പ്രദോഷം, ഹനുമദ് ജയന്തി, ചിത്രാപൗർണ്ണമിമേടപ്പത്ത്, ഈ ആഴ്ചയിലെ നക്ഷത്ര ഫലം
(2024 ഏപ്രിൽ 21 – 27 )
ജ്യോതിഷരത്നം വേണു മഹാദേവ്
2024 ഏപ്രിൽ 21 ഞായറാഴ്ച ഉത്രം നക്ഷത്രത്തിൽ തുടങ്ങുന്ന ഈ ആഴ്ചയിലെ പ്രധാന വിശേഷങ്ങൾ
പ്രദോഷം, പത്താമുദയം, ചിത്രാ പൗർണ്ണമി, ഹനുമദ് ജയന്തി, പൗർണ്ണമി വ്രതം എന്നിവയാണ്. ഏപ്രിൽ 21 ഞായറാഴ്ചയാണ് മേടത്തിലെ ശുക്ലപക്ഷ പ്രദോഷം. ഇത് നോറ്റാൽ സമ്പൽ സമൃദ്ധി, ആയുരാരോഗ്യം, സത്കീർത്തി, ദാരിദ്ര്യ ദുഃഖമോചനം, സന്തുഷ്ട കുടുംബം, വിവാഹലബ്ധി, സന്താനസൗഭാഗ്യം, പാപമുക്തി തുടങ്ങി സർവ്വൈശ്വര്യങ്ങളും ലഭിക്കും. ഏപ്രിൽ 23 ചൊവ്വാഴ്ച പത്താമുദയം, ചിത്രാ പൗർണ്ണമി, ഹനുമദ് ജയന്തി, പൗർണ്ണമി വ്രതം എന്നിവയാണ്. സൂര്യപ്രീതിയും ശിവപ്രീതിയും നേടുന്നതിനും ശുഭകർമ്മങ്ങളുടെ ആരംഭത്തിനും മേടപ്പത്ത് ദിവസം അത്യുത്തമമാണ്. പത്താമുദയത്തിന് തുടങ്ങുന്ന എല്ലാ കർമ്മങ്ങൾക്കും ഫലസിദ്ധി വളരെ കൂടുതലാണ്. ഈ ദിവസം ശിവപൂജ ചെയ്യുന്നതും ശിവമന്ത്രങ്ങൾ ജപിക്കുന്നതും വീട്ടുമുറ്റത്ത് സൂര്യന് പൊങ്കാലയിടുന്നതും ആദിത്യ മന്ത്രങ്ങൾ ജപിക്കുന്നതും സദ്ഫലദായകമാണ്. ഹനുമാൻസ്വാമിയെ പൂജിച്ച് അനുഗ്രഹം നേടാൻ ഏറ്റവും ഉത്തമമായ ദിവസമാണ് ഹനുമദ് ജയന്തി. ചൈത്രമാസത്തിലെ പൗർണ്ണമിയാണ് ശ്രീരാമദാസനായ ഹനുമാൻ സ്വാമിയുടെ അവതാരദിനമായി ആഘോഷിക്കുന്നത്. ഏപ്രിൽ 23 ചൊവ്വാഴ്ചയാണ് ഇത്തവണ ഹനുമദ് ജയന്തി. ഭക്തി, ക്ഷമ, ലാളിത്യം , ത്യാഗം, ജ്ഞാനം, കരുത്ത് തുടങ്ങി സകല സദ്ഗുണങ്ങളുടെയും പ്രതീകമായ ഹനുമാൻ സ്വാമിയെ ഈ ദിവസം ആരാധിച്ചാൽ ദുഃഖ ദുരിത മോചനവും സർവ കാര്യവിജയവും ഫലമാണ്. തലേദിവസം സൂര്യാസ്തമയം മുതല്‍ എല്ലാ നിഷ്ഠകളും പാലിച്ച് വ്രതമെടുക്കണം. ഹനുമാന്‍ സ്വാമി ശ്രീരാമ ഭക്തനായതിനാൽ ശ്രീരാമനെ വേണം ആദ്യം ഉപാസിക്കേണ്ടത്. അന്നു തന്നെയാണ് പൗർണ്ണമി പൂജയും ചിത്രാ പൗർണ്ണമിയും. മന്ത്രജപം, ഉപാസന എന്നിവയ്ക്ക് ഏറ്റവും പറ്റിയ ദിവസമാണ് ചിത്രാപൗര്‍ണ്ണമി. ദേവീ സംബന്ധമായ പ്രാര്‍ത്ഥനകള്‍ ഈ ദിവസം നടത്തിയാൽ വേഗം ഫലമുണ്ടാകും. സര്‍വ്വദേവതാപ്രീതിക്ക് ഏറ്റവും ഉത്തമമായ ദിവസവുമാണ് ചിത്രാപൗര്‍ണ്ണമി. യമധർമ്മ രാജാവിന്റെ സഹായിയായ ചിത്രഗുപതനെ ഈ ദിവസം പാപമോചനത്തിനായി ഉപാസിക്കുന്നവർ ധാരാളമുണ്ട്. ചിത്രഗുപ്ത പൂജയും ദാനധർമ്മാദികളും നടത്തിയാണ് ഭക്തർ ഈ ദിവസം കർമ്മദോഷങ്ങളിൽ നിന്നും മുക്തി നേടുന്നത്. ഏപ്രിൽ 27ന് മൂലം നക്ഷത്രത്തിൽ വാരം അവസാനിക്കും. ഈ ആഴ്ചയിലെ നക്ഷത്ര ഫലം:
