Sunday, 29 Sep 2024

മംഗല്യതടസം മാറാൻ ഉമാമഹേശ്വര പൂജ

വിവാഹ തടസം അകറ്റുന്നതിന് നടത്താവുന്ന അതിശക്തമായ കർമ്മമാണ് ഉമാമഹേശ്വര പൂജ. മഹേശ്വരനും ഉമയും ഇടംവലമിരിക്കുന്ന ക്ഷേത്രങ്ങളിൽ  ഈ പൂജ ചെയ്താൽ അതിവേഗം ഫലപ്രാപ്തിയുണ്ടാകും. വിവാഹ തടസം മാറ്റാൻ മാത്രമല്ല ദാമ്പത്യ കലഹം ഒഴിവാക്കാനും സന്തോഷകരമായ കുടുംബ ജീവിതത്തിനും ഉമാമഹേശ്വരപൂജയും ഉമാമഹേശ്വര വ്രതവും നല്ലതാണ്. ചിങ്ങമാസത്തിലെ പൗർണ്ണമി നാളിലാണ് ഉമാമഹേശ്വര വ്രതം. 

സെപ്തംബർ 14 ന് ആണ്  ഈ വർഷം ഉമാമഹേശ്വര വ്രതം.
നല്ല ദാമ്പത്യജീവിതം ആഗ്രഹിക്കുന്നവർ വർഷത്തിൽ ഒരു തവണയെങ്കിലും ഉമാമഹേശ്വരപൂജ നടത്തണമെന്ന് ആചാര്യന്മാർ പറയുന്നു. ഇതിലൂടെ ക്ഷുദ്രശക്തികളുടെയോ, ഗ്രഹദോഷങ്ങളുടെയോ ഫലമായി ദമ്പതികൾക്കിടയിലുണ്ടാകുന്ന അഭിപ്രായ ഭിന്നതയും കലഹവും മന:സംഘർഷവുമെല്ലാം പരിഹരിക്കപ്പെടും. രുദ്രസങ്കല്പത്തിൽ മഹേശ്വരനെയും അമ്മയായി ശ്രീപാർവ്വതിദേവിയെയും ആരാധിക്കുന്ന ഈ പൂജ ദമ്പതികൾക്ക് വിവേകവും ശാന്തിയും സമ്മാനിക്കുന്നതിനൊപ്പം അവരിൽ നിന്നും എല്ലാ കുഴപ്പങ്ങൾക്കും കാരണമായ കാമ ക്രോധ ലോഭ മോഹങ്ങളും  മദമാത്‌സര്യങ്ങളും  അകറ്റും. ഇതിനുവേണ്ടി ചിങ്ങമാസത്തിലെ പൗർണ്ണമി നാളിൽ ഉമാമഹേശ്വരവ്രതം അനുഷ്ഠിക്കുന്നത് പണ്ടു പണ്ടേയുള്ള പതിവാണ്. 

ഈ ദിവസം ഒരിക്കലുണ്ട് മറ്റ് സമയങ്ങളിൽ ഫലമൂലാദികൾ കഴിച്ച് സഹശയനം ഒഴിവാക്കി ശുദ്ധമായ മനസോടെ വ്രതമെടുക്കണം. അന്ന് വ്രതമെടുക്കാൻ കഴിയാത്തവർ ശിവനും ദേവിക്കും പ്രാധാന്യമുള്ള തിങ്കൾ, ചൊവ്വ, വെള്ളി, പൗർണ്ണമി ദിവസങ്ങളിൽ സൗകര്യപ്രദമായ ഒരു ദിവസം ഉമാമഹേശ്വര പൂജ നടത്തണം.

