Saturday, 23 Nov 2024

മണ്ണാറശാല ആയില്യമഹോത്സവത്തിന് ലക്ഷദീപത്തോടെ ശനിയാഴ്ച തുടക്കം

അശോകൻ ഇറവങ്കര

ഓം സർപ്പരാജായ വിദ്മഹെ
പത്മഹസ്തായ ധീമഹി
തന്വോ വാസുകി പ്രചോദയാത്…

വിശ്വപ്രസിദ്ധമായ ആയില്യം മഹോത്സവത്തിന് മണ്ണാറശാല ഒരുങ്ങി. തുലാം മാസത്തിലെ പുണർതം, പൂയം, ആയില്യം നാളുകളിലായാണ് ഉത്സവം നടക്കുന്നത്. കന്നിയിലെ ആയില്യം നക്ഷത്രമാണ് നാഗരാജാവിന്റെ അവതാര ദിനമെങ്കിലും മണ്ണാറശാല ആയില്യം തുലാം മാസത്തിലാണ് കൊണ്ടാടുന്നത്. 2023 നവംബർ 4, 5, 6 തീയതികളിലാണ് ഇത്തവണ മഹോത്സവം.

പണ്ട് കന്നിമാസത്തിലായിരുന്നു മണ്ണാറശാലയിലും ആയില്യം മഹോത്സവം. ഒരിക്കൽ കാർത്തിക തിരുനാൾ രാമവർമ്മ മഹാരാജാവിന് കന്നിമാസ ആയില്യത്തിന് ഇവിടെ ദർശനം നേടാൻ തടസ്സം നേരിട്ടു. തുടർന്ന് അദ്ദേഹത്തിന്റെ ആവശ്യപ്രകാരം തുലാം മാസത്തിലെ ആയില്യവും ആഘോഷപൂർവം മണ്ണാറശാലയിൽ
കൊണ്ടാടി. അതിനുള്ള ചെലവെല്ലാം കൊട്ടാരം വഹിച്ചു. തുടർന്ന് അതു പതിവായി. വർഷന്തോറും തുലാം മാസത്തിലെ ആയില്യം മണ്ണാറശാല ആയില്യമെന്ന് പ്രസിദ്ധമായി.

കന്നിയിലെയും തുലാത്തിലെയും ആയില്യം നാളുകളിൽ ചടങ്ങുകളെല്ലാം സമാനമാണ്. നാഗരാജാവിന്റെ രാജകീയ പ്രൗഢിയുമുള്ള എഴുന്നള്ളിപ്പാണ് പ്രധാനം. രാജാവിന്റെ കുടയും കൊടിയും അധികാര ചിഹ്നങ്ങളും എല്ലാം എഴുന്നള്ളത്തിലുണ്ടാകും. രാജകീയ വാദ്യങ്ങൾ അകമ്പടി സേവിക്കും. തുലാമാസത്തിലെ ആയില്യത്തിന് കലാപരിപാടികളും ഉണ്ടാകും. എന്നാൽ ഇത്തവണ 20 വർഷം മുഖ്യ പൂജാരിണിയായിരുന്ന മണ്ണാറശാല അമ്മ ദിവ്യശ്രീ ഉമാദേവി അന്തർജ്ജനത്തിന്റെ സമാധി വർഷം ആയതിനാൽ വൻ കലാ – സാംസ്കാരിക പരിപാടികൾ ഒഴിവാക്കിയിട്ടുണ്ട്. ഉത്സവത്തിന് മുന്നോടിയായുള്ള നാല് ദിവസത്തെ കളഭമുഴുക്കാപ്പ് ചാർത്തൽ നാഗരാജാവിനും സർപ്പയക്ഷിയമ്മയ്ക്കും നവംബർ 1 ന് രോഹിണി നാളിൽ തുടങ്ങും. മുഴുക്കാപ്പ് പൂർണ്ണമാകുന്ന 4 ന് ശനിയാഴ്ച പുണർതം സന്ധ്യയിൽ നടക്കുന്ന മഹാദീപക്കാഴ്ചയോടെ ഉത്സവാഘോഷം തുടങ്ങും. പുണർതം സന്ധ്യയിൽ ക്ഷേത്രവും കാവും നെയ് വിളക്കിന്റെ ശോഭയിൽ കുളിച്ചു നിൽക്കും. ശ്രീകോവിലിലെ നെയ് വിളക്കിൽ നിന്ന് കുത്തുവിളക്കിലേക്ക് ക്ഷേത്രകാരണവർ ദീപം പകർന്ന് പുറത്തേക്ക് കൈമാറുന്നതോടെ ലക്ഷം ദീപങ്ങൾ ഒന്നിച്ചു പ്രകാശിക്കും. വൈകിട്ട് 6:30 മുതൽ കോഴിക്കോട് പ്രശാന്ത് വർമ്മ നയിക്കുന്ന മാനസ ജപലഹരി ഉണ്ടാകും.