മേടക്കൂറ്
(അശ്വതി, ഭരണി, കാർത്തിക 1)
മാനസിക സമ്മർദ്ദം അനുഭവപ്പെടും. അശുഭചിന്തകൾ മനസ്സിൽ വരും. സാമ്പത്തിക കാര്യങ്ങളിൽ ആവശ്യമായ തിരുത്തലുകൾ വരുത്തണം. മുൻകാല വീഴ്ചകൾ പരിഹരിക്കാൻ കഴിയും. കുടുംബാംഗങ്ങൾക്കിടയിലെ ഭിന്നതകൾ പൂർണ്ണമായും മാറും. ദാമ്പത്യ ജീവിതത്തിൽ ചില നല്ല നിമിഷങ്ങൾ ഉണ്ടാകും. വിദേശ പഠനത്തിനുള്ള തടസങ്ങൾ മാറും. കഠിനാധ്വാനത്തിന് ഫലം ലഭിക്കും. ഓം നമഃ ശിവായ ദിവസവും 108 തവണ ജപിക്കുക.
ഇടവക്കൂറ്
( കാർത്തിക 2, 3, 4, രോഹിണി, മകയിരം 1, 2)
വൈകാരിക പ്രതികരണം ദോഷം ചെയ്യും. വിചിത്രമായ പെരുമാറ്റം കാരണം ആളുകൾക്ക് ആശയക്കുഴപ്പം നേരിടും. രഹസ്യം മറ്റുള്ളവരുമായി പങ്കിടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. പണസംബന്ധമായ ബാദ്ധ്യതകൾ ഏറ്റെടുക്കരുത്. എന്തെങ്കിലും നിക്ഷേപം നടത്തും മുമ്പ് എല്ലാ വശങ്ങളും മനസ്സിലാക്കണം. കൂടപ്പിറപ്പുകളുടെ പിന്തുണ ലഭിക്കില്ല. പ്രധാന തീരുമാനങ്ങൾ എടുക്കാൻ ബുദ്ധിമുട്ട് നേരിടും. ഓം ശ്രീം നമഃ 108 തവണ ജപിക്കുക.
മിഥുനക്കൂറ്
(മകയിരം 3, 4, തിരുവാതിര, പുണർതം 1, 2, 3)
ഭൂമി, പൂർവ്വിക സ്വത്ത് എന്നിവ വഴി വരുമാനം കൂടാൻ സാധ്യതയുണ്ട്. പണം മികച്ച പദ്ധതികളിൽ മാത്രം നിക്ഷേപിക്കണം. വിശ്വസിച്ച് രഹസ്യം പങ്കിട്ട ഒരു വ്യക്തി വഞ്ചിക്കാൻ സാധ്യതയുണ്ട്. കുടുംബ ജീവിതത്തിൽ പങ്കാളിയുമായി പ്രശ്നങ്ങൾ ഉണ്ടാകും. അവരെ കാര്യം പറഞ്ഞ് ബോധ്യപ്പെടുത്താൻ പതിവിലും ബുദ്ധിമുട്ട് നേരിടും. ഓം ഗം ഗണപതയേ നമഃ 108 ഉരു ജപിക്കുക.
കർക്കടകക്കൂറ്
(പുണർതം 4, പൂയം, ആയില്യം)
പല സ്ഥലങ്ങളിൽ നിന്നും പെട്ടെന്ന് പണം ലഭിക്കാൻ സാധ്യതയുണ്ട്. കർമ്മരംഗത്ത് വളരെ നല്ല സമയമാണ്.
വ്യവസായികൾ പുതിയ ഉൽപ്പന്നം പരിചയപ്പെടുത്തും. സാഹസികമായ കാര്യങ്ങൾ ഏറ്റെടുക്കുന്നതിൽ നിന്ന് ഒഴിഞ്ഞുമാറില്ല. സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കും. ലക്ഷ്യം നേടാൻ വിദ്യാർത്ഥികൾ പരമാവധി ശ്രമിക്കും. ഊർജ്ജവും സമയവും ഒട്ടും പാഴാക്കരുത്. യാത്രകൾ വേണ്ടി വരും. എന്നും ഓം ഭദ്രകാള്യൈ നമഃ ജപിക്കുക.