അഷ്ടദള പത്മത്തിലോ സ്വസ്തിക പത്മത്തിലോ ശിവനെയും പാർവതിയെയും പൂജിക്കുന്ന സമ്പ്രദായമാണ് ഉമാമഹേശ്വര പൂജ. പത്മത്തിൽ പട്ടുവസ്ത്രം കൊണ്ട് പീഠം തയ്യാറാക്കി ശിവനെ ആവാഹിച്ചു പൂജിക്കുന്നു; ശിവന്റെ മടിയിലായി പാർവതി ദേവിയെയും സങ്കല്പിച്ച് ആവാഹിച്ച് നിവേദ്യമർപ്പിച്ച് പൂജിക്കുന്നു. 
വിവാഹം, കാര്യസാദ്ധ്യം, ഐകമത്യം എന്നിവയ്ക്ക് 
ഉമാമഹേശ്വര പൂജ തുടർച്ചയായി 21 ദിവസം ചെയ്യാം. അല്ലെങ്കിൽ തിങ്കളാഴ്ച തോറും; അതിനും കഴിഞ്ഞില്ലെങ്കിൽ ജന്മ നക്ഷത്ര ദിവസം ചെയ്യാറുണ്ട്.

വിവാഹതടസ്സമോ, ദാമ്പത്യ പ്രശ്നമോ നേരിടുന്നവർ പൂജ നടത്തുമ്പോൾ നിർബന്ധമായും അതിൽ പങ്കെടുക്കുകയും പൂജയിൽ സമർപ്പിക്കുന്ന നിവേദ്യഭാഗം കഴിക്കുകയും വേണം. ഈ പൂജയ്ക്കൊപ്പം സ്വയംവര പുഷ്പാഞ്ജലി, ഐകമത്യസൂക്തം, ഭാഗ്യസൂക്തം, ജലധാര എന്നിവ നടന്നുന്നത് അതിവേഗം ഫലസിദ്ധിയേകും. ഗ്രഹദോഷങ്ങൾ, ശാപദോഷങ്ങൾ എന്നിവയാണ് ഉമാമഹേശ്വര പൂജയിലൂടെ പരിഹരിക്കപ്പെടുന്നത്. ഉമാമഹേശ്വര പൂജ ചെയ്യുന്നവർ ഇനി പറയുന്ന മന്ത്രങ്ങൾ പൂജാ സമയത്തും നിത്യവും  പ്രാർത്ഥിക്കുമ്പോഴും കഴിയുന്നത്ര ജപിക്കണം.

പതിശങ്കരമന്ത്രം
പാർവ്വതീശ മഹാദേവ
പതിം മേ ദേഹിശങ്കര
യുവാനം ധർമ്മനിരതം
ആയുഷ്മന്ത്രം യശസ്വിനം

ഇത് പതിശങ്കരമന്ത്രം ഇഷ്ടവിവാഹത്തിനും ദാമ്പത്യ ഭദ്രതയ്ക്കും നല്ലത്.

അശ്വാരൂഢമന്ത്രം
 ഓം ആം ഹ്രീം ക്രേം
ഏഹിയേഹി പരമേശ്വരീ സ്വാഹ

ഇത് അശ്വാരൂഢമന്ത്രം. ദാമ്പത്യ ഭദ്രതക്ക് ഉത്തമം.
ശിവപ്രധാനമായ സഹസ്രനാമം അഷ്‌ടോത്തരശതനാമാവലി സേ്താത്രങ്ങൾ എന്നിവയും ജപിക്കാം. ശിവമന്ത്രങ്ങളിൽ ഏറ്റവും പ്രധാനമായ ഓം നമ: ശിവായ മന്ത്രജപം കൊണ്ടും ഫലസിദ്ധിയുണ്ടാകും.

ഓം ഹ്രീം നമ:ശിവായ
ഓം നമോ നമ: ശിവായ
ജപിക്കുന്നതും ദാമ്പത്യ ക്ഷേമത്തിനും വിവാഹലബ്ധിക്കും നല്ലതാണ്.

– എം.എൻ.കുമാരൻ നമ്പൂതിരി+ 91 9447960502

error: Content is protected !!
Exit mobile version