Saturday, 23 Nov 2024

പ്രദോഷ നാളിൽ ഇത് ജപിച്ചാൽ സർവ്വാഭീഷ്ടസിദ്ധി, അഭിവൃദ്ധി

തരവത്ത് ശങ്കരനുണ്ണി
ത്രിയോദശി തിഥിയാണ്, അതായത് കറുത്തവാവ് അല്ലെങ്കിൽ വെളുത്തവാവ് കഴിഞ്ഞ് പതിമൂന്നാം നാളാണ് പ്രദോഷമെന്നറിയപ്പെടുന്നത്. അതിൽ അസ്തമയത്തിന് തൊട്ടു പിമ്പുള്ള വേളയാണ് പ്രദോഷസമയം. ഒരു ദിവസം ത്രയോദശി തിഥി അസ്തമയത്തിന് ശേഷമുണ്ടെങ്കിൽ അന്നും, ഇല്ലെങ്കിൽ തലേ ദിവസവുമാണ് പ്രദോഷവ്രതം ആചരിക്കുക. 2023 ഒക്ടോബർ 11 ബുധനാഴ്ചയാണ് കന്നിമാസത്തിലെ കറുത്തപക്ഷ പ്രദോഷവ്രതം. രണ്ട് പക്ഷത്തിലെയും പ്രദോഷവ്രതങ്ങൾ ആചരിക്കുമെങ്കിലും കറുത്തപക്ഷ പ്രദോഷത്തിന് പ്രാധാന്യവും ഫലസിദ്ധിയും
കൂടുതലാണ്.

ത്രയോദശി തിഥി ദിവസം വൈകുന്നേരം നിശ്ചയമായും ശിവോപാസന നടത്തണം. സന്ധ്യാസമയത്തു കുളിച്ച് ശിവക്ഷേത്രത്തിൽ ദർശനം നടത്തി പ്രദോഷപൂജയിൽ പങ്കെടുക്കുന്നതും ശിവപഞ്ചാക്ഷരി, പ്രദോഷ സ്തോത്രം
ശിവഅഷ്ടോത്തരം, ശിവസ്വരൂപത്തിന്റെ മനോഹര വർണ്ണനയായ ശങ്കരധ്യാനപ്രകാരം ജപിച്ചു ഞാൻ എന്ന് തുടങ്ങുന്ന കീർത്തനം ജപിക്കുന്നതും ശിവനാമങ്ങൾ ജപിക്കുന്നതും സുകൃതമാണ്.

പ്രദോഷസന്ധ്യയിൽ പാർവ്വതിദേവിയെ പീഠത്തിൽ ഇരുത്തിയിട്ട് പരമശിവൻ നൃത്തം ചെയ്യും. ഈ സമയത്ത് സകല ദേവതകളും സന്നിഹിതരായി ശിവനെ ഭജിക്കും. ഇതാണ് പ്രദോഷ സങ്കല്പം. ഈ ദിനത്തിൽ വിധിപ്രകാരം വ്രതമനുഷ്ഠിക്കുന്നതിലൂടെ സകലപാപവും നശിക്കും. പ്രഭാത സ്‌നാനത്തിന ശേഷം ശുഭ്രവസ്ത്രവും ഭസ്മവും
ധരിച്ച് ശിവക്ഷേത്രദർശനം നടത്തുക. പകൽ മുഴുവനും പറ്റുമെങ്കിൽ ഉപവസിക്കുക. അല്ലെങ്കിൽ പഴങ്ങൾ തുടങ്ങിയ അല്പാഹരം ആകാം. വൈകിട്ട് കുളിച്ച ശേഷം ക്ഷേത്രദർശനം നടത്തുക. ശിവ ഭഗവാന് കൂവളമാല ചാർത്തിക്കുക. ഈ സമയത്ത് കൂവളത്തില കൊണ്ടുള്ള അർച്ചന വിശേഷമാണ്. അതിനുശേഷം വ്രതസമാപ്തി വരുത്താം.

