Saturday, 23 Nov 2024

മണ്ഡല, മകരവിളക്ക് നാളുകളിലെ
അയ്യപ്പ ഉപാസനയ്ക്ക് പത്തിരട്ടി ഫലം

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
സർവൈശ്വര്യദായകനായ ശ്രീ ധർമ്മശാസ്താവിനെ ആരാധിക്കാൻ ഏറ്റവും ഉത്തമമായ കാലമാണ് വൃശ്ചികം ഒന്നു മുതൽ മകര സംക്രമം വരെയുള്ള രണ്ടു മാസം.
കലിയുഗവരദനായ സ്വാമിഅയ്യപ്പനെ ഉപാസിച്ചാൽ തീരാത്ത ദുരിതങ്ങളില്ല. മറ്റേതൊരു മൂർത്തിയെക്കാളും അതിവേഗം അഭീഷ്ട സിദ്ധി നൽകുന്ന ഭഗവാനാണ് ഹരിഹരപുത്രൻ. ശനിദോഷങ്ങളും മറ്റ് ഗ്രഹപ്പിഴകളും കാരണം ദുരിതദുഃഖങ്ങളിൽ അകപ്പെട്ട് അലയുകയും വലയുകയും ചെയ്യുന്ന ഏതൊരാൾക്കും ദുരിതശാന്തി നേടാനും ആഗ്രഹങ്ങൾ സഫലമാക്കുന്നതിനും പറ്റിയ ഏറ്റവും ലളിതമായ മാർഗ്ഗമാണ് അയ്യപ്പഭജനം.

ചെറിയ ഒരു ഇടവേളയൊഴിച്ച് തുടർച്ചയായി രണ്ടു മാസത്തോളം ശബരിമല നട എല്ലാ ദിവസവും തുറക്കും എന്നതാണ് വൃശ്ചികം ഒന്നിന്റെ പ്രാധാന്യം. അതിനാൽ ഈ പുണ്യവേളയിൽ ചെയ്യുന്ന കർമ്മങ്ങൾക്ക് പത്തിരട്ടി ഫലമാണ്. മന്ത്രജപം, ഉപാസന, ഹോമം, യന്ത്രലേഖനം എന്നിവയ്ക്ക് ഏറ്റവും നല്ല സമയമാണ് മണ്ഡലകാലം. ശബരിമല, എരുമേലി, ആര്യങ്കാവ്, അച്ചൻകോവിൽ, കുളത്തുപ്പുഴ എന്നിവയാണ് കേരളത്തിലെ പ്രധാന അയ്യപ്പക്ഷേത്രങ്ങൾ. ഇവിടെയെല്ലാം ഈ നാല്പത്തൊന്ന് ദിനവും ഉത്സവതുല്യമായി ആചരിക്കുന്നു.

മത്സ്യമാംസാദികൾ ത്യജിച്ചു വേണം മണ്ഡലവ്രതം എടുക്കാൻ. ബ്രഹ്മചര്യവും പാലിക്കണം. ലഘുഭക്ഷണം കഴിക്കുക. എല്ലാദിവസവും രാവിലെ കുളികഴിഞ്ഞ് ഓം ഘ്രൂം നമഃ പരായഗോപ്‌ത്രേ എന്ന ശാസ്താ മൂലമന്ത്രം 108 തവണ ജപിക്കുക. ഒപ്പം സാധുക്കൾക്ക് അന്നദാനം, അയ്യപ്പക്ഷേത്രദർശനം, നീരാജനം തെളിക്കൽ എന്നിവ നടത്തിയാൽ അതി കഠിനമായ ശനിദോഷങ്ങൾ പോലും അകലും. ശനിയാഴ്ച ദിവസങ്ങളിൽ പൂർണ്ണ ഉപവാസം നല്ലതാണ്.

