Friday, 5 Jul 2024

മണ്ഡലകാലത്ത് വ്രതം മുടക്കണ്ടാ, ദർശന സായൂജ്യത്തിന് പോംവഴി

ജ്യോതിഷരത്നം വേണു മഹാദേവ്
സ്വാമിയേ ശരണമയ്യപ്പ ! വ്രത ശുദ്ധിയുടെ പുണ്യകാലം ആരംഭിച്ചു. വൃശ്ചികപ്പുലരി മുതൽ 41 ദിവസം മണ്ഡല കാലമാണ്. ഡിസംബർ 26 ന് തിരുവാഭരണം ചാർത്തി മണ്ഡല പൂജ കഴിഞ്ഞാൽ രണ്ടു മൂന്ന് ദിവസത്തേക്ക് നട അടയ്ക്കും. ഡിസംബർ 30 ന് മകരവിളക്കിന് തുറക്കുന്ന ശ്രീകോവിൽ 2021 ജനുവരി 14 ന് തങ്ക അങ്കിചാർത്തി ദീപാരാധനയ്ക്ക് ശേഷം ജനുവരി 20 ന് അടയ്ക്കും. അതുവരെ അയ്യപ്പഭക്തരുടെ മനസിൽ സദാശരണം വിളിമുഴങ്ങും. വർഷങ്ങളായി മുടങ്ങാതെ ശബരിമല ദർശനം നടത്തി വന്ന മിക്ക അയ്യപ്പ ഭക്തൻമാർക്കും ഈ കോവിഡ് കാലത്ത് ശബരിമല തീർത്ഥാടനത്തെക്കുറിച്ച് ഒട്ടേറെ ആശങ്കകളുണ്ട്. കോവിഡ് ഇല്ലെന്ന സർട്ടിഫിക്കറ്റുമായി എത്തുന്നവർക്ക് മാത്രമേ ദർശനം അനുവദിക്കൂ.

18 തവണ ശബരിമല ദർശനം നടത്തിയ അയ്യപ്പന്മാർ ശബരിമലയിൽ ഒരു തെങ്ങ് നട്ട് തൻ്റെ സാന്നിദ്ധ്യവും ഭക്തിയും അറിയിക്കാറുണ്ട്. അത്തരത്തിൽ വർഷങ്ങളായി മുടങ്ങാതെ ശബരിമല തീർത്ഥാടനം നടത്തുന്നവർക്ക് ഈ വർഷം കോവിഡ് മഹാമാരി കാരണം ശബരിമല തീർത്ഥയാത്ര മുടങ്ങുമ്പോൾ വരാവുന്ന മനോവിഷമം പറഞ്ഞ് അറിയിക്കാൻ കഴിയാത്തതാണ്. എങ്കിലും ഈശ്വര നിശ്ചയത്താൽ ഈ രോഗഭീതി കാലത്ത് ഭഗവത് ദർശനത്തിനായി വേറിട്ട ഒരു പുതിയ വഴി അവതരിപ്പിക്കുകയാണിവിടെ :

പതിവു പോലെ വ്രതം തുടങ്ങുക

വൃശ്ചികമാസാരംഭത്തിൽ ശബരിമല തീർത്ഥാടനം നടത്തിയാലും ഇല്ലെങ്കിലും അയ്യപ്പഭക്തൻമാർ മണ്ഡലവ്രതം നോക്കണം. രാവിലെ കുളിച്ച് നിലവിളക്ക് തെളിച്ച് ശരണം വിളിയോടെ വ്രതം തുടങ്ങുക. തൊട്ടടുത്തുള്ള ക്ഷേത്രത്തിൽ പോയി ശരണമന്ത്രം മുഴക്കി മുദ്ര മാലയണിയുക.