അനന്ത – വാസുകീ ചൈതന്യങ്ങൾ ഏകീ ഭാവത്തിൽ കുടികൊള്ളുന്ന മണ്ണാറശാലയിൽ വിശേഷാൽ പൂജയിൽ സംപ്രീതനാകുന്ന അനന്തഭഗവാന്റെ ദർശന പുണ്യം നേടാൻ പൂയം തൊഴൽ നവംബർ 5 ഞായറാഴ്ച നടക്കും. നിലവറയിൽ നിത്യവാസം ചെയ്യുന്ന നാഗരാജാവ് അനന്ത സങ്കല്പത്തിലുള്ള തിരുവാഭരണമാണ് അന്നേ ദിവസം ശ്രീകോവിലിൽ ഭഗവാന് ചാർത്തുക. അന്ന് പൂജയോട് അനുബന്ധിച്ചു തയ്യാറാക്കുന്ന ചതുശ്ശതം നിവേദ്യത്തിൽ പങ്കെടുക്കാൻ നൂറുകണക്കിനു ഭക്തർ എത്തിച്ചേരും.

നവംബർ 6 തിങ്കളാഴ്ചയാണ് മണ്ണാറശാല ആയില്യം. അന്ന് പാരമ്പര്യ പ്രകാരം ശ്രീകോവിലിലെ പൂജകൾക്ക് നേതൃത്വം നൽകുക ക്ഷേത്രത്തിലെ മൂത്ത കാരണവർ ആയിരിക്കും. അദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തിൽ നിലവറയ്ക്ക് മുന്നിലെ തളത്തിൽ കളമെഴുതുന്നതോടെ ആയില്യം പൂജ തുടങ്ങും. തുടർന്ന് കലശാഭിഷേകവും വാസുകീ ഭാവത്തിലുളള നാഗരാജാവിന്റെ തിരുവാഭരണം ചാർത്തിയുള്ള പ്രത്യേകം പൂജകളും നൂറും പാലും നടക്കും. പുതിയ മണ്ണാറശാല അമ്മയായി അവരോധിതയായ സംവത്സര ദീക്ഷ അനുഷ്ഠിക്കുന്ന ദിവ്യശ്രീ സാവിത്രി അന്തർജ്ജനം ആയില്യത്തിന് നിലവറയ്ക്കടുത്ത് തെക്കേത്തളത്തിൽ ഭക്തർക്ക് ദർശനം നൽകും. അന്ന് നൂറും പാലും ഗുരുതിയും ഉൾപ്പെടെയുള്ള പൂജകൾ കഴിയുമ്പോൾ അർദ്ധരാത്രിയാകും. പിറ്റേന്ന് മകത്തിന് ക്ഷേത്രത്തിലെ ശുദ്ധിക്രിയകൾക്കു ശേഷം വൈകി മാത്രമേ പതിവുപൂജകൾ തുടങ്ങുകയുള്ളൂ.

നിർമ്മാല്യദർശനം, അഭിഷേകം, നിവേദ്യം, ഉഷപൂജ, ഉച്ചപൂജ, ദീപാരാധന എന്നീ പൂജകളെല്ലാം പ്രധാനമാണ്. പാലുംപഴവും പാൽപ്പായസവും നിവേദ്യവും പുറ്റും മുട്ടയും ഉപ്പും മഞ്ഞളും സർപ്പ വിഗ്രഹങ്ങൾ നടയ്ക്കു വയ്ക്കുന്നതുമാണ് പ്രധാന വഴിപാടുകൾ. സർപ്പദോഷ പരിഹാരാർത്ഥം നടത്തുന്ന വഴിപാടാണ് സർപ്പബലിയും നൂറുംപാലും. സർപ്പബലി പൂജ അമ്മയാണ് ചെയ്യുന്നത്. വർഷത്തിൽ 15 സർപ്പബലി മാത്രമേ നടത്താറുള്ളൂ. നൂറും പാലും വഴിപാട് കന്നിയിലെ ആയില്യം കഴിഞ്ഞു തുടങ്ങി ഇടവം 15 വരെ നടത്താറുണ്ട്. അല്ലാത്ത മാസങ്ങളിൽ ആയില്യം തോറും നടത്തുന്നു. വിവാഹം കഴിഞ്ഞ് വർഷങ്ങളായിട്ടും കുട്ടികളുണ്ടാകാത്ത ദമ്പതികൾ സന്താന സൗഭാഗ്യത്തിനായി ഉരുളി കമിഴ്ത്തൽ വഴിപാട് നടത്തുന്നത് ഇവിടെ ഏറെ വിശേഷമാണ്. സ്വർണ്ണത്തിലോ വെള്ളിയിലോ ഓടിലോ ഉള്ള ഉരുളിയാണ് ക്ഷേത്രനടയിൽ സമർപ്പിക്കുന്നത്. വലിയമ്മ ഈ ഉരുളി ക്ഷേത്രനിലവറയിൽ കുടികൊള്ളുന്ന അനന്തനു മുന്നിൽ കമിഴ്ത്തും. കുട്ടി ഉണ്ടായി ആറു മാസം കഴിയുമ്പോൾ കുട്ടിയുമായി വന്ന് ഉരുളിമലർത്തൽ ചടങ്ങ് നടത്തുന്നു. ധാരാളം പേർ ഈ വഴിപാട് നടത്തി ഫലം നേടിയിട്ടുണ്ട്.

