Monday, 20 May 2024

ഭദ്രകാളീ മാഹാത്മ്യം വീട്ടിൽ സൂക്ഷിച്ചാൽ ഇതെല്ലാം ഫലം

അസ്ട്രോളജർ ഡോ. അനിതകുമാരി എസ്

ധർമ്മ ദേവത എന്നു പറഞ്ഞാൽ പരദേവത, കുടുംബ ദേവത എന്നെല്ലാമാണ് അർത്ഥം. ധർമ്മദൈവബന്ധം ഇല്ലാതാകുന്നത് കുടുംബത്തിനു തന്നെ ദോഷമുണ്ടാക്കും. ചിലപ്പോൾ വംശക്ഷയത്തിനു പോലും അത് കാരണമാകും. ദേവ ബന്ധം ഭൂമിയിൽത്തന്നെയാണ്. അത് ഒഴിവാക്കുക എളുപ്പമല്ല. ഒഴിവാക്കുന്നതിലും നല്ലത് ആചാരാനുഷ്ഠാനങ്ങളിലൂടെ അത് നിലനിർത്തുക ആണ്. നമ്മുടെ നാട്ടിലെ ഭൂരിപക്ഷം കുടുംബങ്ങളുടെയും ധർമ്മദൈവം ഭദ്രകാളിയാണ്. എന്നാൽ പലർക്കും തങ്ങളുടെ കുടുംബ ദേവതാ സ്ഥാനം എവിടെയാണ് എന്നും എങ്ങനെ കുടുംബദേവതാ ആരാധന നടത്തണം എന്നും അറിയില്ല. മൂലകുടുംബത്തിൽ നിന്നു വേർപെട്ട് വിവിധ ദേശങ്ങളിലും വിദേശത്തും കഴിയുന്നവർക്ക് വേണ്ട രീതിയിൽ പരദേവതാരാധന നടത്തുന്നതിനും കഴിയില്ല. അതിനാലാണ് ധർമ്മദൈവമായും ഇഷ്ട ദൈവമായും ഭദ്രകാളിയെ മിക്കവരും ആരാധിക്കുന്നത്.

ഏറ്റവും സുഗമമായ ഒന്നാണ് ഭദ്രകാളി ഉപാസന. അതിന് ചില കൃതികളും സ്തുതികളും നാമാവാലികളും പ്രചാരത്തിലുണ്ട്. അതിൽ ഒന്നാണ് ഭദ്രകാളീമാഹാത്മ്യം. ദാരുകവധം വിവരിക്കുന്ന ഭദ്രകാളീമാഹാത്മ്യം എന്ന പുണ്യചരിതം നിത്യവും ചൊല്ലുകയും കേൾക്കുകയും ചെയ്യുന്നവർക്ക് രോഗശാന്തി, പാപശാന്തി, വിദ്യ, ജ്ഞാനം, കീർത്തി, ഐശ്വര്യം, ആത്മസുഖം, സന്താനഭാഗ്യം തുടങ്ങി സർവ്വകാര്യങ്ങളും സിദ്ധിക്കും. എന്തിനേറെ, ഈ കൃതി കയ്യിൽ വയ്ക്കുന്നതും വീട്ടിൽ സൂക്ഷിക്കുന്നതും മംഗളകരമാണ്. വിശേഷിച്ചും സന്താനങ്ങൾ കാരണം സന്തോഷമുണ്ടാകുന്നതിനും വൈധവ്യം വരാതിരിക്കുന്നതിനും ഇത് പ്രയോജനപ്രദമാണെന്ന് ശിവഭഗവാൻ അനുഗ്രഹിച്ചിട്ടുണ്ട് എന്ന് വിശ്വസിക്കുന്നു. അങ്ങനെ എല്ലാം കൊണ്ടും ശ്രേഷ്ഠമായ ഭദ്രകാളീ മാഹാത്മ്യം ഭദ്രകാളിയെ ധർമ്മദേവത, ഇഷ്ടദേവത എന്നിങ്ങനെ കരുതി ആരാധിക്കുന്നവർക്ക് ദിവസവും പാരായണം ചെയ്യുന്നതിന് ഉത്തമമാണ്.

ഡോ. അനിതകുമാരി എസ് , അസ്ട്രോളജർ

(For Video Consultation with Dr. Anithakumari.S visit: www.astrog.in)

Story Summary: Benefits of keeping the sacred Bhadrakali Mahatmyam at home

error: Content is protected !!
Exit mobile version