ബലിയിട്ട് പിതൃക്കളെ തൃപ്തരാക്കിയാൽ സന്താനസൗഭാഗ്യം, സാമ്പത്തികാഭിവൃദ്ധി
ബലിയിട്ടില്ലെങ്കിൽ എന്താണ് ദോഷമെന്ന് പലരും ചോദിക്കാറുണ്ട് . മതപരമായ വിശ്വാസമാണ്, ആചാരമാണ് ബലി. തലമുറകളായി പിൻതുടരുന്ന ഈ പുണ്യകർമ്മം യഥാർത്ഥ പൂർവിക സ്മരണയാണ്.
ഏറ്റവും കൂടുതൽ കടപ്പെട്ടിരിക്കുന്ന പൂർവികർക്കായി ഓർമ്മയിലൂടെ മാത്രമേ നമുക്ക് എന്തെങ്കിലും ചെയ്യാൻ കഴിയൂ. പൂർവ്വികരുടെ അനുഗ്രഹമില്ലെങ്കിൽ നമ്മുടെ ജീവിതം തന്നെ താളം തെറ്റും. ദുരിതങ്ങൾ ഒഴിയില്ല. എല്ലാക്കാര്യങ്ങൾക്കും തടസമുണ്ടാകും.
ശ്രാദ്ധവും ബലിതർപ്പണവും വിധി പ്രകാരം നടത്താത്ത വീടുകളിൽ പലതരം അനർത്ഥങ്ങളും സംഭവിക്കാറുണ്ട്. തറവാട് അന്യം നിൽക്കുക, സന്താനഭാഗ്യം ഇല്ലാതാകുക, കുടുംബാംഗങ്ങളിൽ ആർക്കെങ്കിലും വിഷാദമോ മനോരോഗങ്ങളോ ബാധിക്കുക തുടങ്ങി പലതും കാണാറുണ്ട്. ഇതിനെല്ലാം കാരണം ബലിയിടാത്തതാണെന്ന് പറയുന്നില്ല; പക്ഷേ, അതും ഒരു കാരണമാണ്.
ചുരുക്കിപ്പറഞ്ഞാൽ പിതൃകോപം കുലനാശം വരുത്തുമെന്നാണ് വിശ്വാസം. ഈ ദോഷം തീർത്ത് പിതൃപ്രീതി ലഭിക്കാന്‍ നാം ആണ്ടുതോറും മാതൃ – പിതൃ വർഗ്ഗത്തിലെ പിതൃക്കൾക്ക് ശ്രാദ്ധമൂട്ടുന്നു. അമാവാസിയാണ് പിതൃക്കളുടെ ദിനം. എല്ലാ അമാവാസിയിലും പിതൃതർപ്പണം ഗുണകരമാണ്. അത് പ്രായോഗികം അല്ലാത്തതിനാലാണ് എല്ലാ അമാവാസികളിലും ഏറെ ശ്രേഷ്ഠമായ കര്‍ക്കടക അമാവാസിക്ക് ആണ്ടു ബലിയിടുന്നത്. മനുഷ്യരുടെ ഒരു വർഷമാണ് പിതൃക്കളുടെ ഒരു ദിനം എന്ന വിശ്വാസവും ഇതിന് പിന്നിലുണ്ട്. ഇങ്ങനെ ആണ്ടുതോറും കർക്കടക അമാവാസിക്ക് ബലിയിടുമ്പോൾ പിതൃക്കൾക്ക് എല്ലാ ദിവസവും അന്നം ലഭിക്കും. അത് പിതൃപ്രീതിക്കും അവരുടെ അനുഗ്രഹത്തിനും വഴിയൊരുക്കും.
മോക്ഷം ലഭിക്കാത്ത പരേതാത്മക്കള്‍ ശാന്തിതേടി ഭൂമിയില്‍ എത്തുന്ന മാസം കൂടിയാണ് കര്‍ക്കടകം. അതിലുപരി ഈ ദിവസം നടത്തുന്ന പിതൃതര്‍പ്പണം ഒരു പിതൃവിന് വേണ്ടി മാത്രമല്ല എല്ലാ പൂര്‍വ്വികര്‍ക്കും വേണ്ടിയുള്ളതാണ്. കര്‍ക്കടക അമാവാസിക്ക് എള്ളും പൂവും ചന്ദനവും നീരില്‍ ചേര്‍ത്ത് പിണ്ഡമൂട്ടുന്നതിലൂടെ തൃപ്തരാകുന്ന പിതൃക്കളുടെ സന്തതി പരമ്പരകൾക്ക് സന്താനസൗഭാഗ്യം, സാമ്പത്തികാഭിവൃദ്ധി, കാര്യജയം, ദുരിത – ദോഷമുക്തി മന:സുഖം, അപമൃത്യുദോഷ മോചനം തുടങ്ങി എല്ലാം ലഭിക്കും. സന്തതി പരമ്പരകൾ സമർപ്പിക്കുന്ന ബലികർമ്മത്തിലൂടെ ജ്ഞാത , അജ്ഞാത പിതൃക്കൾക്ക് വിഷ്ണു സായൂജ്യം ലഭിക്കുന്നതായാണ് സങ്കല്‌പം. ഇത്തവണ കര്‍ക്കടകവാവ് ജൂലൈ 20 തിങ്കളാഴ്ചയാണ്.
ആണ്ടു ബലിയിൽ നിന്നും വ്യത്യസ്തമാണ് മരണാനന്തര കർമ്മങ്ങളുടെ ഭാഗമായ ശ്രാദ്ധം. ഒരു വ്യക്തി മരണമടഞ്ഞ് സംസ്‌കാരത്തെ തുടർന്ന് പിൻഗാമി ആയ വ്യക്തികൾ ബലിപ്പുര കെട്ടി നിഷ്ഠകൾ പാലിച്ച് പതിനാറാം നാൾ വരെ ബലിയിട്ട് ശ്രാദ്ധം നടത്തേണ്ടതാണ്. പതിനാറാം നാൾ പുലകുളി അടിയന്തിരം നടത്തുന്നതോടെ ശ്രാദ്ധകർമ്മങ്ങൾ പൂർത്തിയാകും. പരേതാത്മാക്കളെ ഉദ്ദേശിച്ചാണെങ്കിലും കുടുംബശുദ്ധി, സമുദായക്ഷേമം, ധർമ്മപ്രചോദനം എന്നിവയ്ക്ക് മുൻതൂക്കമുള്ളതാണ് ബലികർമ്മം.
അങ്ങനെയെങ്കിൽ പ്രേതം എന്നാൽ എന്താണ് ?
ആത്മാവ് ഉപേക്ഷിച്ച ജീവനെയാണ് പ്രേതം എന്നു പറയുന്നത്. പ്രേതം പല വിധം ഉണ്ട്. ഈ ശ്രാദ്ധകർമ്മത്തെ പ്രേതക്രിയ എന്നാണ് ശരിക്കും പറയുക. അന്നമയ കോശത്തോടൊപ്പം പ്രാണമയകോശവും നശിക്കുന്നു. പിന്നീട് മനോമയ കോശത്തിൽ സ്ഥിതി ചെയ്യുന്ന ജീവനെ പ്രേതലോകത്ത് നിന്നും പിതൃലോകം പ്രാപിക്കുവാൻ സഹായിക്കുന്ന കർമ്മങ്ങൾ ആണ് മരണാനന്തരം നടത്തുന്ന ശ്രാദ്ധ തർപ്പണ യജ്ഞ ദാനാദികർമ്മങ്ങൾ.
ടി.എസ് ഉണ്ണി , നാസിക് : +91 9847118340