Monday, 7 Oct 2024

ഭസ്മകുളത്തിൽ കുളിച്ച് നെയ്യഭിഷേകം;
പാപനാശിനിയായി ഉരക്കുഴി സ്നാനം

രണ്ടു വര്‍ഷത്തെ ഇടവേളക്ക് ശേഷം ശബരിമല സന്നിധാനത്തെ ഭസ്മക്കുളവും പാപമോക്ഷത്തിനുള്ള പുണ്യതീര്‍ത്ഥമെന്ന് കരുതുന്ന പാണ്ടിത്താവളത്തിന് സമീപമുള്ള ഉരക്കുഴി ജലപാതവും സജീവമായി. ധാരാളം ഭക്തജനങ്ങളാണ് സന്നിധാനത്ത് തൊഴുത് കഴിഞ്ഞശേഷം കുളിക്കാനും ആചാരത്തിന്റെ ഭാഗമായും ഭസ്മകുളത്തിലേക്ക് എത്തുന്നത്. പതിനെട്ടാംപടി കയറി അയ്യപ്പനെയും മാളികപ്പുറത്തമ്മയേയും തൊഴുതശേഷമാണ് ഭക്തര്‍ ഇവിടെ എത്തുക. സോപ്പോ എണ്ണയോ ഉപയോഗിക്കാതെ ഭസ്മക്കുളത്തില്‍ കുളിച്ച് തിരികെ പോയി നെയ്യഭിഷേകം നടത്തുന്നവര്‍ ഒട്ടേറെയാണ്.

സന്നിധാനത്ത് ശയനപ്രദക്ഷിണം നേര്‍ച്ചയുള്ളവരും ഭസ്മക്കുളത്തിലെ സ്‌നാനത്തിന് ശേഷം നേര്‍ച്ച നിര്‍വഹിക്കാൻ പോകുന്നു. ഭസ്മക്കുളത്തിലെ വെള്ളം ഓരോ മണിക്കൂര്‍ ഇടവിട്ട് മാറ്റി ശുദ്ധീകരിക്കാന്‍ സംവിധാനമൊരുക്കിയിട്ടുണ്ട്. കുളത്തിന് ചുറ്റിലുമായി ഉരല്‍കുഴിയില്‍ നിന്നുള്ള ശുദ്ധമായ തെളിവെള്ളം ഒഴുകിയെത്തുന്ന ഓവുചാല്‍ സംവിധാനവുമുണ്ട്.

ഓരോ മണിക്കൂര്‍ ഇടവിട്ടു കുളത്തിലെ വെള്ളം ഒഴുക്കിക്കളയുകയും ടാങ്കില്‍ നിന്ന് പുതിയ വെള്ളം നിറക്കുകയും ചെയ്യുന്നു. ശരീരമാസകലം ഭസ്മം പൂശി സ്‌നാനത്തിനായി എത്തുന്ന അയ്യപ്പഭക്തർ ഭസ്മ കുളത്തിലെ കാഴ്ചയാണ്. ഭക്തരില്‍ ചിലരെങ്കിലും വസ്ത്രങ്ങളും മറ്റും കുളത്തില്‍ ഉപേക്ഷിക്കുന്ന തെറ്റായ പ്രവണതയുണ്ടെന്നും ഇത് പൂര്‍ണമായും ഒഴിവാക്കണമെന്നും ഇവിടെ സുരക്ഷാ ജോലിയിലുള്ള പോലീസുകാര്‍ അഭ്യര്‍ഥിക്കുന്നു. ഒരേസമയം മൂന്ന് പൊലീസുകാരും അഞ്ച് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ജീവനക്കാരും ഇവിടെയുണ്ട്. കൂടാതെ അഞ്ച് ലൈഫ്‌ബോയ് ട്യൂബുകള്‍, 10 ലൈഫ് ജാക്കറ്റുകള്‍, സ്ട്രക്ചര്‍ എന്നിവയും സുരക്ഷക്കായി ഒരുക്കിയിട്ടുണ്ട്.

ഭസ്മക്കുളത്തില്‍നിന്ന് കുളിച്ചു വരുന്നവരെ കാത്ത് കുളത്തിന് ഇടതുവശം 81 – കാരനായ തമിഴ്‌നാട് സ്വദേശി കാത്തവരായന്‍ കാത്തുനില്‍പ്പുണ്ട്. കാത്തവരായന്‍ നല്‍കുന്ന ഭസ്മവും കുങ്കുമവും ചന്ദനവും കളഭവും പൂശി, കണ്ണാടി നോക്കി ക്ഷേത്രത്തിലേക്ക് മടങ്ങിപ്പോകുന്നവര്‍ ഭസ്മക്കുളത്തില്‍ നിന്നുള്ള ചേതോഹര കാഴ്ച്ചയാണ്. അയ്യപ്പന്റെ അനുഗ്രഹത്തിനായി മല ചവിട്ടുന്നവർക്ക് പാപമോക്ഷത്തിനുള്ള പുണ്യതീര്‍ത്ഥമായി ഉരക്കുഴി ജലപാതത്തെ കരുതുന്നു. പരമ്പരാഗത കാനനപാത വഴി സന്നിധാനത്ത് വരുന്നവര്‍ ഉരക്കുഴി ജലപാതത്തിൽ മുങ്ങിയതിന് ശേഷം ദര്‍ശനം നടത്തുക പതിവാണ്. മഹിഷീ നിഗ്രഹ ശേഷം അയ്യപ്പന്‍ ഈ കാനനതീര്‍ത്ഥത്തില്‍ മുങ്ങിക്കുളിച്ച് സന്നിധാനത്ത് എത്തിയെന്നാണ് വിശ്വാസം. ഇതിന്റെ ചുവട് പിടിച്ചാണ് ഭക്തര്‍ ഉരക്കുഴി വെള്ളച്ചാട്ടത്തില്‍ മുങ്ങിക്കുളിക്കുന്നത്.

പമ്പാനദിയുടെ കൈവഴിലെ കുമ്പളം തോട്ടില്‍നിന്നും പാറക്കെട്ടുകള്‍ക്കിടയിലൂടെ താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടത്തിന് കീഴെയാണ് ഉരക്കുഴി തീര്‍ത്ഥം. വെള്ളം സ്ഥിരമായി പതിച്ച പാറ ഉരല്‍പോലെ കുഴിയായെന്നും ഉരല്‍ക്കുഴി ലോപിച്ച് ഉരക്കുഴി ആയെന്നുമാണ് വിശ്വാസം. ഒരുസമയം ഒരാള്‍ക്ക് മാത്രമാണിവിടെ മുങ്ങിക്കുളിക്കാന്‍ കഴിയുക. ഉരല്‍ക്കുഴിയിലെ കുളി പാപനാശിനിയാണെന്ന് ഭക്തര്‍ കരുതുന്നു.

അയ്യപ്പദര്‍ശനത്തിന് മുന്‍പും ദര്‍ശനത്തിന് ശേഷവും ഇവിടെയത്തി മുങ്ങിക്കുളിച്ചാല്‍ പാപമോക്ഷം നേടുമെന്നാണ് വിശ്വാസം. ഉരക്കുഴി കാണാനും ഇവിടെ കുളിക്കാനുമായി നിരവധി ഭക്തരാണെത്തുന്നത്.

Story Summary: Significance of Bhasmakkulam at Shabarimala Snnidhanam and Urakkuzhi Thertham

error: Content is protected !!
Exit mobile version