മലയാലപ്പുഴയിൽ 3 വർഷം പൊങ്കാലയിട്ടാൽ ഐശ്വര്യം തേടി വരും
മുപ്പത്തിമുക്കോടി ദേവതകളും ഭജിക്കുന്ന ഉഗ്രരൂപിണിയായ മലയാലപ്പുഴ അമ്മയ്ക്ക് ഭക്തർ വർഷത്തിൽ ഒരു ദിവസം സ്വയം നിവേദ്യം തയ്യാറാക്കി സമര്‍പ്പിക്കുന്ന പുണ്യദിനമാണ് കുംഭത്തിലെ തിരുവാതിര ദിനം. എല്ലാ വര്‍ഷവും മകരം ഒന്നിനായിരുന്നു മലയാലപ്പുഴ പൊങ്കാല. എന്നാല്‍ 2018 സെപ്റ്റംബറില്‍ ക്ഷേത്രസന്നിധിയിൽ നടന്ന ദേവപ്രശ്‌നത്തില്‍ കുംഭമാസത്തിലെ തിരുവാതിര നാളില്‍ പൊങ്കാല നടത്തുന്നതാണ് അമ്മക്ക് കൂടുതൽ ഇഷ്ടമെന്ന് കണ്ടു. അതിനാലാണ് 1194 മുതൽ തിരുവുത്സവ കൊടിയേറ്റ് ദിനമായ കുംഭ തിരുവാതിര നാളില്‍ പൊങ്കാല നടത്തുന്നത്.
പൊങ്കാലയ്ക്ക് ഏഴോ ഒന്‍പതോ ദിവസം മുമ്പ് വ്രതം തുടങ്ങണം. ഈ ദിവസങ്ങളില്‍ മത്സ്യമാംസാദികള്‍ വര്‍ജ്ജിക്കണം. അറിഞ്ഞോ അറിയാതെയോ ആർക്കും ദോഷം ചെയ്യരുത്. അതിരാവിലെ കുളിച്ച് ക്ഷേത്രദര്‍ശനം നടത്തണം. ശുഭ്രവസ്ത്രം ധരിക്കണം. കഴിയുന്നതും ഒരുനേരം മാത്രം അരിയാഹാരം കഴിക്കുക. മറ്റ് സമയത്ത് ഫലമൂലാഭികൾ കഴിക്കാം. വ്രതദിനങ്ങളിൽ സന്ധ്യക്ക് അമ്മയുടെ നാമം ജപിക്കുന്നത് ശ്രേഷ്ഠമാണ്. പൊങ്കാലക്ക് ആവശ്യമായ സാധനങ്ങള്‍ ക്ഷേത്രപരിസരത്ത് യഥേഷ്ടം ലഭിക്കും . ദാരിദ്ര്യ ദുഃഖശമനത്തിന് അമ്മയ്ക്ക് വെള്ള നിവേദ്യമായും, കുടുംബ ഐക്യത്തിന് ശര്‍ക്കര പായസമായും കുട്ടികളുടെ വിദ്യാഭ്യാസത്തിനും ഉയര്‍ച്ചക്കും, തൊഴില്‍ നേട്ടത്തിനും പാല്‍പ്പായസമായും, ശത്രുദോഷത്തിനും, ചൊവ്വാ ദോഷത്തിനും കടും പായസമായും മലയാലപ്പുഴ അമ്മക്ക് നിവേദ്യം തയ്യാറാക്കാം. ക്ഷേത്ര തിരുമുറ്റത്ത് മലമാട സ്വാമിക്ക് മുമ്പിലായി തയ്യാറാക്കുന്ന പണ്ടാര അടുപ്പിലേക്ക് ശ്രീകോവിലില്‍നിന്നും തന്ത്രി അഗ്നി പകരുന്നതോടെ പൊങ്കാല ആരംഭിക്കും. ഭക്തർ അന്നപൂര്‍ണേശ്വരിയായ അമ്മക്ക് നിവേദ്യം തയ്യാറാക്കുന്ന പണ്ടാര അടുപ്പില്‍ ആദ്യം ഒരു പിടി അരിയിടണം. എന്നിട്ട് കൊളുത്തണം. അങ്ങനെ ചെയ്തിട്ട് പൊങ്കാലയിട്ടാൽ ഫലം ഇരട്ടിയാക്കുമെന്ന് വിശ്വസിക്കുന്നു. അമ്മേ നാരായണ ദേവീ നാരായണ എന്ന മന്ത്രോച്ചാരണത്തിന്റെ അകമ്പടിയോടെ വേണം പൊങ്കാലയിടേണ്ടത്. ഇവിടെ പുരുഷന്മാര്‍ക്കും പൊങ്കാല ഇടാം.
പൊങ്കാല തിളച്ച് പാകമാകുമ്പോഴേക്കും അമ്മ ജീവിത മേൻ ഓരോ ഭക്തരുടെയും അരികിലെത്തി നേദ്യം സ്വീകരിക്കും. അതോടെ പൊങ്കാല പൂര്‍ത്തിയാകും. തുടര്‍ച്ചയായി മൂന്ന് വര്‍ഷമെങ്കിലും പൊങ്കാല ഇടുന്നത് ജീവിത വിജയമേകും. തുടര്‍ച്ചയായി ഒന്‍പത് പൊങ്കാല ഇടുന്നത് ഉദ്ദിഷ്ട കാര്യ സിദ്ധിക്ക് ഏറ്റവും നല്ലതാണ്.