ചിങ്ങക്കൂറ്
(മകം, പൂരം, ഉത്രം 1)
ശാരീരികവും മാനസികവുമായ വിവിധ നേട്ടങ്ങൾക്ക് ധ്യാനവും യോഗയും ഉപയോഗപ്രദമാകും. ചെലവുകൾ വർദ്ധിക്കും. ശരിയായ തീരുമാനങ്ങൾ എടുക്കാൻ കഴിയാതെ വരും. കുടുംബവും സുഹൃത്തുക്കളും കൂടെ നിൽക്കും. പങ്കാളിയെ തൃപ്തിപ്പെടുത്തുന്നതിൽ നിങ്ങൾ പരാജയപ്പെടും. ജോലിയിൽ മുന്നേറാൻ പല വഴികൾ തുറന്നു കിട്ടും. നിഷേധചിന്തകൾ ശക്തമാകും. കലഹം ഒഴിവാക്കണം. ഉപദേശം നൽകുന്നതിൻ പരാജയമാകും.
എല്ലാ ദിവസവും ദുർഗ്ഗാ സപ്ത ശ്ലോകി ജപിക്കണം.
കന്നിക്കൂറ്
(ഉത്രം 2, 3, 4, അത്തം, ചിത്തിര 1 , 2 )
സാമ്പത്തികമായി വളരെയധികം പുരോഗതിയുണ്ടാകും. ബില്ലുകളും വായ്പകളും എളുപ്പത്തിൽ തിരിച്ചടയ്ക്കാൻ കഴിയും. ശരിയായ പരിചരണത്തിലൂടെ രോഗത്തിൽ നിന്ന് മുക്തി നേടും. കുടുംബ ആവശ്യങ്ങൾ നിറവേറ്റാൻ ബുദ്ധിമുട്ട് അനുഭവപ്പെടും. ബിസിനസ്സിൽ മികച്ച നേട്ടം പ്രതീക്ഷിക്കാം. മാനസിക സമ്മർദ്ദത്തിൽ നിന്ന് മോചനം നേടുന്നതിൽ വിജയം വരിക്കും. ജോലിയിൽ ചില നിരാശ മറികടക്കും. വിദ്യാർത്ഥികൾക്ക് സമ്മിശ്ര ഫലം ലഭിക്കും.
നിത്യവും ഓം നമോ നാരായണായ 108 തവണ ജപിക്കുക.
തുലാക്കൂറ്
( ചിത്തിര 3, 4 ചോതി, വിശാഖം 1 , 2 , 3 )
ആരോഗ്യം മെച്ചപ്പെടുത്തണം ശ്രമിക്കുക. എപ്പോഴും
ഭാഗ്യം നിങ്ങളെ തുണയ്ക്കണം എന്നില്ല. ഏതെങ്കിലും തരത്തിലുള്ള വായ്പ തിരിച്ചടയ്ക്കുന്നതിൽ പ്രശ്നങ്ങൾ നേരിടാം. കുടുംബജീവിതം ഒരു പരിധി വരെ മികച്ചതായിരിക്കും. വാഹനമോ ഭൂമിയോ വാങ്ങാൻ ആലോചിക്കും. പങ്കാളിയുമൊത്ത് യാത്ര പോകും. ബിസിനസിൽ കൂടുതൽ റിസ്ക് ഏറ്റെടുക്കുന്നത് ദോഷകരമായിരിക്കും. വിദ്യാഭ്യാസത്തിൽ വിജയം നേടും. സർപ്പ പ്രീതികരമായ കർമ്മങ്ങൾ ചെയ്യാൻ മറക്കരുത്.
വൃശ്ചികക്കൂറ്
(വിശാഖം 4, അനിഴം, തൃക്കേട്ട )
മാനസിക സമ്മർദ്ദം പരിഹരിച്ചാൽ മാത്രമേ നിങ്ങൾക്ക് ഊർജ്ജസ്വലരാകാനും ആരോഗ്യമുള്ളവരാകാനും
കഴിയൂ എന്ന് മനസ്സിലാക്കാണം. ഏറ്റവും ശുഭോർജ്ജം ആവശ്യമായി വരുന്ന സമയമാണിത്. ആർക്കു വേണ്ടിയും
കൂടുതൽ ഒന്നും ചെലവഴിക്കേണ്ടതില്ല. വിവാഹത്തിന് തീരുമാനിക്കുന്നതിന് മുമ്പ് നന്നായി അന്വേഷിച്ച് എല്ലാം
മനസ്സിലാക്കണം. ജോലിയുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനങ്ങൾ എടുക്കാൻ കഴിയും. പരീക്ഷയിൽ നേട്ടം.
