Wednesday, 3 Jul 2024

പ്രദോഷം ബുധനാഴ്ച: ശിവപൂജ ചെയ്താൽ ധനം, ശത്രുനാശം, സന്താനഭാഗ്യം, രോഗശാന്തി

തരവത്ത് ശങ്കരനുണ്ണി
വെളുത്തവാവ് അല്ലെങ്കിൽ കറുത്തവാവ് കഴിഞ്ഞ് പതിമൂന്നാം ദിവസമാണ് പ്രദോഷമെന്നറിയപ്പെടുന്നത്. അതായത് ത്രിയോദശിതിഥി. അന്ന് അസ്തമയത്തിന് തൊട്ടു പിമ്പ് വരുന്നതാണ് പ്രദോഷസമയം. ഒരു ദിവസം ത്രയോദശി അസ്തമയ ശേഷം ഉണ്ടെങ്കിൽ അന്നും, ഇല്ലെങ്കിൽ തലേന്നുമാണ് പ്രദോഷ വ്രതം ആചരിക്കുക.

ത്രയോദശി തിഥി സന്ധ്യയ്ക്ക് വരുന്ന പ്രദോഷ ദിവസം നോൽക്കുന്ന വ്രതം ശിവപ്രീതികരമാണ്. പ്രദോഷ സന്ധ്യയിൽ പാർവ്വതി ദേവിയെ പീഠത്തിൽ ഇരുത്തിയിട്ട് ശിവ ഭഗവാൻ നൃത്തം ചെയ്യും. ഈ സമയത്ത് സകല ദേവതകളും സന്നിഹിതരായി ശിവനെ ഭജിക്കുമെന്നാണ് സങ്കല്പം.

വിധിപ്രകാരം പ്രദോഷവ്രതം നോറ്റാൽ സകലപാപവും നശിച്ച് കാര്യസിദ്ധിയും ഐശ്വര്യവും അഭിവൃദ്ധിയും ഉണ്ടാകും. വ്രതം നോൽക്കുന്നവർ മത്സ്യമാംസാദികൾ ത്യജിക്കണം. മന:ശുദ്ധിയും ശരീരശുദ്ധിയും പാലിക്കണം. അന്ന് രാവിലെ കുളിച്ച് ശുഭ്രവസ്ത്രവും ഭസ്മവും ധരിച്ച് ശിവക്ഷേത്രദർശനം കൂവളപ്രദക്ഷിണം എന്നിവ ചെയ്ത് വ്രതം തുടങ്ങാം. പകൽ മുഴുവനും ഉപവസിക്കുക. അന്ന് പൂർണ്ണമായും ഉപവാസിക്കാൻ കഴിയില്ലെങ്കിൽ ലഘു ഭക്ഷണമോ പഴങ്ങളോ കഴിക്കാം. പകൽ കഴിയുന്നത്ര നേരം ഓം നമഃ ശിവായ ജപിക്കുക. ഒരു തവണ എങ്കിലും ശിവ അഷ്ടോത്തരം കേൾക്കുകയോ ജപിക്കുകയോ ചെയ്യുക. കീർത്തനം പോലെ തന്നെ പുണ്യപ്രദമാണ് ശ്രവണവും. സന്ധ്യയ്ക്ക് മുൻപ് കുളിച്ച് ക്ഷേത്ര ദർശനം നടത്തുക. ഭഗവാന് കൂവളമാല ചാർത്തിക്കുക. ഈ സമയത്ത് കൂവളത്തില കൊണ്ട് അർച്ചന നടത്തുന്നത് വിശേഷമാണ്. അതിനുശേഷം വ്രതസമാപ്തി വരുത്താം.

കറുത്തപക്ഷത്തിലെയും വെളുത്തപക്ഷത്തിലെയും പ്രദോഷം നോൽക്കേണ്ടതു തന്നെയാണ്. കുംഭത്തിലെ പ്രദോഷമാണ് ചതുർദ്ദശിയിലെ ശിവരാത്രി വ്രതം. കൃഷ്ണപക്ഷവും ശനിയാഴ്ചയും കൂടിവരുന്ന പ്രദോഷം വളരെയേറെ പുണ്യ പ്രദമാണ്. അതുപോലെ തന്നെയാണ് തിങ്കളാഴ്ച വരുന്ന സോമപ്രദോഷവും. ശനി പ്രദോഷവും തിങ്കൾ പ്രദോഷവും കറുത്ത പക്ഷത്തിൽ വന്നാൽ വൈശിഷ്ട്യമേറും.

