Friday, 22 Nov 2024

പ്രദോഷം, മീനപ്പൂരം, പൂരം ഗണപതി,
പൗർണ്ണമി, പൈങ്കുനി ഉത്രം ഈ ആഴ്ച

ജ്യോതിഷരത്നം വേണു മഹാദേവ്

പ്രദോഷം, മീനപ്പൂരം, പൂരം ഗണപതി, പൗർണ്ണമി, പൈങ്കുനി ഉത്രം തുടങ്ങിയ വിശേഷങ്ങൾ ഒന്നിച്ചു വരുന്ന ഒരു വാരമാണ് 2023 ഏപ്രിൽ 2 ന് മകം നക്ഷത്രത്തിൽ ആരംഭിക്കുന്നത്.

പ്രദോഷ വ്രതം
ഏപ്രിൽ 3 നാണ് പ്രദോഷ വ്രതം. ശിവപാർവതിമാർ ഏറ്റവും പ്രസന്നരായിരിക്കുന്ന കറുത്തപക്ഷത്തിലെയും വെളുത്ത പക്ഷത്തിലെയും ത്രയോദശി തിഥിയിലെ സായാഹ്ന സന്ധ്യാവേളയാണ് പ്രദോഷ പൂജ നടത്തുന്നത്. എല്ലാ ദേവതകളും ശിവ പാർവതി സവിധത്തിൽ സന്നിഹിതരാകുന്ന പ്രദോഷ പൂജയിൽ പങ്കെടുക്കുന്നത് സർവാനുഗ്രഹദായകമാണ്.

മീനപ്പൂരം
ഗണപതിക്കും ശിവ പാർവ്വതിമാർക്കും കാമദേവനും വിശേഷമായ മീന മാസത്തിലെ പൂരം നക്ഷത്രം ഏപ്രിൽ 4 നാണ്. കാമദേവന്റെ ഉത്സവം കൂടിയായ മീനപ്പൂരാചരണം നല്ല വിവാഹം ലഭിക്കുന്നതിനും ദാമ്പത്യ ബന്ധം ഊഷ്മളമായി നിലനിറുത്തുന്നതിനും വളരെ നല്ലതാണ്. മീനപ്പൂരം നാളിൽ വ്രതമെടുക്കുന്നതും കാമദേവന് പുനർജന്മം നൽകാൻ ശിവനെ സമീപിച്ച ദേവിയെ പൂജിക്കുന്നതും വിവാഹതടസ്സം നീങ്ങുന്നതിനും ഇഷ്ടവിവാഹലബ്ധിക്കും കാര്യവിജയത്തിനും ഗുണകരമാണ്.

പൂരം ഗണപതി
ഗണപതി ഭഗവാനെ ബാലഗണപതി ഭാവത്തിൽ ആരാധിക്കുന്ന വിശേഷദിവസമാണ് മീനമാസത്തിലെ പൂരം നക്ഷത്രം. ഗണപതി ഭഗവാന് വിനായകചതുര്‍ഥി പോലെ പ്രധാനമായ ഒരു ദിനമാണിത്. ഏപ്രിൽ 4 ചൊവ്വാഴ്ച ആണ് ഇത്തവണ പൂരം ഗണപതി.

പൈങ്കുനി ഉത്രം
ഏപ്രിൽ 5 ബുധനാഴ്ചയാണ് പൈങ്കുനി ഉത്രം. ശബരിമല അയ്യപ്പന്റെ ആറാട്ട് ആഘോഷിക്കുന്ന മീന മാസത്തിലെ ഉത്രം നക്ഷത്രം കലിയുഗവരദനായ അയ്യപ്പ സ്വാമിക്ക് മാത്രമല്ല ശിവനും പാർവതിക്കും സുബ്രഹ്മണ്യനും മഹാലക്ഷ്മിക്കും പ്രധാനമാണ്. അയ്യപ്പസ്വാമിക്കും മഹാലക്ഷ്മിക്കും ഇത് അവതാര ദിനമാണെങ്കിൽ ശിവപാർവതിമാർക്കും പുത്രനും തൃക്കല്യാണ ദിവസമാണ്. ശിവപാർവ്വതിമാരുടെയും സുബ്രഹ്മണ്യന്റെയും ദേവസേനയുടെയും തൃക്കല്യാണം നടന്നത് പെെങ്കുനി ഉത്രം ദിവസമാണത്രേ.
പൗർണ്ണമി വ്രതം
ചന്ദ്രന്റെ ബലക്കുറവ് കാരണം അനുഭവ യോഗം ഇല്ലാത്തവരും ചഞ്ചലമായ മനസ്, അകാരണ ഭയം, മാനസികമായി എല്ലാറ്റിനും മറ്റുള്ളവരെ ആശ്രയിക്കൽ, തീരുമാന വൈകല്യം, അനാവശ്യമായി ഒരോന്ന് ചിന്തിച്ച് കൂട്ടുക, അക്ഷമ, പരാജയഭീതി, എന്നിവയാൽ വിഷമിക്കുന്നവർ, അമാവാസിക്ക് ജനിച്ചവർ, മാനസിക വിഷമതകൾ, അലർജി, ആസ്മ ഇവയാൽ ക്ലേശം അനുഭവിക്കുന്നവർ തുടങ്ങിയവർ പൗർണ്ണമി ദിവസം വ്രതം നോറ്റ് ദുർഗ്ഗാ പ്രീതികരമായ കർമ്മങ്ങൾ ചെയ്ത് ചന്ദ്രബലം വർദ്ധിപ്പിക്കുക തന്നെ വേണം. ചന്ദ്രന്റെ അനുഗ്രഹത്തിനായി പൗർണ്ണമി ദിവസം ദേവിക്ക് ചന്ദ്രപൊങ്കാല അർപ്പിക്കുന്നതും ദേവീ ക്ഷേത്രങ്ങളിൽ പൗർണ്ണമി ദിവസം ദീപാരാധന തൊഴുന്നതും ഇവർക്ക് ഉത്തമമായ ദോഷപരിഹാരമാണ്. ഏപ്രിൽ 6 വ്യാഴാഴ്ചയാണ് മീനത്തിലെ പൗർണ്ണമി വ്രതം.

ജ്യോതിഷരത്നം വേണു മഹാദേവ്
+91 9847475559

Significance of different festivals and religious rituals coming on this week

Copyright 2023 Neramonline.com. All rights reserved

error: Content is protected !!
Exit mobile version