Saturday, 23 Nov 2024

മന്ത്ര പുഷ്പാഞ്ജലിക്ക് അത്ഭുത ശക്തി;
ഒരോ അർച്ചനയ്ക്കും പെട്ടെന്ന് ഫലസിദ്ധി

മംഗള ഗൗരി

ഇഷ്ടമൂർത്തിക്ക് പൂക്കളും മന്ത്രവും കൊണ്ട് നടത്തുന്ന അർച്ചനയാണ് പുഷ്പാഞ്ജലി. പൂവ് കൂടാതെ ഇല, ജലം, ഫലം എന്നിവയെല്ലാം ചേർത്താണ് മന്ത്രപുഷ്പാഞ്ജലി നടത്തുന്നത്. ഇതിൽ മൂന്ന് ഘടകങ്ങൾ ഒരു പോലെ സമ്മേളിക്കുന്നു; മന്ത്രം, പുഷ്പം, അഞ്ജലി. അർച്ചന നടത്തുന്ന വ്യക്തിയുടെ പേരും നാളും പറഞ്ഞ് അതാത് ദേവതയുടെ മൂല മന്ത്രം, അഷ്ടോത്തരം, ത്രിശതി എന്നിവ കൊണ്ടും സുദർശനം, മൃത്യുഞ്ജയം മുതലായ മഹാമന്ത്രങ്ങൾ കൊണ്ടും ശാന്തിക്കാരൻ പുഷ്പാഞ്ജലി നടത്താറുണ്ട്. ദീർഘമായ മന്ത്രങ്ങളുടെ ഹ്രസ്വരൂപങ്ങൾ മാത്രമാകും വഴിപാടു വേളയിൽ പലപ്പോഴും പൂജാരിമാർ ജപിക്കുക. ഏറ്റവും ഫലസിദ്ധിയുള്ള വഴിപാടാണ് മന്ത്ര പുഷ്പാഞ്ജലി.

ഒരോതരം പുഷ്പങ്ങൾ ഉപയോഗിച്ച് നടത്തുന്ന ഒരോ അർച്ചനകൾക്കും വ്യത്യസ്ത ഫലങ്ങളുണ്ട്. ചില പ്രത്യേക പുഷ്പങ്ങൾ ചില ദേവതകൾക്ക് വർജ്ജ്യമാണ്. ശിവന് അർച്ചയ്ക്ക് പ്രധാനം കൂവളം അഥവാ വില്വപത്രമാണ്. വിഷ്ണുവിന് വിശേഷം തുളസീദളമാണ്. ഗണപതിക്ക് കറുകപ്പുല്ല്, ചുവന്ന അരളിപ്പൂ, സരസ്വതിക്ക് താമര, ദുർഗ്ഗയ്ക്ക് കുങ്കുമപ്പൂവ്, ഭദ്രകാളിക്ക് ചെമ്പരത്തിപ്പൂവ്, ശ്രീകൃഷ്ണന് കൃഷ്ണ തുളസി, ശ്രീരാമന് രാമതുളസി, ശ്രീപാർവതിക്ക് തെറ്റി, ചാമുണ്ഡി, രക്തേശ്വരി ഇവർക്ക് ചുവന്ന പുക്കൾ, സുബ്രഹ്മണ്യനും അയ്യപ്പനും ചുവന്ന പൂക്കൾ, മത്സ്യ മൂർത്തിക്ക് മന്ദാരം, കൂർമ്മ മൂർത്തിക്ക് ചെത്തി മൊട്ട്, വരാഹമൂർത്തിക്ക് തുളസി, നരസിംഹ ഭഗവാന് ചുവന്ന തെറ്റി എന്നിവയാണ് വിധിച്ചിട്ടുള്ളത്.

ചെമ്പരത്തിപ്പൂവും കൂവളത്തിലയും ഉമ്മത്തിൻ പൂവും വിഷ്ണുവിന് പാടില്ല. ശിവന് മുല്ലപ്പൂവും കൈതപ്പൂവും എടുക്കില്ല. ദേവീ പൂജയ്ക്ക് എരിക്കിൻ പൂവ് പാടില്ല. ഗണപതിക്ക് തുളസി സാധാരണ ഉപയോഗിക്കില്ല.

വിവിധ തരം അർച്ചനകളും ഫലവും:

  1. അഷ്ടോത്തരാർച്ചന …………. ആയുരാരോഗ്യ സൗഖ്യം
  2. സഹസ്രനാമ പുഷ്പാഞ്ജലി … ഐശ്വര്യം
  3. കൂവളാർച്ചന ………………………. അഭീഷ്ട സിദ്ധി
  4. സ്വയംവര പുഷ്പാഞ്ജലി……….വിവാഹ ഭാഗ്യം
  5. ആയുർ സൂക്താർച്ചന…………..ദീർഘായുസ്
  6. ത്രംബക പുഷ്പാഞ്ജലി………… യശസ്, കാര്യസിദ്ധി
  7. രക്തപുഷ്പാഞ്ജലി………………. ശത്രുദോഷ ശമനം
  8. ഭാഗ്യസൂക്താർച്ചന…………………ഭാഗ്യം, സമ്പൽ സമൃദ്ധി
  9. പുരുഷസൂക്താർച്ചന……………. ഇഷ്ടസന്താന ലബ്ധി
  10. സാരസ്വത പുഷ്പാഞ്ജലി……. വിദ്യാലാഭം
  11. ശ്രീരുദ്ര പുഷ്പാഞ്ജലി…………..ദുരിതനാശം
  12. മൃത്യുഞ്ജയ പുഷ്പാഞ്ജലി…….രോഗശമനം
  13. ശ്രീസൂക്താർച്ചന………………… സമ്പൽ സമൃദ്ധി
  14. ഐക്യമത്യ സൂക്താർച്ചന……. കലഹമോചനം
  15. നവഗ്രഹാർച്ചന…………………… ഗ്രഹദോഷ മുക്തി

Story Summary: Significance and Benefits of Mantra Pushpanjalies

error: Content is protected !!
Exit mobile version