ശിവപാർവ്വതിമാർ ഏറ്റവുമധികം പ്രസന്നരായിരിക്കുന്ന പ്രദോഷസന്ധ്യയിലെ ശിവഭജനം അഭീഷ്ടസിദ്ധിക്ക് അതിവിശേഷമാണ്. സകലദേവതകളുടെയും സാന്നിദ്ധ്യം പ്രദോഷപൂജ നടത്തുന്നിടത്ത് ഉണ്ടാകുമെന്നാണ് വിശ്വാസം. അതിനാൽ ഈ സമയത്തെ ആരാധനയ്ക്ക് അതീവപ്രാധാന്യമുണ്ട്.

ദാരിദ്ര്യ ദു:ഖശമനം, കീർത്തി, ശത്രുനാശം, സന്താനഭാഗ്യം, രോഗശാന്തി, ആയുസ്സ്, ധനം, ഐശ്വര്യം എന്നിവ പ്രദാനം ചെയ്യാൻ കഴിയുന്നവരാണ് ശിവപാർവതിമാർ. ഈ സമയത്ത് ഭഗവാനെയും ഭഗവതിയെയും വ്രതം നേറ്റ് പ്രീതിപ്പെടുത്തുന്നവർക്ക് സമ്പത്ത്, ഐശ്വര്യം, സന്താന സൗഖ്യം തുടങ്ങി എല്ലാ ഭൗതിക ഭാഗ്യങ്ങളും ലഭിക്കും.

സൂര്യദശ, സൂര്യ അപഹാരം എന്നിവയുള്ളവർ ഈ വ്രതം അനുഷ്ഠിക്കുന്നത് കൂടുതൽ ഐശ്വര്യപ്രദമായിരിക്കും. ജാതകത്തിൽ ഇഷ്ടദേവതയെ സൂചിപ്പിക്കുന്ന ഗ്രഹം ആദിത്യനായി വന്നാൽ അവർ പതിവായി പ്രദോഷവ്രതം അനുഷ്ഠിക്കുന്നത് ഐശ്വര്യപ്രദവും കൂടുതൽ ഫലപ്രദവുമായിരിക്കും.

പ്രാർത്ഥനാ ശ്ലോകങ്ങൾ
1
ശിവം ശിവകരം ശാന്തം
ശിവാത്മാനം ശിവോത്തമം
ശിവമാർഗ്ഗ പ്രണേതാരം
പ്രണതോസ്മി സദാശിവം
2
സംഹാരമൂര്‍ത്തിം ഹരമന്തകാരീം
വൃഷധ്വജം ഭൂതഗണാദിസേവ്യം
കൈലാസവാസം പരമേശ്വരം തം
നിത്യം നമാമി പ്രണവസ്വരൂപം

ശിവപഞ്ചാക്ഷരി സ്തോത്രം

നാഗേന്ദ്രഹാരായ ത്രിലോചനായ
ഭസ്മാംഗരായായ മഹേശ്വരായ
നിത്യായ ശുദ്ധായ ദിഗംബരായ
തസ്മൈ ന കാരായ നമഃ ശിവായ

മന്ദാകിനീസലില ചന്ദന ചര്‍ച്ചിതായ
നന്ദീശ്വരപ്രമഥനാഥ മഹേശ്വരായ
മന്ദാരപുഷ്പ ബഹുപുഷ്പ സുപൂജിതായ
തസ്മൈ മ കാരായ നമഃ ശിവായ

ശിവായ ഗൗരീവദനാരവിന്ദ
സൂര്യായ ദക്ഷാധ്വര നാശകായ
ശ്രീ നീലകണ്ഠായ വൃഷധ്വജായ
തസ്മൈ ശി കാരായ നമഃ ശിവായ

വസിഷ്ഠകുംഭോത്ഭവ ഗൗതമാര്യ
മുനീന്ദ്ര ദേവാര്‍ച്ചിത ശേഖരായ
ചന്ദ്രാര്‍ക്ക വൈശ്വാനരലോചനായ
തസ്മൈ വ കാരായ നമഃ ശിവായ

യക്ഷസ്വരൂപായ ജഡാധരായ
പിനാകഹസ്തായ സനാതനായ
ദിവ്യായ ദേവായ ദിഗംബരായ
തസ്മൈ യ കാരായ നമഃ ശിവായ

തരവത്ത് ശങ്കരനുണ്ണി,

  • 91 9847118340

Story Summary: Significance, Benefits Of Pradosha Vritham and it’s Rituals

error: Content is protected !!
Exit mobile version