വിലകൊടുത്ത് വാങ്ങുന്ന പൂമാല ചാർത്തില്ല

നാഗരാജാവിന് പ്രധാനം കൂവളമാലയാണ്. സർപ്പക്ഷി, നാഗയക്ഷി, നാഗചാമുണ്ഡി എന്നിവർക്ക് തെച്ചി, തുളസി, താമര, കവുങ്ങിൻ പൂക്കുല, നന്ത്യാർവട്ടം എന്നിവയുടെ മാലകളാണ് ചാർത്തുന്നത്. നാഗദൈവങ്ങൾക്ക് ചാർത്താനായി ഒരുക്കുന്ന മാലകൾ ഭക്തരിലേക്ക് കൈമാറാറില്ല. മാലയ്ക്കുള്ള പണം നൽകിയാൽ ഭക്തരുടെ വഴിപാടായി മാലകെട്ടുന്നയാൾ മാല ശ്രീ കോവലിടുത്തുള്ള മാലപ്പുരയിൽ വയ്ക്കും. പൂജാരിമാർ അതെടുത്ത് വിഗ്രഹത്തിൽ ചാർത്തും. ക്ഷേത്രത്തിന്റെ ചുറ്റമ്പലത്തിന് പടിഞ്ഞാറുവശം നാഗയക്ഷിയുടെ നടയ്ക്കു സമീപമാണ് മാല ഒരുക്കുന്നത്. വിലകൊടുത്ത് വാങ്ങുന്ന പൂക്കൾ കൊണ്ട് ഇവിടെ മാലചാർത്തില്ല. കെട്ടുന്നയാൾ ശേഖരിക്കുന്ന പൂക്കളാലാണ് കെട്ടുന്നത്.

മണ്ണാറശാലയിലെ വഴിപാടുകളും ഫലങ്ങളും
ആയില്യം പൂജ, നൂറും പാലും ……. ഐശ്വര്യം.
പാൽ, കദളിപ്പഴം, നിലവറപ്പായസം ……ഇഷ്ടകാര്യസിദ്ധി
പട്ട്, ധാന്യം ആഭരണം ……വിദ്യ, സൽകീർത്തി.
ഉപ്പ് ….. ആയുരാരോഗ്യം
മഞ്ഞൾ ………. വിഷബാധാശാന്തി
ചേന …………. ത്വക്ക് രോഗ ശമനം
നെയ്യ് …………. ദീർഘായുസ്
ഉരുളി കമഴ്ത്തൽ ……സന്താന സൗഭാഗ്യം
പുള്ളുവൻ പാട്ട് ……. സർപ്പ പ്രീതി

നാഗരാജ ധ്യാനം
(വാസുകി)
ഫണാഷ്ടശതശേഖരം ധ്രുത സുവർണ്ണ പുഞ്ജപ്രഭം വരാഭരണഭൂഷണം തരുണജാല താമ്രംശുകം സവ്രജവരലക്ഷണം നവസരോജരക്തേക്ഷണം നമാമി ശിരസാ, സുരാസര നമസ്കൃതം വാസുകി.

നാഗരാജാ മൂലമന്ത്രം
ഓം നമഃ കാമരൂപിണേ
മഹാബലായ നാഗാധിപതയേ നമഃ

നാഗയക്ഷി ധ്യാനം
ജപാകുസുമ സത്പ്രഭാം കലിതചാരുരക്താംബരാം
ജ്വലദ്ഭുജംഗ ഭൂഷണം ഫണിലസൻ മണിദ്യോതിതാം വരാഭയകരദ്വയാം കനകകുംഭതുംഗസ്തനീം
സ്മരാമി വിഷനാശിനീ മനസ്സിനാഗയക്ഷീസദാ”

നാഗയക്ഷീ മൂലമന്ത്രം
ഓം വിനയാ തനയേ വിശ്വനാഗേശ്വരി
ക്ലീം നാഗയക്ഷീയക്ഷിണീ സ്വാഹാ നമഃ

അഷ്ടനാഗ മന്ത്രങ്ങൾ
ഓം അനന്തായ നമഃ
ഓം വാസുകയേ നമഃ
ഓം തക്ഷകായ നമഃ
ഓം കാർക്കോടകായ നമഃ
ഓം പത്മായ നമഃ
ഓം മഹാപത്മായ നമഃ
ഓം ശംഖപാലായ നമഃ
ഓം ഗുളികായ നമഃ

സർപ്പദോഷ പരിഹാരങ്ങൾ
സർപ്പദോഷങ്ങൾ പരിഹരിക്കാൻ ലളിതമായ 18 മാർഗ്ഗങ്ങൾ മുൻ ശബരിമല മേൽശാന്തി തെക്കേടത്ത് മന വിഷ്ണു നമ്പൂതിരി ഉപദേശിക്കുന്ന വീഡിയോ കാണാൻ :

Story Summary: Mannarasala Ayilyam 2023: Date, Significance, Poojas and other Rituals

error: Content is protected !!
Exit mobile version