Saturday, 23 Nov 2024

ഭക്തരക്ഷകന്‍ ചൊവ്വര ശാസ്താവ്;
മാര്‍ത്താണ്ഡവര്‍മ്മയെ രക്ഷിച്ച അത്ഭുത കഥ

പി. ഹരികൃഷ്ണൻ
തിരുവിതാംകൂറിന്റെ ശില്പിയും ചരിത്രനായകനുമായ അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിന്റെ ജീവൻ കാത്തു രക്ഷിച്ച ധർമ്മശാസ്താവ് വാണരുളുന്ന ദിവ്യസന്നിധിയാണ് തിരുവനന്തപുരം വിഴിഞ്ഞത്തിന് അടുത്തുള്ള ചൊവ്വര ശ്രീധര്‍മ്മശാസ്താ ക്ഷേത്രം. അറബിക്കടലോരം നെഞ്ചിലേറ്റുന്ന മനോഹരമായ ഒരു കുന്നിന്‍ പ്രദേശത്താണ് ചരിത്രത്തിന്റെ കുളമ്പടിയൊച്ച മുഴങ്ങുന്ന ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.

ജന്മിത്വം അവസാനിപ്പിച്ച് ചിതറിക്കിടന്ന മദ്ധ്യകേരളം വരെയുള്ള നാട്ടുരാജ്യങ്ങൾ ഒന്നിപ്പിക്കാൻ നടത്തിയ പടയോട്ടങ്ങൾ കാരണ അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിന് ധാരാളം ശത്രുക്കളുണ്ടായി. പക വീട്ടാൻ തക്കം പാർത്ത് കഴിഞ്ഞ
ഇവരെയെല്ലാം കബളിപ്പിച്ച് അനിഴം തിരുനാള്‍ ഓരോരോ സ്ഥലങ്ങളിൽ കഴിയുന്നതിനിടെ ചൊവ്വര മുര്യതോട്ടം തറവാട്ടിലെ ഇലങ്കത്തെ പൂജാമുറിയിലും അഭയം തേടിയത്രേ. വിവരം മണത്തറിഞ്ഞെത്തിയ പ്രതിയോഗികളായ എട്ടുവീട്ടില്‍ പിള്ളമാര്‍ മഹാരാജാവിനെ ചുട്ടുകൊല്ലാൻ തറവാട് തന്നെ അഗ്നിക്കിരയാക്കി. പക്ഷേ അത്ഭുതകരമായി രാജാവ് ഒളിച്ചിരുന്ന പൂജാമുറിയെ മാത്രം തീ വിഴുങ്ങിയില്ല. അവിടെ നിന്നും രക്ഷപ്പെട്ട വീര മാര്‍ത്താണ്ഡവര്‍മ്മ ജന്മിത്വം അവസാനിപ്പിച്ച് മദ്ധ്യകേരളം വരെ പലതായി ചിതറിക്കിടന്ന നാട്ടുരാജ്യങ്ങൾ ഒന്നിപ്പിച്ച് തിരുവിതാംകൂർ പടുത്തുയർത്തി. പിന്നീട് ശ്രീപത്മനാഭ ദാസനായി മാറി രാജ്യം ഭരണം നടത്തുമ്പോൾ നന്ദിസൂചകമായി തനിക്ക് അഭയം നല്‍കി രക്ഷിച്ച തറവാട്ടിലേക്ക് ദൂതരെ അയച്ച് കാരണവരേയും കാര്യസ്ഥനേയും കൊട്ടാരത്തിലേക്ക് വരുത്തി. ഒരു കുതിരപ്പുറത്ത് കയറിയാണ് അവർ രണ്ടും കൊട്ടാരത്തിലെത്തിയത്. രാജാവ് അവര്‍ക്ക് ധാരാളം പാരിതോഷികം സമ്മാനിച്ചു. ഒപ്പം ഒരു കുതിരയെക്കൂടി നല്‍കി ആദരിച്ചു. കുറച്ചുനാൾ കഴിഞ്ഞ് മഹാരാജാവ് മുര്യതോട്ടം തറവാട്ടിലെത്തി. താൻ ഒളിച്ച ആ പൂജാമുറി മാത്രം കത്താതിരുന്നതിന്റെ കാരണമാണ് രാജാവിന് അറിയേണ്ടിയിരുന്നത്. തറവാടു വകയായി ചൊവ്വരയില്‍ ഒരു ശാസ്താ ക്ഷേത്രമുണ്ടെന്നും കാട്ടിലൂടെ അവിടെ എത്തി നിത്യേന പൂജ നടത്താന്‍ ബുദ്ധിമുട്ടായതിനാല്‍ വീട്ടിലെ പൂജാമുറിയില്‍ വച്ച് ആരാധിക്കുകയാണെന്നും ആ ശാസ്താവിന്റെ ശക്തികൊണ്ടാണ് പൂജാമുറിക്ക് അഗ്നി സ്പർശമേക്കാതിരുതെന്നും കാരണവര്‍ പറഞ്ഞു. രാജാവ് ഉടൻ ക്ഷേത്രം കാണാന്‍ താല്‍പര്യം പ്രകടിപ്പിച്ചു. കാരണവര്‍ രാജാവിന് എഴുന്നെള്ളാന്‍ ഒരു പാത വെട്ടിത്തെളിച്ചു. രാജ പാത എന്നാണ് ഈ ഇടവഴി ഇന്നും അറിയപ്പെടുന്നത്. രജിസ്‌ട്രേഷന്‍ രേഖകളിലും ഈ പേരുണ്ട്.

