മന:ശുദ്ധിയോടെ വ്രതമെടുത്താൽ ആഗ്രഹം സഫലമാകും
സദാചാരനിരതമായ ജീവിതശൈലിയും, ആരെയും ദ്രോഹിക്കാതെയുള്ള നിഷ്ഠകളും പുണ്യം നല്കും. ഇതറിയാമെങ്കിലും മനുഷ്യർ അറിഞ്ഞും അറിയാതെയും തെറ്റുകള്‍ ചെയ്തുകൊണ്ടേയിരിക്കുന്നു. അവിഹിതമായി ധനസമ്പാദിക്കുന്നു. തൊഴിലിലും മറ്റും അനാരോഗ്യകരമായി മത്സരിക്കുന്നു . ഇഷ്ടപ്പെട്ടത് സ്വന്തമാക്കാൻ വഴിവിട്ട് പോലും ശ്രമിക്കുന്നു. പേരും പ്രശസ്തിയും ധനവും വളര്‍ത്താന്‍ അന്യായമായ മാർഗ്ഗങ്ങൾ തേടുന്നു. ഇവയെല്ലാം പാപം വര്‍ദ്ധിപ്പിക്കുന്നു. ചിലര്‍ അറിഞ്ഞുകൊണ്ട് തീരുമാനിച്ച് അധര്‍മ്മം ചെയ്യുന്നു. ധനത്തിനും, സ്വത്തിനും, ഇഷ്ടവ്യക്തിക്കും വേണ്ടിയുള്ള മത്സരങ്ങളും പാപകര്‍മ്മങ്ങളും, ദിനംപ്രതി വര്‍ദ്ധിക്കുന്നു. വേറൊരു മാര്‍ഗ്ഗവും ഇല്ലാത്ത മരണം മാത്രം പോംവഴിയായി അവശേഷിക്കുമ്പോള്‍ തെറ്റിലേക്ക് വരുന്നവരുമുണ്ട്.
കുടുംബം പുലര്‍ത്താന്‍ മാര്‍ഗ്ഗമില്ലാതെ തെറ്റായ ജോലികൾ ചെയ്യേണ്ടിവരുന്നതും പാപം തന്നെ. മറ്റൊരു വിഭാഗത്തിന് ചെയ്യുന്നത് തെറ്റാണ് എന്നുപോലും തിരിച്ചറിവില്ലാത്തവരാണ്. അസത്യഭാഷണവും, അധാര്‍മ്മികജീവിതവും, ഹിംസയും എല്ലാം പാപം വര്‍ദ്ധിക്കാനിടയാക്കുന്നു. സദാചാരജീവിതവും, ധാര്‍മ്മികചിന്തകളും, അഹിംസയും പുണ്യം വര്‍ദ്ധിപ്പിക്കുന്നു. മന:ശുദ്ധി തന്നെയാണ് ഏറ്റവും പ്രധാനം. മന:ശുദ്ധിക്കും പാപശാന്തിക്കും പൂജകളും തപസും ഹോമവും യാഗങ്ങളും പ്രാര്‍ത്ഥനയും യോഗയും വ്രതാനുഷ്ഠാനങ്ങളും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതില്‍ സ്വയം ചെയ്യാവുന്നതും, ഏറെ ശക്തിയുള്ളതുമാണ് വ്രതാനുഷ്ഠാനം. വ്രതാചരണത്തില്‍ ഏറ്റവും പ്രധാനം മന:ശുദ്ധിയാണ്. മനസ്സിനെയും വിചാരവികാരങ്ങളെയും അടക്കി ഈശ്വര ചൈതന്യത്തില്‍ പ്രാര്‍ത്ഥന കൊണ്ട് കുറച്ചുനേരമെങ്കിലും ചേര്‍ന്നു നില്ക്കുമ്പോള്‍ ലഭിക്കുന്ന പോസിറ്റീവ് ഊര്‍ജ്ജം തന്നെയാണ് പുണ്യം. പട്ടിണികിടന്നതുകൊണ്ട് മാത്രം യാതൊരു കാര്യവുമില്ല. നല്ല ചിന്തയും, പരമാവധി പ്രാര്‍ത്ഥനയും, വ്രതദിനങ്ങളില്‍ കര്‍ശനമായി പാലിക്കണം. ബ്രഹ്മചര്യം പാലിക്കണം. ബ്രഹ്മചര്യം കൊണ്ട് ശാരീരിക ബന്ധം ഒഴിവാക്കുക മാത്രമല്ല അര്‍ത്ഥമാക്കുന്നത്. ലൈംഗികപരമായ വിഷയങ്ങള്‍ ചെയ്യുന്നതുപോലെ തന്നെ ചിന്തിക്കുന്നതും സംസാരിക്കുന്നതും ഒഴിവാക്കണം.
ജപവും, പ്രാര്‍ത്ഥനയും വെറുതെ ചെയ്തിട്ട് യാതൊരു കാര്യവുമില്ല. ശ്രദ്ധയില്ലാതെ ചെയ്യുന്ന ആയിരത്തെട്ട് മന്ത്രജപത്തേക്കാളും ശ്രദ്ധയോടെ ചെയ്യുന്ന എട്ട് ഉരു മന്ത്രജപത്തിന് അസാമാന്യ ശക്തിയുണ്ട്. മന്ത്രങ്ങള്‍ ഗുരുമുഖത്ത് നിന്നും സ്വീകരിക്കുന്നതും; സ്‌തോത്രങ്ങളും സ്തുതികളും തെറ്റുകൂടാതെ ചൊല്ലുന്നതും വ്രതത്തിനോടൊപ്പം ചെയ്യാവുന്നതാണ്. സ്‌തോത്രങ്ങള്‍ക്ക് മന്ത്രോപദേശം നിര്‍ബന്ധമില്ല. മന:ശുദ്ധിയോടെ വ്രതമെടുുത്താൽ ഫലം തീർച്ച. അതാത് വ്രതങ്ങള്‍ നിഷ്ഠയോടെ അനുഷ്ഠിച്ചാല്‍ ഉദ്ദിഷ്ട ഫലം ലഭിക്കും