമത്തിന് തിരുവാതിര നോയമ്പുമെന്ന് വിശ്വാസമുണ്ട്. വിശ്വനാഥനായ മഹാദേവന്റെ തിരുനാളായ ധനുവിലെ തിരുവാതിര വ്രതം നോറ്റാൽ ഉമാമഹേശ്വര പ്രീതിയാൽ ദാമ്പത്യഭദ്രത, ഇഷ്ടവിവാഹം, നെടുമാംഗല്യം, അഭീഷ്ടസിദ്ധി എന്നിവ ലഭിക്കും. ഡിസംബർ 27 നാണ് തിരുവാതിര. രോഹിണി നാൾ മുതലും തിരുവാതിര നാളിൽ മാത്രവും വ്രതം നോൽക്കാം. അന്നാണ് വർഷത്തിൽ ഒരിക്കൽ 12 ദിവസം മാത്രം തുറക്കുന്ന ശ്രീപാർവതി സന്നിധിയായ തിരുവൈരാണിക്കുളം നടതുറപ്പും ശ്രീകണ്ഠേശ്വരത്ത് ആറാട്ടും. ഡിസംബർ 30 ന് ചിങ്ങക്കൂറ് മകം നാളിൽ വാരം അവസാനിക്കും.

ഈ ആഴ്ചത്തെ നക്ഷത്രഫലം:

മേടക്കൂറ്
(അശ്വതി, ഭരണി, കാർത്തിക 1)
മികച്ച നിക്ഷേപങ്ങൾ നടത്തും. നഷ്ടപ്പെട്ട വസ്തുക്കൾ തിരിച്ചു കിട്ടും. നേത്രസംബന്ധമായ രോഗങ്ങൾക്ക് പരിശോധന വേണ്ടി വരും. വിവാഹതടസ്സങ്ങൾ നീങ്ങും. അപവാദങ്ങളിൽനിന്ന് മുക്തി നേടും. മാതാപിതാക്കളുടെ കാര്യത്തിൽ ചുമതലാബോധം വർദ്ധിക്കും. പുതിയ ചില സൗഹൃദങ്ങൾക്ക് സാദ്ധ്യത. ഉപരിപഠനവുമായി ബന്ധപ്പെട്ട് വീട്ടിൽ നിന്ന് മാറി നിൽക്കേണ്ടിവരും. സ്വത്തുതർക്ക അനുകൂലമായിത്തീരും. തൊഴിലുമായി ബന്ധപ്പെട്ട തടസ്സങ്ങൾ നീങ്ങും. ഓം ഗം ഗണപതയേ നമഃ ജപിക്കുക.

ഇടവക്കൂറ്
(കാർത്തിക 2, 3, 4, രോഹിണി, മകയിരം 1, 2)
സാമ്പത്തികമായ ഇടപാടുകളിൽ ലാഭം പ്രതീക്ഷിക്കാം. ഭാഗ്യത്തിന്റെ പിൻതുണ ലഭിക്കും. കുടുംബാംഗങ്ങൾ തമ്മിൽ നില നിന്ന പ്രശ്നങ്ങൾ പരിഹരിക്കും. വീട്ടിൽ മംഗളകർമ്മങ്ങൾ നടക്കും. തൊഴിൽരംഗത്ത് പുത്തൻ അവസരവും നേട്ടങ്ങളും ലഭിക്കും. അപ്രതീക്ഷിതമായ ചില സംഭവങ്ങൾ ഉണ്ടാകും. ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തും. ദൂരയാത്രകൾക്ക് സാദ്ധ്യത കാണുന്നു. മേലധികാരികളിൽ നിന്ന് പ്രശംസ ലഭിക്കും. നിത്യവും 108 ഉരു ഓം നമോ നാരായണായ ജപിക്കുക.

