മന:സമാധാനം ഉള്ള വീടിന് വേണ്ടത് എന്തെല്ലാം?
പ്രകൃതിശക്തിയുടെ അദൃശ്യകരങ്ങൾക്കുള്ളിലാണ് നാം ഓരോരുത്തരും. അതു കൊണ്ടു തന്നെ പ്രകൃതിയുടെ ആകർഷണ, വികർഷണങ്ങളും ഊർജ്ജ വലയവും പരിഗണിച്ച് നാം വസിച്ചാൽ അനർത്ഥങ്ങൾ ഒഴിവാക്കി സുരക്ഷിതമായി ജീവിക്കാം. ഇതാണ് വാസ്തുശാസ്ത്രത്തിന്റെ അടിസ്ഥാനം.
വീട് വയ്ക്കുമ്പോൾ പ്രകൃതിയുടെ അറുപത് ശതമാനമെങ്കിലും ഊർജ്ജവലയം ഭംഗപ്പെടാതെ ശ്രദ്ധിക്കണം. ഒപ്പം വാസ്തു ശാസ്ത്രം എന്ന പേരിൽ പ്രചരിക്കുന്ന യുക്തിക്ക് നിരക്കാത്ത അന്ധവിശ്വാസങ്ങൾ തള്ളിക്കളയുകയും വേണം. ഭൂരിഭാഗം പേരും നാലോ അഞ്ചോ സെന്റ് ഭൂമിയിലാകും സ്വപ്‌നഭവനം തീർക്കുക. അപ്പാൾ നമ്മൾ മുൻതൂക്കം കൊടുക്കേണ്ടത് നമ്മുടെ ആയുരാരോഗ്യ ക്രമീകരണങ്ങൾക്കാകണം. വീടിന്റെ മുൻഭാഗത്തിന് യാതൊരു കണക്കും വാസ്തുശാസ്ത്രം നിർവചിക്കുന്നില്ല. ഭംഗിയാണ് പ്രധാനം. എന്നാൽ വീടിനകത്തുള്ള ക്രമീകരണങ്ങൾക്ക് വാസ്തുശാസ്ത്രത്തിൽ വ്യക്തമായി കണക്കുകളുണ്ട്.
പണ്ട് നിർമ്മിച്ചിരുന്ന വീടുകളെല്ലാം തച്ചുശാസ്ത്രപ്രകാരം ആയിരുന്നു. ഇപ്പോൾ ആരൂഢകണക്കിൽ ആരും വീട്പണിയാറില്ല. കോൺക്രീറ്റ് ഭവനങ്ങളാണ് എല്ലാം. രണ്ടു രീതിയിലുള്ള വീടുകൾക്കും വാസ്തുശാസ്ത്രം ഒന്നാണെങ്കിലും പ്രയോഗത്തിൽ വ്യത്യാസമുണ്ട്. അതായത് കോൺക്രീറ്റ് വീടുകൾക്ക് പഴയ വീടുകളുമായി വലിയ അന്തരം ഉണ്ടെന്ന് സാരം.വീടായാലും ക്ഷേത്രമായാലും ഇരിപ്പിടസ്ഥാനം പ്രധാനമാണ്. അതിന് വാസ്തുശാസ്ത്രം പ്രയോജനപ്പെടുത്തണം. മഹാദിക്കുകളായ കിഴക്ക്, വടക്ക്, തെക്ക്, പടിഞ്ഞാറ് ഈ നാല് ദിക്കിൽ ഏതെങ്കിലും ഒരു ദിക്കിനെ അഭിമുഖീകരിച്ചായിരിക്കണം വീട് പണിയേണ്ടത്. കിഴക്കും വടക്കും വീടിന്റെ പൂമുഖം പണ്ടുമുതലേ കൊടുക്കാറുണ്ട്. അതേ ഗൗരവത്തോെട തെക്കും പടിഞ്ഞാറും പൂമുഖം വരുന്നതിൽ തെറ്റില്ല.
വീട് വയ്ക്കുന്നതിന് തിരഞ്ഞെടുക്കുന്ന ഭൂമി സമചതുരമോ ദീർഘചതുരമോ ആയിരിക്കണം. ദീർഘചതുര ഭൂമി തെക്ക് വടക്കായിട്ടുള്ളതാണ് നല്ലത്. അവശ്യം സൂര്യകിരണം കിട്ടണം. ജലത്തിന്റെ ലഭ്യത, എല്ലാ സസ്യജാലങ്ങളും വളരുന്ന ഭൂമി, ഇളം കാറ്റ് കിട്ടുന്ന സ്ഥലം, പ്രകൃതിപരമായി അല്പമെങ്കിലും കിഴക്കോട്ടോ വടക്കോട്ടോ ചരിവുള്ള ഭൂമി എന്നിവ വീടുവയ്ക്കാൻ നല്ലതാണ്.അവരവരുടെ സാമ്പത്തികം നോക്കി വേണം വീട് വയ്ക്കാൻ. അമിതമായ കടബാദ്ധ്യതകളുമായി ഒരു വീട് പണിയിച്ചാൽ അതിൽ വസിക്കുന്നവർക്ക് മന:സമാധാനം കിട്ടില്ല. ഇത് പ്രത്യേകം ശ്രദ്ധിക്കണം.