Sunday, 24 Nov 2024

ഭക്തിയുടെ നിറവിൽ അയ്യപ്പസ്വാമിക്ക് തിരു ആറാട്ട് ;ശബരിമല പങ്കുനി ഉത്രം ഉൽസവത്തിന് കൊടിയിറങ്ങി

സുനിൽ അരുമാനൂർ
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ പങ്കുനി ഉത്രം മഹോൽസവത്തിന്റെ കൊടിയിറങ്ങി. ആറാട്ട് ഘോഷയാത്ര വൈകുന്നേരം പമ്പയിൽ നിന്ന് സന്നിധാനത്ത് തിരിച്ചെത്തിയ ഉടനാണ് കൊടിയിറക്കൽ ചടങ്ങ് നടന്നത്. ഉത്സവത്തിന്റെ പത്താംദിവസമായ പങ്കുനി ഉത്രത്തിന് രാവിലെ പതിവ് പൂജകൾക്കു ശേഷം ഒൻപത് മണിയോടെ ആറാട്ട് ഘോഷയാത്ര ശബരീശ സന്നിധിയിൽ നിന്ന് പമ്പയിലേക്ക് പുറപ്പെട്ടു. വെളിനല്ലൂർ മണികണ്ഠൻ്റെ ശിരസിലേറി 11 മണിയോടെ അയ്യപ്പസ്വാമി പമ്പയിൽ ആറാട്ടിന് എത്തിച്ചേർന്നു. തുടർന്ന് ആറാട്ട് കടവിൽ ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ ആറാട്ട് പൂജകൾ നടന്നു.12 മണിക്ക് പമ്പയിൽ തിരു ആറാട്ട് ശേഷം ദീപാരാധന നടന്നു. തുടർന്ന് അയ്യപ്പസ്വാമിയുടെ വിഗ്രഹം പമ്പാ ഗണപതി കോവിലിനു മുന്നിലായി പഴുക്കാ മണ്ഡപത്തിൽ ഭക്തർക്ക് ദർശനത്തിനായി ഇരുത്തുകയായിരുന്നു. ശേഷം ഭക്തർക്ക് പറയിടൽ നേർച്ച നടത്താനുള സൗകര്യം ഒരുക്കി നൽകി. ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ.കെ.അനന്തഗോപൻ, അംഗങ്ങളായ അഡ്വ.എസ്.എസ്. ജീവൻ കുമാർ, ജി.സുന്ദരേശൻ, ദേവസ്വം കമ്മീഷണർ ബി.എസ്.പ്രകാശ്, ശബരിമല സ്പെഷ്യൽ കമ്മീഷണർ മനോജ്, ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ എച്ച്. കൃഷ്ണ കുമാർ, ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശാന്തകുമാർ, പമ്പ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അയ്യപ്പൻ തുടങ്ങിയവർ അയ്യപ്പസ്വാമിയുടെ തിരുആറാട്ട് കാണാനായി പമ്പയിൽ എത്തിയിരുന്നു. രാത്രി ഹരിവരാസനം പാടി നട അടച്ചതോടെ 10 ദിവസം നീണ്ട ഉത്രം മഹോൽസവത്തിനും പരിസമാപ്തിയായി. മേടമാസ – വിഷു പൂജകൾക്കായി ശബരിമല ക്ഷേത്രനട ഏപ്രിൽ 11ന് വൈകുന്നേരം തുറക്കും. ഏപ്രിൽ19 ന് രാത്രിയാണ് നട അടയ്ക്കുക.

Story Summary: Sabarimala Temple Festival Thiruvarattu

error: Content is protected !!
Exit mobile version