ക്ഷേത്രം സന്ദര്‍ശിച്ച മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് കൗതുകത്തിന് ഒരു മത്സരം ഏര്‍പ്പെടുുത്തി. ചൊവ്വരയില്‍ നിന്ന് കുതിരപ്പുറത്തേറി താഴ്ചയുള്ള കടല്‍പ്പുറത്തേക്ക് ചാടാന്‍ തയാറുള്ള യോദ്ധാക്കൾ ആരെങ്കിലുമുണ്ടോ?, മഹാരാജാവ് ചോദിച്ചു. മുര്യതോട്ടം കുടുംബാംഗമായ ഒരു മാര്‍ത്താണ്ഡന്‍പിള്ള അതിന് തയ്യാറായി. കുതിരയുടെ രണ്ടുകണ്ണുകളും കൂട്ടിക്കെട്ടിയ ശേഷം അയാൾ അതിന്റെ പുറത്ത് കയറി താഴോട്ട് ചാടി. മാര്‍ത്താണ്ഡന്‍പിള്ളയും കുതിരയും തല്‍ക്ഷണം പരലോകം പ്രാപിച്ചു. അദ്ദേഹത്തിനോടുള്ള ആദരവ് കാട്ടാൻ രാജാവ് ധാരാളം പുരയിടവും, നിലവും മുര്യതോട്ടം കുടുംബത്തിന് കരം ഒഴിവായി പതിച്ചു നല്‍കി.

