മണ്ടയ്ക്കാട്ട് മണ്ടയപ്പം സമർപ്പിച്ചാൽ ദുരിതങ്ങളെല്ലാം അകന്നു മാറും
ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ
സ്ത്രീകളുടെ ശബരിമല എന്ന് പ്രസിദ്ധമായ പഴയ തെക്കൻ തിരുവിതാംകൂറിലെ മണ്ടയ്ക്കാട്ടമ്മൻ ക്ഷേത്രത്തിൽ ഈ വർഷത്തെ കൊടൈ മഹോത്സവത്തിന് തുടക്കമായി. എല്ലാ വർഷവും കുംഭത്തിലെ അവസാന ചൊവ്വാഴ്ചയാണ് മണ്ടയ്ക്കാട്ട് കൊട. 3.5 മീറ്റർ ഉയരമുള്ള ഒരു മൺപുറ്റാണ് ഇവിടെ പാർവതി ദേവീ സങ്കല്പത്തിൽ ആരാധിക്കുന്നത്. കൊടുങ്ങല്ലൂരമ്മയാണ് മണ്ടയ്ക്കാട്ട് വാഴുന്നതെന്ന് വിശ്വസിക്കുന്നു.
നാല്പത്തിയൊന്ന് ദിവസം വ്രതമെടുത്ത് ഇരുമുടിക്കെട്ടും ശരണം വിളിയുമായി സ്ത്രീകൾ ഉൾപ്പെടെയുള്ള ഭക്തർ എത്തുന്ന സന്നിധിയായതിനാലാണ് മണ്ടയ്ക്കാട് ക്ഷേത്രം സ്ത്രീകളുടെ ശബരിമല എന്ന പേരിൽ പ്രസിദ്ധമായത്. സ്വയം ഭൂദേവിയാണ് ചിതൽപ്പുറ്റ് ; കുംഭച്ചൂടിൽ പുറ്റിൽ ഉണ്ടാകുന്ന വിള്ളൽ ചന്ദനം നിറച്ച് നികത്തും. ഇതാണ് കൊട മഹോത്സവം. ഇതിനായി ഭക്തർ ആഘോഷമായി കളഭം എഴുന്നള്ളിക്കും.
10 ദിവസം നീളുന്ന മഹോത്സവം കുംഭ മാസത്തിലെ ഒടുവിലത്തെ ചൊവ്വാഴ്ച അവസാനിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. തമിഴ് കലണ്ടർ പ്രകാരം മാസി മാസത്തിലെ അവസാന ചൊവ്വാഴ്ച വരും. കൊടിയേറ്റോടെ തുടങ്ങുന്ന ഉത്സവം കൊടൈ എന്നാണ് പ്രസിദ്ധം. തമിഴ്നാട്, കേരളം എന്നിവിടങ്ങളിൽ നിന്നുമുള്ള ആയിരക്കണക്കിന് ഭക്തരാണ് ഈ ചടങ്ങിൽ പങ്കെടുക്കുന്നത്. 2022 മാർച്ച് 8 നാണ് കൊടൈ. 2022 മാർച്ച് നാലിന് മഹാപൂജ നടക്കും. മാർച്ച് എട്ടിന് വലിയ ചക്രതീവെട്ടി ഘോഷയാത്ര നടക്കും ക്ഷേത്രത്തിനു ചുറ്റും ദേവനെ എഴുന്നള്ളിക്കുന്ന ചടങ്ങ് ഇതിൽ ഉൾപ്പെടുന്നു.
കന്യാകുമാരി കുളച്ചലിനടുത്ത് അറബിക്കടലോരത്താണ് മണ്ടയ്ക്കാട് അമ്മന്‍കോവില്‍. കടല്‍ക്കരയിലെ മന്തക്കാട് എന്നറിയപ്പെട്ട പുല്‍മേടാണ് മണ്ടയ്ക്കാടായി മാറിയതെന്ന് സ്ഥലപുരാണം. കന്നുകാലികളെ മേച്ചിരുന്ന ഇവിടെ ഒരു കന്നുകാലി ചന്തയുണ്ടായി. കാലികളെ വാങ്ങാന്‍ വിദൂരങ്ങളിൽ നിന്നു വരെ ആളുകള്‍ എത്തി. ഇടയന്മാരും കച്ചവടക്കാരുമായ അവര്‍ പനംകായ പെറുക്കിയെടുത്ത് കട്ടയടി കളിക്കുമായിരുന്നു. ഒരിക്കല്‍ ഇതിനിടെ പനംകായ അവിടെയുണ്ടായിരുന്ന മണ്‍പുറ്റില്‍ തട്ടി രക്തമൊഴുകി. അത്ഭുത പരതന്ത്രരായ നാട്ടുകാർ വിവരാ മന്തക്കാടിന്റെ ഉടമയെ അറിയിച്ചു. അക്കൂട്ടത്തില്‍ ഒരു ദിവ്യൻ ദേവീയുടെ പ്രതിരൂപമാണ് രക്തം ഒഴുകുന്ന പുറ്റെന്നും മുറിഞ്ഞഭാഗത്ത് ചന്ദനമരച്ച് മൂടിയാല്‍ രക്തസ്രാവം നിലയ്ക്കുമെന്നും അരുളിചെയ്തു. താന്‍ ദേവിയുടെ ഭൂതമാണന്നും അയാള്‍ തുള്ളിപ്പറഞ്ഞു. ചന്ദനമരച്ച് മുറിവ് അടച്ചതോടെ രക്തസ്രാവം നിലച്ചു.
