മക്കളുടെ നന്മയ്ക്ക് സക്ന്ദഷഷ്ഠി പോലെ മുഖ്യം കുംഭത്തിലെ ശീതള ഷഷ്ഠി
മംഗള ഗൗരി
സുബ്രഹ്മണ്യ സ്വാമിക്ക് സുപ്രധാനമാണ് കുംഭത്തിലെ ശീതളഷഷ്ഠി. സ്കന്ദഷഷ്ഠി, കന്നിമാസത്തിലെ ഹലഷഷ്ഠി, വൃശ്ചികത്തിലെ സൂര്യഷഷ്ഠി ഇവ പേലെ ദിവ്യവും മാഹാത്മ്യമേറിയതുമാണ് ശീതള ഷഷ്ഠിയെന്ന് ആചാര്യന്മാർ പറയുന്നു. ഇത്തവണ 2024 ഫെബ്രുവരി 15 വ്യാഴാഴ്ചയാണിത്. ഉദ്ദിഷ്ടകാര്യസിദ്ധിക്കും സര്‍പ്പദോഷ ശാന്തിക്കും സന്താനലാഭം, സന്താനങ്ങളുടെ ശ്രേയസ്, രോഗനാശം, ദാമ്പത്യസൗഖ്യം, ചൊവ്വാ ദോഷശാന്തി, ത്വക് രോഗശമനം, ശത്രു ദോഷ മുക്തി എന്നിവയാണ് ഷഷ്ഠിവ്രതാനുഷ്ഠാനത്തിന്റെ പൊതു ഫലങ്ങള്‍. സന്തതികളുടെ ശ്രേയസ്സിനുവേണ്ടി മാതാപിതാക്കള്‍ ഷഷ്ഠിവ്രതം അനുഷ്ഠിക്കുന്നത് ഏറ്റവും ഉത്തമമാണ്.
വെളുത്തപക്ഷ ഷഷ്ഠിയിലാണ് വ്രതമെടുക്കേണ്ടത്. ചൊവ്വയുടെ ദേവതയാണ് സുബ്രഹ്മണ്യ ഭഗവാൻ. ചൊവ്വാ ദോഷ പരിഹാരത്തിന് ഷഷ്ഠി വ്രതം നോൽക്കുന്നത് അതിനാലാണ്. സാധാരണ ഷഷ്ഠിയുടെ തലേന്ന് പഞ്ചമിനാൾ ഒരു നേരം മാത്രം ഭക്ഷണം കഴിച്ച് സുബ്രഹ്മണ്യ ഭജനവുമായി കഴിയണം. ഷഷ്ഠി ദിവസം രാവിലെ കുളി കഴിഞ്ഞ് സുബ്രഹ്മണ്യ ക്ഷേത്ര ദർശനം നടത്തി സ്‌തോത്രങ്ങൾ പാരായണം ചെയ്ത് ഉച്ച പൂജയുടെ നിവേദ്യം കഴിച്ച് അന്നു വൈകുന്നേരം ഫലങ്ങളോ മറ്റോ കഴിക്കുക. സപ്തമി ദിവസം രാവിലെ കുളി കഴിഞ്ഞ് അടുത്തുള്ള ക്ഷേത്രത്തിൽ ദർശനം നടത്തി തീർത്ഥം സേവിച്ച ശേഷം ആഹാരം കഴിക്കാം. ആരോഗ്യപ്രശ്‌നം ഉള്ളവർ അതിനനുസരിച്ച രീതിയിൽ വ്രതമെടുക്കുക. പുല, വാലായ്മ ഉള്ള സമയങ്ങളിൽ വ്രതം അനുഷ്ഠിക്കാൻ പാടില്ല. വ്രതം മുടങ്ങുന്നത് മന:പൂർവ്വമല്ലെങ്കിൽ തുടർന്നെടുക്കാം. അല്ലെങ്കിൽ ആദ്യം മുതലെടുക്കണം. ഷഷ്ഠിദേവിയുടെ സ്‌തോത്രം നിത്യവും പാരായണം ചെയ്യണം. പുല വാലായ്മ സമയത്ത് സ്മരിക്കുകയേ പാടുള്ളൂ.
വ്രതമെടുക്കുന്നവർ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ വഴിപാടുകള്‍ നടത്തുന്നത് നല്ലതാണ്. അഭിഷേകമാണ് സുബ്രഹ്മണ്യന് ഏറ്റവും പ്രിയങ്കരമായ വഴിപാട്. പാല്‍, പനിനീര്‍, എണ്ണ, നെയ്യ്, തൈര്, പഞ്ചാമൃതം, ഇളനീര്‍, ഭസ്മം എന്നിവ കൊണ്ടാണ് സാധാരണ അഭിഷേകം നടത്തുന്നത്. പഴം, കല്‍ക്കണ്ടം, നെയ്, ശര്‍ക്കര, മുന്തിരി എന്നിവ ചേര്‍ത്തുണ്ടാക്കുന്ന വിശിഷ്ട നിവേദ്യമാണ് പഞ്ചാമൃതം. ആഗ്രഹസാഫല്യമാണ് പഞ്ചാമൃതാഭിഷേകത്തിന്റെ ഫലം. പനിനീര്‍ കൊണ്ട് അഭിഷേകം നടത്തിയാല്‍ മനഃസുഖം, പാല്‍, നെയ്യ്, ഇളനീര്‍ എന്നിവകൊണ്ട് അഭിഷേകം നടത്തിയാല്‍ ശരീരസുഖം, എണ്ണ കൊണ്ട് അഭിഷേകം നടത്തിയാല്‍ രോഗനാശം, ഭസ്മം കൊണ്ട് അഭിഷേകം നടത്തിയാല്‍ പാപനാശം, തൈര് കൊണ്ട് അഭിഷേകം നടത്തിയാല്‍ സന്താനലാഭം എന്നിവയാണ് ഫലം. അഗ്‌നിസ്വരൂപനാണ് കുജന്‍. അതുകൊണ്ടു സുബ്രഹ്മണ്യക്ഷേത്രത്തില്‍ ദീപം തെളിക്കുക, എണ്ണസമര്‍പ്പിക്കുക, നെയ്‌വിളക്ക് നടത്തുക മുതലായവ കുജദോഷ പരിഹാരത്തിനുള്ള ഉത്തമ മാര്‍ഗ്ഗമാണ്.
ഷഷ്ഠി ദിവസം ക്ഷേത്രദർശനം നടത്തി മുരുക മന്ത്രങ്ങൾ ജപിച്ചാൽ ചൊവ്വാദോഷ ശാന്തി ലഭിക്കും. പ്രത്യേകിച്ച് ജാതകത്തില്‍ ചൊവ്വയുടെ സ്ഥാനം മേടം, മിഥുനം, ചിങ്ങം, തുലാം, ധനു, കുംഭം എന്നീ രാശികളില്‍ നില്‍ക്കുന്നവര്‍ക്കും, ലഗ്നം രണ്ടിലോ ഏഴിലോ എട്ടിലോ നില്‍ക്കുന്നവര്‍ക്കും, മകയിരം, ചിത്തിര, അവിട്ടം നക്ഷത്രക്കാരും ഷഷ്ഠിവ്രതമെടുത്ത് സുബ്രഹ്മണ്യ പ്രീതി വരുത്തേണ്ടത് അനിവാര്യമാണ്.
Summary: Importance of Sheethala Shashi on Kumbha Masam
Copyright 2024 Neramonline.com. All rights reserved