ഭവനത്തിൽ അശുദ്ധി ബാധിക്കാത്ത ഒരു ഭാഗത്ത് ശ്രീ ധർമ്മശാസ്താവിൻ്റെ ഒരു ചിത്രം വച്ച് നിലവിളക്ക് തെളിച്ച് ഗണപതിക്ക് ഒരുക്ക് വച്ച് ശാസ്താനാമങ്ങൾ ഉരുവിടുക. പ്രാർത്ഥന കഴിഞ്ഞ് മുദ്ര അണിഞ്ഞ ഭക്തൻ 18 രൂപ നാണയമെടുത്ത് ശബരിമല ശ്രീ ധർമ്മ ശാസ്താവിനെ സങ്കല്പിച്ച് ഇങ്ങനെ പ്രാർത്ഥിക്കുക.
പരം പൊരുളായ അയ്യപ്പസ്വാമീ ഈ മണ്ഡലകാലത്ത് എനിക്ക് ശബരിമല തീർത്ഥാടനം നടത്താനാവുമോ എന്ന് അറിയില്ല. അതിനാൽ അവിടുന്ന് അനുഗ്രഹിച്ച് അടുത്തുള്ള ശാസ്താ ക്ഷേത്രത്തിലെത്തി നെയ്യഭിഷേകം നടത്തി ഭഗവത് സ്മരണയിൽ സന്നിധാനത്തെത്തി ദർശനം നടത്തിയതായി കരുതി തൃപ്തിപ്പെട്ടുകൊള്ളാം. അടുത്ത മണ്ഡലകാലത്ത് സ്വാമി അനുവദിച്ചാൽ നേരിൽ സന്നിധാനത്ത് വന്നു ദർശനം നടത്തി അവിടുത്തെ പാദാരവിന്ദങ്ങളിൽ ഈ 18 രൂപ നാണയം കാണിക്ക സമർപ്പിച്ചു കൊള്ളാം. അതിനും കഴിയാതെ വന്നാൽ അങ്ങയുടെ ഒരു ഭക്തൻ വഴി ഇതവിടെ സമർപ്പിക്കാം. എല്ലാം ഭഗവാൻ്റെ ഇച്ഛയും മായാവിലാസവും പോലെ. സർവ്വഭക്തരേയും കാത്തരുളണേ സ്വമിയേ ശരണമയ്യപ്പ, സ്വാമിയേ ശരണമയ്യപ്പ, സ്വാമിയേ ശരണമയ്യപ്പ.

ഇങ്ങനെ സമർപ്പിച്ച് സാഷ്ടാംഗം നമസ്ക്കരിച്ച് പ്രാർത്ഥിച്ച് 18 രൂപ നാണയം നീല അല്ലെങ്കിൽ കറുപ്പു നിറമുള്ള ഒരു തുണിയിൽ കിഴികെട്ടി പൂജാ സ്ഥാനത്ത് ഒരു ചിമിഴിയിൽ ഭദ്രമായി സൂക്ഷിക്കുക. ഇങ്ങനെ ചെയ്യുന്നതിനെ ഒരു അനുജ്ഞയായി കരുതാം.

എന്താണ് അനുജ്ഞ
സാധാരണ താന്ത്രിക വിഷയങ്ങളിൽ ഭഗവാനോട് തന്ത്രി അല്ലെങ്കിൽ പൂജാരി അല്ലെങ്കിൽ ക്ഷേത്ര സ്ഥാനീയർ സങ്കല്പം വയ്ക്കുന്നതാണ് അനുജ്ഞ. അതായത് അനുവാദം വാങ്ങൽ. ചില ദേവാലയങ്ങൾ പുതുക്കി പണിയുമ്പോൾ ദേവചൈതന്യത്തെ താൽക്കാലികമായി ഒരു പുര കെട്ടി അവിടുത്തേക്ക് മാറ്റി പ്രതിഷ്ഠിച്ച് പൂജ നൽകും. ഇതിന് ബാലാലയ പ്രതിഷ്ഠ എന്നു പറയും. അങ്ങനെ ചെയ്യുന്ന അവസരത്തിൽ ഇത്ര നാളിനുള്ളിൽ പുതിയ ആലയം പണിയിച്ച് പുന:പ്രതിഷ്ഠ നടത്താമെന്ന് തന്ത്രി ഭഗവാനോട് അപേക്ഷിക്കുന്നു. അതുപോലെ പ്രതിഷ്ഠാ വേളയിൽ ആണ്ടിൽ ഒരിക്കൽ അല്ലെങ്കിൽ മാസത്തിലൊരിക്കൽ എന്നിങ്ങനെ വിശേഷ പൂജ നല്കാമെന്ന് അനുജ്ഞ വയ്ക്കുന്നു. ഈ സമ്പ്രദായത്തിൽ ശബരിമല ഭക്തർ ഭഗവാനോട് അപേക്ഷവയ്ക്കുന്ന രീതിയാണ് പറഞ്ഞത്.

