പ്രസവം കഴിഞ്ഞ് എന്ന് പൊങ്കാലയിടാം,പുല, വാലായ്മ, മാസാശുദ്ധി എത്ര ദിവസം ?
തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല ഇടുന്നതിന് എത്ര ദിവസം വ്രതം അനുഷ്ഠിക്കണം, പുലയും വാലായ്മയും
എത്ര ദിവസം പാലിക്കണം, ഗർഭിണികൾ പൊങ്കാല ഇടാമോ, പ്രസവശേഷം എപ്പോൾ പൊങ്കാല ഇടാം,
കറുത്ത വസ്ത്രം ധരിച്ച് പൊങ്കാല ഇടാമോ, ചെമ്പ് പാത്രത്തിലും സ്റ്റീൽ പാത്രത്തിലും പൊങ്കാല ഇടാമോ,
ഗ്യാസ് സ്റ്റൗവിൽ പൊങ്കാല ഇടാമോ തുടങ്ങി വിവിധ കാര്യങ്ങളിൽ ഒട്ടേറെ ഭക്തർ സംശയം ചോദിക്കാറുണ്ട്. അതിൽ ചിലതിനുള്ള മറുപടികൾ:
1
കാപ്പുകെട്ട് മുതലുള്ള 9 ദിവസമാണ് വ്രതം വേണ്ടത്. അതിന് കഴിയില്ലെങ്കിൽ 7 ദിവസമോ മൂന്നു ദിവസമോ വ്രതമെടുക്കണം. അതിനും പറ്റുന്നില്ലെങ്കിൽ തലേന്നെങ്കിലും വ്രതം വേണം. എന്തായാലും വ്രതം നോൽക്കാതെ പൊങ്കാലയിടരുത്. വ്രതനിഷ്ഠയോടെ സമർപ്പിക്കുന്ന പൊങ്കാലയാണ് പുണ്യകരം.
2
വ്രതദിനങ്ങളിൽ രാവിലെ കുളിച്ച് ക്ഷേത്രദർശനം നടത്തണം. സസ്യാഹാരം മാത്രമേ കഴിക്കാൻ പാടുള്ളൂ. മറ്റുള്ളവരെ കുറ്റം പറയരുത്. രാവിലെയും രാത്രിയും ഗോതമ്പോ പഴങ്ങളോ കഴിക്കാം. ഉച്ചക്ക് ഒരുനേരം അരിയാഹാരം. ബ്രഹ്മചര്യം വേണം. സദാ ആറ്റുകാൽ ദേവിയെ ധ്യാനിക്കണം. ആറ്റുകാൽ ഭഗവതിക്ക് നേരിട്ട് നിവേദ്യം സമർപ്പിക്കാൻ ഭക്തർക്ക് ഓരോ വർഷവും ലഭിക്കുന്ന ദിവസവുമാണിത്. ഈ വർഷത്തെ പൊങ്കാല ഫെബ്രുവരി 25 ഞായറാഴ്ച രാവിലെ 10:30 മണിക്കാണ്. നിവേദ്യം ഉച്ചയ്ക്ക് 3 : 30 മണിക്ക്.
