Friday, 22 Nov 2024

മകരച്ചൊവ്വയ്ക്ക് ഈ സ്തുതി ജപിച്ചാൽ ആഗ്രഹങ്ങൾ നടക്കും

ജ്യോതിഷരത്നം ശ്രീജിത്ത് ശ്രീനി ശർമ്മ

ഭഗവതി ക്ഷേത്രങ്ങളിലെ സുപ്രധാന വിശേഷമായ മകരച്ചൊവ്വ 2023 ജനുവരി 17 നാണ്. മകര മാസത്തിലെ ആദ്യ ചൊവ്വാഴ്ചയാണ് മകരച്ചൊവ്വ ആഘോഷം. മാസത്തിലെ ആദ്യ ചൊവ്വാഴ്ചയെ മുപ്പട്ടു ചൊവ്വ എന്നാണ് പറയുന്നത്. മകര മാസത്തിലെ മുപ്പട്ടു ചൊവ്വ ഇത്തവണ സുബ്രഹ്മണ്യ പ്രധാനമായ തൈപ്പൂയ ദിവസം വരുന്നതിനാൽ ഏറെ ശ്രേഷ്ഠമായി കണക്കാക്കുന്നു.

ഭദ്രകാളീ ക്ഷേത്രങ്ങളിലാണ് മകരച്ചൊവ്വ അതിവിശേഷം. പ്രത്യേക പൂജകൾ, വിശേഷദീപാലങ്കാരം, പൂമൂടൽ, പൊങ്കാല, പുഷ്പാലങ്കാരം, വാദ്യകലാ പ്രകടനങ്ങൾ, ഉത്സവം എന്നിവയെല്ലാം മകരച്ചൊവ്വ ദിവസം പതിവാണ്. കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതീ ക്ഷേത്രത്തിലെ മകരച്ചൊവ്വ ആഘോഷം പ്രസിദ്ധമാണ്.

മകരച്ചൊവ്വ ദിനത്തിൽ ഭക്തിപൂർവം ഭദ്രകാളീ ദേവിയെ ഭജിച്ചാൽ അഭീഷ്ട സിദ്ധി ലഭിക്കും. ചൊവ്വാദോഷം കാരണം ക്ലേശങ്ങൾ അനുഭവിക്കുന്നവർ ഈ ദിവസം ഭദ്രകാളീദർശനം നടത്തി യഥാശക്തി വഴിപാടുകൾ കഴിക്കുന്നത് ദുരിത മോചനത്തിന് അത്യുത്തമമാണ്. രൗദ്രഭാവമാണെങ്കിലും ആശ്രിതർക്ക് എല്ലാ ജീവിത സൗഭാഗ്യങ്ങളും നൽകുന്ന മാതൃരൂപിണിയാണ് ഭദ്രകാളി.

ചൊവ്വ ഗ്രഹത്തിന്റെ ഉച്ചക്ഷേത്രമായതിനാൽ മകരം രാശിയിൽ ചൊവ്വ കൂടുതൽ ബലവാനാകും. അതിനാൽ ആണ് മകരമാസത്തിലെ മുപ്പട്ട് ചൊവ്വയ്ക്ക് അമിത പ്രാധാന്യം കൈവന്നത്. സുബ്രഹ്മണ്യനും ഭദ്രകാളിയുമാണ് ചൊവ്വയുടെ ദേവതകൾ. ജ്യോതിഷത്തിൽ യുഗ്മരാശി ഭദ്രകാളിയെയും ഓജരാശി സുബ്രഹ്മണ്യനെയും ചൊവ്വ കൊണ്ട് ചിന്തിക്കുന്നു.

യുഗ്മരാശിയായ മകരം ഭദ്രകാളി പ്രീതിക്ക് കൂടുതൽ നല്ല സമയമായതു കൊണ്ടാണ് മകരത്തിലെ മുപ്പട്ട് ചൊവ്വാഴ്ച ഭദ്രകാളി പ്രീതിക്ക് ഏറെ വിശേഷപ്പെട്ടതായത്. ഈ ദിവസം വിശേൽ പൂജകളും പ്രാർത്ഥനകളും നടത്തുന്നത് ഐശ്വര്യപ്രദവും ചൊവ്വാ ദോഷപരിഹാരപ്രദവുമാണ്.