കുളച്ചല്‍ യുദ്ധകാലത്ത് കപ്പലില്‍ പോകുകയായിരുന്ന നാവിക സേനാംഗങ്ങള്‍ ചൊവ്വരക്ഷേത്രത്തിലെ ഉത്സവാഘോഷം കണ്ട് പടയൊരുക്കമായി കരുതി ക്ഷേത്രത്തിലേക്ക് വെടിവച്ച കഥയും ഇവിടെ പാട്ടാണ്. കൊല്ലവര്‍ഷം 852ല്‍ ക്ഷേത്രത്തില്‍ പുന: പ്രതിഷ്ഠയും കലശവും നടത്തിയതായി രേഖകള്‍ സമര്‍ത്ഥിക്കുന്നു. ക്ഷേത്രത്തിലെ ദൈനംദിന കാര്യങ്ങള്‍ നടത്താന്‍ ബുദ്ധിമുട്ടായപ്പോള്‍ മുര്യതോട്ടം തറവാട്ടിലെ കാരണവര്‍ ഗോവിന്ദപ്പിള്ള ക്ഷേത്രം അയ്യപ്പ സേവാസംഘത്തിന് കൈമാറി. ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ 18 പടികള്‍ പണിതിട്ടുണ്ട്. ശബരിമലയിലെ പതിനെട്ട് പടിയുടെ അളവിലാണ് ഇതിന്റെ നിര്‍മ്മാണം. ഇരുമുടിക്കെട്ടുമായി മാത്രമേ ഇതിലൂടെ ഭക്തർ കയറാറുള്ളൂ. ബുധന്‍, ശനി, മലയാളമാസം ഒന്നാം തിയതി, ഉത്രം, പൗര്‍ണമി, വൃശ്ചികം ഒന്നുമുതല്‍ മകരം ഒന്നുവരെ മാത്രമാണ് നടതുറന്ന് പൂജ. എല്ലാ ഉത്രം നാളിലും അന്നദാനമുണ്ട്. ശാസ്താവിന്റെ നടയില്‍ വന്ന് അന്നദാനം നടത്തുന്നത് ഏറ്റവും ഐശ്വര്യ പ്രദമാണ്. പ്രതിഷ്ഠാ ദിനമായ കുംഭത്തിലെ രോഹിണിക്ക് പതിനെട്ടാം പടിയില്‍ പടി പൂജയുണ്ട്. മണ്ഡല മകരവിളക്കുകാലത്ത് ധാരാളം ഭക്തജനങ്ങള്‍ ഇവിടെ വന്ന് പൂജ നടത്തി കെട്ടുനിറച്ച് ശബരിമലയ്ക്ക് പോകും. ശബരിമലക്കു പോകാന്‍ കഴിയാത്തവര്‍ കെട്ടുനിറച്ച് ഇവിടെ വന്ന് ദര്‍ശന പുണ്യം നേടാറുണ്ട്. എല്ലാമാസവും രണ്ടാം ശനിയാഴ്ച ഇവിടെ നടത്തുന്ന ശനീശ്വരപൂജയില്‍ പങ്കെടുക്കുന്നത് പുണ്യമാണ്. ഗണപതി, ദുര്‍ഗ, നാഗര്‍, മഹാദേവന്‍, ബ്രഹ്മര്‍ഷി എന്നിവരാണ് ഉപദേവതകള്‍. നെയ്യഭിഷേകം, അപ്പം, പായസം, അരവണ, നീരാജനം, വെടിവഴിപാട് എന്നിവയാണ് പ്രധാന വഴിപാടുകൾ . പൗര്‍ണമിക്കും ഐശ്വര്യ പൂജയ്ക്കും നാരങ്ങാവിളക്ക് നടത്താറുണ്ട്. തെക്കന്‍ ശബരിമല എന്നും ചൊവ്വര ക്ഷേത്രത്തെ വിളിക്കാറുണ്ട്. പുരുഷന്മാര്‍ക്കെന്നപോലെ സ്ത്രീകള്‍ക്കും ഇവിടെ ദര്‍ശനം നടത്താം. ഭക്തർക്ക് സദാ ഐശ്വര്യം നല്‍കുന്ന ഊര്‍ജസ്രോതസായി ചൊവ്വര ശാസ്താവ് വാണരുളുന്നു.

ഇപ്പോൾ ഇവിടെ മകര വിളക്ക് ഉത്സവം നടക്കുകയാണ് . 2023 ജനുവരി 6 ന് കാലത്ത് അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ കൊടിയേറ്റ് നടക്കും. ജനുവരി 8 ന് പേട്ട തുള്ളലും തിരുവാഭരണം ഘോഷയാത്ര നടക്കും. ജനുവരി 14 ന് മകരപ്പൊങ്കാല. അന്ന് വൈകിട്ട് 6:30ന് മകരവിളക്ക് നടക്കും. 15 നാണ് ചൊവ്വര ശ്രീധര്‍മ്മശാസ്താവിന്റെ ആറാട്ട്.

Story Summary: Chowara Sastha Temple: History, Offerings and Festivals


error: Content is protected !!
Exit mobile version