വ്യാഴാഴ്ച നരസിംഹമൂർത്തിയെ ഭജിക്കാൻ മറക്കരുത്.
ധനുക്കൂറ്
( മൂലം, പുരാടം, ഉത്രാടം 1 )
രോഗങ്ങളിൽ നിന്നും മുക്തി നേടും. ബന്ധുക്കളുമായും സുഹൃത്തുക്കളുമായുമുള്ള ബന്ധത്തിൽ നല്ല പുരോഗതി ഉണ്ടാകും. മാതാപിതാക്കളുടെ ആരോഗ്യം മെച്ചപ്പെടാൻ സാധ്യതയുണ്ട്. മന:സമാധാനം ലഭിക്കും. ആഗ്രഹിക്കുന്ന വ്യക്തിയുമായുള്ള കൂടിക്കാഴ്ച നടക്കും. ജോലിയിൽ മോശം അനുഭവങ്ങൾ മറന്ന്, പുതിയതും നല്ലതുമായ ഒരു തുടക്കത്തിന് നിശ്ചയിക്കും. സഹോദരൻ സഹായിക്കും. സൃഷ്ടിപരമായ കാര്യങ്ങൾ മനസ്സിൽ വളരാൻ തുടങ്ങും.
ഓം നമോ നാരായണായ എന്നും 108 തവണ ജപിക്കുക.
മകരക്കൂറ്
(ഉത്രാടം 2, 3, 4, തിരുവോണം, അവിട്ടം 1 , 2 )
അവസരങ്ങൾ ശരിയായി ഉപയോഗപ്പെടുത്തുന്നതിന് പങ്കാളിയുടെ പൂർണ്ണപിന്തുണ കിട്ടും. പരിശ്രമം കൊണ്ട് പുരോഗതി കൈവരിക്കാൻ കഴിയും. പ്രണയത്തിന്റെ കാര്യത്തിൽ അമിതമായ ആവേശം വളരെയധികം ദോഷം ചെയ്യും. ചെറുകിട സംരംഭഉടമകൾക്ക് സർക്കാർ ഉദ്യോഗസ്ഥരുടെ പിന്തുണ ലഭിക്കില്ല. ഇത് നഷ്ടങ്ങൾക്ക് വഴിവെക്കും. കുടുംബ പിന്തുണ കാരണം കർമ്മരംഗത്ത് വിജയിക്കും. ഓം ഘ്രൂം നമഃ പരായഗോപ്ത്രേ ജപിക്കണം.
കുംഭക്കൂറ്
( അവിട്ടം 3, 4, ചതയം, പൂരുരുട്ടാതി 1, 2, 3 )
ചില ജീവിത പ്രശ്നങ്ങൾ മന:സമാധാനം തകർക്കും. ധനപരവും സാമ്പത്തികവുമായ നേട്ടങ്ങൾ പതിവിലും മികച്ചതായിരിക്കും. കുടുംബത്തിൽ നിന്നോ പൂർവ്വിക സ്വത്തിൽ നിന്നോ പെട്ടെന്നുള്ള നേട്ടങ്ങൾ ലഭിക്കാം. കുടുംബത്തിൽ സന്തോഷം നിറയും. അവിവാഹിതർക്ക് പുതിയ ജീവിതം ആരംഭിക്കാനുള്ള സുവർണ്ണാവസരം ലഭിക്കും. തിടുക്കത്തിൽ തീരുമാനങ്ങൾ എടുക്കുന്നത് ഒഴിവാക്കുക. ഓം ഹം ഹനുമതേ നമഃ എന്നും ജപിക്കണം.
മീനക്കൂറ്
(പൂരുരുട്ടാതി 4, ഉത്തൃട്ടാതി, രേവതി)
ആരോഗ്യം വളരെ മികച്ചതായിരിക്കും. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവപ്പെടുന്നവരെ ബന്ധുമിത്രാദികൾ സഹായിക്കും. എല്ലാ വിപരീത സാഹചര്യങ്ങളെയും മറികടാൻ കഴിയും. കുടുംബജീവിതം ഒരു പരിധിവരെ മികച്ചതായിരിക്കും. വാഹനമോ ഭൂമിയോ വാങ്ങാൻ ആലോചിക്കും. ശത്രുവെന്ന് കരുതിയ വ്യക്തി ശരിക്കും അഭ്യുദയകാംക്ഷിയാണെന്ന് തിരിച്ചറിയും. യാത്രകൾ വേണ്ടി വരും. ഓം ദും ദുർഗ്ഗായൈ നമഃ ജപിക്കണം.
ജ്യോതിഷരത്നം വേണു മഹാദേവ്
+91 9847575559
Summary: Weekly Star predictions based on moon sign
Copyright 2024 Neramonline.com. All rights reserved