ഭക്തരെ കൈവെള്ളയിൽ കാത്തുസൂക്ഷിക്കും നരസിംഹ സ്വാമി
പി എം ബിനുകുമാർ
ദിവ്യാത്ഭുതങ്ങളുടെ കേദാരമാണ് തിരുവനന്തപുരം ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ നരസിംഹമൂർത്തി.
മൊത്തം നാൽപ്പത്തിനാല് സങ്കല്പങ്ങൾ നരസിംഹ സ്വാമിക്ക് ഉണ്ടെന്ന് പുരാണങ്ങളിലുണ്ട്. ഇതിൽ ഉഗ്രനരസിംഹ ഭാവമാണ് ശ്രീപത്മനാഭ ക്ഷേത്രത്തിൽ ഉള്ളത്. ഈ ക്ഷേത്രത്തിലെ ഏറ്റവും ശക്തിയേറിയ മൂർത്തിയാണ് നരസിംഹസ്വാമി. ഇതിന് ഉപോദ്ബലകമായി ഒട്ടേറെ സംഭവങ്ങൾ ക്ഷേത്ര ചരിത്രത്തിലുണ്ട്.
വർഷങ്ങൾക്ക് മുമ്പ് നരസിംഹസ്വാമിയുടെ പ്രതിഷ്ഠ നടക്കുമ്പോൾ അഗ്നിബാധ സംഭവിക്കാവുന്ന വിധത്തിൽ നരസിംഹ ഭഗവാന്റെ ശക്തി തീവ്രമായിരുന്നെന്നും പ്രതിഷ്ഠ കർമ്മം പൂർത്തിയാക്കാൻ ചില പ്രത്യേക കർമ്മങ്ങൾ വേണ്ടി വന്നു എന്നും ക്ഷേത്രരേഖകളിലുണ്ട്. നരസിംഹസ്വാമിയുടെ പ്രതിഷ്ഠയ്ക്ക് അഭിമുഖമായി ഭിത്തിയിൽ സമചതുരാകൃതിയിൽ കാണുന്ന ദ്വാരങ്ങൾ സ്വാമിയുടെ ശക്തി ശമിപ്പിക്കുന്നതിന് നിർമ്മിച്ചതാണ്.
ശ്രീ പത്മനാഭസ്വാമിക്ഷേത്രത്തിലെ മൂന്ന് പ്രധാന മൂർത്തികളിൽ ഒന്നാണ് നരസിംഹസ്വാമി. സാക്ഷാൽ ശ്രീപത്മനാഭനും തിരുവമ്പാടി കൃഷ്ണനുമാണ് മറ്റ് രണ്ട് മൂർത്തികൾ. ശീവേലിക്ക് ശ്രീപത്മനാഭനെ നരസിംഹസ്വാമി അനുഗമിക്കാറുണ്ട്. സ്വാമിയുടെ ഗരുഡവാഹനം ഇരിക്കുന്നത് ശ്രീപത്മനാഭസ്വാമിയുടെ ശ്രീകോവിലിലാണ്. ശത്രുക്കളുടെ ഉപദ്രവങ്ങളും ദൃഷ്ടിദോഷങ്ങളും കാരണം ക്ലേശിക്കുന്നവരുടെ അഭയസ്ഥാനമാണ് ഈ നരസിംഹമൂർത്തി സന്നിധി. യോഗ നരസിംഹമാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠയെന്ന് വിശ്വസിക്കുന്നവർ ധാരാളമുണ്ട്. രാമാവതാരത്തിനു മുമ്പ് അഗാധമായ യോഗനിദ്രയിൽ ശ്രീപത്മനാഭൻ മുഴുകിയതു പോലെ ഹിരണ്യകശിപുവിനെ വധിക്കാൻ അവതരിക്കുന്നതിന് മുമ്പ് നരസിംഹസ്വാമി യോഗനിദ്രയിൽ ആണ്ടെന്നാണ്
സങ്കല്പം. യോഗനിദ്രയിലായിരുന്നപ്പോഴും രൗദ്രരൂപി ആയിരുന്നു നരസിംഹസ്വാമി. യോഗിയുടെ രൂപത്തിലുള്ളതാണ് നരസിംഹസ്വാമിയുടെ പ്രതിഷ്ഠ.
