Saturday, 23 Nov 2024

മകരവാവ് നോറ്റാൽ ആഗ്രഹ സാഫല്യം; സങ്കടങ്ങളകറ്റാൻ 18 അമാവാസി വ്രതം

ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ

പിതൃപ്രീതി നേടാൻ കർക്കടകത്തിലെ കറുത്തവാവ് പോലെ ഏറ്റവും ഗുണകരമായ ഒരു ദിവസമാണ് മകരമാസത്തിലെ കറുത്തവാവ്. 2024 ഫെബ്രുവരി 9 വെള്ളിയാഴ്ചയാണ് ഇത്തവണ മകര അമാവാസി. ഈ അമാവാസി അഥവാ കറുത്തവാവ് ദിവസം വ്രതമെടുത്ത് ബലിയാട്ടാൽ എല്ലാ പിതൃദോഷങ്ങളും ശമിക്കും. പാപമോചനം ലഭിക്കും. അതിലൂടെ അഭീഷ്ടസിദ്ധിയും കൈവരും. എല്ലാമാസവും അമാവാസി വ്രതമെടുക്കാന്‍ ഉത്തമമാണെങ്കിലും കര്‍ക്കടകം, തുലാം, മകരം, മേടം എന്നീ മാസങ്ങളിലെ കറുത്തവാവ് ഏറെ വിശേഷമാണ്. വാവിന്റെ അധിദേവത ചന്ദ്രനാണ്. കറുത്തവാവിന് സ്ഥിര കരണമായതിനാൽ ശുഭകർമ്മങ്ങൾക്ക് മുഹൂർത്തം എടുക്കില്ല. എന്നാൽ വെളുത്തവാവിന് വിഷ്ടി ഒഴികെയുള്ള എല്ലാ സമയവും ശുഭകർമ്മങ്ങൾക്ക് ഉത്തമമാണ്.

കര്‍ക്കടകമാസത്തിലെ അമാവാസി പോലെ തന്നെ പിതൃപ്രീതികരമായ കര്‍മ്മങ്ങള്‍ക്ക് മകരമാസത്തിലെ അമാവാസി ഉത്തമമായതിന് പ്രത്യേക കാരണമുണ്ടെന്ന് ആചാര്യന്മാർ പറയുന്നു. കര്‍ക്കടക അമാവാസിക്ക് നാം നമ്മുടെ പൂര്‍വ്വികരെ വരവേല്‍ക്കുകയും മകരത്തിലെ അമാവാസിക്ക് അവരെ യാത്രയാക്കുകയും ചെയ്യുന്നു എന്നാണ് സങ്കല്പം. അമാവാസിക്ക് പിതൃപ്രീതികരമായ കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുവാന്‍ കടല്‍ത്തീരവും പുഴയോരവുമാണ് ഉത്തമം. ഈ ദിവസം കടലിലും പുഴയിലും മുങ്ങി ശ്രാദ്ധകര്‍മ്മങ്ങള്‍ ചെയ്യുമ്പോള്‍ പൂര്‍വ്വികര്‍ എന്തെങ്കിലും പാപം ചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ക്ക് ചെയ്തുപോയ പാപകര്‍മ്മങ്ങളില്‍ നിന്ന് മുക്തി ലഭിക്കും. ഒപ്പം ശ്രാദ്ധകര്‍മ്മങ്ങള്‍ ചെയ്യുന്നവര്‍ക്ക് പിതൃദോഷനിവൃത്തിയും ഒപ്പം പിതൃപ്രീതിയിലൂടെ ദു:ഖ ദുരിതശാന്തിയും കൈവരും.

പിതൃക്കള്‍ക്ക് വേണ്ടി ചെയ്യുന്ന പ്രധാന കർമ്മങ്ങൾ ബലിയൂട്ടുക, തിലഹോമം നടത്തുക എന്നിവയാണ്. അന്നദാനം, പുരാണപാരായണം, നാമജപം, പ്രാര്‍ത്ഥന എന്നിവയും നല്ലതാണ്. തിരുനെല്ലി, തിരുനാവായ, ആലുവ, തിരുമുല്ലവാരം, വർക്കല, തിരുവല്ലം തുടങ്ങിയ പുണ്യതീര്‍ത്ഥഘട്ടങ്ങളില്‍ ദര്‍ശനം നടത്തി ദാനധര്‍മ്മങ്ങള്‍ ചെയ്യുന്നത് വിശേഷമാണ്. ബലിയിടാൻ വ്രതമെടുക്കുന്നവർക്ക് തലേന്ന് ഉച്ചയ്ക്ക് മാത്രം ഊണ് കഴിക്കാം. രാവിലെയും, വൈകിട്ടും മിതാഹാരം മാത്രം ഭക്ഷിക്കുക. മത്സ്യ മാംസാദികൾ, ലഹരി വസ്തുക്കൾ ഉപേക്ഷിച്ച് ബ്രഹ്മചര്യം പാലിക്കണം. ബലിതര്‍പ്പണം പറ്റിയില്ലെങ്കിൽ വ്രതം മാത്രം എടുക്കുന്നതും നല്ലതാണ്. നമ്മുടെ തലമുറയില്‍ ദുര്‍മൃതിയടഞ്ഞവര്‍ക്ക് വേണ്ടി മകര മാസത്തിലെ വ്രതധാരണം ഏറെ വിശേഷമാണ്. 18 അമാവാസി നാളില്‍ വ്രതം സ്വീകരിക്കുന്നവർ ദുരിത, ദുഖ മോചിതരാകും എന്നാണ് വിശ്വാസം. അവരുടെ പൂര്‍വ്വിക തലമുറയിലെ പിതൃക്കൾക്ക് മുഴുവനും മോക്ഷം
ലഭിക്കുകയും ചെയ്യും.

ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ

  • 91 9847575559

Story Summary : Benefits of observing Makara Vavu Vritham


error: Content is protected !!
Exit mobile version