കടബാധ്യത, രോഗം, കുടുംബ പ്രശ്നങ്ങൾ തുടങ്ങിയ ദുരിതങ്ങൾ നീങ്ങാനും കുടുംബൈശ്വര്യത്തിനും മകരച്ചൊവ്വ ദിവസം ഭദ്രകാളീ ക്ഷേത്രങ്ങളിൽ ദർശനം നടത്തി കടുംപായസ വഴിപാട് സമർപ്പണം നടത്തുന്നത് ഉത്തമാണെന്ന് വിശ്വാസമുണ്ട്. ഈ ദിവസം ലളിതാസഹസ്രനാമം ജപിക്കുന്നത് നല്ലതാണ്. ഭദ്രകാളിപ്പത്ത് ജപിച്ചു പ്രാർത്ഥിക്കുന്നത് ഇരട്ടി ഫലം നൽകും. ഭദ്രകാളീ ഭക്തർ ജപിക്കേണ്ട സവിശേഷ കാളീ സ്തോത്രമാണ് ഭദ്രകാളിപ്പത്ത്. പത്ത് ശ്ലോകങ്ങള്‍ ഉള്ള ഈ സ്തോത്രം വീട്ടിലും ക്ഷേത്രത്തിലും ഇരുന്നു ജപിക്കാം. ദേഹശുദ്ധിയോടെ നിലവിളക്കു കത്തിച്ചു വച്ചാണ് വീട്ടിൽ ജപിക്കുക. മകരച്ചൊവ്വ നാളിൽ ഇങ്ങനെ ചെയ്താൽ ദേവീ പ്രീതിയാൽ ഒരു ദുഷ്ട ശക്തിയും ദോഷവും ബാധിക്കില്ല. ജാതകത്തിൽ യുഗ്മരാശികളായ ഇടവം, കർക്കടകം, കന്നി, വൃശ്ചികം, മകരം, മീനം എന്നീ രാശികളിൽ ചൊവ്വ നില്ക്കുന്നവർ, ചൊവ്വ ദശാകാലം ഉള്ളവർ, അവിട്ടം, ചിത്തിര, മകയിരം നക്ഷത്രങ്ങളിൽ ജനിച്ചവർ തുടങ്ങിയവർ നിത്യവും ഭദ്രകാളി ഭഗവതിയെ ഭജിക്കേണ്ടത് അത്യാവശ്യമാണ്. അശ്വതി, മകം, മൂലം, പൂയം, അനിഴം, ഉത്തൃട്ടാതി, കാർത്തിക, ഉത്രം, ഉത്രാടം, നക്ഷത്രജാതർക്ക് ചൊവ്വ ശുഭകാരിയല്ല. ചന്ദ്രന് പക്ഷബലമില്ലാത്ത സമയത്ത് ജനിച്ച ഭരണി, പൂരാടം, പൂരം, ആയില്യം, തൃക്കേട്ട, രേവതി, പുണർതം, വിശാഖം, പൂരുരുട്ടാതി നക്ഷത്രക്കാർക്കും ചൊവ്വ അശുഭനാണ്. അതിനാൽ ഈ രണ്ടു കൂട്ടരും പതിവായി ഭദ്രകാളിയെ പതിവായി ഭജിക്കുകയും മകരച്ചൊവ്വ നാളിൽ ക്ഷേത്ര ദർശനവും വഴിപാടുകളും നടത്തുകയും വേണം.

ഭദ്രകാളിപ്പത്ത്
കണ്ഠേ കാളി മഹാകാളി
കാളനീരദവർണ്ണിനി
കാളകണ്ഠാത്മജാതേ ശ്രീ
ഭദ്രകാളീ നമോസ്തുതേ

ദാരുകാദി മഹാദുഷ്ട –
ദാനവൗഘനിഷൂദനേ
ദീനരക്ഷണദക്ഷേ ശ്രീ
ഭദ്രകാളീ നമോസ്തുതേ

ചരാചരജഗന്നാഥേ
ചന്ദ്ര, സൂര്യാഗ്നിലോചനേ
ചാമുണ്ഡേ ചണ്ഡമുണ്ഡേ ശ്രീ
ഭദ്രകാളീ നമോസ്തുതേ

മഹൈശ്വര്യപ്രദേ ദേവീ
മഹാത്രിപുരസുന്ദരി
മഹാവീര്യേ മഹേശീ ശ്രീ
ഭദ്രകാളീ നമോസ്തുതേ

സർവവ്യാധി പ്രശമനി
സർവമൃത്യുനിവാരണി
സർവമന്ത്രസ്വരൂപേ ശ്രീ
ഭദ്രകാളീ നമോസ്തുതേ

പുരുഷാർത്ഥപ്രദേ ദേവി
പുണ്യാപുണ്യഫലപ്രദേ
പരബ്രഹ്മസ്വരൂപേ ശ്രീ
ഭദ്രകാളീ നമോസ്തുതേ

ഭദ്രമൂർത്തേ ഭഗാരാദ്ധ്യേ
ഭക്തസൗഭാഗ്യദായികേ
ഭവസങ്കടനാശേ ശ്രീ
ഭദ്രകാളീ നമോസ്തുതേ

നിസ്തുലേ നിഷ്ക്കളേ നിത്യേ
നിരപായേ നിരാമയേ
നിത്യശുദ്ധേ നിർമ്മലേ ശ്രീ
ഭദ്രകാളീ നമോസ്തുതേ

പഞ്ചമി പഞ്ചഭൂതേശി
പഞ്ചസംഖ്യോപചാരിണി
പഞ്ചാശൽ പീഠരൂപേ ശ്രീ
ഭദ്രകാളീ നമോസ്തുതേ

കന്മഷാരണ്യദാവാഗ്നേ
ചിന്മയേ സന്മയേ ശിവേ
പത്മനാഭാഭിവന്ദ്യേ ശ്രീ
ഭദ്രകാളീ നമോസ്തുതേ

ഓം ശ്രീ ഭദ്രകാള്യൈ നമ:

ഭദ്രകാളിപ്പത്തു ഭക്ത്യാ
ഭദ്രാലയേ ജപേൽജവം
ഓതുവോർക്കും ശ്രവിപ്പോർക്കും
പ്രാപ്തമാം സർവ മംഗളം

ജ്യോതിഷരത്നം ശ്രീജിത്ത് ശ്രീനി ശർമ്മ,

+91 88020 00072

Story Summary : Importance of Makara Chowa and Recitation of Bhadrakali pathu

Copyright 2023 Neramonline.com. All rights reserved

error: Content is protected !!
Exit mobile version