പ്രശ്‌നവശാല്‍ ദേവിയുടെ ചൈതന്യവും കണ്ടു. മണ്‍പുറ്റ് നനയാതിരിക്കാന്‍ വസ്തു ഉടമ ഓലപ്പുരകെട്ടി അമ്പലവാസികളായ ‘കുരിക്കന്മാരെ’ പൂജാദി കര്‍മങ്ങള്‍ക്ക് ചുമതലപ്പെടുത്തി. ഈ നാട്ടുകാരനായ വേലുത്തമ്പി, ദളവയായപ്പോള്‍ ക്ഷേത്രം തിരുവിതാംകൂര്‍ സര്‍ക്കാരില്‍ ഏറ്റെടുത്തു. ഇപ്പോള്‍ കന്യാകുമാരി ദേവസ്വംബോര്‍ഡിനു കീഴിലാണ്. ക്ഷേത്രത്തിലെ ദൈവജ്ഞന്മാരായ ഇരുമ്പിലി ആശാന്മാരാണ് മണ്ടയ്ക്കാട്ടേക്കുള്ള പടിത്തരവും ആട്ടവിശേഷങ്ങളും നിര്‍ദേശിക്കുന്നത്. ദേവിയുടെ പരിചാരകരായ ഭൂതങ്ങളെ പ്രീതിപ്പെടുത്താനായി വര്‍ഷത്തിലൊരു കൊടയും വലിയപടുക്കയും ആശാന്മാര്‍ നിര്‍ദ്ദേശിച്ചു. അതാണ് മണ്ടക്കാട്ടുകൊട. കൊടയെന്നാല്‍ കോടുക്കല്‍ എന്ന് അര്‍ത്ഥം.
കൊടയ്ക്ക് 10 ദിവസം മുമ്പ് വരുന്ന ഞായറാഴ്ച ഉത്സവത്തിന് കൊടിയേറും. കൊടയുടെ മുമ്പത്തെ തിങ്കളാഴ്ചയാണ് വലിയ പടുക്ക. മലര്‍, അപ്പം, അട, വട, പഴം, തിരളി എന്നിവ തിരുനടയില്‍ സമര്‍പ്പിക്കുന്നതാണ് വലിയ പടുക്ക. ദേവിക്കു മുന്നില്‍ ഭക്തര്‍ ചോറും വിഭവങ്ങളുമൊരുക്കുന്ന ഒടുക്ക് എന്നൊരു ചടങ്ങുമുണ്ട്. ആഗ്രഹസാഫല്യം ദുരിത മോചനം തുടങ്ങിയ കാര്യസിദ്ധിക്കായി കൊടയോട് അനുബന്ധിച്ച് സ്ത്രീകൾ ആചരിക്കുന്ന ഒരു പ്രധാന അനുഷ്ഠാനമാണ് പൊങ്കാല. ഈ ദിവസം അമ്മയുടെ സന്നിധിയിൽ പൊങ്കാലയിട്ട് മണ്ടയപ്പ വഴിപാട് നടത്തിയാൽ എല്ലാദുരിതങ്ങളും അകലും. അരി, പയറ്, ശർക്കര എന്നിവ ചേർത്താണ് മണ്ടയപ്പം ഉണ്ടാക്കുന്നത്. ഇതാണ് മണ്ടയ്ക്കാട്ടെ പ്രധാന വഴിപാട്. കൊട മഹോത്സവത്തിന് വലിയ പടുക്ക, ഒടുക്കു പൂജ, ഏട്ടം കൊട, ഭരണി കൊട എന്നീ വിശേഷ പൂജകൾ ഉണ്ട്.
ദുരിതം മാറാന്‍ ആള്‍രൂപങ്ങളും മക്കളുണ്ടാകാന്‍ തൊട്ടില്‍പ്പാലം സമര്‍പ്പണവും കൈകാലുകളിലെ രോഗം മാറാന്‍ വെള്ളി രൂപ സമര്‍പ്പണവും ഇവിടെ ഭക്തർ ധാരാളമായി നടത്താറുണ്ട്. തോവാളപ്പച്ചയെന്ന് പറയുന്ന രൂക്ഷ ഗന്ധം ഉള്ളപച്ചനിറത്തിലുള്ള, കൊഴുന്നാണ് പ്രധാനമായും ഉപയോഗിക്കുന്ന പൂജാപുഷ്പം. പിച്ചക ഹാരവും ദേവിക്ക് ചാര്‍ത്തുന്നു.
ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ, +91 9847575559