മിഥുനക്കൂറ്
(മകയിരം 3, 4, തിരുവാതിര, പുണർതം 1, 2, 3 )
ദീർഘകാലമായി ആഗ്രഹിക്കുന്ന ചില കാര്യങ്ങൾ സാധിക്കാൻ കഴിയും. സ്വന്തം തീരുമാനങ്ങൾ ആരിലും അടിച്ചേല്പിക്കരുത്. സാമ്പത്തികമായ ചില സഹായങ്ങൾ ലഭിക്കും. ജീവിതസുഖസൗകര്യങ്ങൾ വർദ്ധിക്കും. ആഗ്രഹിച്ച പോലെ ഗൃഹനിർമ്മാണം പൂർത്തിയാക്കാൻ കഴിയും. വിദേശയാത്രയ്ക്കുള്ള തടസ്സങ്ങൾ നീങ്ങും. ദാമ്പത്യത്തിലെ പൊരുത്തക്കേടുകൾ പരിഹരിക്കാൻ കഴിയും. വീട്ടിൽ സന്തോഷവും ശാന്തിയും ഉണ്ടാവും.
നിത്യവും ഓം നമോ ഭഗവതേ വാസുദേവായ ജപിക്കുക.

കർക്കടകക്കൂറ്
(പുണർതം 4, പൂയം, ആയില്യം)
കർമ്മരംഗത്ത് ശോഭിക്കും. ശുഭചിന്തകൾ വർദ്ധിക്കും. ഭാഗ്യവും ഈശ്വരാധീനവും അനുഭവപ്പെടും. അർഹമായ എല്ലാ ആനുകൂല്യങ്ങളും ലഭിക്കും. കുടുംബാംഗങ്ങളിൽ നിന്നു പ്രതീക്ഷിച്ച സഹായസഹകരണങ്ങൾ കിട്ടും. സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണാൻ കഴിയും. സന്തോഷവാർത്തകൾ കേൾക്കും. കർമ്മതടസ്സങ്ങൾ നീങ്ങും. ബിസിനസ് രംഗത്ത് ഉയർച്ച അനുഭവപ്പെടുന്ന കാലമാണ്. വിരുന്നു സൽക്കാരങ്ങളിൽ പങ്കെടുക്കും.
ശനിയാഴ്ച ധർമ്മശാസ്താവിന് നീരാജനം സമർപ്പിക്കുക.

ചിങ്ങക്കൂറ്
(മകം, പൂരം, ഉത്രം 1)
രാഷ്ട്രീയ സാമൂഹ്യരംഗത്ത് പ്രവർത്തിക്കുന്നവർക്ക് സമയം വളരെ അനുകൂലമാണ്. പുതിയ സംരംഭങ്ങൾക്ക് തുടക്കം കുറിക്കും. നവീന ആശയങ്ങൾ നടപ്പിലാക്കും. സാഹസികതയും എടുത്തുചാട്ടവും നിയന്ത്രിക്കാൻ ശ്രമിക്കണം. സ്വത്തുതർക്കം ഉണ്ടാകാതെ നോക്കണം. സങ്കുചിതമായ ചിന്താഗതികൾ ഉപേക്ഷിക്കുന്നത് ഗുണം ചെയ്യും. ശുഭപ്രതീക്ഷകൾ ഫലവത്താകും. പ്രശസ്തിയും അംഗീകാരവും സമ്പാദിക്കും. കൂട്ടുകെട്ടുകൾ മുഖേന നേട്ടം കൈവരിക്കും. എന്നും ഓം നമഃ ശിവായ ജപിക്കുക.