3
പുല, വാലായ്മയുടെ കാര്യമാണെങ്കിൽ അടുത്ത ബന്ധുക്കള്‍ മരിച്ചാല്‍ ഒരു വര്‍ഷം ആറ്റുകാൽ പൊങ്കാല , വീട്ടില്‍ പറയിടുക, ശബരിമല ദര്‍ശനം എന്നിവയെല്ലാം ചിലര്‍ ഒഴിവാക്കാറുണ്ട്. എന്നാൽ 16 ദിവസത്തെ പുല കഴിഞ്ഞാല്‍ ക്ഷേത്ര സംബന്ധമായ എല്ലാ കാര്യങ്ങളിലും പങ്കെടുക്കാം. ശബരിമല ദര്‍ശനത്തിന് വ്രതധാരണം ആവശ്യമാണ്. ഇത് പാലിച്ച് ക്ഷേത്രദര്‍ശനം നടത്താം. കെട്ടുനിറച്ച് ദര്‍ശനം നടത്തണം. യാതൊരു ദോഷവുമില്ല. ശബരിമലയിലെ പൂജാരിമാര്‍ക്ക് പോലും പുല കഴിഞ്ഞാല്‍ ക്ഷേത്രത്തിലെ എല്ലാ ചടങ്ങുകളും നടത്താം. ഇക്കാര്യം ചിന്തിച്ചാല്‍ പൊങ്കാലയിടുന്നവർക്ക് പുല സംബന്ധിച്ച സംശയം നീങ്ങും. ദേവീദേവന്മാരെ വീട്ടിൽ എഴുന്നെള്ളിച്ച് സ്വീകരിക്കുന്നതും നിറപറ വച്ച് ക്ഷേത്ര വഴിപാടുകള്‍ നടത്തുന്നതും എല്ലാം 16 ദിവസം പുല കഴിഞ്ഞാല്‍ യാതൊരു തടസ്സവും ഇല്ലാതെ ചെയ്യാം. ആറ്റുകാൽ പോലുള്ള മഹാക്ഷേത്രങ്ങളില്‍ പൊങ്കാല അര്‍പ്പിക്കുന്നതിലും യാതൊരു ദോഷവും ഇല്ല. നമ്മുടെ പൊതുവിശ്വാസ പ്രകാരമുള്ള പുല ആചരിക്കണം എന്ന് മാത്രമേ ഉള്ളൂ.
4
സ്ത്രീകൾ മാസാശുദ്ധി എത്ര ദിവസം ആചരിക്കണം എന്നതിന് 12 ദിവസം കഴിഞ്ഞേ ദേവീക്ഷേത്രത്തിലും ശിവക്ഷേത്രത്തിലും കയറാവൂ എന്ന് ചിലയിടങ്ങളില്‍ ആചാരമുണ്ട്. എന്നാൽ 7 രാത്രി കഴിഞ്ഞ് കുളിക്കുന്നത് ആണ് ഏറ്റവും പ്രചാരത്തിലുള്ള രീതി. മൂന്ന് ദിവസം പൂര്‍ണ്ണമായും മാറിയിരിക്കലും 7-ാം ദിവസം കഴിയുന്നതു വരെ ക്ഷേത്ര പ്രവേശനം ഒഴിവാക്കലുമാണ് വേണ്ടത്. എന്തായാലും 12 ദിവസം ആവശ്യമില്ല. ശിവന്‍, ദേവി, തുടങ്ങി എല്ലാ ക്ഷേത്രങ്ങളിലും ഇതു തന്നെ മതി. സ്വന്തം മനസ്സിന്റെ ഉറപ്പും, വിശ്വാസവും അനുസരിച്ച് ചെയ്യുക. പക്ഷേ ഏഴ് ദിവസം കൊണ്ടും ശുദ്ധി വന്നില്ലെങ്കിൽ ശുദ്ധമാകുന്നതുവരെ കയറരുത്. അശുദ്ധി മാറി എന്ന് സ്വയം ഉറപ്പുവന്നാല്‍ കയറാം. ശരീരവും മനസ്സും ശുദ്ധമായിരിക്കുമ്പോഴേ കയറാവൂ എന്നര്‍ത്ഥം. ക്ഷേത്ര സംബന്ധമായ പൊതു സമ്പ്രദായമാണ് ഇവിടെ പറഞ്ഞത്. സ്വന്തം പ്രാര്‍ത്ഥനയ്ക്കും വിശ്വാസത്തിനും ഇതൊന്നും ബാധകമല്ല എന്ന് ഹരിനാമ കീര്‍ത്തനത്തില്‍ പറഞ്ഞിട്ടില്ലേ. മാസാശുദ്ധയായ പാഞ്ചാലിക്കാണ് ശ്രീകൃഷ്ണന്‍ വസ്ത്രം നല്കി വസ്ത്രാക്ഷേപത്തില്‍ നിന്നും രക്ഷിച്ചത് എന്നതും സ്മരണീയമാണ്.
