Wednesday, 3 Jul 2024

പ്രദോഷവും തിരുവാതിരയും ഒന്നിച്ച്, അതിവേഗം അഭീഷ്ട സിദ്ധിക്ക് ഉത്തമം

ജ്യോതിഷരത്നം വേണു മഹാദേവ്
ഭഗവാൻ ശ്രീ പരമേശ്വരന് ഏറ്റവും പ്രാധാന്യമുള്ള ദിവസമാണ് കറുത്ത പക്ഷത്തിലെയും വെളുത്തപക്ഷത്തിലെയും ത്രയോദശി തിഥി വരുന്ന പ്രദോഷദിനം. സന്ധ്യയ്ക്ക് ത്രയോദശി തിഥി വരുന്ന ദിവസമാണ് പ്രദോഷമായി കണക്കാക്കുന്നത്. 2023 ഫെബ്രുവരി 2 ന് മകര മാസത്തിലെ ശുക്ലപക്ഷ പ്രദോഷമാണ്. ശിവ ഭഗവാന്റെ തിരുനാളായ തിരുവാതിര ദിവസം വരുന്നതിനാൽ ഈ പ്രദോഷത്തിന് സവിശേഷ പ്രാധാന്യമുണ്ട്. അതിനാൽ കാര്യസിദ്ധി ആഗ്രഹിക്കുന്ന ഭക്തർ ഈ പ്രദോഷ വ്രതം നോറ്റാൽ അതിവേഗം അഭീഷ്ട സിദ്ധി ലഭിക്കും. പ്രദോഷസന്ധ്യയിൽ ശിവനാമം ഭക്തിയോടെ ജപിച്ചാൽ ആയുരാരോഗ്യം, പാപമുക്തി, ഐശ്വര്യം, സത്കീർത്തി എന്നിവയെല്ലാമാണ് ഫലം. വ്രതം അനുഷ്ഠിക്കാൻ സാധിക്കാത്തവർ അന്നേദിവസം സന്ധ്യയ്ക്ക് ശിവക്ഷേത്രദർശനം നടത്തി പ്രദോഷ പൂജ തൊഴുന്നത് അതിവിശിഷ്ടമാണ്. പൂജാ സമയത്ത് നിരന്തരം ഓം നമഃ ശിവായ മന്ത്രം ജപിച്ചുകൊണ്ടിരിക്കണം.

പാർവതീ ദേവിയുടെ മുന്നിൽ ഭഗവാൻ നടരാജനായി നൃത്തം ചെയ്യുമ്പോൾ കൈലാസത്തിൽ സകല ദേവതാ സാന്നിധ്യവുമുണ്ടെന്നാണ് സങ്കല്പം. പ്രദോഷസന്ധ്യയിൽ ഭക്തിയോടെ ഭഗവാനെ ഭജിച്ചാൽ സകല ദേവീദേവന്മാരുടെയും അനുഗ്രഹം ലഭിക്കുമെന്ന പ്രത്യേകതയും ഉണ്ട്. ശിവപാർ‌വതിമാർ‌ ഏറ്റവും പ്രസന്നരായിരിക്കുന്ന പ്രദോഷസന്ധ്യയിൽ കൂവളത്തില കൊണ്ട് അർച്ചന നടത്തിയാൽ സന്താനലാഭം, ആയുരാരോഗ്യം, സന്തുഷ്ട കുടുംബജീവിതം എന്നിവ സ്വായത്തമാക്കാം.

ക്ഷപ്രകോപിയയായ ഭഗവാനെ ശാന്തസ്വരൂപനാക്കുന്നതിന് ശിവാഷ്ടകം, ശിവാഷ്ടോത്തരം തുടങ്ങിയ ജപിക്കാം. ശിവാഷ്ടകം നിത്യേന ജപിക്കുന്നത് പ്രതിസന്ധിയെല്ലാം നീങ്ങി ജീവിതം സുഗമമായി മുന്നോട്ടു പോകാൻ സഹായിക്കും. പ്രഭാതത്തിൽ കുളിച്ചു ഭസ്മം തൊട്ടശേഷം ശിവാഷ്ടകം ഭക്തിയോടെ ജപിക്കുക.
എല്ലാ മാനോകാമനകളും സഫലമാക്കുക.