കന്നിക്കൂറ്
(ഉത്രം 2, 3, 4, അത്തം, ചിത്തിര 1, 2)
കർമ്മരംഗത്ത് പുതിയ ചില പദ്ധതികൾ ആസൂത്രണം ചെയ്യും. ഗൃഹനിർമ്മാണത്തിന് ഒരുക്കം തുടങ്ങും. രോഗം മാറും. ആരോഗ്യം വീണ്ടെടുക്കാൻ കഴിയും. പ്രതീക്ഷിച്ച സഹായങ്ങൾ ലഭിക്കും. സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കും. കാര്യപ്രാപ്‌തി വർദ്ധിക്കും. സാമ്പത്തിക ഭദ്രത ഉണ്ടാകും. സന്താനങ്ങളുടെ ക്ഷേമത്തിനായി പുതിയ
നിക്ഷേപങ്ങൾ നടത്തും. വാഗ്ദാനങ്ങൾ നിറവേറ്റാൻ കഴിയും. ഉന്നതമായ പദവികൾക്കും അംഗീകാരത്തിനും സാദ്ധ്യതയുണ്ട്. ഓം ക്ലീം കൃഷ്ണായ നമഃ ജപിക്കുക.

തുലാക്കൂറ്
(ചിത്തിര 3, 4, ചോതി, വിശാഖം 1, 2, 3 )
സാമ്പത്തിക നേട്ടമുണ്ടാക്കാൻ സാധിക്കും. ഭൂമി, വീട് എന്നിവ വാങ്ങാൻ ശ്രമിക്കാവുന്നതാണ്. വാഹനം മാറ്റി വാങ്ങും. ശുഭാപ്തി വിശ്വാസത്തോടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാകും. കാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. തെറ്റിദ്ധാരണകൾ പരിഹരിക്കാൻ കഴിയും. മാസിക സമ്മർദ്ദങ്ങൾ നേരിടേണ്ടി വരും. ഭാഗ്യം അനുകൂലമാകും. ആത്മവിശ്വാസം വർദ്ധിക്കും. പുതിയ കാര്യങ്ങൾ പഠിക്കാൻ കഴിയും. മത്സര പരീക്ഷയിൽ നല്ല വിജയം നേടും. നിത്യവും ഓം ശ്രീം നമഃ ജപിക്കുക.

വൃശ്ചികക്കൂറ്
(വിശാഖം 4, അനിഴം, തൃക്കേട്ട )
കഠിനാദ്ധ്വാനത്തിന് ഫലം ലഭിക്കും. ഈശ്വരാധീനവും ഭാഗ്യവും അനുഭവപ്പെടും. വായ്പകൾ തിരിച്ചടയ്ക്കാൻ കഴിയും. തെറ്റിദ്ധാരണകൾ തിരുത്താൻ കഴിയാതെ വിഷമിക്കും. മക്കളുമായി ബന്ധപ്പെട്ട് നല്ല വാർത്തകൾ കേൾക്കും. ദീർഘകാലമായുള്ള ചില ആഗ്രഹങ്ങൾ സഫലമാകും. പുതിയ സൗഹൃദങ്ങൾ വഴി നേട്ടം ലഭിക്കും. വ്യവഹാരത്തിൽ വിജയിക്കും. വിവാഹം തീരുമാനിക്കും. സന്തോഷവും സമാധാനവും ഉണ്ടാവും. ജീവിതത്തിൽ ചില മാറ്റങ്ങളുണ്ടാകാം. ഓം നമഃ ശിവായ ജപിക്കുക.

ധനുക്കൂറ്
(മൂലം, പൂരാടം, ഉത്രാടം 1)
ഭാഗ്യാനുഭവങ്ങൾ വർദ്ധിക്കും. കുടുംബസ്വത്ത് ലഭിക്കും. തൊഴിൽരംഗത്ത് അസൂയാവഹമായ ഉയർച്ചയുണ്ടാകും. വിമർശനങ്ങൾ അതിസമർത്ഥമായി അതിജീവിക്കും. വിദേശവാസത്തിന് യോഗമുണ്ട്. പരുഷമായ സംസാരം ഒഴിവാക്കണം. വിവേകത്തോടെയുള്ള നീക്കങ്ങൾ ലക്ഷ്യം കാണും. എല്ലാ രംഗത്തും നല്ല അവസരങ്ങൾ ലഭിക്കും. സാമ്പത്തിക ഭദ്രത പ്രതീക്ഷിക്കാം. കുടുംബാംഗങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ ശ്രമിക്കും. സഹപ്രവർത്തകർ അകൽച്ച കാട്ടും. ഓം ദും ദുർഗ്ഗായൈ നമഃ ജപിക്കുക.

