Wednesday, 3 Jul 2024

മന്വന്തരങ്ങൾ കഴിഞ്ഞാൽ ഹനുമാൻ സ്വാമി ബ്രഹ്മാവാകും; സുവർചല സരസ്വതിയും

വേദാഗ്നി അരുൺ സൂര്യഗായത്രി

ഹനുമദ്‌ ചരിത്രം പരാമർശിക്കപ്പെടുന്ന പരാശര സംഹിത എന്ന ഗ്രന്ഥത്തിലാണ് ഹനുമാൻ സ്വാമിയുടെ വിവാഹത്തെ കുറിച്ച് പ്രതിപാദിക്കുന്നത്. വിദ്യാഭ്യാസം പൂർത്തിയാക്കാൻ ഹനുമാൻ സ്വാമി സൂര്യനെയാണ് ഗുരുവായി സ്വീകരിച്ചത്. തന്റെ പക്കലുള്ള എല്ലാ ജ്ഞാനവും ആദിത്യഭഗവാൻ ഹനുമാൻ സ്വാമിക്ക് പകർന്നു നൽകി. പക്ഷേ നവവിദ്യകൾ എന്നറിയപ്പെടുന്ന ഒൻപത് ദിവ്യ വിദ്യകൾ മാത്രം പകർന്നു കൊടുക്കാൻ കഴിഞ്ഞില്ല. ഇവ കൂടി പഠിച്ചെങ്കിലേ വിദ്യ പൂർണ്ണമാകൂ, അതിനാൽ അതും കൂടി പഠിക്കണമെന്ന് ഹനുമാൻ സ്വാമി ആഗ്രഹിച്ചു. ഒൻപതു വിദ്യകളിൽ അഞ്ചെണ്ണം കൂടി സൂര്യൻ ഹനുമാനെ പഠിപ്പിച്ചു. തന്റെ പക്കലുള്ള ബാക്കി വിദ്യകൾ പഠിപ്പിക്കാൻ നിവർത്തിയില്ലെന്നും ആദിത്യഭഗവാൻ പറഞ്ഞു. ബാക്കിയുള്ള നാല് വിദ്യകൾ വിവാഹിതർക്ക് മാത്രമേ ഉപദേശിക്കാവൂ എന്ന വിധി ഉള്ളതുകൊണ്ടാണ് അവ ഹനുമാനെ അഭ്യസിപ്പിക്കാതിരുന്നത്. ഹനുമാൻ സ്വാമി ആണെങ്കിലോ എന്നും ബ്രഹ്മചാരിയാണ്. അതിനാൽ തന്നെ ശേഷിക്കുന്ന നാല് വിദ്യകൾ പകർന്നു കൊടുക്കാൻ സൂര്യന് കഴിയുമായിരുന്നില്ല. ഈ പ്രശ്നം പരിഹരിക്കുവാനായി ഹനുമാനോട് വിവാഹിതനാകാൻ
സൂര്യഭഗവാൻ ആവശ്യപ്പെട്ടു. പക്ഷെ ആദ്യമൊന്നും ഹനുമാൻ സൂര്യദേവനെ അനുസരിക്കാൻ തയ്യാറായില്ല. പക്ഷെ ശേഷിക്കുന്ന നാല് വിദ്യകൾ ഹനുമാന് പഠിക്കുകയും വേണം. അവസാനം ഹനുമാൻ വിവാഹം നടത്താൻ സമ്മതിച്ചു. ഹനുമാൻ വിവാഹത്തിന് സമ്മതം മൂളിയതോടെ സൂര്യൻ ഒരുപായം കണ്ടുപിടിച്ചു. സ്വന്തം തേജസിൽ നിന്നും ആദിത്യൻ ഒരു കന്യകയെ സൃഷ്ടിച്ചു. വർച്ചസിൽ നിന്നും അഥവാ പ്രകാശ കിരണങ്ങളിൽ നിന്നും ജന്മം കൊണ്ട മകൾക്ക് സുവർചല എന്ന് നാമവും നൽകി. ഹനുമാനോട് സുവർചലയെ വിവാഹം ചെയ്യാൻ ഉപദേശിച്ച സൂര്യദേവൻ വിവാഹ ശേഷവും ഹനുമാൻ നിത്യബ്രഹ്മചാരി ആയി തുടരുമെന്നും അരുൾ ചെയ്തു. എന്തുകൊണ്ടെന്നാൽ സൂര്യതേജസ്സിൽ നിന്നും രൂപം പൂണ്ട സുവർചല നിത്യ തപസ്വനിയായിരിക്കും. എപ്പോഴും തപസിൽ ഏർപ്പെടും.

മാത്രമല്ല ബ്രഹ്‌മചര്യ വിധി അനുസരിച്ച് ഏതെങ്കിലും ഒരു ജീവിയുടെ ഗർഭപാത്രത്തിൽ നിന്നും ജന്മം കൊള്ളുന്ന ഒരു കന്യകയെ വിവാഹം ചെയ്‌താൽ മാത്രമാണ് ബ്രഹ്മചര്യം ഇല്ലാതാകുന്നത്. സുവർചല ആരും പ്രസവിച്ച സന്തതിയല്ല. അതുകൊണ്ടു തന്നെ വിവാഹശേഷവും ഹനുമാൻ നിത്യബ്രഹ്മചാരി ആയി തുടരുമെന്നും സൂര്യഭഗവാൻ വെളിപ്പെടുത്തി. മന്വന്തരങ്ങൾ കടന്നു പോകുമ്പോൾ ഹനുമാൻ സ്വാമിക്ക് ബ്രഹ്മപദവി ലഭിക്കുമെന്നും, അപ്പോൾ സുവർചല സരസ്വതീ പദം അലങ്കരിക്കുമെന്നും സൂര്യഭഗവാൻ വരം നൽകി അനുഗ്രഹിച്ചു.

സംശയ നിവാരണത്തിനും മന്ത്രോപദേശത്തിനും ബന്ധപ്പെടുക:
വേദാഗ്നി അരുൺ സൂര്യഗായത്രി,
ഒ ടി സി ഹനുമാൻ സ്വാമി ക്ഷേത്രം – മുൻ മേൽശാന്തി
നാഗമ്പള്ളി സൂര്യഗായത്രിമഠം, ഹനുമൽജ്യോതിഷാലയം
ഗൗരീശപട്ടം, തിരുവനന്തപുരം, +91 960 500 2047

error: Content is protected !!
Exit mobile version