Monday, 7 Oct 2024

മലയെപ്പോലെ വന്ന ശനിദോഷങ്ങൾ
എലിയെപ്പോലെ പോകാൻ കാളീ പൂജ

എസ്. ശ്രീനിവാസ് അയ്യര്‍
മാതംഗി, ഭുവനേശ്വരി, ബഗളാമുഖി, ത്രിപുരസുന്ദരി, താര, കമല, കാളി, ഛിന്നമസ്താ, ധൂമാവതി, ഭൈരവി എന്നിവരാണ് ദശമഹാവിദ്യകള്‍. ആദി പരാശക്തിയുടെ ദശഭാവങ്ങളാണ് ഈ മഹാവിദ്യകള്‍. നവഗ്രഹ ദോഷശാന്തിക്കായി ദശമഹാവിദ്യകളെ ഉപാസിക്കണം എന്ന സങ്കല്പമുണ്ട്. നമ്മുടെ നാട്ടിലെക്കാള്‍ ഭാരതത്തിലെ മറ്റു ദേശങ്ങളില്‍ വ്യാപകമായ ഉപാസനാ രീതിയാണിത്.

ശനിക്ക് ശാസ്താവെന്നാണ് നാം പഠിച്ചിട്ടുള്ള പാഠം. ശനിദോഷശാന്തിക്ക് ശാസ്തൃ ഭജനമാണ് ആചാര്യന്മാര്‍ ചൂണ്ടിക്കാട്ടുന്നത്. ശനിദോഷ പ്രായശ്ചിത്തമായും ശ്രേയസ്സിനായും ഭദ്രകാള്യാരാധനയും ഇപ്പോള്‍ പരക്കെ പറഞ്ഞു വരുന്നുണ്ട്. ദശമഹാവിദ്യകളുടെ സ്വാധീനം കേരളത്തിലും ശക്തമാവുകയാണ്.

ഭദ്രകാളിയെ ആരാധിക്കാന്‍ മന:ശുദ്ധി വേണം. മന:ശക്തിയും വേണമെന്ന് കൂടിപ്പറയാം. വിധികളും വിധാനങ്ങളും ധ്യാനമന്ത്രാദികളും ഗുരുമുഖത്തു നിന്ന് അഭ്യസിക്കുകയും വേണം. ചന്ദ്രദോഷശാന്തിക്കായി അമാവാസിയിലും കറുത്തപക്ഷത്തിലും ഭദ്രയെ ഭജിക്കുന്നവരുണ്ട്. യുഗ്മരാശികളില്‍ (ഇടവം, കർക്കടകം, കന്നി, വൃശ്ചികം, മകരം, മീനം രാശികളില്‍) ചൊവ്വ നില്‍ക്കുന്നവര്‍ക്കും ഭദ്രയുടെ ഭജനം ക്ഷേമൈശ്വര്യപ്രദമാണ്. ശക്തിയാണ് കാളി. ആ ദേവതയെ ഭജിക്കാന്‍ ഒരുങ്ങുന്നവര്‍ സ്ത്രീകളെ നിന്ദിക്കുവാനോ, അവരെ ഉപദ്രവിക്കാനോ, അവരോട് നുണപറയാനോ, അഹിതം പ്രവര്‍ത്തിക്കാനോ പാടില്ല. അങ്ങനെയുള്ള ദൃഢനിശ്ചയമാണാദ്യം വേണ്ടത്. ചുരുക്കത്തില്‍ ആത്മനവീകരണമാണാദ്യം വേണ്ടത്.

കാളിക്ക് വിവിധ ഭാവങ്ങളുണ്ട്. അവയെ മുഖ്യമായും സാത്വികരാജസതാമസ ഭാവങ്ങളാക്കി സങ്കല്പിക്കുന്നു. ഗ്രഹനിലയില്‍ ലഗ്‌നം, 4,5,9 എന്നിവ സാത്വികഭാവങ്ങള്‍. അവയിലാണ് ശനിസ്ഥിതിയെങ്കില്‍ സാത്വിക ഭാവത്തിലുള്ള ഭദ്രകാളിയെ ഭജിക്കണം. 2,7,10,11 എന്നിവ രാജസഭാവങ്ങള്‍. ശനി ആ ഭാവങ്ങളിലെങ്കില്‍ രജോഗുണാത്മികയായ കാളിയെ ഉപാസിക്കണം. 3,6,8,12 എന്നിവ താമസഭാവങ്ങള്‍. അവയില്‍ നില്‍ക്കുകയാണ് ശനിയെങ്കില്‍ തമോഗുണാത്മികയായ ഭദ്രയെ വണങ്ങണം. പറയുന്നതുപോലെ ഇത് എളുപ്പമല്ല. ഒരുപാട് കാര്യങ്ങള്‍ ഗുരുമുഖത്തുനിന്നും ഉത്തമദൈവജ്ഞനില്‍ നിന്നും അറിയണം. മനോവാക്കര്‍മ്മങ്ങള്‍ മൂന്നിന്റെയും ശുദ്ധീകരണമാണാദ്യം വേണ്ടത്.

ദേവീമഹാത്മ്യം പോലെ ശക്തമാണ്, വരദായകമാണ് ഭദ്രകാളീമാഹാത്മ്യവും. ധ്യാനശ്ലോകങ്ങള്‍, മൂലമന്ത്രം, ഗായത്രി, സഹസ്രനാമം, അഷ്ടോത്തരം, അഷ്ടകങ്ങള്‍, കവചം തുടങ്ങി സമ്പന്നമാണ് കാളീസ്‌തോത്ര സഞ്ചയം അവയെല്ലാം ശ്രദ്ധ, ഭക്തിപുരസ്സരം വേണം പാരായണം ചെയ്യാന്‍. കേരളക്കരയിലെമ്പാടും ചൈതന്യ സ്വരൂപിണികളായ അമ്മദൈവങ്ങളുടെ ആലയങ്ങൾ ഉണ്ട്. അവയില്‍ ദര്‍ശനം നടത്തുമ്പോള്‍ തന്നെ എത്ര കഠിനമായ ശനിദോഷവും ‘മലയെപ്പോലെ വന്നത് എലിയെപ്പോലെ’ എന്നവണ്ണം തുച്ഛമാകാതിരിക്കില്ല.

കാളി കാളി മഹാകാളി
ഭദ്രകാളി നമോസ്തുതേ
കുലം ച കുലധര്‍മ്മം ച
മാം ച പാലയ പാലയ!

എന്ന പ്രാര്‍ത്ഥന മനസ്സില്‍ നിറയട്ടെ.

എസ്. ശ്രീനിവാസ് അയ്യര്‍,
+91 98460 23343

അവനി പബ്ലിക്കേഷൻസ്, തിരുവനന്തപുരം
കൂടുതല്‍ വായിക്കാൻ ഈ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുക…
https://avanipublicationstvm.blogspot.com/

Story Summary: Bhadrakali Worship for Removing Shani Dosham

error: Content is protected !!
Exit mobile version