ഭർത്തൃ നന്മയ്ക്കും സർവ്വഐശ്വര്യത്തിനും വട സാവിത്രി വ്രതം അനുഷ്ഠിക്കാം
ഭർത്തൃ നന്മക്കുവേണ്ടി മിഥുനമാസത്തിൽ സ്ത്രീകൾ അനുഷ്ഠിക്കുന്ന വിശേഷ വ്രതമാണ് വട സാവിത്രി വ്രതം. പാതിവ്രത്യത്തിന്റെ തപശക്തികൊണ്ട് സാക്ഷാൽ യമധർമ്മനിൽ നിന്നും ഭർത്താവ് സത്യവാന്റെ ജീവൻ രക്ഷിച്ച സാവിത്രിയുടെ ഓർമ്മ ഉണർത്തുന്ന വ്രതമാണ് ഇത്. ജ്യേഷ്ഠമാസത്തിലെ പൗർണ്ണമിയിലാണ് വ്രതം നോൽക്കുന്നത്. 2021 ജൂൺ 24 നാണ് വടസാവിത്രി വ്രതം. ദാമ്പത്യദുരിതങ്ങൾ ഒഴിവാക്കാൻ ഏറ്റവും അനുയോജ്യമായ വ്രതമായി ഇതിനെ വിശേഷിപ്പിക്കുന്നു. ഈ വ്രതം അനുഷ്ഠിക്കുന്ന സ്ത്രീകൾ തലേദിവസം മുതൽ മത്സ്യ- മാംസാദികൾ ഉപേക്ഷിച്ച് വ്രതനിഷ്ഠകൾ പാലിക്കണം. വ്രതദിവസം അതി രാവിലെ ഉണർന്ന് കുളികഴിഞ്ഞ് ശുദ്ധമായ കടുത്ത നിറമുള്ള വസ്ത്രം ധരിച്ച് സമീപത്തെ ആൽമരചുവട്ടിൽ ഇരുന്ന് വ്രതം അനുഷ്ഠിക്കണം എന്നാണ് വിധി. ഉത്തരേന്ത്യയിൽ വളരെ വിശേഷമാണ് വട സാവിത്രി വ്രതം. ആൽമര പരിസരം വൃത്തിയാക്കി ചന്ദനത്തിരി കത്തിച്ച് വച്ച ശേഷം ആലിന് ഏഴുവലംവച്ച് നമസ്‌കരിച്ച് പരുത്തിനൂൽ ഏഴ് ചുറ്റ് ചുറ്റിക്കെട്ടുകയും വേണം. തുടർന്ന് ആൽമരത്തിൽ കുങ്കുമം ചാർത്തുകയും അല്പം കുങ്കുമം ആൽമരച്ചുവട്ടിൽ അർപ്പിക്കുകയും വേണം. അതിനുശേഷം നിറഞ്ഞ ഈശ്വരചിന്തയോടെ പഴങ്ങൾ ആൽമരത്തിന് ചുവട്ടിൽ സമർപ്പിച്ച് ഭർത്താവിന്റെ ദോഷ ദുരിത ശാന്തിക്കും സർവ്വഐശ്വര്യങ്ങൾക്കുമായി പ്രാർത്ഥിക്കണം. അന്ന് പകൽ മുഴുവൻ ഈശ്വരനെ ധ്യാനിച്ച് കഴിയണം. ഉച്ചക്ക് അരിയാഹാരം കഴിക്കരുത്. പകരം പഴങ്ങളും ഫലങ്ങളും കഴിക്കാം. സന്ധ്യദീപം കണ്ടശേഷം സാധാരണ സസ്യാഹാരം കഴിക്കാം.
Story Summary: Significance of Vata Savitri Vrath