ശ്രീപത്മനാഭ സന്നിധിയിലെ നരസിംഹമൂർത്തി തെക്കേടത്തു നരസിംഹസ്വാമി എന്ന് അറിയപ്പെടുന്നു. ശ്രീപത്മനാഭന്റെ തെക്കുഭാഗത്ത് പ്രതിഷ്ഠിച്ചിരിക്കുന്നതു കൊണ്ടാണ് തെക്കേടത്ത് നരസിംഹസ്വാമിയായത്. ശ്രീപത്മനാഭൻ അനന്തശായിയായി യോഗനിദ്രയിൽ പള്ളികൊള്ളുമ്പോൾ കിഴക്ക് ദർശനമായി വിഷ്ണുവിന്റെ നാലാമത്തെ അവതാരമായ നരസിംഹസ്വാമി ഇവിടെ കുടികൊള്ളുന്നു. പഞ്ചലോഹത്തിലുള്ളതാണ് വിഗ്രഹം. വെള്ളിയിൽ തീർത്ത ശീവേലി വിഗ്രഹം പ്രതിഷ്ഠയ്ക്ക് സമീപമുണ്ട്.
ക്ഷേത്ര ചരിത്രത്തിൽ ഈ മൂർത്തിയെ നരസിംഹാനന്ദ പെരുമാൾ എന്നാണ് വർണ്ണിക്കുന്നത്. രാത്രിയിൽ ക്ഷേത്രനട അടച്ചശേഷം ക്ഷേത്രജീവനക്കാർ പോലും നരസിംഹ മൂർത്തിയുടെ ശ്രീ കോവിലിന് സമീപം പോകാറില്ല. രൗദ്രഭാവത്തിലെ ഒരു സിംഹത്തിന്റെ സാന്നിദ്ധ്യം ശ്രീകോവിലിന്റെ പരിസരത്ത് പലർക്കും അനുഭവപ്പെട്ടിട്ടുണ്ട്. എന്നാൽ പ്രസാദിക്കപ്പെട്ടാൽ എന്തും തരുന്ന ഭഗവാനാണ് നരസിംഹസ്വാമി. സ്വാമിയുടെ കോപം ശമിപ്പിക്കാൻ പ്രതിമയുടെ വലതുഭാഗത്ത് എന്നും രാമായണപാരായണം നടത്താറുണ്ട്. നട തുറന്നിരിക്കുന്ന അവസരങ്ങളിലെല്ലാം രാമായണ പാരായണം ക്ഷേത്രാചാര ഭാഗമാണ്. അപൂർവം ചില പ്രത്യേക സന്ദർഭങ്ങളിൽ മാത്രമാണ് ഇത് ഒഴിവാക്കുക.
ഭക്തരെ മാത്രമല്ല മഹാരാജാക്കന്മാരെയും ഈ നരസിംഹ മൂർത്തി രക്ഷിച്ചിട്ടുണ്ട്. സ്വാതിതിരുനാൾ മഹാരാജാവിനെ വധിക്കാൻ വിഷം കലർത്തിയ തീർത്ഥം നരസിംഹസ്വാമി ക്ഷേത്രത്തിലെ നമ്പി മഹാരാജാവിന് നൽകിയത്രേ. നമ്പിയുടെ ഭാവവ്യത്യാസത്തിൽ ആപത്ത് മണത്തെങ്കിലും മഹാരാജാവ് തീർത്ഥം ഭക്തിയോടെ സേവിച്ചു. എന്നാൽ ഈ സമയത്ത് നമ്പി തലയിൽ കൈ വച്ച് പുറത്തേക്ക് ഓടി കുഴഞ്ഞുവീണു. പൊടുന്നനെ കഠിനമായ വിഷബാധയാൽ പുരോഹിതന്റെ ശരീരം നീലിച്ചു; അയാൾ അപ്പോൾതന്നെ മരിക്കുകയുമുണ്ടായി.
