Saturday, 23 Nov 2024

ഭക്തിയുടെ നിറവില്‍ അമ്പലപ്പുഴ സംഘക്കാരുടെ ശീവേലി എഴുന്നള്ളത്ത്

ഭക്തി നിര്‍ഭരമായി സന്നിധാനത്ത് അമ്പലപ്പുഴ സംഘത്തിന്റെ ശീവേലി എഴുന്നള്ളത്ത്. ഞായറാഴ്ച വൈകിട്ട് അഞ്ച് മണിക്ക് മാളികപ്പുറം മണി മണ്ഡപത്തില്‍ നിന്നും സന്നിധാനത്തേയ്ക്കാണ് എഴുന്നള്ളത്ത് നടന്നത്. മണി മണ്ഡപത്തില്‍ നിന്നും മാളികപ്പുറം മേല്‍ശാന്തി പൂജിച്ച് നല്‍കിയ തിടമ്പ് ജീവതയില്‍ എഴുന്നള്ളിച്ചു വാദ്യമേളങ്ങളുടെ അകമ്പടിയോടെയായിരുന്നു എഴുന്നുള്ളത്ത്. പന്തളത്ത് നിന്നും തിരുവാഭരണത്തോടൊപ്പം വന്ന കൊടിക്കൂറ തിടമ്പിനൊപ്പം എഴുന്നള്ളിച്ചു. സ്വാമിമാരും മാളികപ്പുറങ്ങളും കര്‍പ്പൂരതാലം ഏന്തി എഴുന്നള്ളത്തില്‍ പങ്കെടുത്തു. എഴുന്നള്ളത്ത് പതിനെട്ടാം പടിക്കൽ എത്തിയപ്പോള്‍ പടി കഴുകി വൃത്തിയാക്കി പടിയില്‍ കര്‍പ്പൂരാരതി നടത്തി. തുടര്‍ന്ന് ക്ഷേത്ര പ്രദക്ഷിണം ചെയ്ത് മാളികപ്പുറത്ത് എത്തി ഇറക്കി എഴുന്നള്ളിച്ചു. മാളികപ്പുറത്തുനിന്നും തിരികെ എത്തി തിരുവാഭരണം ചാര്‍ത്തിയ അയ്യപ്പവിഗ്രഹം ദര്‍ശിച്ച് വിരിയില്‍ എത്തി കര്‍പ്പൂരാഴി പൂജ നടത്തിയതോടെ പത്ത് നാള്‍ നീളുന്ന അമ്പലപ്പുഴ സംഘത്തിന്റെ ശബരിമല തീര്‍ത്ഥാടനത്തിന് സമാപനമായി. മകരവിളക്ക് ദിവസം രാവിലെ നെയ്യഭിഷേകവും അത്താഴപൂജയ്ക്ക് മഹാനിവേദ്യവും നടത്തിയ ശേഷമാണ് ശീവേലി എഴുന്നള്ളത്ത് നടന്നത്. ഇരുമുടിക്കെട്ടില്‍ കൊണ്ടുവന്ന കാരഎള്ള്, ശര്‍ക്കര, നെയ്യ്, തേന്‍, കല്‍ക്കണ്ടം, മുന്തിരിഎന്നിവ ചേര്‍ത്തുണ്ടാക്കിയ എള്ളു പായസമാണ് ദേവന് നിവേദിച്ചത്. ജനുവരി ഏഴിനാണ് സംഘം അമ്പലപ്പുഴ ക്ഷേത്രത്തില്‍നിന്ന് യാത്ര തിരിച്ചത്. സമൂഹപ്പെരിയാന്‍ എന്‍.ഗോപാലകൃഷ്ണപിള്ള ചടങ്ങുകള്‍ക്ക് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. സംഘം പ്രസിഡന്റ് ആര്‍ ഗോപകുമാര്‍, സെക്രട്ടറി എന്‍ മാധവന്‍കുട്ടി തുടങ്ങിയവര്‍ നേതൃത്വം വഹിച്ചു.

error: Content is protected !!
Exit mobile version