ദർശന സായൂജ്യം

വ്രതം സ്വന്തം മനസും സാഹചര്യവും അനുസരിച്ച് ഒൻപതു ദിവസമോ, അതിൻ്റെ ഗുണിതങ്ങളോ എടുക്കുക. ശേഷം വീട്ടിൽ അയ്യപ്പ സ്വാമിക്ക് ദീപം തെളിക്കുന്ന സ്ഥാനത്ത് വച്ച് ശബരിമല യാത്രയ്ക്ക് തയ്യാറെടുക്കുന്ന വിധി പ്രകാരം നെയ്യ് തേങ്ങയും
നിറച്ച് തീർത്ഥയാത്ര തിരിക്കുക. നാട്ടിലെ ഒരു പ്രധാന അയ്യപ്പക്ഷേത്രം അല്ലെങ്കിൽ ശാസ്താ ക്ഷേത്രം തിരഞ്ഞെടുക്കാം. അവിടെയെത്തി നെയ്യഭിഷേകം വഴിപാട് കഴിക്കുക. അടുത്ത വർഷം ശബരിമലയിൽ നേരിട്ട് ഭഗവാൻ്റെ ദർശനത്തിനെത്താൻ ഭാഗ്യം നൽകണേ എന്ന് പ്രാർത്ഥിച്ച് മടങ്ങുക. വീട്ടിലെത്തി മാലയൂരിയാലും മണ്ഡലകാലം മുഴുവൻ വ്രതം അനുഷ്ഠിക്കുന്നതും അയ്യപ്പ ചിന്തയോടെ ജീവിക്കുന്നതും ഈ കഷ്ടകാലത്ത് ഭഗവാൻ്റെ കൃപയ്ക്കും ഭാവി സുരക്ഷക്കും ഗുണകരമാകാം. സ്വാമി ശരണം .

ഈ നാടിൻ്റെ രക്ഷാ ദേവതകളായി പരശുരാമൻ പ്രതിഷ്ഠിച്ചതാണ് കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിലുള്ള 108 ഭഗവതി ക്ഷേത്രങ്ങളും, 108 ശാസ്താ ക്ഷേത്രങ്ങളും, 108 ശിവാലയങ്ങളും. കേരളത്തിലെ മറ്റു ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ശബരിമലയിൽ ഭഗവാനും ഭക്തനും ജാതി മത വർഗ്ഗ വർണ്ണ ഭേദമന്യേ ഒന്നാകുന്നു. തത്ത്വമസിയാണ് അയ്യപ്പദർശനം. സ്കന്ദപുരാണത്തിലും ഭാഗവതത്തിലുമുള്ള സൂചനകൾ പ്രകാരം പരമശിവന് വിഷ്ണു മായയിൽ ജനിച്ച പുത്രനായ ശാസ്താവിൽ വിലയം പ്രാപിച്ച ദേവനാണ് അയ്യപ്പൻ.

അയ്യപ്പ മൂലമന്ത്രം
ഓം ഘ്രൂം നമ: പരായേ ഗോപ്ത്രേ

ശാസ്താ ധ്യാന ശ്ലോകം

സ്നിഗ്ദ്ധാരള വിസാരികുന്തള ഭരം

സിംഹാസനാദ്ധ്യാസിനം

സ്ഫുർജ്ജത്പത്ര സുക്നുപ്ത

കുണ്ഡല മഥേഷ്വിഷ്വാസഭൃദ്ദോർ ദ്വയം

നീലക്ഷൌമവസം നവീന ജലദ ശ്യാമാം

പ്രഭാസത്യക സ്വപുത്ര പാർശ്വയുഗം

സുരക്ത സകലാ കല്പം സ്മരേദാര്യകം

അർത്ഥം :
അഴിഞ്ഞുകിടക്കുന്ന മനോഹരമായ കാർകൂന്തലോടു കൂടിയവനും സ്വർണ്ണ സിംഹാസനാരൂഡനും മനോഹര പത്രത്താൽ തീർത്ത കുണ്ഡലങ്ങൾ അണിഞ്ഞവനും ഇരു കൈകളിലായി അമ്പും വില്ലും ഏന്തിയവനും നീല പട്ടുടുത്തവനും മേഘം പോലെ ശ്യാമവർണ്ണമാർന്നവനും രക്തവർണ്ണത്തിലുള്ള ആഭരണങ്ങളോടുകൂടിയവനുമായ ശാസ്താവിനെ സ്മരിക്കുന്നു.
( തന്ത്ര സമുച്ചയത്തിലെ ശാസ്താ ധ്യാന ശ്ലോകത്തി
ന്റെ അർത്ഥം)

ജ്യോതിഷരത്നം വേണു മഹാദേവ്,
+91 98474 75559

error: Content is protected !!
Exit mobile version