ഒരു ആറാട്ട് എഴുന്നള്ളത്തിനാണ് മറ്റൊരു സംഭവം ഉണ്ടായത്. ഘോഷയാത്രയുടെ മുമ്പിലുണ്ടായിരുന്ന മഹാരാജാവിനെ വധിക്കുകയെന്ന ഗൂഢലക്ഷ്യത്തോടെ ശത്രുക്കൾ ഒരു ആനയെ ഉപദ്രവിച്ച് മഹാരാജാവിന്റെ നേർക്ക് പായിച്ചു. തന്റെ നേരെ ചീറിവരുന്ന ആനയുടെ നേർക്ക് തീക്ഷ്ണ ദൃഷ്ടിയോടെ സ്വാതിതിരുനാൾ മഹാരാജാവ് നോക്കിയപ്പോൾ മുമ്പിലെത്തിയ ആന പൊടുന്നനെ നിന്നു. തല കുനിച്ച് തറയിലേക്ക് സാവധാനം ഇരുന്നു. നാക്ക് തള്ളി നഖങ്ങൾ കൂർപ്പിച്ച് ആക്രമണത്തിന് ഒരുങ്ങി നിൽക്കുന്ന ഒരു സിംഹത്തെ മഹാരാജാവിന്റെ തലക്ക് മുകളിൽ കണ്ടതിനാലാണ് ആന തല കുമ്പിട്ടതെന്നും ഭക്തർ വിശ്വസിക്കുന്നു. സിംഹം ആനയുടെ ശത്രുവാണല്ലോ. മഹാരാജാവിനെ രക്ഷിക്കാൻ നരസിംഹമൂർത്തി നേരിട്ട് അവതരിച്ചു എന്നാണ് വിശ്വാസം.
1934 ൽ ശ്രീ ചിത്തിരതിരുനാൾ മഹാരാജാവിന്റെ കാലത്ത് നടന്ന വൻ അഗ്‌നിബാധയിലും നരസിംഹമൂർത്തിയുടെ ശക്തി വിശേഷം തെളിയുന്നു. ക്ഷേത്രമാകമാനം അഗ്‌നി ആളിപ്പടർന്നു. ശാന്തിക്കാർ
വിഗ്രഹങ്ങളുമായി രക്ഷപ്പെടാൻ പരക്കം പാഞ്ഞു. ശ്രീരാമസ്വാമിയുടെ വിഗ്രഹം എടുക്കാൻ ശ്രീകോവിൽ നട തുറക്കാൻ ശാന്തിക്കാർ ശ്രമിക്കുമ്പോൾ അകത്തു നിന്നും ഒരശരീരി കേട്ടു. ഭയപ്പെടരുത് അഗ്‌നി ഇവിടെ എത്തുകയില്ല. ഉടൻ തന്നെ അഗ്‌നി നിയന്ത്രണത്തിലായി എന്നാണ് ഐതിഹ്യം.
ശത്രുദോഷ പരിഹാരത്തിന് ഏറ്റവും ഉത്തമം നരസിംഹ മൂർത്തിയെ ഭജിക്കുകയാണ്. അകാരണ ഭയം അകറ്റുന്നതിനും ദുരിത മോചനത്തിനും ദൃഷ്ടിദോഷ ശാന്തിക്കും ഉത്തമമാണ് നരസിംഹ മന്ത്ര ജപം. ഈ മന്ത്രം ജപിക്കാൻ ഏറ്റവും നല്ല സമയം ത്രിസന്ധ്യയാണ്. 3 തവണയെങ്കിലും നരസിംഹ മന്ത്രം ജപിക്കണം. ചോതി നക്ഷത്ര ദിവസം തെക്കേടത്ത് നരസിംഹ സ്വാമിയെയോ മറ്റ് നരസിംഹ ക്ഷേത്രങ്ങളിലോ ദർശനം നടത്തി നൃസിംഹ മന്ത്രത്താൽ അർച്ചന കഴിപ്പിച്ചാൽ കടം തീർന്ന് സാമ്പത്തിക അഭിവൃദ്ധി ലഭിക്കും. ഇത് 7 വ്യാഴാഴ്ച മുടങ്ങാതെ ചെയ്യുക. അവസാന ദിവസം പാൽ പായസം, നെയ് വിളക്ക്, ഹാരം എന്നിവ സമർപ്പിച്ചാൽ എല്ലാ ശത്രുദോഷവും തീരും. സഹസ്രനാമാർച്ചന, പാനകം, മുഴുക്കാപ്പ്, അഷ്‌ടോത്തരാർച്ചന, ക്ഷീരാഭിഷേകം, ത്രിമധുരം തുടങ്ങിയവയാണ് തെക്കേടത്തു നരസിംഹ സ്വാമിയുടെ ഇഷ്ടവഴിപാടുകൾ.
നരസിംഹമന്ത്രം
ഉഗ്രം വീരം മഹാവിഷ്ണും
ജ്വലന്തം സർവതോ മുഖം
നൃസിംഹം ഭീഷണം ഭദ്രം
മൃത്യു മൃത്യും നമാമ്യഹം
പി എം ബിനുകുമാർ, (+91) 944-769-4053