1
പ്രഭും പ്രാണനാഥം വിഭും വിശ്വനാഥം
ജഗന്നാഥനാഥം സദാനന്ദഭാജം
ഭവത് ഭവ്യഭൂതേശ്വരം ഭൂതനാഥം
ശിവം ശങ്കരം ശംഭുമീശാനമീഡേ

(ശ്രീപരമേശ്വരൻ പ്രഭുവും പ്രാണനാഥനുമാണ്. ലോകാധിപതിയാണ്. ജഗന്നാഥനാണ്. എപ്പോഴും
സന്തുഷ്ടനാണ്. ത്രികാല അധിപനും ശിവശങ്കരനും ശംഭുവുമായി പ്രകാശിച്ചുകൊണ്ടിരിക്കുന്ന ഭഗവാനെ നമസ്‌കരിക്കുന്നു. )

2
ഗളേരുണ്ഡമാലം തനൗ സർപ്പജാലം
മഹാകാലകാലം ഗണേശാധിപാലം
ജടാചൂട ഗംഗോത്തരം ഗൈർവിശിഷ്യം
ശിവം ശങ്കരം ശംഭുമീശാനമീഡേ

(തലയോട്ടി കൊണ്ടുള്ള ഹാരം കഴുത്തിൽ അണിഞ്ഞ, ശരീരത്തിൽ സർപ്പങ്ങളെ ധരിക്കുന്ന കാലകാലനും ഗണപാലകനും ജടക്കെട്ടിൽ ഗംഗയുടെ തിരയിളക്കത്തോടു കൂടിയവനുമായ ഭഗവാനെ ഞാൻ പ്രണമിക്കുന്നു.)

3
മുദാമാകരം മണ്ഡനം മണ്ഡയന്തം
മഹാമണ്ഡലം ഭസ്മഭൂഷാധരം തം
അനാദിം യപാരം മഹാമോഹമാനം
ശിവം ശങ്കരം ശംഭുമീശാനമീഡേ

(ഐശ്വര്യത്തിന്റെ ഇരിപ്പിടവും ആഭരണങ്ങൾ ധരിച്ചവനും സദാ പ്രഭ ചൊരിഞ്ഞുകൊണ്ടിരിക്കുന്നവനും ഭസ്മം പൂശിയവനും ആദിയും അന്തവും ഇല്ലാത്തവനും മോഹങ്ങളെ സംസ്‌കരിക്കുന്നവനുമായ ഭഗവാനെ ഞാൻ സ്തുതിക്കുന്നു.)

4
വടാധോനിവാസം മഹാട്ടാട്ടഹാസം
മഹാപാപനാശം സദാ സുപ്രകാശം
ഗിരീശം ഗണേശം സുരേശം മഹേശം
ശിവം ശങ്കരം ശംഭുമീശാനമീഡേ

(ആകാശത്തിനു കീഴിൽ പാർക്കുന്നവനും, ഉച്ചത്തിൽ അട്ടഹസിക്കുന്നവനും പാപത്തെ സംഹരിക്കുന്നവനും പ്രകാശ പൂരിതനും ഗിരീശനും ഗണേശനും മഹേശനുമായ ശിവ ഭഗവാനെ ഞാൻ വണങ്ങുന്നു.)

