Saturday, 23 Nov 2024

മംഗല്യഭാഗ്യത്തിന് സാരി സമര്‍പ്പണം; ശത്രുദോഷം മാറാൻ കുങ്കുമാഭിഷേകം

കണ്ണന്‍പോറ്റി
സര്‍വ്വാഭീഷ്ട പ്രദായിനിയായ, ആദിപരാശക്തിയായ ആറ്റുകാൽ ഭഗവതിക്ക് സാരി സമര്‍പ്പിച്ച് പ്രാർത്ഥിച്ചാൽ ഒരു വര്‍ഷത്തിനകം മംഗല്യ ഭാഗ്യം ലഭിക്കും. ശ്രീകോവിലിന് മുന്‍വശത്ത് പ്രധാന കവാടത്തിനടുത്ത് ഗോപുരത്തിന്റെ മുകളിലുള്ള ദേവി വിഗ്രഹത്തിൽ അണിയിക്കുന്നതിണ് സാരി സമര്‍പ്പിക്കുക. നേർച്ച നേർന്ന് വിവാഹ ശേഷമാണ് ചിലർ സമര്‍പ്പണം നടത്തുക.

10 രൂപയും സാരിയുമാണ് സമര്‍പ്പിക്കേണ്ടത്. ഇതും ബുക്കിംഗാണ്. രാവിലെ അഞ്ചുമണിമുതല്‍ ഓരോ മണിക്കൂര്‍ ഇടവിട്ട് സാരി മാറ്റി അണിയിക്കും. അവസാനം ഉടുപ്പിക്കുന്ന സാരി പിറ്റേദിവസം രാവിലെയാണ് മാറുന്നത്. ഈ സാരികൾ ലേലത്തിന് വയ്ക്കുമ്പോൾ ഒരോന്നും സ്വന്തമാക്കാൻ ഭക്തർ മത്സരിക്കുക പതിവാണ്. ഇത് സ്വന്തമാക്കുന്നവർ വീടുകളിൽ പൂജാമുറിയിൽ ദിവ്യമായി സൂക്ഷിക്കും.

ദീര്‍ഘമാംഗല്യത്തിന് താലിയും ചുവന്ന പട്ടും

ദീര്‍ഘമാംഗല്യത്തിന് സ്വർണ്ണത്താലി, ചുവന്ന പട്ടുസാരി എന്നിവ സമര്‍പ്പിക്കുന്നതാണ് ആറ്റുകാൽ ക്ഷേത്രത്തിലെ മറ്റൊരു സവിശേഷ വഴിപാടാണ്. മുൻപ് ഈ വഴിപാട് കൂടുതലായി നടത്തിയിരുന്നത് തമിഴ്‌നാട്ടിൽ നിന്നും തെക്കൻ പ്രദേശങ്ങളിൽ നിന്നും അമ്മയെ ദർശിക്കാൻ വരുന്നവരാണ്. ഫലസിദ്ധിയറിഞ്ഞ് ഇപ്പോൾ മറ്റുള്ളവരും ഇത് ധാരാളമായി നടത്താറുണ്ട്.

ശത്രുതാ ദോഷശാന്തിക്ക് കുങ്കുമാഭിഷേകം

മനശ്ശാന്തിക്കും ശത്രുതാദോഷങ്ങളിൽ നിന്നും മുക്തി നേടുന്നതിനും ആറ്റുകാൽ അമ്മയ്ക്ക് നടത്തുന്ന വഴിപാടാണ് കുങ്കുമാഭിഷേകം. രാവിലെ ഏഴുമണി കഴിഞ്ഞുള്ള ശ്രീബലിക്ക് ശേഷമാണ് കുങ്കുമാഭിഷേകം നടത്തുന്നത്. ശ്രീകോവിലിന് പുറത്ത് സോപാനത്തില്‍ അഭിഷേകപൂജയ്ക്ക് അഭിഷേക വിഗ്രഹം എടുത്തുവച്ച ശേഷം പഞ്ചഗവ്യ അഭിഷേകം നടത്തും. തുടര്‍ന്നാണ് കുങ്കുമാഭിഷേകം. രസീതെടുത്തും കുങ്കുമാഭിഷേകം നടത്താം. അഭിഷേകം ചെയ്ത കുങ്കുമപ്രസാദം എപ്പോള്‍ വേണമെങ്കിലും ലഭിക്കും.

ബാധാദോഷം അകലാൻ വെടിവഴിപാട്

ബാധാ ഉപദ്രവങ്ങളില്‍ നിന്നും രക്ഷനേടുന്നതിനാണ് ആറ്റുകാൽ അമ്മയ്ക്ക് വെടിവഴിപാട് നടത്തുന്നത്. ഓരോ ഭക്തരും ക്ഷേത്രത്തിലെത്തുമ്പോള്‍ അവരെ ചുറ്റിപ്പറ്റിയുള്ള ബാധകള്‍ ശുഭോർജ്ജം നിറഞ്ഞു നിൽക്കുന്ന ക്ഷേത്രത്തിന് പുറത്ത് നില്‍ക്കുമെന്നും തീയും ശബ്ദവും ഉപയോഗിച്ച് അവരെ ഒഴിവാക്കുന്നു എന്നുമുള്ള വിശ്വാസമാണ് വെടിവഴിപാടിന്റേത്. അന്തരീക്ഷശുദ്ധിക്ക് വേണ്ടിയും വെടിവഴിപാട് നടത്തുന്നുണ്ട്. ദേവീക്ഷേത്രങ്ങളില്‍ വെടിവഴിപാടിന് പ്രാധാന്യം കൂടുതലാണ്.

കണ്ണന്‍പോറ്റി, + 91 9995129618
(ആറ്റുകാൽ ഭഗവതി ക്ഷേത്രം മുന്‍ മേല്‍ ശാന്തി)

Story Summary: Attukal Temple : Sari and Thali offering for removing marriage Obstacles

error: Content is protected !!
Exit mobile version