മകരക്കൂറ്
(ഉത്രാടം 2, 3, 4, തിരുവോണം, അവിട്ടം 1, 2 )
പ്രതീക്ഷിക്കാത്ത ഉറവിടത്തിൽ നിന്നും സാമ്പത്തിക നേട്ടം കൈവരിക്കും. കൂടുതൽ ലാഭം കൊതിച്ച് നിക്ഷേപം നടത്തരുത്. ജീവിതത്തിൽ മികച്ച പുരോഗതി ഉണ്ടാകും. കലാരംഗത്തുള്ളവർക്ക് കൂടുതൽ നല്ല അവസരങ്ങൾ ലഭിക്കും. ധാരാളം യാത്രകൾ വേണ്ടി വരും. പ്രത്യേകിച്ച് തീർത്ഥയാത്ര. കാര്യതടസം മാറും. ആരോഗ്യപ്രശ്നങ്ങൾ അവഗണിക്കരുത്. വീട്ടിൽ ചില മംഗള കർമ്മങ്ങൾ നടക്കും. കർമരംഗത്ത് ചില ആനുകൂല്യങ്ങൾ ലഭിക്കും. നിത്യവും 108 തവണ ഓം ഹം ഹനുമതേ നമഃ ജപിക്കുക.

കുംഭക്കൂറ്
(അവിട്ടം 3, 4, ചതയം, പൂരുരുട്ടാതി 1, 2, 3 )
വ്യാപാര രംഗത്ത് പുരോഗതി ഉണ്ടാകും. സോഫ്റ്റ്‌വെയർ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് അസുലഭ നേട്ടങ്ങൾ ഉണ്ടാകും. കർമ്മരംഗത്ത് പൊതുവേ അനുകൂലമായ ചില മാറ്റങ്ങൾ സംഭവിക്കും. ജോലി അന്വേഷിക്കുന്നവർക്ക് ആഗ്രഹിച്ച ഉദ്യോഗലബ്ധി ഉണ്ടാവും. ആരോഗ്യസ്ഥിതി മെച്ചപ്പെടും. പ്രതിസന്ധികളും വിഷമങ്ങളും കുറയും. സന്താനങ്ങളുടെ നേട്ടത്തിൽ സന്തോഷിക്കും. നവീനമായ സംരംഭങ്ങൾക്ക് തുടക്കം കുറിക്കും. മറ്റുള്ളവരുടെ കുറ്റം പറഞ്ഞ് സമയം കളയും. ഓം ശരവണ ഭവഃ ജപിക്കണം.

മീനക്കൂറ്
(പൂരുരുട്ടാതി 4, ഉത്തൃട്ടാതി, രേവതി )
ഉദ്യോഗക്കയറ്റവും ആഗ്രഹിച്ച സ്ഥലത്തേക്ക് മാറ്റവും ഉണ്ടാകും. പൊതുപ്രവർത്തനത്തിൽ തിളങ്ങും. കാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. പ്രതിസന്ധി മറികടക്കാൻ ധൈര്യപൂർവം മുന്നിട്ടിറങ്ങും. ഉന്നതരായ വ്യക്തികളിൽ നിന്ന് സഹായ സഹകരണങ്ങൾ ലഭിക്കും. മാതാപിതാക്കളുടെ ആരോഗ്യനില തൃപ്തികരമാകും. കരുതലോടെ നീങ്ങിയാൽ എല്ലാ രംഗത്തും വിജയിക്കും. സുഹൃത്തുക്കളുമായി അഭിപ്രായ വ്യത്യാസം ശക്തമാകും. നിത്യവും 108 തവണ വീതം ഓം നമഃ ശിവായ ജപിക്കുക.

ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ

+91 9847575559

error: Content is protected !!
Exit mobile version