മണ്ണാറശാലയിൽ മൂന്നുനാൾ ആയില്യ മഹോത്സവം
മണ്ണാറശാല ശ്രീ നാഗരാജ ക്ഷേത്രം ആയില്യം മഹോത്സവത്തിനൊരുങ്ങി. തുലാമാസത്തിലെ പുണര്‍തം, പൂയം, ആയില്യം നാളുകളായ ഒക്ടോബർ 21, 22, 23 ദിവസങ്ങളിലാണ് ഉത്സവം. പല നാഗരാജാക്ഷേത്രങ്ങളിലും നാഗദേവതകളുടെ പിറന്നാൾ കന്നിമാസത്തിലെ ആയില്യമാണ്; പക്ഷേ മണ്ണാറശാലയിൽ തുലാമാസത്തിലെ ആയില്യത്തിനാണ് ഉത്സവം.കിഴക്ക് ദർശനമായ ഈ ക്ഷേത്രം
മണ്ണാറശാല ഇല്ലം വകയാണ്.
ഭൂമിയുടെ അവകാശികളായ നാഗങ്ങളുടെ അനുഗ്രഹം ലഭിച്ചാൽ സർവ്വദുരിതങ്ങളും ഒഴിഞ്ഞ് ആഗ്രഹസാഫല്യം കൈവരും. അതിനാലാണ് നാടെങ്ങും നാഗരാധന അതിശക്തമായി നിലനിൽക്കുന്നത്. സ്ത്രീകൾ മുഖ്യപൂജാരിണികൾ ആകുന്നതുംമണ്ണാറശാലയുടെ വ്യത്യസ്തയാണ്. ആശ്രയിക്കുന്നവർക്കെല്ലാം അഭയമാകുന്ന മണ്ണാറശാല അമ്മ നാഗാരാധനയിലെ അപൂർവ്വസാന്നിദ്ധ്യമാണ്. ഭഗവാന്റെ അമ്മ എന്ന സങ്കല്പത്താൽ മണ്ണാറശാല അമ്മയെ വണങ്ങി അനുഗ്രഹം വാങ്ങിയാൽ എല്ലാ സർപ്പദോഷങ്ങളും തീരും.
ശൈവ – വൈഷ്ണവ സങ്കല്പത്തിലെ നാഗാരാധനയുടെ സമന്വയവും മണ്ണാറശാലയിൽ കാണാം. വൈഷ്ണവ സങ്കല്പത്തിൽ നാഗരാജാവ് അനന്തനാണ്. ശൈവത്തിൽ വാസുകിയും. ഇവ തമ്മിൽ ഭേദമില്ലെന്നതിന് മണ്ണാറശാലയിലെ ആരാധനാവിധികൾ തെളിവാകുന്നു. ഇവിടുത്തെ പ്രധാന പ്രതിഷ്ഠ ശൈവനാഗങ്ങളായ വാസുകിയും നാഗയക്ഷിയുമാണ്.
നിലവറയിൽ വിഷ്ണു ശയ്യയായ അനന്തൻ കുടികൊള്ളുന്നു. മണ്ണാറശാല ആയില്യത്തിന് വാസുകിയുടെ എഴുന്നള്ളത്തും തുടർന്നുള്ള ആയില്യം പൂജയും തൊഴാൻ പതിനായിരങ്ങളാണ് എത്തുന്നത്.
ഇതിൽ പങ്കെടുത്ത് വഴിപാടുകൾ നടത്തി പ്രാർത്ഥിച്ചാൽ മന:സുഖം, ഐശ്വര്യം,ധനലാഭം, സന്താന ലാഭം, ദാമ്പത്യ വിജയം, ത്വക്ക്‌രോഗ മുക്തി , ആരോഗ്യ വർദ്ധനവ്, തുടങ്ങിയവയെല്ലാം ലഭിക്കും.
നല്ലെണ്ണ, കരിക്ക്, പാൽ, തേൻ, പനിനീർ, മഞ്ഞൾപ്പൊടി എന്നിവയാണ് നാഗർക്ക് അഭിഷേകം നടത്തുന്ന ദ്രവ്യങ്ങൾ.കളഭം ചാർത്താൻ മഞ്ഞപ്പാവാട വിശേഷം. കമുകിൻപൂക്കുല, സുഗന്ധപുഷ്പങ്ങളായ പിച്ചി, മുല്ല, കൊഴുന്ത്, അരളി, താമര, ചെമ്പകം, തെറ്റി, തുളസി ഇവയും നാഗർക്ക് പ്രിയങ്കരമാണ്. കളദിപ്പഴം, വെള്ളച്ചോറ്, പാൽപ്പായസം, ശർക്കര, പായസം, തെരളി, അപ്പം, അടവ എന്നിവയാണ് നാഗക്ഷേത്രങ്ങളിലെ നിവേദ്യങ്ങൾ.
ഒക്ടോബർ 21, പുണർതത്തിന് മഹാദീപക്കാഴ്ചയാണ് മണ്ണാറശാല ക്ഷേത്രത്തിലെ പ്രധാന അനുഷ്ഠാനം; കുടുംബ കാര്‍ണവര്‍ എം.കെ പരമേശ്വരന്‍ നമ്പൂതിരി മഹാദീപക്കാഴ്ചയ്ക്ക് തിരി തെളിക്കും. പൂയം നാളായ 22ന് രാവിലെ
9.30ന് നാഗരാജാവിനും സര്‍പ്പയക്ഷിക്കും തിരുവാഭരണം ചാര്‍ത്തി ചതുശ്ശത നിവേദ്യത്തോടെയുള്ള ഉച്ചപൂജയുണ്ടാകും. അന്ന്വൈകിട്ട് 5 മുതല്‍ പൂയം തൊഴല്‍ നടക്കും.ആയില്യം നാളിൽ വെളുപ്പിന് 4ന് നടതുറക്കും. എം. കെ. പരമേശ്വരന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ നാഗരാജാവിനും സര്‍പ്പയക്ഷിക്കും തിരുവാഭരണങ്ങള്‍ ചാര്‍ത്തി വിശേഷാല്‍ പൂജ നടത്തും. അന്ന് ഉച്ചയ്ക്ക് ക്ഷേത്ര നടയിലെ സേവയ്ക്ക് ശേഷം 2.30ന് സര്‍പ്പംപാട്ട് തറയിലും മേളവാദ്യസേവ നടക്കും. ഉത്സവ ഭാഗമായി എല്ലാദിവസവും മഹാപ്രസാദമൂട്ട്, കലാപരിപാടികൾ എന്നിവയും എട്ടാമത് മണ്ണാറശാല നാഗരാജ പുരസ്‌കാരം ദാനവും നടക്കും.