5
ഗിരീന്ദ്രാത്മജാ സംഗൃഹീതാർദ്ധദേഹം
ഗിരൗ സംസ്ഥിതം സർവ്വദാപന്നഗേഹം
പരബ്രഹ്മ ബ്രഹ്മാദിഭിർവ്വന്ദ്യമാനം
ശിവം ശങ്കരം ശംഭുമീശാനമീഡേ

(സ്വശരീരം പാർവ്വതിദേവിക്കു പകുത്തുനൽകിയ അർദ്ധനാരീശ്വരനും പർവതവാസിയും ഭവനമില്ലാത്തവനും ബ്രഹ്മാദികളാൽ സ്തുതിക്കപ്പെടുന്നവനും ശിവനും ശങ്കരനും ഗർവനുമായ പരമേശ്വരനെ നമിക്കുന്നു.)

6
കപാലം ത്രിശൂലം കരാഭ്യാം ദധാനം
പദാംഭോജ നമ്രായ കാമം ദധാനം
വലീവർദ്ദയാനം സുരാണാം പ്രധാനം
ശിവം ശങ്കരം ശംഭുമീശാനമീഡേ

(തലയോട്ടിയും ത്രിശൂലവും കൈകളിൽ വഹിച്ചവനും പാദങ്ങളിൽ നമിക്കുന്ന ഭക്തർക്ക് ആഗ്രഹങ്ങളെ സാധിച്ചുകൊടുക്കുന്നവനും കാള വാഹനനും ദേവദേവനുമായ ഈശ്വരനു മുന്നിൽ കൈകൂപ്പുന്നു.)

7
ശരച്ചന്ദ്രഗാത്രം ഗണാനന്ദപാത്രം
ത്രിനേത്രം പവിത്രം ധനേശസ്യ മിത്രം
അപർണ്ണാകളത്രം സദാ സച്ചരിത്രം
ശിവം ശങ്കരം ശംഭുമീശാനമീഡേ

(ശരച്ചന്ദ്രന്റെ വെൺമയെ വെല്ലുന്ന തിളങ്ങുന്ന മേനിയുള്ള അഷ്ടഗുണങ്ങൾക്കും അഷ്ടൈശ്വര്യങ്ങൾക്കും ഇരിപ്പിടവും മൂന്നു നയനങ്ങളുള്ളവനും കുബേരമിത്രനും പാർവതീ
വല്ലഭനും അദ്ഭുത ചരിതനുമായ പരമേശ്വരനെ പ്രാർത്ഥിക്കുന്നു.)

8
ഹരം സർപ്പഹാരം ചിതാഭൂവിഹാരം
ഭവം വേദസാരം സദാ നിർവികാരം
ശ്മശാനേ വസന്തം മനോജം ദഹന്തം
ശിവം ശങ്കരം ശംഭുമീശാനമീഡേ

(ഹരനും സർപ്പഹാരമണിഞ്ഞവനും ശ്മശാനത്തിൽ വിഹരിക്കുന്നവനും വേദപ്പൊരുളും നിർവികാരനും കാമനെ ചുട്ടുചാരമാക്കിയവനുമായ സംഹാര മൂർത്തിയുടെ പാദാരവിന്ദങ്ങളിൽ പ്രണമിക്കുന്നു.)
9
സ്തവം യഃ പ്രഭാതേ നരഃ ശൂലപാണേഃ
പഠേത് സ്തോത്ര രത്നം വിഹപ്രാപ്യരത്നം
സു പുത്രം സു ധാന്യം സു മിത്രം കളത്രം
വിചിത്രഃ സമാരാധ്യ മോക്ഷം പ്രയാതി

(ശിവാഷ്ടകം നിത്യവും രാവിലെ ഭക്തിയോടെ പാരായണം ചെയ്യുന്നവർക്ക് സൽസന്താനം, ധനം, ധാന്യം, മിത്രം, കളത്രം, മോക്ഷം എന്നിവ ലഭ്യമാകുമെന്ന് പറയുന്നു )

ജ്യോതിഷരത്നം വേണു മഹാദേവ്, +91 89217 09017

Story Summary: Significance and Benefits of Pradosha Vritham and Siva Ashtaka Japam

error: Content is protected !!
Exit mobile version