5
പ്രസവം കഴിഞ്ഞ് കുഞ്ഞിന് ആറാം മാസം ചോറൂണ് നടത്തിയ ശേഷമേ അമ്മ ക്ഷേത്രദർശനം നടത്താൻ
പാടുള്ളൂ. അതുവരെ അവർക്ക് ക്ഷേത്രദർശനം നിഷിദ്ധമാതിനാൽ ചോറൂണ് വരെ അവർ പൊങ്കാല
ഇടാൻ പാടില്ല. ഗർഭിണികൾ ഏഴാംമാസം തുടങ്ങി കുഞ്ഞിന് ചോറു കൊടുക്കുന്നതു വരെയും ക്ഷേത്രത്തിൽ പ്രവേശിക്കാൻ പാടില്ല. പൊങ്കാലയും ഇടാൻ പാടില്ല.
6
വിധി പ്രകാരം മൺകലത്തിലാണ് പൊങ്കാല ഇടേണ്ടത്. മൺകലം എന്നു പറയുന്നത് പഞ്ചഭൂതത്തിൽ ഏറ്റവും പ്രധാനമായ ഭൂമിയെ പ്രതിനിധീകരിക്കുന്നു. സ്വർണ്ണപ്പാത്രം, വെള്ളിപ്പാത്രം, പിച്ചള, ചെമ്പ് പാത്രങ്ങളിലൊക്കെ നിവേദ്യം തയ്യാറാക്കാമെങ്കിലും മൺകലത്തിലെ പൊങ്കാലയ്ക്കു തന്നെയാണ് പ്രാധാന്യം കൂടുതൽ. നിത്യവും ക്ഷേത്രത്തിൽ പന്തീരടി പൂജയ്ക്ക് മൺകലത്തിൽ ഒരു നിവേദ്യം നിവേദിച്ചുവരുന്നു.
7
ആചാരപരമായി പൊങ്കാലയ്ക്ക് എല്ലാ വിറകും ഉപയോഗിക്കാന്‍ പാടില്ല. കല്പവൃക്ഷം ക്ഷീരവൃക്ഷം എന്നിവ കൊണ്ട് പൊങ്കാല അടുപ്പു കത്തിക്കണം എന്നാണ് വിധി. തെങ്ങ് കല്പവൃക്ഷമാണ്. അതിന്റെ ഏതു ഭാഗവും ഹോമങ്ങള്‍ പോലെയുള്ള ദൈവികമായ കാര്യങ്ങള്‍ക്ക് ഉപയോഗിക്കാം. തെങ്ങിന്റെ കൊതുമ്പ്, ചൂട്ട് എന്നിവയാണ് പരക്കെ ഉപയോഗിക്കുന്നത്. പ്ലാവിന്റെ ഉണങ്ങിയ കമ്പും ഉപയോഗിക്കാം. ക്ഷീരവൃക്ഷങ്ങളായ അത്തി, അരയാല്‍, പേരാല്‍ എന്നിവയും നല്ലതാണെങ്കിലും ദേവതാരുവാണ് ഏറ്റവും ശ്രേഷ്ഠം. ഇതാണ് അതിൻ്റെ ചിട്ട. പരമ്പരാഗതമായി ചെയ്യുന്നതും അതാണ്. മറ്റ് നിവർത്തി ഇല്ലെങ്കിൽ കഴിയുന്നതു പോലെ ശുദ്ധി വരുത്തി ചെയ്യുക.
8
കറുപ്പ്, നീല തുടങ്ങി ഏത് നിറത്തിലുള്ള വസ്ത്രവും പൊങ്കാല സമയത്ത് ധരിച്ചു എന്നു കരുതി കുഴപ്പം ഒന്നും ഇല്ല. നമുക്ക് തൃപ്തി തരുന്ന ഏത് വസ്ത്രവും ധരിക്കാം.
വസ്ത്രത്തിൻ്റെ നിറത്തിനൊന്നും പൊങ്കാലയിൽ ഒരു പ്രസക്തിയുമില്ല.
തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
+91 094-470-20655
Story Summary: Defilement caused by birth or death of a relative observation for Pongala and other Hindu rituals
Copyright 2024 Neramonline.com. All rights reserved