കൃഷ്ണപക്ഷവും ശനിയാഴ്ചയും കൂടിവരുന്നപ്രദോഷം വളരെയേറെ പുണ്യദായിയാണ്. അതുപോലെ തിങ്കളാഴ്ച വരുന്ന സോമപ്രദോഷത്തിനും വൈശിഷ്ട്യമേറും. ശിവപാർവ്വതിമാർ ഏറെ പ്രസന്നരായിരിക്കുന്ന പ്രദോഷ സന്ധ്യയിൽ ശിവഭജനം നടത്തുന്നത് അഭീഷ്ടസിദ്ധിക്ക് അതിവിശേഷമാണ്. അപ്പോൾ എല്ലാ ദേവതകളുടെയും സാന്നിദ്ധ്യം ശിവപൂജനടത്തുന്നിടത്ത് ഉണ്ടാകുമെന്നാണ് വിശ്വാസം. അതിനാൽ ഈ സമയത്തെ ആരാധനയ്ക്ക് അതീവപ്രാധാന്യമുണ്ട്.

ദാരിദ്ര്യദു:ഖശമനം, കീർത്തി, ശത്രുനാശം, സന്താനം, രോഗശാന്തി, ആയുസ്സ്, ക്ഷേമം, ഐശ്വര്യം തുടങ്ങിയവ എല്ലാം മനുഷ്യർക്ക് പ്രദാനം ചെയ്യാൻ കഴിയുന്നവരാണ് ശിവപാർവതിമാർ. ഈ സമയത്ത് ഭഗവാനെയും ഭഗവതിയെയും വ്രതം നേറ്റ് പ്രീതിപ്പെടുത്തുന്നവർക്ക് സമ്പത്ത്, ഐശ്വര്യം, സന്താനസൗഖ്യം തുടങ്ങി എല്ലാവിധ ഭൗതിക അഭിവൃദ്ധിയും ലഭിക്കും. ആദിത്യദശാകാലത്ത് കഴിയുന്നവർ ഈ വ്രതം അനുഷ്ഠിക്കുന്നത് കൂടുതൽ ഐശ്വര്യപ്രദമായിരിക്കും. ജാതകത്തിൽ ഇഷ്ടദേവതയെ സൂചിപ്പിക്കുന്ന ഗ്രഹം ആദിത്യനായുള്ളവർ പതിവായി
പ്രദോഷവ്രതം നോൽക്കുന്നത് കൂടുതൽ ഫലപ്രദമാണ്.

പ്രദോഷ ദിവസം വ്രതം നോൽക്കാനും ക്ഷേത്ര ദർശനം നടത്താൻ കഴിയാത്തവരും വീട്ടിൽ വിളക്ക് തെളിയിച്ചു
ശിവ ഭഗവാനെ ഭജിക്കണം.

ശിവകാന്ത! ശംഭോ! ശശാങ്കാർദ്ധമൗലേ!
മഹേശാന! ശൂലിൻ! ജഡാജൂഡധാരിൻ
ത്വമേകോജഗദ്‌വ്യാപകോവിശ്വരൂപ! പ്രസീദ
പ്രസീദ പ്രഭോപൂർണ്ണരൂപ! ഓം നമ: ശിവായ

എന്ന ശിവസ്തുതി കാലത്തും വൈകിട്ടും കത്തിച്ചുവച്ച നിലവിളക്കിനുമുന്നിലിരുന്ന് 108 പ്രാവശ്യം ചൊല്ലണം. സർവ്വാഭീഷ്ടസിദ്ധി, ആയുർവർദ്ധന, സൽസന്താനലാഭം, അഭിവൃദ്ധി രോഗമുക്തി എന്നിവഫലം.
ശങ്കരധ്യാനപ്രകാരം കേൾക്കാം:

തരവത്ത് ശങ്കരനുണ്ണി, പാലക്കാട്: 9847118340

error: Content is protected !!
Exit mobile version