Saturday, 23 Nov 2024

മന്ത്രങ്ങൾക്ക് ഫലമുണ്ടോ?

പലരും ചോദിക്കുന്ന ഒരു ചോദ്യമാണ്,  മന്ത്രങ്ങൾ ഫലിക്കുമോ, അഥവാ മന്ത്രങ്ങൾക്കു ശക്തിയുണ്ടോ? 

മന്ത്രങ്ങളുടെ ഫലസിദ്ധിയെക്കുറിച്ച് മുമ്പും പലപ്പോഴും എഴുതിയിട്ടുണ്ട്. പല സന്ദർഭങ്ങളിൽ ഞാൻപറഞ്ഞു കൊടുത്ത മന്ത്രങ്ങൾ യഥാവിധി ജപിച്ച്  ഫലപ്രാപ്തി ലഭിച്ചവരുടെ നിരവധി കത്തുകൾ എനിക്ക് ലഭിക്കാറുണ്ട്. പല പ്രശ്നങ്ങളിൽ നിന്നും മോചനം നേടിയവർ,  ദാമ്പത്യ പ്രശ്നങ്ങൾക്ക്  പരിഹാരം ഉണ്ടായവർ, വർഷങ്ങളായി കുട്ടികൾ ഇല്ലാതെ കൃത്യമായ മന്ത്രജപവും പരിഹാരക്രിയകളും വഴി കുട്ടികൾ ഉണ്ടായവർ, ഇഷ്ടപ്പെട്ട ജോലി ലഭിച്ചവർ  അങ്ങനെ നിരവധി അനുഭവസ്ഥർ വളരെ സന്തോഷത്തോടെയും ആശ്ചര്യത്തോടെയും അവർക്കു കരഗതമായ ഫലങ്ങൾ എന്നെ അറിയിക്കാനായി വിളിക്കുകയും എഴുതുകയും നേരിൽ വന്നു കാണുകയും ചെയ്യാറുണ്ട്. 

അസുഖത്തെ തുടർന്ന് മകൾ മരിച്ചു പോയി പിന്നീട്  പരിഹാര മന്ത്രങ്ങളിലൂടെ ലഭിച്ച  പെൺകുട്ടിയെയും കൊണ്ടു എന്നെ വന്നു കാണാൻ ആഗ്രഹിച്ചു ഇന്നലെയും  ഒരു അമ്മയുടെ മെസ്സേജ് വന്നിരുന്നു.”മനനാത് ത്രായതേ ഇതി മന്ത്ര”എന്നാണ് വ്യുല്പത്തി.അതായത് മനസിനെ ത്രാണനം ചെയ്യുന്നത് അഥവാ സംരക്ഷിക്കുന്നത് മന്ത്രം. മന്ത്രങ്ങൾക്കു അപാരമായ ശക്തിയാണുള്ളത്. ലക്ഷ്യബോധത്തോടെയും കൃത്യനിഷ്ഠയുടെയും ജപിക്കപ്പെടുന്ന മന്ത്രങ്ങൾക്ക് നൂറുകണക്കിന് നയാഗ്ര വെള്ളച്ചാട്ടങ്ങൾക്ക് ഉല്പാദിപ്പിക്കാൻ പറ്റുന്ന വൈദ്യുതിയെക്കാൾ എത്രയോ ഇരട്ടി ഊർജ്ജം സൃഷ്ടിക്കാൻ സാധിക്കും  എന്ന് ബ്രഹ്മവിദ്യാ സംഘ സ്ഥാപകയായ മാഡം ബ്ലാവത്സ്‌കി പറഞ്ഞിട്ടുണ്ട്. എല്ലാ യജ്ഞങ്ങളിലും വെച്ച് ജപയജ്ഞമാണ് ഞാൻ എന്ന് ഭഗവാൻ കൃഷ്ണൻ ഭഗവദ് ഗീതയിൽ അരുളിച്ചെയ്തിട്ടുണ്ട്. ജപം മാനസികമോ അല്പശ്രവണാത്മകമോ പൂർണമായും ശ്രവണേന്ദ്രിയവേദ്യമോ ആകാം.ഈശ്വരനിലേക്കു തിരിയുവാനും പ്രജ്ഞയിലേക്ക് ഈശ്വരചൈതന്യത്തെ കൊണ്ടുവരാനും സാധകനെ ഭാവ സമാധിയിലെത്തിക്കാനും മന്ത്രജപത്തിനു സാധിക്കും. 

ജപത്തിന്റെ ഫലപ്രാപ്തിക്ക് ഗുരുവിന്റെ കടാക്ഷവും കാരുണ്യവും അനുപേക്ഷണീയമാണ്. സ്ഥിരവും ഉചിതവുമായൊരു ജപസ്ഥാനം, ഉത്തമമായ ജപസമയം, സാധകന് അനുരൂപമായ, സ്വാഭാവികമായി പ്രതിപത്തി തോന്നുന്ന ദേവതാനാമങ്ങൾ, സങ്കല്പങ്ങൾ, രുദ്രാക്ഷമോ ജപമാലയോ പോലുള്ള ഉത്തമ ജപോപാധികൾ എന്നിവ ജപത്തിന്റെ ശക്തിക്കും ഫലസിദ്ധിക്കും ആക്കം കൂട്ടും. മന്ത്രം ജപത്തിന്റെ ഫലസിദ്ധി എന്നത് മുഖ്യമായും ജപിക്കുന്നവരുടെ സങ്കൽപ – ഇച്ഛാശക്തികളെക്കൂടി ആശ്രയിച്ചാനിരിക്കുന്നത്.

എം.നന്ദകുമാർ (റിട്ട. ഐ.എ.എസ്)        +91 9496447755

error: Content is protected !!
Exit mobile version