നെയ്യഭിഷേകമാണ് അയ്യപ്പ സ്വാമിക്ക് ഏറ്റവും പ്രിയപ്പെട്ട വഴിപാട്. ശബരിമല ദർശനത്തിന് ഭക്തർ നെയ് തേങ്ങയും നിറച്ചാണ് പോകുന്നത്. ഈ നെയ് തേങ്ങ പൊട്ടിച്ച് ശബരിമലയിൽ ഭഗവാന് നെയ്യഭിഷേകം നടത്താം. മറ്റ് ശാസ്താ ക്ഷേത്രങ്ങളിൽ മൂന്ന് നാഴി നെയ്യാണ് അഭിഷേകത്തിന് നല്‌കേണ്ടത്. തലേന്ന് ക്ഷേത്രപൂജാരിയെ നെയ്യ് ഏല്പിച്ച് അഭിഷേകത്തിന് ചുമതലപ്പെടുത്തണം. അഞ്ച് ശനിയാഴ്ച തുടർച്ചയായി ഇങ്ങനെ ചെയ്യിക്കുന്നത് പാപശമനത്തിന് ഗുണകരം. അഭിഷേകം ചെയ്ത നെയ്യ് വാങ്ങി പ്രസാദമായി 21 ദിവസം പുലർച്ചെ കുളി കഴിഞ്ഞ് സേവിക്കുക. ഇത് ആരോഗ്യത്തിനും രോഗശാന്തിക്കും പ്രയോജനകരമാണ്.

കരിക്കഭിഷേകമാണ് ശാസ്താക്ഷേത്രങ്ങളിൽ നടത്താവുന്ന മറ്റൊരു വഴിപാട്. ഏഴു കരിക്കാണ് അഭിഷേകത്തിന് സമർപ്പിക്കേണ്ടത്. രോഗശാന്തിയും ആരോഗ്യസിദ്ധിയും ഫലം. അഞ്ചുദിവസം തുടർച്ചയായി ചെയ്യുക.

ഭസ്മാഭിഷേകവും ശാസ്താ പ്രീതി നേടാൻ ഉത്തമമാണ്. രണ്ടു കൈകളും കൂടി പിടിച്ച് 12 പിടി ഭസ്മം കൊണ്ടാണ് ഭസ്മാഭിഷേകം നടത്തേണ്ടത്. വിഘ്‌ന നിവാരണം, ത്വക്‌രോഗശാന്തി,വിദ്യാവിജയംഎന്നിവയ്ക്ക് ഗുണകരം. തുടർച്ചയായി 7 ദിവസം ചെയ്യിക്കുക.

എള്ളു ചേർന്ന ശർക്കര പായസം അയ്യപ്പസ്വാമിയുടെ ഇഷ്ടനിവേദ്യമാണ്. 7 ശനിയാഴ്ച ഉത്രം നക്ഷത്രം, ബുധനാഴ്ച എന്നീ ദിവസങ്ങൾ ഈ വഴിപാട് നടത്താൻ ഗുണകരമാണ്. പാപശമനം, അഭീഷ്ടസിദ്ധി എന്നിവ ഉണ്ടാകും.

നീല ശംഖുപുഷ്പം കൊണ്ട് ശാസ്താവിന് അർച്ചന നടത്തുന്നത് അഭീഷ്ടസിദ്ധിക്കും വിഘ്‌നങ്ങളിൽ നിന്നും മോചനം ലഭിക്കുന്നതിനും നല്ലതാണ്.

എള്ളു കിഴിയുണ്ടാക്കി നീരാജനം കത്തിച്ച് ശാസ്താവിന് സമർപ്പിക്കുന്നത് അഭിഷ്ടസിദ്ധിക്ക് പ്രയോജനകരമാണ്. തുടർച്ചയായി 12 ദിവസം ചെയ്താൽ വേഗം ഫലം കിട്ടും.

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി

91 944702 0655

Story Summary: Significance of Mandala, Makara Viilakku Vritham

error: Content is protected !!
Exit mobile version