Sunday, 22 Sep 2024

മംഗല്യ സിദ്ധിക്കും ദീർഘ ദാമ്പത്യത്തിനും കുറഞ്ഞത് 12 ദിവസം സോമവാരവ്രതം

ജ്യോതിഷാചാര്യൻ കെ. ദേവീദാസ്

മംഗല്യസിദ്ധിക്കും ദീർഘ ദാമ്പത്യത്തിനും ജാതകത്തിലെ വൈധവ്യദോഷ പരിഹാരത്തിനും ജാതകത്തിലെ ചന്ദ്രന്റെ ദോഷം അകറ്റുന്നതിനും ഏറ്റവും നല്ലതാണ് തിങ്കളാഴ്ചവ്രതം.
സൂര്യോദയത്തിന് ഒരു മണിക്കൂർ മുമ്പ് ഉണർന്ന് ദേഹശുദ്ധി വരുത്തി നല്ല വസ്ത്രം ധരിച്ച് ഭസ്മക്കൂറിയണിയണം. കടും നിറത്തിലുള്ള വസ്ത്രങ്ങൾ അണിയരുത്. കഴിയുമെങ്കിൽ രുദ്രാക്ഷം ധരിക്കണം. ശിവക്ഷേത്രദർശനവും പ്രദക്ഷിണവും നിവേദ്യവും പഞ്ചാക്ഷര മന്ത്രജപവും പകൽ മുഴുവൻ ഉപവാസവും വ്രതനിഷ്ഠയിൽ അത്യാവശ്യമാണ്. പകൽ ഉറങ്ങാതെ ശിവകഥകൾ വായിച്ച് കഴിയണം. സന്ധ്യക്ക് വീണ്ടും ശിവക്ഷേത്രദർശനവും പ്രദക്ഷിണവും വഴിപാടുകളും നടത്തണം.

ജാതകത്തിൽ ചന്ദ്രന് പക്ഷബലമുള്ളവർ, ചന്ദ്രദശാകാലത്ത് ഈ വ്രതം അനുഷ്ഠിക്കുകയാണ് എങ്കിൽ ദുർഗ്ഗാക്ഷേത്രദർശനം നടത്തണം. ദേവീമാഹാത്മ്യം പാരായണം ചെയ്യണം. വെളുത്ത പൂക്കൾക്കൊണ്ട് ദുർഗ്ഗാദേവിക്ക് അർച്ചന നടത്തണം. ജാതകത്തിൽ ചന്ദ്രന് പക്ഷബലമില്ലാത്തവർ ആ ദശാകാലത്ത് ഭദ്രകാളി ക്ഷേത്രദർശനമാണ് നടത്തേണ്ടത്. പൗർണ്ണമിയും തിങ്കളാഴ്ചയും ഒത്തുചേർന്നുവരുന്ന ദിവസം ദുർഗ്ഗാക്ഷേത്രദർശനവും അമാവാസിയും തിങ്കളാഴ്ചയും ഒത്തുചേർന്നു വരുന്ന ദിവസം ഭദ്രകാളി ക്ഷേത്രദർശനവും നടത്തുന്നത് ചന്ദ്രദോഷശാന്തിക്ക് ഉത്തമമാണ്.

മംഗല്യസിദ്ധിക്കും ദീർഘ ദാമ്പത്യത്തിനും ജാതകത്തിലെ വൈധവ്യ ദോഷ പരിഹാരത്തിനും തിങ്കളാഴ്ച വ്രതം അനുഷ്ഠിക്കുന്നവർ ഉമാമഹേശ്വര ക്ഷേത്രത്തിലാണ് ദർശനം നടത്തേണ്ടത്. അവിടെ സ്വയംവരാർച്ചന നടത്തുകയും സ്വയംവര പാർവ്വതി സ്‌തോത്രങ്ങൾ വ്രതകാലത്ത് ജപിക്കുകയും വേണം. ദോഷകാഠിന്യമനുസരിച്ച് 12,18, 41 തിങ്കളാഴ്ച ദിവസങ്ങളിൽ തുടർച്ചയായി ഈ വ്രതമനുഷ്ഠിക്കാം. രോഹിണി നക്ഷത്രവും തിങ്കളാഴ്ചയും ഒത്തുവരുന്ന ദിവസം ചന്ദ്രദോഷശാന്തി കർമ്മങ്ങളും സ്വയംവരപൂജയും നടത്തുന്നത് കൂടുതൽ ഫലപ്രാപ്തി നൽകും. സതീദേവിയുടെ ദേഹത്യാഗം മൂലം ആകെ തകർന്ന ശ്രീ പരമേശ്വരനെ ഭർത്താവായി കിട്ടാൻ പാർവ്വതി നടത്തിയ വ്രതത്തെ ഓർമ്മിപ്പിക്കുന്നതാണ് തിങ്കളാഴ്ചവ്രതം. സീമന്തിനിയുടെ വൈധവ്യം മാറിപ്പോയതും ഈ വ്രതാനുഷ്ഠാനം കൊണ്ടാണ്.

തിങ്കളാഴ്ചയും കറുത്തവാവും ഒത്തുവരുന്ന ദിവസം തിങ്കളാഴ്ച വ്രതമെടുക്കുന്നത് വളരെ നല്ലതാണ്. 2020 ഡിസംബർ 14 ന് , 1196 വൃശ്ചികം 29 തിങ്കളാഴ്ച അങ്ങനെ ഒത്തുവരുന്നുണ്ട്. ഈ ദിവസത്തിന് അമാസോമവാരം എന്നു പറയുന്നു. നല്ല ഭർത്താവിനെ കിട്ടാനും ചന്ദ്രദോഷമകലാനും ഭർത്താവിന്റെ ക്ഷേമത്തിനും ഈ ദിവസം തിങ്കളാഴ്ചവ്രതം നോൽക്കുന്നത് വളരെ നല്ലതാണ്.

ജ്യോതിഷാചാര്യൻ കെ. ദേവീദാസ്
+91 8848873088

error: Content is protected !!
Exit mobile version